തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ വർധിച്ച സാഹചര്യത്തിൽ വോട്ടെണ്ണൽ പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കും. കഴിഞ്ഞ തവണത്തേക്കാൾ മൂന്നരലക്ഷത്തോളം തപാൽ വോട്ടുകളാണ് ഇത്തവണ കൂടുതൽ ലഭിച്ചത്.

രാവിലെ 6ന് സായുധ സേനയുടെ സുരക്ഷയിൽ വോട്ടിങ് യന്ത്രം സൂക്ഷിക്കുന്ന സ്‌ട്രോങ് റൂം റിട്ടേണിങ് ഓഫിസർ, സ്ഥാനാർത്ഥികൾ (അല്ലെങ്കിൽ പ്രതിനിധി), തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകൻ എന്നിവരുടെ സാന്നിധ്യത്തിൽ തുറക്കും. രാവിലെ 8ന് തപാൽ ബാലറ്റ് എണ്ണിത്തുടങ്ങും. 8നു മുൻപ് തപാൽ മുഖേന റിട്ടേണിങ് ഓഫിസർക്കു ലഭിച്ച ബാലറ്റുകൾ മാത്രമാണ് പരിഗണിക്കുക. വൈകിയെത്തുന്നവ തുറക്കാതെ മാറ്റിവയ്ക്കും. തപാൽ ബാലറ്റ് എണ്ണാൻ തുടങ്ങുമ്പോൾ തന്നെ സർവീസ് വോട്ടുകൾ ആ ഹാളിലെ 3 മേശകളിലായി (ചിലയിടത്ത് 2) സ്‌കാൻ ചെയ്തു തുടങ്ങും. തപാൽ ബാലറ്റിന്റെ എണ്ണൽ അര മണിക്കൂർ പൂർത്തിയാകുമ്പോൾ വോട്ടിങ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങും.

ഓരോ മെഷീനിലെയും ഫലം 17സി എന്ന ഫോമിൽ രേഖപ്പെടുത്തും. ഇതിൽ ഏജന്റുമാരുടെ ഒപ്പു വാങ്ങും. ഓരോ ബൂത്തിലും 17സി ഫോം തയാറാകുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ എൻകോർ എന്ന സോഫ്റ്റ്‌വെയറിലേക്ക് വോട്ട് അപ്ലോഡ് ചെയ്യും. ഈ ലീഡ് നില തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിൽ അപ്പപ്പോൾ തെളിയും. അവസാനം വിജയിയുടെ ഭൂരിപക്ഷത്തെക്കാൾ കൂടുതലാണ് ആകെ തപാൽ വോട്ടുകളെങ്കിൽ അവ ഒരിക്കൽക്കൂടി എണ്ണും.

കഴിഞ്ഞ തവണ ഉച്ചയ്ക്കു മുൻപു തന്നെ ഫലമറിഞ്ഞെങ്കിൽ ഇത്തവണ വോട്ടെണ്ണൽ പൂർത്തിയാകാൻ ഉച്ചയ്ക്കു ശേഷം 3 കഴിഞ്ഞും കാത്തിരിക്കേണ്ടി വരും. മുഖ്യകാരണം, ഇതിന് കാരണം തപാൽ വോട്ടുകളുടെ ആധിക്യം തന്നെ. കഴിഞ്ഞ വർഷം ഒരു മണ്ഡലത്തിൽ ശരാശരി 800 തപാൽ വോട്ടുകളാണുണ്ടായിരുന്നത്. ഇത്തവണ 4000 മുതൽ 5000 വരെയുണ്ട്. സംസ്ഥാനത്തെ ആകെ ബൂത്തുകളുടെ എണ്ണം 24,970ൽ നിന്ന് 40,771 ആയി വർധിപ്പിച്ചതിനാൽ യന്ത്രങ്ങളുടെ എണ്ണവും അത്രയും കൂടി. അതിനാൽ യന്ത്രങ്ങൾ എണ്ണാനും ഇക്കുറി കൂടുതൽ സമയമെടുക്കും.

21 മെഷീനുകളിലായി ഒരു റൗണ്ട് വോട്ടെണ്ണാൻ 20 മിനിറ്റ് മുതൽ അര മണിക്കൂർ വരെ സമയമെടുക്കും. ഒരു മണ്ഡലത്തിൽ 16 റൗണ്ടുകൾ വരെ എണ്ണേണ്ടി വരും. ഇതിനു വേണ്ടി വരുന്ന കുറഞ്ഞ സമയം അഞ്ചര മണിക്കൂർ. തപാൽ വോട്ടാകട്ടെ കഴിഞ്ഞ തവണ ഒരു മണ്ഡലത്തിൽ ഒരു മേശയിലാണ് എണ്ണിയിരുന്നത്. ഇത്തവണ 5 മുതൽ 8 വരെ മേശകൾ ഒരുക്കിയിട്ടുണ്ട്. ഒരു മേശയിൽ ഓരോ റൗണ്ടിലും 500 വോട്ടുകൾ വീതമാണ് എണ്ണുക. 5000 തപാൽ വോട്ട് ഉള്ളിടത്ത് 5 മേശകളിൽ 2 റൗണ്ട് എണ്ണേണ്ടിവരും.

നാലര ലക്ഷത്തോളം തപാൽ വോട്ടുകൾ ഇതുവരെ ശേഖരിക്കപ്പെട്ടു. നാളെ രാവിലെ എട്ടുമണിവരെ തപാൽ വോട്ട് സ്വീകരിക്കുമെന്നതിനാൽ ഇനിയും സംഖ്യ ഉയരും. 5,84,238 തപാൽ വോട്ടുകളാണ് വിതരണം ചെയ്തിരുന്നത്. ഇനി 1,30,001 ബാലറ്റുകൾ വോട്ടു രേഖപ്പെടുത്തി തിരികെ റിട്ടേണിങ് ഓഫിസർമാർക്ക് കിട്ടാനുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1,09,001 പേരാണ് തപാൽ വോട്ടു രേഖപ്പെടുത്തിയത്.

ആപ്പിലും ഫലമറിയാം

പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. കമ്മിഷൻ വെബ്സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 'വോട്ടർ ഹെൽപ്ലൈൻ ആപ്പി'ലൂടെയും ഫലം അറിയാം. ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ്ചെയ്യാം.

മാധ്യമങ്ങൾക്ക് ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെന്ററുകളിൽ 'ട്രെൻഡ് ടിവി' വഴിയും വോട്ടെണ്ണൽ പുരോഗതിയും ഫലവും ലഭിക്കും സംസ്ഥാനതലത്തിൽ ഐപിആർഡി മീഡിയാ സെന്ററും സജ്ജീകരിക്കും. എക്സിറ്റ് പോളുകൾ എൽഡിഎഫിന് ചെറിയ മുൻതൂക്ക സൂചനകൾ നൽകുന്നത് യുഡിഎഫിൽ ആശങ്കയുണ്ടാക്കുന്നു. നേരത്തേ വന്ന സർവേ ഫലങ്ങൾ എൽഡിഎഫിനു നല്ല ഭൂരിപക്ഷം പ്രവചിച്ചതിൽ നിന്നു മാറി കടുത്ത പോരാട്ട പ്രതീതി സമ്മാനിക്കുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ആ മാറ്റം നല്ല സൂചനയായി കാണാൻ യുഡിഎഫ് ശ്രമിക്കുന്നു.

സർവേ, എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമോ പ്രതികൂലമോ എന്നതിൽ അമിതമായി ശ്രദ്ധിക്കാൻ ഇല്ലെന്ന പ്രതികരണമാണ് എൽഡിഎഫിന്റേത്. എങ്കിലും ഏറിയ പങ്കും പ്രവചിക്കുന്നത് തുടർ ഭരണമാണ്.