തിരുവനന്തപുരം: കള്ളവോട്ടിലെ പ്രതിപക്ഷ നേതാവിന്റെ രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലുകളിൽ ചർച്ച തുടരുന്നു. സംഘടിതമായി തന്നെ ഇരട്ട വോട്ട് ചേർത്തുവെന്നാണ് അന്വേഷണത്തിലും വ്യക്തമായിട്ടുള്ളത്. വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന പരാതികളെക്കുറിച്ച് അന്വേഷണം നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ കേരളത്തിലേക്ക് ഉന്നത സംഘത്തെ നിയോഗിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ ഉദ്യോഗസ്ഥർ രാത്രി 10 ന് അടിയന്തരയോഗം വിളിച്ചു. പരാതികളിൽ ഇതുവരെ സ്വീകരിച്ച നടപടികൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ഉൾപ്പെടെയുള്ളവർ വിശദീകരിച്ചു.

വോട്ടർ ഐഡിക്കാർഡ് വന്നതോടെ കള്ളവോട്ട് ഉണ്ടാകില്ലെന്നാണ് ഏവരും കരുതിയിരുന്നത്. ഇതിനെ മറികടക്കാനാണ് വോട്ടർ പട്ടികയിൽ പോലും സംഘടിത അട്ടിമറി നടക്കുന്നത്. മുമ്പ് 'ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ', 'ഗൗരി പാർവതീഭായി'... തുടങ്ങിയ രാജപ്രമുഖർ പോലും വോട്ട് ചെയ്യാതെ മടങ്ങിയ കാലമുണ്ടായിരുന്നു. കള്ളവോട്ട് ആവശ്യത്തിന് നടന്ന കാലം. എന്നാൽ ഇന്ന് ഇത്തരം തട്ടിപ്പിന് സാധ്യത കുറഞ്ഞു. ഇതോടെ ഇരട്ട വോട്ടെന്ന പുതിയ ഇരുതല മൂലി എത്തി. ഇതാണ് പ്രതിപക്ഷം ഇത്തവണ കണ്ടെത്തിയതും ചർച്ചയാക്കിയതും.

കേരളത്തിലെ ലക്ഷത്തിലേറെ വ്യാജ വോട്ടുകളുടെ തെളിവുകൾ സഹിതം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിരുന്നു. വോട്ട് ഇരട്ടിപ്പും ഒരു ഫോട്ടോ ഉപയോഗിച്ചു പല മണ്ഡലങ്ങളിൽ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയതും ഗൗരവമുള്ള കുറ്റകൃത്യമാകും. വ്യക്തമായ ലക്ഷ്യം ഇതിനുണ്ടെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷം കോടതിയെ സമീപിച്ചതു കൂടി കണക്കിലെടുത്താണ് അടിയന്തര നടപടികൾക്ക് ഉന്നതതല സംഘത്തെ നിയോഗിച്ചത്. ഈ കേസിൽ കോടതിയുടെ നിലപാടും അതിനിർണ്ണായകമാകും.

ഇടതു സർക്കാർ വ്യാപകമായി കള്ളവോട്ടുകൾ ചേർത്തുവെന്നും സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ, സർക്കാരിന്റെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും കോൺഗ്രസ് ദേശീയ നേതാക്കളായ കെ.സി. വേണുഗോപാൽ, അഭിഷേക് സിങ്‌വി, രൺദീപ് സിങ് സുർജേവാല, അജയ് മാക്കൻ എന്നിവരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒപ്പിട്ട നിവേദനത്തിൽ ആരോപിച്ചു. ഇരട്ട/വ്യാജ വോട്ടുകൾ മരവിപ്പിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം തേടിയിട്ടുണ്ട്. ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു ഹർജി പരിഗണിച്ചത്. തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

എൺപതുകളുടെ തുടക്കത്തിൽ തിരുവനന്തപുരത്ത് കവടിയാറിലെ സ്‌കൂളിലാണ് രാജകുടുംബാഗങ്ങളുടെ വോട്ട് കള്ളവോട്ട് ചെയ്തത്. എന്നാൽ വോട്ടർ ഐഡി കാർഡ് വരികയും കള്ളവോട്ടിന്റെ 'സുവർണകാലം' ഇല്ലാതാവുകയും ചെയ്തതു ചരിത്രം. മുൻപ് പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെല്ലാം മഷി മായ്ക്കുന്ന വിദഗ്ദ്ധർ ഉണ്ടായിരുന്നു. ഏതാണ്ട് എല്ലാ പാർട്ടികളും കുപ്പിക്കണക്കിന് മഷി മായ്ക്കുന്ന ആസിഡ് ഉണ്ടാക്കുമായിരുന്നു. ഇതിന്റെ 'ഫോർമുല' അറിയുന്നവർക്ക് അക്കാലത്ത് വലിയ ഡിമാൻഡും ആയിരുന്നു.

വോട്ടു ചെയ്യുന്ന വ്യക്തിയുടെ വിരലിൽ മായാത്ത മഷി ഉപയോഗിച്ച് അടയാളം പതിക്കും. പുറത്തിറങ്ങിയാൽ വിദഗ്ദ്ധർ കാത്തുനിൽക്കും. അതു മായ്ക്കും. ക്യൂവിന്റെ മറ്റേ അറ്റത്ത് ആൾ വീണ്ടും നിൽക്കും. ഇല്ലെങ്കിൽ പാർട്ടികൾ നിയോഗിച്ച അടുത്ത ബൂത്തിലേക്ക് നീങ്ങും. അങ്ങനെ കള്ളവോട്ട് ചെയ്ത കാലം. രാഷ്ട്രീയ പാർട്ടികൾ അവർക്ക് ഏറ്റവും വിശ്വാസമുള്ള ജീവനക്കാരെ തിരഞ്ഞെടുപ്പു ജോലിക്ക് നിയോഗിച്ചുകൊണ്ടാണു പഴയകാലത്ത് കള്ളവോട്ടിന് കളമൊരുക്കിയിരുന്നത്. ഇന്ന് ഇത്തരത്തിലെ ഉദ്യോഗസ്ഥരെ കൊണ്ട് വ്യാജ വോട്ടർമാരെ സൃഷ്ടിക്കുന്നു.

കേരളത്തിൽ കള്ളവോട്ട് നടക്കുന്ന കാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബൂത്ത് പിടിച്ചെടുക്കൽ ആയിരുന്നു നടന്നുവന്നിരുന്നത്. ഓരോ ബൂത്തുകളും കയ്യേറി മൊത്തം വോട്ടുകളും ചെയ്യുന്ന രീതിക്കായിരുന്നു അവിടെ പ്രാമുഖ്യം. ഇതും കമ്മീഷന്റെ ഇടപെടലോടെ പൊളിഞ്ഞു. എന്നാൽ വ്യാജ വോട്ടിന്റെ തന്ത്രം ആരും തിരിച്ചറിഞ്ഞില്ല. ഇതാണ് ഇത്തവണ കേരളം ചർച്ചയാക്കുന്നത്. ഭാവിയിൽ ഇതിനെതിരേയും കമ്മീഷൻ ജാഗ്രത തുടരും.