തിരുവനന്തപുരം: മാറിമാറി മുന്നണികൾ ഭരിക്കുന്നതാണ് കേരളാ നിയമസഭയുടെ ചരിത്രം. ഇതിനിടെയിൽ എട്ട് മുതൽ പത്ത് ശതമാനം വരെ വോട്ട് നേടുന്ന ബിജെപിയും. മുന്നണി രാഷ്ട്രീയമായിരുന്നു എന്നും കേരളത്തിലെ ഭരണ സാരഥികളെ നിശ്ചയിച്ചിരുന്നത്. ഇത് ഇത്തവണയും മാറില്ലെന്നാണ് യുഡിഎഫും എൽഡിഎഫും വിശ്വസിക്കുന്നത്. പതിവ് പോലെ ഭരണമാറ്റം ഇടതുപക്ഷവും പ്രതീക്ഷിക്കുന്നു. എന്നാൽ വികസന അജണ്ടയിൽ ഭരണതുടർച്ച ഉറപ്പാക്കാനാണ് യുഡിഎഫിന്റേയും കോൺഗ്രസിന്റേയും നീക്കം. അക്കൗണ്ട് തുറന്ന് മൂന്നാം ചേരിക്ക് ശക്തിപകരാൻ ബിജെപിയും. ഇതിന് രാഷ്ട്രീയം ചർച്ചയാക്കാൻ തന്നെയാണ് മൂന്ന് കൂട്ടരുടേയും തീരുമാനം.

സോളാറും ബാറും ലാവ്‌ലിനുമാകും പ്രചരണത്തിലെ താരങ്ങൾ. ഇതിനൊപ്പം സ്ഥാനാർത്ഥിയുടെ മികവും ചർച്ചകളിലെത്തും. വികസന മുദ്രാവാക്യമുയർത്തിയാകും കോൺഗ്രസിന്റെ പ്രചരണം. അഴിമതിയും മറ്റ് ആരോപണങ്ങളും പരമാവധി ഒഴിവാക്കാൻ ശ്രമിക്കും. പാവപ്പെട്ടവർക്ക് നൽകിയ ആനുകൂല്യങ്ങളും ചർച്ചയാക്കും. ഇടതുപക്ഷത്തിന് ബാറും സോളാറുമാകും വിഷയങ്ങൾ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സോളാറിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരുമെന്ന് പോലും സിപിഐ(എം) പ്രതീക്ഷിക്കുന്നു. ബാർ കോഴയിൽ വരാനിരിക്കുന്ന കോടതി നിരീക്ഷണങ്ങളും നിർണ്ണായകമാകും. അങ്ങനെ വീറും വാശിയും നിറയ്ക്കാൻ ആവനാഴിയിൽ എല്ലാ അമ്പുകളും നിറച്ചാണ് പ്രചരണത്തിന് പാർട്ടികളും മുന്നണികളും തയ്യാറെടുക്കുന്നത്.

ഏപ്രിൽ മധ്യത്തോടെ കേരളത്തിൽ തെരഞ്ഞെടുപ്പ് എന്ന വിലയിരുത്തലാണ് പൊതുവേ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ സീറ്റ് വിഭജന ചർച്ചകൾ പോലും വേഗത്തിലാക്കാൻ മുന്നണി നേതൃത്വങ്ങൾ ശ്രമിച്ചിരുന്നു. അതിനിടെയാണ് മെയ്‌ 16 എന്ന തീയതിയെത്തുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ ആലോചനകൾക്ക് സമയം കിട്ടും. അതുകൊണ്ട് തന്നെ മുന്നണിക്കുള്ളിലെ ചർച്ചകൾക്ക് വേഗം കുറയാൻ സാധ്യതയുണ്ട്. കരുതലോടെയുള്ള ചർച്ചകൾക്ക് സ്ഥാനാർത്ഥി നിർണ്ണയത്തിലും പാർട്ടികൾക്ക് അവസരമുണ്ടാകും. വളരെ നേരത്തെ പ്രചരണത്തിൽ സജീവമാകുന്നത് ചെലവും കൂട്ടും. ഇതെല്ലാം പരിഗണിച്ച് ഏപ്രിൽ 15ഓടെ പ്രചരണത്തിൽ സജീവമാകുന്ന സാഹചര്യം ഒരുക്കാനാകും പാർട്ടികളും മുന്നണികളും ശ്രമിക്കുക. മെയ്‌ 16ന് വോട്ടെടുപ്പ് കഴിഞ്ഞാൽ മൂന്നാം ദിനം ഫലവും വരും. അതുകൊണ്ട് തന്നെ മുൻ തവണത്തെ പോലെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കുകയും ചെയ്യാം

ആരായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നതിന് ആർക്കും ഉത്തരം നൽകാൻ ഇപ്പോഴും ഇടതിനും വലതിനും കഴിയുന്നില്ല. അതിന് വോട്ടെണ്ണൽ തീയതിയും കഴിഞ്ഞ് കാത്തിരിക്കേണ്ടി വരും. ഇടതു പക്ഷത്ത് വി എസ് അച്യൂതാനന്ദനും പിണറായി വിജയനും മത്സരിക്കാനാണ് സാധ്യത. ഇതു തന്നെയാണ് പ്രചാരക നേതൃത്വത്തെ സിപിഎമ്മിന് നിശ്ചയിക്കാൻ കഴിയാത്തതിന് കാരണം. മുഖ്യമന്ത്രി ചർച്ചയിൽ കുടുങ്ങി സാധ്യത നഷ്ടമാക്കാതെ ഫല പ്രഖ്യാപനത്തിന് ശേഷം നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനാണ് തീരുമാനം. വിഎസും പിണറായിയും ഒരുമിച്ചെത്തുമെന്നത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ സിപിഐ(എം) ഏറെ പ്രതീക്ഷകൾ മുന്നോട്ട് വയ്ക്കാൻ കാരണം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ചരിത്ര വിജയമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.

കോൺഗ്രസിനെ നിയക്കുന്നത് മൂന്ന് നേതാക്കളാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഒപ്പം കെപിസിസി പ്രസിഡന്റെ വി എം സുധീരനും മത്സരത്തിനെത്തും. അങ്ങനെ വന്നാൽ ഭൂരിപക്ഷ കിട്ടി മുൻതൂക്കം നേടിയാൽ ഈ മൂവരിൽ ആരും മുഖ്യമന്ത്രിയാകും. നിയമസഭയിലേക്ക് ജയിച്ചെത്തുന്നവരുടെ ഗ്രൂപ്പ് സമവാക്യം തന്നെയാണ് ഇതിന് കാരണം. എന്നാൽ മുൻതൂക്കം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് തന്നെയാകും. ഭരണ തുടർച്ചയ്ക്ക് കാരണമായത് ഉമ്മൻ ചാണ്ടിയുടെ മികവാണെന്നതാണ് ഇതിലേക്ക് കാര്യങ്ങളെത്തിക്കുക. എന്നാൽ മുഖ്യമന്ത്രി പദം മാത്രം ലക്ഷ്യമിട്ടാണ് രമേശ് ചെന്നിത്തലയും പോരിനിറങ്ങുന്നത്. ജയിച്ചാൽ സുധീരനും ക്രെഡിറ്റ് എടുക്കാനെത്തും. എതായാലും ഫല പ്രഖ്യാപനത്തിന് ശേഷം മാത്രമേ നിയമസഭയിലെ നേതാവിനെ കോൺഗ്രസും തെരഞ്ഞെടുക്കൂ.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്രയധികം ആത്മവിശ്വാസം ബിജെപിയും മുമ്പ് പ്രകടിപ്പിച്ചിട്ടില്ല. ഏതായായും അക്കൗണ്ട് തുറക്കുമെന്ന് അവർ തറപ്പിച്ച് പറയുന്നു. നേമത്ത് രാജഗോപാൽ വിജയിച്ചതു പോലെയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. കോർ കമ്മറ്റി അംഗങ്ങൾ മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം ജയസാധ്യത കാണുന്നു. വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസിന്റെ കൂട്ടും ബിജെപിക്ക് ഇത്തവണയുണ്ട്. കേരളാ കോൺഗ്രസ് പിസി തോമസിന്റെ സാന്നിധ്യവും ബിജെപി പ്രതീക്ഷയോടെയാണ് കാണുന്നത്. അങ്ങനെ രണ്ടും കൽപ്പിച്ചൊരു പോരിനാണ് ബിജെപി എത്തുന്നത്. തദ്ദേശത്തിലെ വോട്ടുകളുടെ എണ്ണമെടുത്ത് വോട്ട് ശതമാനം 18 എങ്കിലുമാക്കുമെന്ന് ബിജെപി തറപ്പിച്ചു പറയുന്നു.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഏറെ മുന്നോട്ട് പോയത് മുസ്ലിം ലീഗ് മാത്രമാണ്. സിറ്റിങ് സീറ്റിലെത്താം അവർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ യുഡിഎഫിലെ മറ്റ് കക്ഷികളുമായി ബന്ധപ്പെട്ട് സീറ്റ് വിഭജനം പോലും പൂർത്തിയായിട്ടില്ല. ഇനിയും 73 ദിവസമുള്ളതിനാൽ എല്ലാത്തിനും സമയം കിട്ടുമെന്നതാണ് കോൺഗ്രസിന്റെ പ്രതീക്ഷ. പതിനഞ്ച് ദിവസത്തിനുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കും. അതുകൊണ്ട് തന്നെ സമയമെടുത്ത് എല്ലാം പൂർത്തിയാക്കും. അതിന് ശേഷം കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയും. മാർച്ച് മാസ അവസാനം വരെ ഈ നടപടികൾ നീണ്ടു പോകാനും സാധ്യതയുണ്ട്.

ഇടതുപക്ഷത്തേക്ക് പുതിയ പാർട്ടിയെത്തിയത് കഴിഞ്ഞ ദിസവം മാത്രമാണ്. സീറ്റ് വിഭജനത്തിൽ സർവ്വത്ര ആശയക്കുഴപ്പവുമുണ്ട്. അതുകൊണ്ട് തന്നെ വോട്ടെടുപ്പ് തീയതി നീണ്ടത് സിപിഎമ്മിനും ആശ്വാസമാണ്. ഫ്രാൻസിസ് ജോർജിനും കൂട്ടർക്കും സീറ്റ് കണ്ടെത്തുന്നതിന് പോലും സമയം കിട്ടും. എങ്കിലും എത്രയും പെട്ടെന്ന് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി പ്രചരണത്തിൽ സജീവമാകാനാണ് സിപിഐ(എം) തീരുമാനം.