- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിലയിടങ്ങളിൽ ഇടത് മുന്നണിക്ക് വ്യക്തമായ മുന്നേറ്റം; ബിജെപിക്ക് സീറ്റുകളുടെ എണ്ണം കൂടും; ചില സ്ഥലങ്ങളിൽ ആപ്പ് സ്ഥാനാർത്ഥികൾക്കും വിജയമെന്ന് സൂചന; യുഡിഎഫ് കോട്ടകളിൽ വിജയം നിലനിർത്തി കോൺഗ്രസും; ഇനി പിരിമുറുക്കത്തിന്റെ അവസാന യാമങ്ങൾ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇനി അവകാശ വാദങ്ങൾക്ക് ആരുമില്ല. കുറച്ചു മണിക്കൂർ കൂടി കാത്തിരിക്കൂ എന്നാണ് ഏവരും പറയുന്നത്. നാളെ രാവിലെ ഒൻപത് മണിയോടെ തന്നെ കേരളത്തിന്റെ മനസ്സ് എങ്ങോട്ടാണെന്നതിൽ വ്യക്തമായ ചിത്രം പുറത്തുവരും. കോർപ്പറേഷനിലെ ഭരണം ആർക്കെല്ലാം ഒപ്പമാണെന്ന ട്രെൻഡ് പുറത്തുവരുന്നതോടെ തദ്ദേശ ചിത്രം തെളിയും. പിന്ന
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇനി അവകാശ വാദങ്ങൾക്ക് ആരുമില്ല. കുറച്ചു മണിക്കൂർ കൂടി കാത്തിരിക്കൂ എന്നാണ് ഏവരും പറയുന്നത്. നാളെ രാവിലെ ഒൻപത് മണിയോടെ തന്നെ കേരളത്തിന്റെ മനസ്സ് എങ്ങോട്ടാണെന്നതിൽ വ്യക്തമായ ചിത്രം പുറത്തുവരും. കോർപ്പറേഷനിലെ ഭരണം ആർക്കെല്ലാം ഒപ്പമാണെന്ന ട്രെൻഡ് പുറത്തുവരുന്നതോടെ തദ്ദേശ ചിത്രം തെളിയും. പിന്നങ്ങോട്ട് വിലയിരുത്തലും ചർച്ചകളും. കുറേ നാളുകളായി തെരഞ്ഞെടുപ്പ് തോൽവികൾ ഇടതുപക്ഷത്താണ് എത്തുന്നത്. ഇത്തവണ ചിത്രമാറുമെന്ന ഉറച്ച വിശ്വാസം അവർക്കുണ്ട്. കറുത്ത കുതിരകളായി ബിജെപി-എസ്എൻഡിപി മുന്നണി മാറുമോ എന്നതും ശ്രദ്ധേയമാകും. മുൻതൂക്കം നിലനിർത്തി വിജയം നേടിയാൽ ഇത് കോൺഗ്രസിനെ സംബന്ധിച്ചടത്തോളം ഉമ്മൻ ചാണ്ടി സർക്കാരിനുള്ള ജനപിന്തുണയിൽ ആത്മവിശ്വാസത്തിന്റേതുമാകും.
തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും ഇടുക്കിയിലും കോഴിക്കോടും കണ്ണൂരും കാസർഗോഡും പാലക്കാടും കേന്ദ്രീകരിച്ചാണ് ഇടത് പ്രതീക്ഷകൾ. കോട്ടകളിൽ ഇളക്കമുണ്ടായില്ലെന്നും അതുകൊണ്ട് തന്നെ വിജയം ഉറപ്പാണെന്നും ഇടതു പക്ഷം പറയുന്നു. ആറ് കോർപ്പറേഷനിൽ ഭൂരിപക്ഷവും പിടിക്കും. ഇതിനൊപ്പം കോട്ടയത്തും മലപ്പുറത്തും കരുത്ത് തെളിയിക്കും. എറണാകുളം കോർപ്പറേഷൻ കൂടി തിരിച്ചു പിടിച്ച് തദ്ദേശത്തിൽ വീണ്ടു ശക്തരാകുമെന്നാണ് സിപിഐ(എം) പ്രതീക്ഷ. വ്യക്തമായ കണക്കുകളുടെ കരുത്തിലാണ് ഈ നിഗമനങ്ങൾ. ഇടതു പക്ഷത്തെ തർക്കങ്ങൾ കുറഞ്ഞതും വി എസ് അച്യൂതാനന്ദൻ ഫാക്ടറും ഗുണകരമാകും. വിഭാഗീയതിയിൽ നിന്ന് സിപിഐ(എം) അകലം പാലിച്ച തെരഞ്ഞെടുപ്പിൽ നേട്ടത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാനും അവർക്ക് കഴിയുന്നില്ല. രാഷ്ട്രീയ നിരീക്ഷകരും ഈ വാദങ്ങളെ അംഗീകരിക്കുന്നു.
തെരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ ബിജെപി-എസ്എൻഡിപി സഖ്യം സിപിഎമ്മിനെ ദോഷമായി ബാധിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ വെള്ളാപ്പള്ളി നടേശനെ കടന്നാക്രമിച്ച് വി എസ് നടത്തിയ ഇടപെടൽ കാര്യങ്ങൾ മാറ്റി മറിച്ചു. ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതയുമെത്തി. മൈക്രോ ഫിനാൻസ് അഴിമതിയിൽ തുടങ്ങിയ ആക്രമങ്ങൾ വി എസ് ഏറ്റെടുത്തപ്പോൾ സിപിഐ(എം) ശക്തമായി പിന്തുച്ചു. തെരഞ്ഞെടുപ്പിന്റെ അന്ത്യ ദിനങ്ങളിൽ ബാർ കോഴയിലെ വിധിയെത്തിയതും സിപിഎമ്മിന് തുണയായി. മന്ത്രി മാണിയുടെ കോഴക്കേസ് യുഡിഎഫിനെ പ്രതിരോധത്തിലാക്കി. ഇതിനൊപ്പം യുഡിഎഫിലെ വിഭാഗീയതയും ജയത്തിൽ നിർണ്ണായകമാകുമെന്ന് സിപിഐ(എം) കരുതുന്നു. ഉമ്മൻ ചാണ്ടി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും ഉയർത്തിക്കാട്ടുന്നു.
തീർത്തും ആശയക്കുഴപ്പത്തിലാണ് യുഡിഎഫ് ക്യാമ്പ്. കോട്ടകളിൽ മുന്നേറാൻ കഴിയുമെന്ന് പറയുമ്പോഴും അതിനപ്പുറത്തേക്ക് എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ല. ഇടുക്കിയിലെ പശ്ചിമഘട്ട സംരക്ഷണ സമിതി ഇടതു പക്ഷത്തോട് അടുത്തതും കാര്യങ്ങൾ കുഴപ്പത്തിലാക്കി. എറണാകുളത്തും വിമത പ്രശ്‌നമാണ് വെല്ലുവിളി. കോട്ടയത്ത് മാണിയുമായുള്ള സൗഹൃദ മത്സരങ്ങൾ. ഇതിനെല്ലാം പുറമേയാണ് ബാർ കോഴയിലെ കോടതി വിധിയുണ്ടായ പൊല്ലാപ്പ്. ഇക്കാര്യത്തിൽ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ എടുത്ത നിലപാടും തിരിച്ചടിയാണ്. മാണി രാജി വയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അതിനോട് യോജിക്കാതെ നീരസം പ്രകടിപ്പിക്കുകയായിരുന്നു സുധീരൻ. ഇതിനൊപ്പം എ-ഐ ഗ്രൂപ്പ് പോരും വിനയായി. കണ്ണൂരിൽ ഇത് പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തൽ. മലപ്പുറത്തും ലീഗുമായുള്ള ഭിന്നത യുഡിഎഫിനെ വലച്ചു.
എന്നാൽ പ്രതീക്ഷ ഉമ്മൻ ചാണ്ടിയും കൂട്ടരും കൈവിട്ടിട്ടില്ല. ബിജെപി-എസ്എൻഡിപി സഖ്യമുണ്ടാക്കിയ വർഗ്ഗീയ ധ്രൂവീകരണത്തിലാണ് കണ്ണ്. ബിജെപിക്ക് വോട്ട് കൂടിയാൽ അത് സിപിഐ(എം) വോട്ടുകളാകും. എന്തായാലും അവർക്ക് അൽപ്പമെങ്കിലും വോട്ട് കൂടും. ഇത് യുഡിഎഫ് വിജയത്തിലേക്ക് കാര്യങ്ങളെത്തിക്കും. നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പ് മാതൃകയാണ് ഇതിന് ആധാരം. അതായത് ബിജെപിയുടെ മുന്നേറ്റമാകും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിൽ കാര്യങ്ങൾ നിശ്ചിയിക്കുന്നതെന്നാണ് നിരീക്ഷണം. ഇതിൽ ഏറെ പ്രതീക്ഷയും കോൺഗ്രസിനുണ്ട്. മലപ്പുറത്ത് കോട്ട ഇളകില്ലെന്ന വിശ്വാസത്തിലാണ് മുസ്ലിം ലീഗ്. കോട്ടയത്ത് കേരളാ കോൺഗ്രസിന് പഴയ ആത്മവിശ്വാസമില്ല.
ബിജെപിയും എസ്എൻഡിപിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 600ൽ താഴെ സീറ്റുകളാണ് ബിജെപി നേടിയത്. ഇത് ഇരട്ടിയിലധികമാകുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്തും കാസർഗോഡും കാര്യങ്ങൾ ബിജെപി നിശ്ചയിക്കുമെന്നാണ് അവരുടെ അവകാശ വാദം. കൊല്ലത്തും ആലപ്പുഴയിലും എസ്എൻഡിപിക്കാർ ജയിച്ചുകയറുന്നതോടെ കാര്യങ്ങൾ ഊഷാറാകുമെന്നും വിലയിരുത്തുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ 20 സീറ്റുകളിൽ ജയിക്കുമെന്നാണ് ആർഎസ്എസ് നിരീക്ഷണം. ഇതാണ് ബിജെപിയുടെ ആഹ്ലാദത്തിന്റെ ഏറ്റവും വലിയ കരുത്തും. ചിട്ടയായ സംഘടനാ പ്രവർത്തനം നടന്നുവെന്നാണ് ഈ ആത്മവിശ്വാത്തിന് കാരണവും.
ഇടതുപക്ഷത്തുള്ള പിസി ജോർജിനും നിർണ്ണായകമാണ് തെരഞ്ഞെടുപ്പ്. പൂഞ്ഞാറിലെ ശക്തി കേന്ദ്രങ്ങളിൽ കരുത്ത് കാട്ടിയാലേ ജോർജിന് നിലനിൽപ്പുള്ളൂ. ആർ ബാലകൃഷ്ണപിള്ളയ്ക്കും ഗണേശ് കുമാറിനും ഇത് തന്നെയാണ് അവസ്ഥ. കൊട്ടാരക്കരയിലും പത്തനാപുരത്തും കേരളാ കോൺഗ്രസ് ബിക്ക് അതിനിർണ്ണായകമാണ്. ആംആദ്മിയും പ്രതീക്ഷയിലാണ്. സമൂഹത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളിൽ പലരും ആംആദ്മിക്കായി മത്സര രംഗത്തുണ്ട്. ഇവരെല്ലാം ജയിക്കുമെന്നാണ് ആംആദ്മിയുടെ കണക്ക് കൂട്ടൽ. കേരളത്തിൽ രാഷ്ട്രീയ ശക്തിയായി മാറാനുള്ള ശ്രമങ്ങളുടെ തുടക്കമാകും അതെന്നും അവർ പറയുന്നു.