- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊല്ലത്തും ആലപ്പുഴയിലും തൃശൂരിലും എന്തും സംഭവിക്കാം; തിരുവനന്തപുരത്തെ ത്രികോണ മനസ്സ് എങ്ങോട്ട് വേണമെങ്കിലും ചായാം; വയനാട്ടിൽ രാഹുൽ ഇഫക്ട് വിധി നിർണ്ണയിക്കും; കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയും ലക്ഷ്യമിടുന്നത് താമര വിരിയിക്കൽ; അവസാന ലാപ്പിൽ ഇഞ്ചോടിഞ്ച്; കേരളത്തിൽ ആർക്കും ജയിക്കാം
തിരുവനന്തപുരം: അതിശക്തമായ മത്സരാണ് എല്ലാ ജില്ലകളിലും. ഒരിടത്തും ആർക്കും വ്യക്തമായ മുൻതൂക്കമില്ല. കണ്ണൂരിൽ സിപിഎമ്മും മലപ്പുറത്ത് മുസ്ലിം ലീഗും പരമാവധി സീറ്റുകളിൽ ജയിക്കും. മറ്റിടങ്ങളിൽ ആർക്ക് വേണമെങ്കിലും ജേതാവാകാം. അതിശക്തമായ പ്രചരണത്തിലൂടെ കോൺഗ്രസ് തിരിച്ചുവരവ് നടത്തുന്നു. ആഴക്കടൽ തീരമേഖലയെ ബാധിച്ചാൽ നിശബ്ദ തരംഗത്തിന് അത് വഴിയൊരുക്കും. സിപിഎമ്മിൽ പഴയ അച്ചടക്കവും ആത്മവിശ്വാസവും പ്രകടമാണോ എന്ന ചോദ്യവും ശക്തം. സിപിഎമ്മിനുള്ളിൽ ഉയർന്ന ക്യാപ്ടൻ വിവാദമാണ് ഈ ചർച്ചകൾക്ക് കാരണം.
എന്തും സംഭവിക്കാം. സാമുദായിക സമവാക്യങ്ങളും ട്വന്റി ട്വന്റിയും വരെ ഫലം നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പ്. എറണാകുളത്ത് കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് വെല്ലുവിളി ഉയർത്തുന്നത് ട്വന്റി ട്വന്റി ഫാക്ടറാണ്. അങ്ങനെ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പലതും അടിയൊഴുക്കുകളെ നിർണ്ണയിക്കാൻ എത്തുന്നു. ശബരിമലയും ചർച്ചകളിൽ. തിരുവനന്തപുരത്തും പാലക്കാടും തൃശൂരിലും പത്തനംതിട്ടയിലും കാസർകോടും ബിജെപിയുടെ ശക്തമായ സാന്നിധ്യവും പ്രകടമാണ്. നേമത്തെ നിലനിർത്തി കൂടുതൽ ഇടത്ത് ബിജെപി ജയിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. പൂഞ്ഞാറിൽ പിസി ജോർജിന്റെ ഒറ്റയാൾ പോരാട്ടവും അതിശ്രദ്ധേയം.
കാസർകോട്
മഞ്ചേശ്വരത്ത് താമര വിരിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതുണ്ടാകുമെന്ന് ബിജെപി ഉറച്ച് വിശ്വസിക്കുന്നു. എന്നാൽ മിക്ക സർവ്വേകളും അത് പ്രവചിക്കുന്നില്ല. എന്നാൽ അടിയൊഴുക്കൾ അതിശക്തമാണ്. ഇവിടെ 3 സീറ്റിൽ എൽഡിഎഫിനും 2 സീറ്റിൽ യുഡിഎഫിനും മുൻതൂക്കം എന്നാണ് വിലയിരുത്തൽ. എന്നാൽ ഈ കണക്കിനെ മാറ്റിമറിക്കാനുള്ള കരുത്ത് കാസർകോട് ബിജെപിക്കുണ്ട്.
കണ്ണൂർ
കണ്ണൂർ സിപിഎം കോട്ടയാണ്. എൽഡിഎഫിനു കഴിഞ്ഞ തവണ 83 ആധിപത്യം ഉണ്ടായിരുന്ന ജില്ലയിൽ അവസാന ദിവസങ്ങളിൽ കടുത്ത മത്സരം നടക്കുന്നു. കൂടുതൽ സീറ്റ് സിപിഎം നേടാനാണ് സാധ്യത. തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർത്ഥിയില്ല. ഇത് എങ്ങനെ വോട്ടർമാരെ സ്വാധീനിക്കുമെന്നതാണ് നിർണ്ണായകം. ഏറ്റവും കടുത്ത മത്സരം നടക്കുന്നത് യുഡിഎഫിന്റെ സിറ്റിങ് സീറ്റായ അഴീക്കോടാണ്. ബിജെപി പിടിക്കുന്ന വോട്ട് ഇരുവർക്കും നിർണായകമാണ്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മട്ടന്നൂരിൽ മന്ത്രി കെ.കെ.ശൈലജയും തമ്മിൽ ഭൂരിപക്ഷത്തിന്റെ റെക്കോർഡ് സ്വന്തമാക്കാൻ മത്സരിക്കുന്നു. 6 സീറ്റിൽ എൽഡിഎഫിനും 4 സീറ്റിൽ യുഡിഎഫിനും മുൻതൂക്കം. 1 പ്രവചനാതീതം
വയനാട്
യുഡിഎഫ് കോട്ടയെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ജില്ലയിൽ 3 മണ്ഡലങ്ങളിലും പൊരിഞ്ഞ പോരാട്ടമാണ്. ആദ്യഘട്ടത്തിൽ എൽഡിഎഫിനു മേൽക്കൈ ഉള്ള നിലയായിരുന്നു. എന്നാൽ, രാഹുൽ ഗാന്ധിയുടെ പ്രചാരണം യുഡിഎഫിന് ഉണർവേകി. 2 മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധി ഫാക്ടർ നിർണായകമാകും.
കോഴിക്കോട്
ഇടതിന് നേരിയ മുൻതൂക്കമുണ്ട്. 4 സീറ്റിൽ എൽഡിഎഫിനും 2 സീറ്റിൽ യുഡിഎഫിനും മുൻതൂക്കം. 7 സീറ്റുകൾ പ്രവചനാതീതം. രാഹുൽ ഗാന്ധിയുടെ അവസാന വട്ട പ്രചരണത്തിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
മലപ്പുറം
മലപ്പുറം ലീഗ് കോട്ടയായി തുടരും. മന്ത്രി കെ.ടി. ജലീൽ മത്സരിക്കുന്ന തവനൂർ ഉൾപ്പെടെ 4 സിറ്റിങ് സീറ്റുകളിലും എൽഡിഎഫ് കനത്ത വെല്ലുവിളി നേരിടുന്നു. യുഡിഎഫിന്റെ 12 സീറ്റിങ് സീറ്റുകളിൽ പെരിന്തൽമണ്ണയിലും മങ്കടയിലും എൽഡിഎഫ് പൊരിഞ്ഞ പോരാട്ടം കാഴ്ച വയ്ക്കുന്നു. എൻഡിഎയിൽ ബിജെപി 14 സീറ്റിലും ബിഡിജെഎസ് 2 സീറ്റിലും മത്സരിക്കുന്നുവെങ്കിലും വോട്ടു ശതമാനം ഉയർത്തുന്നതിലാണു ശ്രദ്ധ. എല്ലാ സീറ്റിലും ജയിക്കാനാകുമെന്നാണ് ലീഗ് പ്രതീക്ഷ
പാലക്കാട്
പാലക്കാട്ടെ 6 സീറ്റിൽ എൽഡിഎഫിനും 4 സീറ്റിൽ യുഡിഎഫിനും മുൻതൂക്കം. 2 സീറ്റ് പ്രവചനാതീതം. ബിജെപിയുടെ സാന്നിധ്യം പാലക്കാട്ടും മലമ്പുഴയിലും അതിശക്തമാണ്. ഇ ശ്രീധരന് ബിജെപി ടിക്കറ്റിൽ ജയിക്കാനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
തൃശൂർ
2016ൽ 12 സീറ്റും തോറ്റ തൃശൂരിൽ ഇത്തവണ യുഡിഎഫ് സ്ഥിതി മെച്ചപ്പെടുത്തിയേക്കും. അഞ്ചിടത്ത് യുഡിഎഫ് മുന്നേറ്റം ശക്തമാണ്. 2 മണ്ഡലങ്ങളിൽ എൻഡിഎയുടെ അപ്രതീക്ഷിത മുന്നേറ്റവും നടന്നു. 9 മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിപ്പിക്കുന്ന പുതുമുഖങ്ങളാണ് മാറ്റത്തിന് വഴിയൊരുക്കിയത്. അക്കൗണ്ട് തുറക്കുമെന്നു ബിജെപി പ്രതീക്ഷിക്കുന്ന ഒരു മണ്ഡലവും ഇവിടെയുണ്ട്യ7 മണ്ഡലത്തിൽ എൽഡിഎഫ്, 4 യുഡിഎഫ്, രണ്ടിടത്തു തുല്യത. ഒരിടത്തു എൻഡിഎ സാധ്യതയും ശക്തം. അതു സുരേഷ് ഗോപിക്കാണ്.
എറണാകുളം
സ്ഥിതി: യുഡിഎഫ് ആധിപത്യം നിലനിർത്തുമെന്നു പ്രതീക്ഷിക്കുന്ന ജില്ല. അനുകൂലമായ രാഷ്ടീയ സാഹചര്യത്തിനു പുറമേ രാഹുൽ ഗാന്ധിയുടെ പര്യടനവും യുഡിഎഫിന് ആത്മവിശ്വാസം പകരുന്നു. കുന്നത്തുനാട്ടിൽ ട്വന്റി 20 സ്വാധീനം ചെലുത്തുമെന്ന സൂചനകളുണ്ട്. തൃപ്പൂണിത്തുറ പോലെയുള്ള ചില മണ്ഡലങ്ങളിൽ എൻഡിഎ നേടുന്ന വോട്ടുകളും തിരഞ്ഞെടുപ്പു ഫലത്തിൽ നിർണായകമാവും. 7 മണ്ഡലങ്ങളിൽ യുഡിഎഫിനും നാലിടത്ത് എൽഡിഎഫിനും സാധ്യത. മൂന്നിടത്ത് മത്സരം കടുപ്പം. ഇത് മൂന്നും നേടുന്നവർക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ മുൻതൂക്കം കിട്ടാനും സാധ്യതയുണ്ട്. ജനമനസ്സിന്റെ പ്രതിഫലനമായി ഇത് മാറും.
ഇടുക്കി
എൻഡിഎ സ്ഥാനാർത്ഥി നേടുന്ന വോട്ടിന്റെ ഏറ്റക്കുറച്ചിൽ ഇടുക്കിയിലും ദേവികുളത്തും വിധിയിൽ നിർണായകമാകും. ഭൂപതിവ് ചട്ട ഭേദഗതിയാണു ജില്ലയിൽ കത്തുന്ന പ്രചാരണ വിഷയം. സാധ്യത: 2 സീറ്റിൽ യുഡിഎഫിനും ഒരു സീറ്റിൽ എൽഡിഎഫിനും മുൻതൂക്കം. 2 സീറ്റിൽ കടുത്ത മത്സരം. അതുകൊണ്ട് തന്നെ ഇടത്തോട്ടും വലത്തോട്ടും ചായാം. പിജെ ജോസഫിന്റെ കേരളാ കോൺഗ്രസിന്റെ കരുത്തും ഇടുക്കിയിൽ തെളിയും.
പത്തനംതിട്ട
സ്ഥിതി: മുഴുവൻ എംഎൽഎമാരും എൽഡിഎഫിനൊപ്പമായ ജില്ലയിൽ അവസാന ലാപ്പിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ്. 2016 നെക്കാൾ യുഡിഎഫ് നില മെച്ചപ്പെടുത്തുമെന്നാണ് സൂചനകൾ. ആറന്മുളയിൽ ബിജെപി പ്രതീക്ഷിച്ച വെല്ലുവിളി ഉയർത്തുന്നില്ല. അതേസമയം കെ.സുരേന്ദ്രൻ രംഗത്തുള്ള കോന്നിയിൽ കടുത്ത ത്രികോണ മത്സരം നടക്കുന്നു. കോന്നിയും റാന്നിയും ആറന്മുളയും തിരിച്ചു പിടിക്കാനാകുമെന്നാണ് കോൺഗ്രസ് കണക്കു കൂട്ടൽ. ബിജെപിയുടെ മുന്നേറ്റം ജയമൊരുക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം.
കോട്ടയം
ക്രൈസ്തവ വോട്ടുകളാണ് കോട്ടയത്തെ ജയപരാജയങ്ങളെ നിശ്ചയിക്കുക. കേരളാ കോൺഗ്രസ് ഇടതുപക്ഷത്താണെങ്കിലും സഭയുടെ പിന്തുണ സിപിഎമ്മിന് കിട്ടുന്നില്ല. അതുകൊണ്ട് തന്നെ എന്തും സംഭവിക്കാം. യുഡിഎഫ് കോട്ട ആയിരുന്ന കോട്ടയത്തു കേരള കോൺഗ്രസ്(എം) മുന്നണി വിട്ടത് മാറ്റമുണ്ടാക്കുമോ എന്നതാണ് വലിയ ചോദ്യം. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്നു. പാലാ സീറ്റിൽ ശക്തമായ പോരാട്ടം. പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ത്രികോണ മത്സരം നടക്കുന്നു. കടുത്തുരുത്തിയിലും ചങ്ങനാശേരിയിലും കേരള കോൺഗ്രസുകൾ നേർക്കുനേർ പോരാട്ടത്തിൽ. പൂഞ്ഞാർ പിടിക്കാൻ പിസി ജോർജ്ജ് രണ്ടും കൽപ്പിച്ച് രംഗത്തുണ്ട്.
ആലപ്പുഴ
കോൺഗ്രസ് അതിശക്തമായ മത്സരം നടത്തുന്നത് ആലപ്പുഴയിലാണ്. എൽഡിഎഫ് മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരൻ, പി.തിലോത്തമൻ എന്നിവരെ മാറ്റിയത് അനുകൂലമാകുമെന്ന് കോൺഗ്രസ് കരുതുന്നു. സിപിഎമ്മിന് പോലും തികഞ്ഞ ആത്മവിശ്വാസം ആലപ്പുഴയിലെ കോട്ടകളെ കുറിച്ചില്ല. ശബരിമലയും ആഴക്കടൽ മത്സ്യബന്ധന കരാർ പ്രശ്‌നം തീരദേശത്തും ഇടതുമുന്നണിക്കു തിരിച്ചടിയായേക്കും. എൽഡിഎഫിനും യുഡിഎഫിനും 3 സീറ്റിൽ വീതം മുൻതൂക്കം. മൂന്നിടത്തെ ഫലം പ്രവചനാതീതം. ആലപ്പുഴയും അമ്പലപ്പുഴയും കായംകുളവും കുട്ടനാട്ടും തിരിച്ചു പിടിക്കാനാണ് കോൺഗ്രസ് ശ്രമം. അരൂരും ഹരിപ്പാടും നിലനിർത്താനും ശ്രമിക്കും. ചെങ്ങന്നൂരിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്.
കൊല്ലം
11 സീറ്റും കൈവശമുള്ള എൽഡിഎഫിന് എല്ലാം നിലനിർത്താൻ കഴിഞ്ഞേക്കില്ല. നാലിടത്ത് യുഡിഎഫ് തിരിച്ചുവരവിന്റെ വ്യക്തമായ സൂചന നൽകുന്നു. 3 മണ്ഡലങ്ങളിൽ ഇരുമുന്നണികളും അതിശക്തമായ പോരാട്ടമാണ്. ഒരിടത്തു ത്രികോണ മത്സരം. 5 തീരദേശമണ്ഡലങ്ങളിൽ ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം സ്വാധീനം ചെലുത്തും. 9 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബിജെപി കഴിഞ്ഞ തവണ രണ്ടാമതെത്തിയ ചാത്തന്നൂരിൽ പൊരിഞ്ഞ പോരാട്ടം. കൊല്ലവും കുണ്ടറയും ചവറയും കരുനാഗപ്പള്ളിയും ശ്രദ്ധാകേന്ദ്രങ്ങളാണ്. ഈ മണ്ഡലങ്ങൾ പിടിക്കാനാകുമെന്ന് കോൺഗ്രസ് കരുതുന്നു. കുന്നത്തൂരും പിടിക്കാനാണ് യുഡിഎഫ് ശ്രമം. എന്നാൽ കോട്ട തകരില്ലെന്ന ആത്മവിശ്വാസം സിപിഎമ്മിനും ഉണ്ട്. സാധ്യത: 4 വീതം സീറ്റുകളിൽ ഇരുമുന്നണികൾക്കും മുൻതൂക്കം. മൂന്നിടത്ത് പ്രവചനാതീതം
തിരുവനന്തപുരം
തിരുവനന്തപുരത്ത് അവസാന ദിവസങ്ങളിൽ പകുതി മണ്ഡലങ്ങളിൽ ഒപ്പത്തിനൊപ്പം എന്ന നിലയിലേക്കു മത്സരം മുറുകി. നേമത്തും കഴക്കൂട്ടത്തും കാട്ടാക്കടയിലും വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും നടക്കുന്നതു പ്രവചനാതീതമായ ത്രികോണ മത്സരം. കോൺഗ്രസ് രംഗത്തിറക്കിയ 8 പുതുമുഖങ്ങൾ കളി മാറ്റി മറിച്ചു. ബിജെപി സ്ഥാനാർത്ഥി നേടുന്ന വോട്ടിന്റെ ഏറ്റക്കുറച്ചിൽ 9 മണ്ഡലങ്ങളിൽ വിധി നിർണായകമാകും. 5 സീറ്റുകൾ പ്രവചനാതീതമാണ്. ഇവിടെയാകും അനന്തപുരിയുടെ മനസ്സ് നിശ്ചയിക്കുക.
മറുനാടന് മലയാളി ബ്യൂറോ