- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവ് ബിജെപി സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു; ഗ്രൂപ്പുപോരിന് ഇരയായെന്ന് മുൻ ഡെപ്യൂട്ടി മേയർ ബി. ഭദ്ര; തെരഞ്ഞെടുപ്പിന്റെ തലേന്നും കൊച്ചിയിലെ കോൺഗ്രസിൽ വിഴുപ്പലക്കൽ
കൊച്ചി: തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കുമ്പോഴും കൊച്ചി കോർപ്പറേഷനിലെ കോൺഗ്രസിലെ പരസ്യമായ വിഴുപ്പലക്കലിന് ഒരു ശമനവുമില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവ് ബിജെപി സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ച് സ്വീകരിച്ചതും പദവിയൊഴിഞ്ഞ ഡെപ്യൂട്ടി മേയർ കാലാവധി കഴിഞ്ഞ ഭരണത്തിനെതിരെ രംഗത്ത് വന്നതും യു.ഡി.എഫിനെ അക്ഷരാർഥത്തിൽ വെട്ടിലാക്ക
കൊച്ചി: തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കുമ്പോഴും കൊച്ചി കോർപ്പറേഷനിലെ കോൺഗ്രസിലെ പരസ്യമായ വിഴുപ്പലക്കലിന് ഒരു ശമനവുമില്ല.
കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവ് ബിജെപി സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ച് സ്വീകരിച്ചതും പദവിയൊഴിഞ്ഞ ഡെപ്യൂട്ടി മേയർ കാലാവധി കഴിഞ്ഞ ഭരണത്തിനെതിരെ രംഗത്ത് വന്നതും യു.ഡി.എഫിനെ അക്ഷരാർഥത്തിൽ വെട്ടിലാക്കിയിരക്കയാണ്. കൊച്ചിയിൽ ബിജെപി കോൺഗ്രസ് ധാരണയുടെ തെളിവാണ് ഷാൾ അണിയിച്ച സംഭവമെന്ന ആരോപണവുമായി സിപിഐ(എം) രംഗം കൈയിലെടുത്തതോടെ യു.ഡി.എഫ് പ്രതിരോധത്തിലുമായി. ഓർക്കാപ്പുറത്ത് മുന്നണിക്കും കോൺഗ്രസിനുമേറ്റ പ്രഹരത്തിൽ സ്തബ്ധരായിരിക്കുകയാണ് നേതൃത്വം.നേരത്തെ മേയർ ടോണി ചമ്മണി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വിമതശല്യംമൂലം കൊച്ചി കോർപ്പറേഷനിൽ 15 സിറ്റിംങ്ങ് സീറ്റുകൾ നഷ്ടമാവുമെന്ന് പറഞ്ഞതും വൻ വിവാദത്തിന് ഇടയാക്കിയിരുന്നു.
മുൻ മന്ത്രി എം.എൽ ജേക്കബിന്റെ മക്കൾ തമ്മിലുള്ള പോരാണ് കോൺഗ്രസിന് കൊച്ചിയിൽ ഏറ്റവും വലിയ തലവേദനയായത്. സഹോദരനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ലിനോ ജേക്കബിനെതിരെ 66ാം ഡിവിഷനിൽ മത്സരിക്കുന്ന ബിജെപിയുടെ സിറ്റിങ് കൗൺസിലർ സുധാ ദിലീപ് കുമാറിനെ കോൺഗ്രസ് നേതാവ് ബാബു ജേക്കബ് പരസ്യമായി ഷാൾ അണിയിച്ചതോടെ വിവാദം കത്തുകയായി. തൊട്ടടുത്ത ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ബാബുജേക്കബിന്റെ ഭാര്യ ഗ്രേസി. ലിനോ ജേക്കബും ബാബുജേക്കബും അന്തരിച്ച കെപിസിസി പ്രസിഡന്റും മുൻ മന്ത്രിയുമായ എ.എൽ. ജേക്കബിന്റെ മക്കളാണ്.
വീടിന് മുന്നിൽ കാത്തുനിന്നാണ് ബാബുജേക്കബ് ബിജെപി സ്ഥാനാർത്ഥിക്ക് ഷാൾ അണിയിച്ചത്. ബാൽക്കണിയിൽ ഇത് കണ്ടുനിന്ന ഗ്രേസിയെ സുധ അഭിവാദ്യവും ചെയ്തു. സഹോദരന്റെ ഭാര്യ മത്സരിക്കുന്നതിനെ ചൊല്ലി ലിനോയും ബാബുവും തമ്മിൽ കൈയാങ്കളി വരെ നടന്നതാണ്. ഇത് പൊലീസ് സ്റ്റേഷനിൽ പരാതിവരെയായി. ബിജെപിയുടെ വോട്ട് ആ ഡിവിഷനിൽ ഗ്രേസിക്കും പകരം ലിനോക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിക്ക് ഇവിടെ തിരിച്ചും വോട്ട് ചെയ്യൻ സഹോദരൻ ബാബു ധാരണ ഉണ്ടാക്കിയതിന്റെ പ്രതിഫലനമാണ് ഷാൾ അണിയിച്ച സംഭവമെന്നാണ് ലിനോയുടെ പരാതി. ഇതുന്നയിച്ച് ഡി.സി.സിക്കും കെപിസിസിക്കും അദ്ദഹേം പരാതിയും നൽകി. ഇവിടെയാണ് സിപിഐ(എം) രംഗം കൈയടക്കിയത്.
കോൺഗ്രസ് എപ്പോൾ വേണമെങ്കിലും ബിജെപിയാകാമെന്നും കോൺഗ്രസിൽ നിന്നുകൊണ്ടുതന്നെ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കാമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറി പി. രാജീവ് ഇതിനോട് പ്രതികരിച്ചു. ബിജെപി സ്ഥാനാർത്ഥിക്ക് ഷാൾ അണിയിച്ച സംഭവം ഇതാണ് തെളിയിക്കുന്നതെന്നും അദ്ദഹേം ചൂണ്ടിക്കാട്ടി. ബാബു ജേക്കബ് ബിജെപി അനുഭാവിയായിട്ടുണ്ടാകാമെന്നായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ ഇതിനോടുള്ള പ്രതികരണം.സംഭവത്തിൽ പ്രതികരിക്കാനാവാതെ ഡി.സി.സി നേതൃത്വം ഊരാക്കുടുക്കിലാണ്. ഇതേപ്പറ്റി അന്വേഷിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.ജെ. പൗലോസ് പറഞ്ഞു.
ഇതിന്റെ ആഘാതത്തിലിരിക്കെയാണ് ഡെപ്യൂട്ടി മേയർ ബി.ഭദ്ര കാലാവധി കഴിഞ്ഞ കോർപറേഷൻ ഭരണത്തിനെതിരെ ശക്തമായ പരസ്യ പ്രസ്താവന നടത്തിയത്. തന്നെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിച്ചില്ലെന്നും ഗ്രൂപ് കളി മൂലം ഭരണം മുന്നോട്ട് പോയില്ലെന്നുമാണ് അവർ തുറന്നടിച്ചത്. ഭരണം അഴിമതി നിറഞ്ഞതായിരുന്നെന്നും അവർ വ്യക്തമായ സൂചന നൽകി. സീറ്റ് നിഷേധിച്ചതിന്റെ പ്രതികരണമാണ് ഭദ്രയിൽ നിന്നുണ്ടായത്. നേരത്തേ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഗ്രൂപ്പുകളി മൂലം മൂന്നരക്കൊല്ലം ഭരണം നടന്നില്ലെന്ന് പദവിയൊഴിഞ്ഞ മേയർ ടോണി ചമ്മണി പ്രസ്താവിച്ചിരുന്നു.
അതിന്റെ തുടർച്ചയായാണ് ഭദ്രയുടെ ഈ പ്രസ്താവന. സിപിഐ(എം) ഇതും ആയുധമാക്കിയിട്ടുണ്ട്. ഒരു വനിതാ ഡെപ്യൂട്ടി മേയർക്ക് സ്വാതന്ത്ര്യം നൽകിയില്ലെന്ന വെളിപ്പെടുത്തൽ ജനാധിപത്യ സംവിധാനത്തിൽ ഞെട്ടലുളവാക്കുന്നതാണെന്നാണ് സിപിഐ(എം) ജില്ലാ സെക്രട്ടറി പ്രതികരിച്ചത്.