തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവയ്‌ക്കേണ്ടത് ആയിരം രൂപ. മൂവായിരം രൂപയുണ്ടെങ്കിൽ വോട്ടർപട്ടികയിൽ പേരുള്ളവർക്ക് കോർപ്പറേഷനിലേക്കും മത്സരിക്കാം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 ഉം, ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,076 ഉം 14 ജില്ലാ പഞ്ചായത്തുകളിലെ 331 ഉം, ആകെയുള്ള 86 മുനിസിപ്പാലിറ്റികളിലെ 3,088 ഉം, 6 കോർപ്പറേഷനുകളിലെ 414 ഉം വാർഡുകളിലുമാണ് നവംബറിൽ രണ്ട് ദിവസമായി തെരഞ്ഞെടുപ്പ് നടക്കുന്നത്. കണ്ണൂർ ജില്ലയിൽ മട്ടന്നൂർ നഗരസഭയിലെ തെരഞ്ഞെടുപ്പ് 2012ൽ നടന്നതിനാൽ അവിടെ 2017ലേ തെരഞ്ഞെടുപ്പ് നടക്കൂ.

ഗ്രാമപഞ്ചായത്തിൽ 1,000/ ഉം, ബ്ലോക്ക് പഞ്ചായത്തിൽ 2,000/ഉം, ജില്ലാ പഞ്ചായത്തിൽ 3,000/ഉം, മുനിസിപ്പാലിറ്റിയിൽ 2,000/ ഉം, മുനിസിപ്പൽ കോർപ്പറേഷനിൽ 3,000/ഉം രൂപയാണ് കെട്ടി വെക്കേണ്ട തുക. പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോപെട്ട സ്ഥാനാർത്ഥികൾക്ക് കെട്ടിവെയ്‌ക്കേണ്ട തുക അങ്ങനെയുള്ള നിയോജകമണ്ഡലത്തിലേയ്ക്ക്/വാർഡിലേയ്ക്ക് നിശ്ചയിച്ചിട്ടുള്ള തുകയുടെ അൻപത് ശതമാനം ആയിരിക്കും.

ഗ്രാമപഞ്ചായത്തിൽ 10,000/ഉം, ബ്ലോക്ക് പഞ്ചായത്തിൽ 30,000/ഉം, ജില്ലാ പഞ്ചായത്തിൽ 60,000/ഉം, മുനിസിപ്പാലിറ്റിയിൽ 30,000/ഉം, മുനിസിപ്പൽ കോർപ്പറേഷനിൽ 60,000/ഉം രൂപയാണ് ചെലവഴിക്കാവുന്നത തുക. സമാധാനപരവും നിഷ്പക്ഷവുമായ പോളിങ് ഉറപ്പ് വരുത്താൻ എല്ലാ രാഷ്ട്രീയ കക്ഷികളുടേയും സഹകരണം തിരഞ്ഞെടുപ്പ് കമ്മീഷണർ അഭ്യർത്ഥിച്ചു

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും ആക്ഷേപം സമർപ്പിക്കുന്നതിനും മറ്റുമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സൗകര്യം എൻ.ഐ.സി.യുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരുന്നു. ഏകദേശം രണ്ടര കോടി വോട്ടർമാർ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. അതിൻപ്രകാരം പ്രവാസികൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭിന്നലിംഗത്തിൽപ്പെട്ട 82 പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തിയായി. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. തെരഞ്ഞെടുപ്പിനുശേഷം നിലവിൽ വരുന്ന ഭരണ സമിതിയിലെ അദ്ധ്യക്ഷസ്ഥാനത്തിന്റെ സംവരണം നിശ്ചയിച്ച് വിജ്ഞാപനം കമ്മീഷൻ പുറപ്പെടുവിച്ചു. നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ സഹായത്തോടെ ഇഡ്രോപ്പ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് ജോലിക്കായി രണ്ട് ലക്ഷത്തോളം ഉദ്യോഗസ്ഥരെ നിയോഗിക്കുക.