- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളിങ് കൂടിയാൽ നേട്ടം യുഡിഎഫിനും; കുറഞ്ഞാൽ അധികാരം എൽഡിഎഫിനുമെന്ന പഴയ കണക്കു കൂട്ടൽ തെറ്റിക്കുന്നത് ബിജെപിയുടെ ത്രികോണ പോര്; എല്ലാ ജില്ലകളിലും കഴിഞ്ഞ തവണത്തേക്കാൾ ശതമാനക്കണക്ക് കുറവെന്ന് പ്രാഥമിക നിഗമനം; പോസ്റ്റൽ വോട്ടും കൂട്ടി അന്തിമ ചിത്രം ഇന്ന് ലഭിക്കും; എല്ലാ മുന്നണികളും ഭരണപ്രതീക്ഷയിൽ
തിരുവനന്തപുരം: പോളിങ് കൂടിയാൽ നേട്ടം യുഡിഎഫിന്. കുറഞ്ഞാൽ ജയം എൽഡിഎഫിനും. ഇതായിരുന്നു ഏതാനും തെരഞ്ഞെടുപ്പിന് മുമ്പു വരെയുള്ള രാഷ്ട്രീയ പ്രതീക്ഷ. ബിജെപിയുടെ ത്രികോണ പോര് കേരളത്തിൽ തുടങ്ങിയതോടെ പോളിങ് ശതമാനത്തിൽ ഇത്തരത്തിലുള്ള നിഗമനങ്ങൾ ഏശാതെ പോയി. ഇത്തവണ പോളിങ് കുറവാണ് രേഖപ്പെടുത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.04 % പോളിങാണ് നടന്നത്. വീടുകളിൽ ചെന്നു രേഖപ്പെടുത്തിയ മൂന്നര ലക്ഷത്തിലേറെ തപാൽ വോട്ടുകളും പോളിങ് ഉദ്യോഗസ്ഥരുടെ വോട്ടുകളും കൂടി ഉൾപ്പെടുത്തിയുള്ള കണക്ക് ഇന്നു തയാറാക്കുമ്പോൾ പോളിങ് 77 % കടന്നേക്കും. 2016 ൽ പോളിങ് 77.10 % ആയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ പ്രതീക്ഷിച്ച വോട്ടെടുപ്പ് നടന്നില്ലെന്നതാണ് വസ്തുത. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ 74.53 % പേർ വോട്ടു ചെയ്തു.
140 മണ്ഡലങ്ങളിൽ നാൽപതിലേറെയിടത്തും ത്രികോണമത്സരം ശക്തമായിരുന്നിട്ടും പോളിങ് കുതിച്ചുയരാത്തത് ഇരട്ട / വ്യാജ വോട്ടുകളുടെ കുറവു കാരണമാകാമെന്നാണു വിലയിരുത്തൽ. കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കുമായി മാറ്റിവച്ച അവസാനത്തെ ഒരു മണിക്കൂറിൽ പോളിങ് തീരെ കുറവായിരുന്നു. ക്യൂവിൽ അകലം പാലിക്കാതെ വോട്ടർമാരും ഗ്ലൗസ് വിതരണം ചെയ്യാതെ ഉദ്യോഗസ്ഥരും പലയിടത്തും കോവിഡ് പ്രോട്ടോക്കോൾ കാറ്റിൽ പറത്തിയെന്നതാണ് വസ്തുത. കോവിഡും വോട്ടിങിനെ ബാധിച്ചിട്ടുണ്ടാകും.
എല്ലാ ജില്ലകളിലും കഴിഞ്ഞ തവണത്തേക്കാൾ പോളിങ് കുറവാണ്. അതുകൊണ്ട് തന്നെ എല്ലാ മുന്നണികളും പ്രതീക്ഷയിലും. കേഡർ വോട്ടെല്ലാം ചെയ്തുവെന്ന് ഉറപ്പിക്കുന്ന സിപിഎം, കോൺഗ്രസുകാരാണ് വോട്ടിങിൽ നിന്ന് വിട്ടു നിന്നതെന്ന് കണക്കു കൂട്ടുന്നു. ഭരണത്തോട് എതിർപ്പുള്ളവരാണ് വോട്ടു ചെയ്യാത്തതെന്നാണ് കോൺഗ്രസ് ന്യായം. ഇരുകൂട്ടരേയും ജനങങൾക്ക് മടുത്തതിന്റെ തെളിവാണ് ത്രികോണ ചൂടിലെ പോളിങ് കുറവെന്ന് ബിജെപിയും പറയുന്നു.
കൂടുതൽ പോളിങ് കോഴിക്കോട്
77.9 ശതമാനവുമായി കോഴിക്കോടാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77.35 ശതാമനം ആണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്. കോഴിക്കോടിനു പിന്നാലെ കണ്ണൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലും കൂടുതൽ പോളിങ് രേഖപ്പെടുത്തി. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് നടന്നു. ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം കുറഞ്ഞിരിക്കുന്നത് മുന്നണികൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാർത്ഥിമാരില്ലാത്തതിരുന്നു.
ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ മണ്ഡലം കോഴിക്കോട് ജില്ലയിലെ കുന്ദമംഗലമാണ്81.55%. കുറവ് തിരുവനന്തപുരം മണ്ഡലത്തിലും61.92%. എന്നാൽ അന്തിമ കണക്കുകളിൽ വ്യത്യാസം വരാൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. ഇത്തവണ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ രണ്ടാമത്തെ ജില്ല മലപ്പുറമാണ്. മലപ്പുറം ജില്ലയിൽ 2 മണ്ഡലം ഒഴികെ എല്ലായിടത്തും പോളിങ് ശതമാനം 70നു മുകളിലാണ്. പോളിങ് കുറഞ്ഞതാകട്ടെ വേങ്ങരയിലും പൊന്നാനിയിലും. മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന വേങ്ങരയിൽ 2016നേക്കാൾ പോളിങ് ശതമാനത്തിൽ 0.9% കുറവ് രേഖപ്പെടുത്തി.
സംസ്ഥാനത്ത് ആകെയുള്ള 140 മണ്ഡലങ്ങളിൽ ആറിടത്തു മാത്രമാണ് 2016ലേക്കാൾ പോളിങ് ശതമാനത്തിൽ നേരിയ വർധനവെങ്കിലും രേഖപ്പെടുത്തിയത്. മഞ്ചേശ്വരം (പോളിങ് 0.9%), മഞ്ചേരി (1.47), മലപ്പുറം (1.94), തിരൂരങ്ങാടി (0.22), ആറ്റിങ്ങൽ (1.23), ചിറയിൻകീഴ് (0.7) മണ്ഡലങ്ങളിലാണ് പോളിങ് വർധിച്ചത്.
ഹരിപ്പാടും ധർമ്മടത്തും പോളിങ് കുറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് 2016ലേക്കാൾ 3.31 ശതമാനത്തിന്റെ കുറവാണ് പോളിങ്ങിൽ രേഖപ്പെടുത്തിയത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് 6.18 ശതമാനമാണ് മുൻ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ പോളിങ് കുറഞ്ഞത്.
നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, കുണ്ടറ, പത്തനാപുരം, കൊല്ലം, കോന്നി, റാന്നി, ആറന്മുള, കായംകുളം, അരൂർ, ഹരിപ്പാട്, പൂഞ്ഞാർ, പുതുപ്പള്ളി, ഏറ്റുമാനൂർ, പാലാ, ഉടുമ്പൻചോല, പിറവം, തൃപ്പൂണിത്തുറ, കളമശ്ശേരി, ഇരിങ്ങാലക്കുട, തൃശൂർ, പാലക്കാട്, ഒറ്റപ്പാലം, തൃത്താല, തവനൂർ, നിലമ്പൂർ, കോഴിക്കോട് സൗത്ത്, വടകര, ബാലുശ്ശേരി, കൽപറ്റ, മട്ടന്നൂർ, ധർമടം തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം പോളിങ് കുറഞ്ഞിരിക്കുകയാണ്.
എങ്ങും പരാതികൾ
സംസ്ഥാനത്ത് പലയിടത്തു നിന്നും വോട്ടിങ് സംബന്ധിച്ച പരാതിയും ഉയർന്നു. കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കള്ളവോട്ട് നടന്നതായി ആരോപണങ്ങളുണ്ട്. വോട്ട് ചെയ്യാൻ എത്തിയപ്പോൾ പോസ്റ്റൽ വോട്ട് ചെയ്തതായി രേഖപ്പെടുത്തിയെന്ന് കാട്ടി വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് പരാതി. ആള് മാറി വോട്ട് ചെയ്‌തെന്ന പരാതിയും ചിലയിടങ്ങളിൽനിന്ന് ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് രണ്ടുതവണ സിപിഎം.-ബിജെപി. സംഘർഷമുണ്ടായി. രാവിലത്തെ സംഘർഷത്തിനു ശേഷം ഉച്ചകഴിഞ്ഞ് കാറിലെത്തിയ സംഘം സിപിഎം പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു. തടിച്ചുകൂടിയ സിപിഎം പ്രവർത്തകർ കാർ അടിച്ചുതകർത്തു. തുടർന്ന് പൊലീസ് രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ആന്തൂരിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദിനു നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയർന്നു. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബിജെപി. പ്രവർത്തകർ തടഞ്ഞുവെച്ചു. തമിഴ്‌നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബിജെപി.-കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി. പോളിങ് ബൂത്തിൽ മന്ത്രിമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചെന്നാരോപിച്ച് കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിലെ ബൂത്തിൽ സംഘർഷാവസ്ഥയുണ്ടായി.
തന്നെ ബൂത്തിൽ കൈയേറ്റം ചെയ്യാൻ ശ്രമമുണ്ടായെന്ന് ബാലുശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടി ആരോപിച്ചു. കൽപ്പറ്റയിൽ വോട്ടിങ് മെഷീനിൽ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് വോട്ടെടുപ്പ് ഒരു മണിക്കൂർ മുടങ്ങി. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അൻസാരിയ പബ്ലിക് സ്‌കൂളിലെ 54-ാം നമ്പർ ബൂത്തിലാണ് തകരാർ കണ്ടെത്തിയത്. ഉദ്ദേശിച്ച സ്ഥാനാർത്ഥിക്കു പകരം മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് പോകുന്നതായാണ് പരാതിയുയർന്നത്. തുടർന്ന് ബൂത്തിൽ ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിർത്തിവെച്ചു. തുടർന്ന് കളക്ടറേറ്റിൽനിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ടിങ് മെഷീൻ പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ