തിരുവനന്തപുരം: നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ നേട്ടം യുഡിഎഫിന് ആവർത്തിക്കാനായില്ല. കോൺഗ്രസിന് വമ്പൻ അടി നൽകി ഇടതുപക്ഷം തിരുവനന്തപുരം കോർപ്പറേഷനിൽ മുൻതൂക്കം തേടി. കോർപ്പറേഷനിൽ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ജില്ലാ പഞ്ചായത്തിലും ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു. നാല് മുൻസിപ്പാലിറ്റിയിലും ഇടതുപക്ഷത്തിനാണ് നേട്ടം. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും സിപിഐ(എം) നേതൃത്വത്തിലുള്ള മുന്നണി ലീഡ് ചെയ്യുകയാണ്. വിഭാഗിയതയും ബിജെപിയുടെ സാന്നിധ്യവും ഇത്തവണ തിരുവനന്തപുരത്ത് കോൺഗ്രസിനെയാണ് ദോഷമായി ബാധിച്ചിരിക്കുന്നത്.

തിരുവനന്തപുരം കോർപ്പറേഷനിൽ 25 സീറ്റുകളാണ് ബിജെപി ലക്ഷ്യമിട്ടത്. എന്നാൽ സ്വതന്ത്രനുൾപ്പെടെ 35 പേർ ബിജെപി പക്ഷത്തേക്ക് ജയിച്ചു. ഇതിൽ ഒരാൾ സ്വതന്ത്രനാണ്. നിലവിൽ ആറു പേരാണ് ഉണ്ടായിരുന്നത്. ഇടത് കോട്ടയായ വഞ്ചിയൂരിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായ പി അശോക് കുമാർ മൂന്ന് വോട്ടിന് തോറ്റത് മാത്രമാണ് ബിജെപിക്ക് തിരിച്ചടിയായത്. സിപിഎമ്മിന്റേയും കോൺഗ്രിസന്റേയും കുത്തക വാർഡുകൾ പോലും ബിജെപി തേരോട്ടത്തിൽ തകർന്നു. അങ്ങനെ കോർപ്പറേഷനിൽ ബിജെപി പ്രധാന ശക്തിയായി. 43 സീറ്റുകൾ ഇടതു പക്ഷത്തിന് കിട്ടും. അതായത് കേവല ഭൂരിപക്ഷത്തിന് ഏതാണ് ഏഴ് വോട്ടുകളുടെ കുറവ്. കോൺഗ്രസിന് സമ്പൂർണ്ണ തിരിച്ചടിയായി.

സിപിഎമ്മിന്റെ മേയർ സ്ഥാനാർത്ഥി ജയൻ ബാബു തോറ്റു. രണ്ട് തവണ മേയറായ ജയൻബാബു ബിജെപിയോടാണ് പങ്ങോട് വാർഡിൽ തോറ്റത്. ചാല മോഹനനും കരമന ഹരിയും കെസി വിക്രമനും തോറ്റതോടെ മേയറാകാൻ പ്രധാനികൾ ആരും ഇല്ലാത്ത അവസ്ഥയുമായി. ബിജെപിയുമായി കോൺഗ്രസ് കൂട്ടുകാത്തതിനാൽ സിപിഎമ്മിന് സ്വതന്ത്രരുടേയും മറ്റും പിന്തുണയോടെ ജയിക്കാൻ കഴിയുമോ എന്നതാണ് നിർണ്ണായകം. തൂക്കു സമിതിയിലേക്ക് തിരുവനന്തപുരത്തെ എത്തിച്ചത് ബിജെപിയുടെ മുന്നേറ്റമാണ്.

ഗ്രാമപഞ്ചായത്തിലും ബിജെപി നേട്ടമുണ്ടാക്കി. 87 ഗ്രാമപഞ്ചായത്ത് വാർഡിലും നാല് ബ്ലോക്കുകളിലും 14 മുനിസിപ്പാലിറ്റി വാർഡുകളിലും ജയിച്ചു. ജില്ലാ പഞ്ചായത്തിലും മുന്നേറ്റം ദൃശ്യമാണ്.