തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് ഇന്ന് റീപോളിങ് നടക്കുന്ന മലപ്പുറത്തും തൃശ്ശൂരിലും വീണ്ടും വോട്ടിങ് യന്ത്രം തകരാറിലായി. മലപ്പുറത്തെ ചുങ്കത്തറ പഞ്ചായത്തിലെ കോട്ടേപാടത്തും, പരിയാപുരത്തുമാണ് വോട്ടിങ് യന്ത്രം തകരാറിലായത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. ഇത് വോട്ട് ചെയ്യാനെത്തിയവരുടെ പ്രതിഷേധത്തിന് ഇടയാക്കി. എല്ലാ വോട്ടിങ്ങ് കേന്ദ്രങ്ങളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്.

തൃശൂരിൽ കയ്‌പ്പമംഗലത്ത് റീ പോളിംഗിനിടെ വോട്ടിങ് യന്ത്രത്തിൽ തകരാറിലായി. ഇതേതുടർന്ന് പോളിങ് കുറച്ച് സമയത്തേക്ക് നിർത്തിവച്ചെങ്കിലും പിന്നനീടത് പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്ത് മാത്രം 250 ൽ ഏറെ ബൂത്തുകളിലാണ് വോട്ടിങ് മെഷീനുകൾ തകരാറിലായത്. അവ നന്നാക്കിയ ശേഷവും കേടായി. പകരം കൊണ്ടു വച്ച മെഷീനുകളും പണിമുടക്കി. മൂന്നു തവണ വരെ ഇങ്ങനെ മാറ്റേണ്ടി വന്നു. പ്രസ് എറർ എന്ന കുഴപ്പമാണ് സംഭവിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. എന്നാൽ യന്ത്രത്തകരാർ കൊണ്ട് മാത്രം സംഭവിക്കുന്നതല്ല ഇതെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്നത്തെ തകരാറിനേയും ഗൗരവത്തോടെയാണ് കാണുന്നത്.

മലപ്പുറത്ത് വ്യാപകമായ രീതിയിൽ യന്ത്രങ്ങൾക്ക് കേടുപറ്റിയെന്നതിന്റെ തെളിവ് കൂടിയാണ് ഇത്. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ പോലും ഇതു ബാധിച്ചെന്നാണ് വിലയിരുത്തൽ. അതിനിടെ മലപ്പുറത്തെ വോട്ടിങ് യന്ത്രം തകരാറിലാകുന്നത് ഗുരുതര സ്ഥിതി വിശേഷമെന്ന് വൈദ്യൂത ഗതാഗത മന്ത്രി ആര്യാടൻ മുഹമ്മദ് പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ജനാധിപത്യത്തിന് ആപത്താണ്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായി. അതേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് 105 ബൂത്തുകളിലും തൃശൂരിൽ ഒൻപത് ബൂത്തുകളിലുമാണ് റീപ്പോളിങ് നടക്കുന്നത്. മലപ്പുറത്ത് 255 യന്ത്രങ്ങളിലും തൃശ്ശൂരിൽ 55 എണ്ണത്തിലുമാണ് തകരാർ കണ്ടെത്തിയത്. ആദ്യം 12 ബൂത്തുകളിൽ മാത്രമാണ് പ്രശ്‌നമെന്നറിയിച്ച മലപ്പുറം ജില്ലാ കളക്ടർ രാത്രി വൈകിയാണ് 105 ബൂത്തുകളിൽ റീ പോളിങ്ങിന് ശുപാർശ ചെയ്തത്. മലപ്പുറത്ത് മൂന്ന് നഗരസഭകളിലെയും 44 പഞ്ചായത്തുകളിലെയും ബൂത്തുകളിലാണ് വോട്ടെടുപ്പ് തടസ്സപ്പെട്ടത്. നിലമ്പൂർ മേഖലയിലാണ് ഏറ്റവും കൂടുതൽ ബൂത്തുകളിൽ പ്രശ്‌നമുണ്ടായത്.

നിലമ്പൂരിലെ ആറ് പഞ്ചായത്തുകളിൽ മാത്രം 70 യന്ത്രങ്ങൾ മാറ്റിനൽകി. മിക്കയിടത്തും കരുതൽയന്ത്രങ്ങൾ തീരുന്ന സ്ഥിതിയും വന്നു. ഇവിടെ പത്തിടത്ത് വോട്ടെടുപ്പ് പൂർണമായി ഉപേക്ഷിച്ചു. വണ്ടൂർ പഞ്ചായത്തിൽ ഇരുപത്തിനാലിടത്ത് വോട്ടെടുപ്പ് തടസ്സപ്പെട്ടു. 11 സ്ഥലത്താണ് പൂർണമായും ഉപേക്ഷിക്കേണ്ടിവന്നത്. തിരുവാലിയിൽ ആറിടത്തും ഇതായിരുന്നു സ്ഥിതി. തൃശ്ശൂർ ജില്ലയിൽ ചേലക്കര, തിരുവില്വാമല, പഴയന്നൂർ, ഏങ്ങണ്ടിയൂർ, കൈപ്പമംഗലം, അരിന്പൂർ, അന്നമനട ഗ്രാമപ്പഞ്ചായത്തുകളിലെ ബൂത്തുകളിലാണ് റീ പോളിങ് വേണ്ടിവന്നത്