തിരുവനന്തപുരം: ഇടത്‌വലത് മുന്നണികൾക്കിടയിലായിരുന്നു തദ്ദേശത്തിലെ പ്രധാന മത്സരം. ഇതിനിടെയിൽ നേട്ടമുണ്ടാക്കി ബിജെപിയും തെരഞ്ഞെടുപ്പ് ഫലത്തിലെ താരമായി. എന്നാൽ അതിനപ്പുറമുള്ള ചെറുപാർട്ടികൾക്ക് ചെറിയ വിജയങ്ങളുണ്ടായി. എന്നാൽ അതിന്റെ മധുരം ഇരട്ടിയാണ്. തമിഴ്‌നാട്ടിലെ ജയലളിതയുടെ എഐഎഡിഎംകെയ്ക്ക് ആറു സീറ്റുകൾ ജയിച്ചു. ഇതിനൊപ്പം പ്രാദേശിക കൂട്ടായ്മകളും നേട്ടമുണ്ടാക്കി.

കിഴക്കമ്പലത്ത് പത്തൊൻപതിൽ പത്തൊൻപതും കിറ്റക്‌സ് ഗ്രൂപ്പിന്റെ ട്വന്റി20 സ്ഥാനാർത്ഥികൾ വിജയിച്ചു. പെമ്പിള ഒരുമൈ നേതാവ് ദേവകിക്ക് വൻവിജയം. ദേവികുളം ബ്ലോക്ക് ഡിവിഷനിൽ നിന്നാണ് ഗോമതി ജനവിധി തേടിയത്. ഇതേസമയം കൊണ്ടോട്ടി മൂനിസിപ്പാലിറ്റി ലീഗ് വിരുദ്ധ മുന്നണി നേടി. ഈസ്റ്റ് ഈളേരിയിൽ വിമതർ ഭരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരത്തിനിറങ്ങിയ വെൽഫെയർ പാർട്ടിയുടെ 42 സഥാനാർഥികൾ വിജയിച്ചതായി പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അറിയിച്ചു. 32 ഗ്രാമപഞ്ചായത്ത് വാർഡുകളിലും 9 മുനിസിപ്പാലിറ്റി ഡിവിഷനുകളിലും ഒരു ബ്‌ളോക്ക് പഞ്ചായത്ത് ഡിവിഷനിലുമാണ് ജയിച്ചത്. അമ്പതിലധികം വാർഡുകളിൽ പാർട്ടി രണ്ടാം സ്ഥാനത്ത് എത്തി. മത്സരിച്ച മിക്കയിടങ്ങളിലും ഗണ്യമായ വോട്ടുകൾ നേടി.

എന്നാൽ ഏവരും ഉറ്റുനോക്കിയത് ആംആദ്മിയുടെ പ്രടനമാണ്. പക്ഷേ അവർക്ക് ഒരു ചലനവും കേരളത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല. സിപിഐഎംഎല്ലിന്റെ നേട്ടം പോലും അവർക്ക് ഉണ്ടായില്ല. എറണാകുളം എളങ്കുന്നപ്പുഴ പഞ്ചായത്തിലാണ് സിപിഐ(എം.എൽ) സ്ഥാനാർത്ഥി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. പഞ്ചായത്തിലെ ഏഴാം വാർഡായ കാർത്തേടം സെൻട്രലിൽ സി.ജി. ബിജുവാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത്. 624 വോട്ടുകൾ ബിജു നേടിയപ്പോൾ രണ്ടാം സ്ഥാനക്കാരനായ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 368 വോട്ട് മാത്രമാണ് നേടാനായത്. മൂന്നാം സ്ഥാനത്തെത്തിയ സിപിഐ(എം) സ്ഥാനാർത്ഥി 169 വോട്ടുകൾ സ്വന്തമാക്കി. സിപിഎമ്മിനെ എല്ലാ അർത്ഥത്തിലും വെട്ടിലാക്കിയ വിജയമാണ് ബിജുവിന്റേത്.

പുതുതായി രൂപീകരിച്ച ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഭരണം തീരുമാനിക്കുന്നത് എസ്ഡിപിഐ. ഇവിടെ നാല് സീറ്റിൽ എസ്ഡിപിഐ വിജയിച്ചു. ആകെയുള്ള 28 സീറ്റിൽ യുഡിഎഫിന് 10 ഉം എൽഡിഎഫിന് 14 ഉം എസ്ഡിപിഐ യ്ക്ക് നാലും സീറ്റുകളാണുള്ളത്. 05 ാം വാർഡിൽ ബിനു നാരായണൻ, 10 ാം വാർഡിൽ ഇസ്മായീൽ കീഴേടം, 11 ാം വാർഡിൽ ഷൈല അൻസാരി, 12 ാം വാർഡിൽ സുബൈർ വെള്ളാപ്പള്ളി എന്നിവരാണ് വിജയിച്ചത്. നഗരസഭാ ചെയർമാൻ സ്ഥാനത്തേയ്ക്ക് മൽസരിച്ച അഷറഫിനെയാണ് 10 ാം വാർഡിൽ ഇസ്മയീൽ പരാജയപ്പെടുത്തിയത്. നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ എ മുഹമ്മദ് ഹാഷിമിനെ നൂറിലധികം വോട്ടുകൾക്കാണ് സുബൈർ പരാജയപ്പെടുത്തിയത്. മറ്റൊരു വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥി ഷാനിദ ഹിലാൽ പരാജയപ്പെട്ടത് കേവലം നാല് വോട്ടിനാണ്. നഗരസഭയിൽ ഭൂരിപക്ഷം നേടിയതിലും എസ്ഡിപിഐ യ്ക്ക് മേൽക്കൈ. ഇവിടെ ഭൂരിപക്ഷം നേടിയതിൽ രണ്ടാം സ്ഥാനത്ത് 134 വോട്ട് ഭൂരിപക്ഷം നേടി ഷൈല അൻസാരിയും മികവ് തെളിയിച്ചു.

തീക്കോയ് ഗ്രാമപ്പഞ്ചായത്ത് 13 ാം വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥി കെ കെ പരിക്കൊച്ച് വിജയിച്ചു. പാറത്തോട് ഗ്രാമപ്പഞ്ചായത്ത് ഇടക്കുന്നം എട്ടാം വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥി കെ യു അലിയാർ വിജയിച്ചു. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിൽ എസ്ഡിപിഐ സ്ഥാനാർത്ഥി സിറാജുദ്ദീൻ 65 വോട്ടുകൾക്ക് പരാജയപ്പെട്ട വാർഡിൽ യുഡിഎഫിനു വേണ്ടി മൽസരിച്ച ലീഗ് പ്രതിനിധി നേടിയത് കേവലം 46 വോട്ട് മാത്രം. ഇവിടെ എസ്ഡിപിഐ യെ പരാജയപ്പെടുത്താൻ നടത്തിയ അടിയൊഴുക്കാണ് വ്യക്തമാവുന്നത്. 2010 ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഒരു സീറ്റ് മാത്രമാണ് നേടിയിരുന്നത്. ആ സീറ്റ് ഇത്തവണ നിൽനിർത്താൻ കഴിഞ്ഞു എന്ന ചാരിതാർഥ്യവുമുണ്ട് പാർട്ടിക്ക്. പാർട്ടി മൽസരിച്ച കാഞ്ഞിരപ്പള്ളി, കങ്ങഴ, തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്തുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എസ്ഡിപിഐ യ്ക്ക് കഴിഞ്ഞു.

പാർട്ടി പ്രവർത്തകർക്കു ലഭിച്ച ദീപാവലി മധുരമാണു അണ്ണാ എ.ഡി.എം.കെയ്ക്ക് കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ലഭിച്ച വിജയമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ ജയലളിത പറഞ്ഞു. വരാനിരിക്കുന്ന വലിയ വിജയത്തിന്റെ മുന്നോടിയാണിത്.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എ.ഡി.എം.കെ മൽസരിപ്പിച്ച ഒൻപതു സ്ഥാനാർത്ഥികളിൽ വിജയിച്ച ആറു പേരിൽ അഞ്ചും വനിതകളാണെന്നതിൽ ഏറെ സന്തോഷമുണ്ടെന്നു ജയലളിത കൂട്ടിച്ചേർത്തു. പാലക്കാട് ജില്ലയിലെ കൊഴി&്വംഷ;ഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്തിൽ രണ്ടും എരുത്തേമ്പതിയിൽ ഒന്നും ഇടുക്കി ജില്ലയിൽ ദേവികുളം, മറയൂർ,പീരുമേട് പഞ്ചായത്തുകളിൽ ഒന്നു വീതം വാർഡുകളിലുമാണ് എ.ഡി.എം.കെ വിജയിച്ചത്.

കൊച്ചി കിഴക്കമ്പലം പഞ്ചായത്ത് ഭരണം ഗാർമെന്റ്‌സ് കമ്പനിയായ കിറ്റെക്‌സിന്റെ കീഴിലുള്ള ട്വിന്റി20 ക്ലബ്ബ് നേടി. ഇതോടെ കിഴക്കമ്പലം, കമ്പനി ഭരണത്തിൻ കീഴിലായി. യു.ഡി.എഫിന്റെ കുത്തകയായിരുന്ന പഞ്ചായത്തിലാണ് മുന്നണിക്ക് ഇത്തരത്തിലൊരു ക്ഷീണം സംഭവിച്ചിരിക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാൽ കിറ്റക്‌സിന്റെ ഡൈയിങ് യൂണിറ്റിന് കിഴക്കമ്പലം പഞ്ചായത്ത് പ്രവർത്തനാനുമതി നിഷേധിച്ചിരുന്നു. ഈ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കമ്പനി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുന്നിട്ടിറങ്ങിയത്. ലൈസൻസ് ലഭിക്കണമെങ്കിൽ പഞ്ചായത്ത് ഭരണം കമ്പനിയുടേതാകണം. അതിനുവേണ്ടി കിറ്റെക്‌സിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടത്തിയ പ്രവർത്തനങ്ങളാണ് തെരഞ്ഞെടുപ്പ് വിജയം വരെയെത്തിയത്.

ട്വന്റി20 കിഴക്കമ്പലം എന്നത് കിറ്റെക്‌സിന്റെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഗ്രൂപ്പാണ്. ഈ ഗ്രൂപ്പ് തന്നെയാണ് തെരഞ്ഞെടുപ്പിനും രംഗത്തിറങ്ങിയത്.