- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയോ അതോ യുഡിഎഫോ? അന്തിമഫലം വൈകിട്ട് 4 മണിയോടെ; ആദ്യ ഫല സൂചിക പത്ത് മണിക്കും; പോസ്റ്റൽ വോട്ടുകളുടെ എണ്ണക്കൂടുതൽ ഫല പ്രഖ്യാപനം വൈകിപ്പിക്കും; വിജയാഹ്ലാദമില്ലാതെ അധികാരത്തിൽ എത്തുന്നത് ആഘോഷിക്കാൻ മുന്നണികൾ; വോട്ടെണ്ണൽ തൽസമയം എത്തിക്കാൻ മറുനാടനും
തിരുവനന്തപുരം: ഇന്ന് വൈകിട്ട് നാല് മണിയോടെ കേരളം ആരു ഭരിക്കുമെന്ന് വ്യക്തമാകും. പോസ്റ്റൽ വോട്ടുകൾ കൂടിയതിനാൽ ഫലപ്രഖ്യാപനം വൈകും. അന്തിമഫലം വൈകിട്ട് 4 മണിയോടെ മാത്രം. ട്രെൻഡ് അറിയുന്നതിനുള്ള സോഫ്റ്റ്‌വെയർഇത്തവണയില്ല. കൃത്യമായ ഫലം വേഗത്തിൽ നൽകാനുള്ള സജ്ജീകരണം നടത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. വിജയാഹ്ലാദ പ്രകടനങ്ങളില്ലാത്ത വിജയാഘോഷമാകും കേരളത്തിൽ.
മറുനാടൻ മലയാളിയും വിശദ ഫല പ്രഖ്യാപനത്തിന് അത്യാധുനിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള തൽസമയ ഫലം വായനക്കാർക്ക് ലഭ്യമാകും. മറുനാടൻ ടിവിയിൽ തൽസമയ പ്രക്ഷേപണത്തിനൊപ്പം റിപ്പോർട്ടുകളും ഉണ്ടാകും. തുടർഭരണം ഉണ്ടായാൽ അത് കേരള ചരിത്രത്തിൽ പുതിയ അധ്യായമാകും. പിണറായി വിജയൻ കൂടുതൽ കരുത്തനായി അധികാരത്തിലെത്തും. മറുവശത്ത് പിണറായി ഭരണം അവസാനിപ്പിക്കാൻ ചെന്നിത്തലയ്ക്ക് സാധിക്കുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. 957 സ്ഥാനാർത്ഥികളാണ് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 40,771 ബൂത്തുകൾ രണ്ട് കോടിയിലധികം വോട്ടുകൾ പോൾ ചെയ്തു. എട്ടുമണിക്ക് ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി നാലായിരം മുതൽ അയ്യായിരം വരെ തപാൽ വോട്ടുകളുണ്ട്. ഇവയെണ്ണാൻ അഞ്ച് മുതൽ എട്ട് വരെ മേശകൾ ക്രമീകരിച്ചു. എട്ടരക്ക് ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങും. ഒരു റൗണ്ടിൽ 21 ബൂത്തുകളെണ്ണും. ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്റെ എൻകോർ എന്ന സോഫ്റ്റ്‌വയറിലാണ് അപ്ലോഡ് ചെയ്യുന്നത്. പിന്നീട് വെബ്സൈറ്റിലേക്കും.
ഭൂരിപക്ഷം കുറയുന്ന മണ്ഡലങ്ങളിൽ തപാൽ വോട്ടുകൾ നിർണ്ണായകമാകും. ഇവിടെ തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം മണ്ഡലങ്ങളിലെ അന്തിമഫലം വൈകും. തർക്കങ്ങളില്ലാത്ത മണ്ഡലങ്ങലിൽ ഉച്ചയോടെ അന്തിമഫലം വരും. പത്തുമണിയോടെ ആദ്യ ഫലസൂചന ലഭിക്കുമെന്നാണു പ്രതീക്ഷ. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു വോട്ടെണ്ണലിന്റെ നടപടിക്രമങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളും ഇന്ന് രാവിലെ അണുവിമുക്തമാക്കിയിരുന്നു.
രാവിലെ ആറിന് സ്ട്രോങ് റൂമുകൾ തുറന്നു. വോട്ടെണ്ണലിനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ചിരിക്കുന്ന നിരീക്ഷകന്റെ സാന്നിധ്യത്തിൽ അതതു വരണാധികാരികളാണു സ്‌ട്രോങ് റൂമുകൾ തുറന്നത്. തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ടേബിളുകളിലേക്കു മാറ്റി. ബൂത്ത് നമ്പർ ക്രമത്തിലാണു യന്ത്രങ്ങൾ ടേബിളുകളിൽ സജ്ജീകരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ മൂന്നു ഹാളുകളിലായാണു വോട്ടെണ്ണൽ നടക്കുക. ഒരു ഹാളിൽ ഏഴു ടേബിളുകളുണ്ടാകും. ഇങ്ങനെ മൂന്നു ഹാളുകളിലുമായി 21 ടേബിളിലാണ് ഒരു റൗണ്ട് വോട്ടെണ്ണുന്നത്. 15 - 16 റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും.
തപാൽ വോട്ടുകൾ പ്രത്യേക ടേബിളുകളിലായാണ് എണ്ണുക. തിരികെ ലഭിക്കുന്ന തപാൽ വോട്ടുകളുടെ എണ്ണമനുസരിച്ച് ഓരോ കേന്ദ്രത്തിലും നാലു മുതൽ എട്ടു വരെ ടേബിളുകൾ ക്രമീകരിക്കും. ഒരു ടേബിളിൽ ഒരു റൗണ്ടിൽ 500 പോസ്റ്റൽ ബാലറ്റ് വീതം എണ്ണും. ഇതിനൊപ്പം ഇ.ടി.പി.ബി.എസ്. വോട്ടുകൾ സ്‌കാൻ ചെയ്യുന്നതിനു പ്രത്യേക ടേബിളും ക്രമീകരിക്കും. തപാൽ വോട്ടുകൾ രണ്ടു റൗണ്ടിൽ പൂർത്തിയാകത്തക്കവിധമാണു ക്രമീകരണം. ഓരോ മണ്ഡലത്തിലേയും തപാൽ വോട്ടുകൾ മുഴുവനും എണ്ണി തീർന്ന ശേഷമേ അതതു മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ അവസാനത്തെ രണ്ടു റൗണ്ട് വോട്ടെണ്ണൂ. ഇതിനു ശേഷം അഞ്ചു വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ കൂടി എണ്ണി തിട്ടപ്പെടുത്തിയ ശേഷമാകും വിജയിയെ പ്രഖ്യാപിക്കുക.
ഏതൊക്കെ വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ എണ്ണണമെന്നത് റിട്ടേണിങ് ഓഫിസർ നറുക്കിട്ടു തീരുമാനിക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടും വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടാകുന്ന സാഹചര്യമുണ്ടായാൽ വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണമാകും ഫല നിർണയത്തിന് ഉപയോഗിക്കുക. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വിവിപാറ്റ് കൗണ്ടിങ് ബൂത്ത് ഒരുക്കിയിട്ടുണ്ട്. അഞ്ച് മണിക്കാകും അന്തിമ പ്രഖ്യാുപനം ഉണ്ടാകുക.
ഫലമറിയാൻ വിപുലമായ ക്രമീകരണങ്ങൾ
മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ തെരഞ്ഞെടുപ്പു കമ്മിഷൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയരിക്കുന്നത്. തെരഞ്ഞെടുപ്പു കമ്മിഷന്റെ https://results.eci.gov.inൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകും. 'വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പി'ലൂടെയും ഫലം അറിയാം. മാധ്യമങ്ങൾക്കു തെരഞ്ഞെടുപ്പു ഫലങ്ങൾ അപ്പപ്പോൾ ലഭ്യമാക്കുന്നതിനായി വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രത്യേക മീഡിയാ സെൽ ഒരുക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ