- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചർച്ച തുടങ്ങിയിടത്തു തന്നെ നിൽക്കുന്ന നിരാശയിൽ യുഡിഎഫ് വൃത്തങ്ങൾ; സിറ്റിങ് എംഎൽഎമാരുടെ കാര്യത്തിൽ അനിശ്ചിതത്വം മാറാതെ ഇടത് വിഭാഗം; വെള്ളാപ്പള്ളിയുമായി ധാരണ എത്താനാവാതെ ബിജെപി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും പ്രചരണം തുടങ്ങാനാവാതെ മൂന്ന് മുന്നണികളും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും രണ്ടു മാസമുണ്ട്. എന്നാൽ വർഷം ഒന്നുണ്ടെങ്കിലും യുഡിഎഫിലെ സീറ്റ് ചർച്ച പരിഹരിക്കാൻ ആവാത്ത അവസ്ഥയിലും. കോൺഗ്രസ് ഹൈക്കമാണ്ടിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയുള്ള പ്രശ്‌ന പരിഹാരം യുഡിഫിലെ കക്ഷികൾ ആഗ്രഹിക്കുന്നു. അത് നടന്നില്ലെങ്കിൽ എല്ലാം അവതാളത്തിലാകും. ഇടതുപക്ഷത്തും ഉണ്ട് പ്രശ്‌നങ്ങൾ. രണ്ട് ടേം കാലാവധി പ്രശ്‌നത്തിൽ സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നൽകേണ്ടതുണ്ടോ എന്നതാണ് ചോദ്യം. രണ്ട് ടേം നയത്തിന്റെ പേരിൽ വിജയസാധ്യതയുള്ളവരെ മാറ്റി നിർത്തിയാൽ തിരിച്ചടിയുണ്ടാകുമോ എന്നതാണ് ഭയം. മൂന്നാം മുന്നണിയായി മാറാൻ ശ്രമിക്കുന്ന ബിജെപിക്ക് വെള്ളാപ്പള്ളിയുടെ ബിഡിജെഎസുമായി സീറ്റ് വിഭജനം പൂർത്തിയാക്കാനും കഴിയുന്നില്ല. കോഴിക്കോട്ടെ തിരുവമ്പാടി സീറ്റിനെച്ചൊല്ലി മുസ്‌ളിംലീഗും കോൺഗ്രസും ഇടയുന്നതിനിടെ, മലയോര വികസന സമിതിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനുള്ള നീക്കം സിപിഎമ്മും ആരംഭിച്ചു. സിപിഐ ആകട്ടെ രണ്ടു തവണ മത്സരിച്ചവർക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന മുൻ തീരുമാനത്തിൽ അയവ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും രണ്ടു മാസമുണ്ട്. എന്നാൽ വർഷം ഒന്നുണ്ടെങ്കിലും യുഡിഎഫിലെ സീറ്റ് ചർച്ച പരിഹരിക്കാൻ ആവാത്ത അവസ്ഥയിലും. കോൺഗ്രസ് ഹൈക്കമാണ്ടിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയുള്ള പ്രശ്‌ന പരിഹാരം യുഡിഫിലെ കക്ഷികൾ ആഗ്രഹിക്കുന്നു. അത് നടന്നില്ലെങ്കിൽ എല്ലാം അവതാളത്തിലാകും. ഇടതുപക്ഷത്തും ഉണ്ട് പ്രശ്‌നങ്ങൾ. രണ്ട് ടേം കാലാവധി പ്രശ്‌നത്തിൽ സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നൽകേണ്ടതുണ്ടോ എന്നതാണ് ചോദ്യം. രണ്ട് ടേം നയത്തിന്റെ പേരിൽ വിജയസാധ്യതയുള്ളവരെ മാറ്റി നിർത്തിയാൽ തിരിച്ചടിയുണ്ടാകുമോ എന്നതാണ് ഭയം. മൂന്നാം മുന്നണിയായി മാറാൻ ശ്രമിക്കുന്ന ബിജെപിക്ക് വെള്ളാപ്പള്ളിയുടെ ബിഡിജെഎസുമായി സീറ്റ് വിഭജനം പൂർത്തിയാക്കാനും കഴിയുന്നില്ല.
കോഴിക്കോട്ടെ തിരുവമ്പാടി സീറ്റിനെച്ചൊല്ലി മുസ്‌ളിംലീഗും കോൺഗ്രസും ഇടയുന്നതിനിടെ, മലയോര വികസന സമിതിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനുള്ള നീക്കം സിപിഎമ്മും ആരംഭിച്ചു. സിപിഐ ആകട്ടെ രണ്ടു തവണ മത്സരിച്ചവർക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന മുൻ തീരുമാനത്തിൽ അയവ് വരുത്തി. എന്നാൽ സീറ്റ് മോഹികൾ പ്രശ്‌നമുണ്ടാക്കും സാധ്യതയുണ്ട്. പിണറായി വിജയനും വി എസ് അച്യുതാനന്ദനും ഒന്നിച്ചു മത്സരിച്ചാൽ എന്താകും സംഭവിക്കുകയെന്ന കാര്യത്തിൽ സിപിഎമ്മിലും ആശയക്കുഴപ്പമുണ്ട്. വെള്ളാപ്പള്ളി നടേശന്റെ അവകാശ വാദങ്ങളാണ് ബിജെപിയെ വെട്ടിലാക്കിയത്.
ഏതായാലും പത്ത് ദിവസത്തനകം സ്ഥാനാർത്ഥികളിൽ വ്യക്തത വരുത്താനാണ് മൂന്ന് കൂട്ടരുടേയും ശ്രമം. എന്നാൽ കോൺഗ്രസിൽ കാര്യങ്ങൾ അത്ര പന്തിയിലുമല്ല. എ കെ ആന്റണിയുെട ഇടപെടലിലൂടെ എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ.
ലീഗ് മുതൽ ജേക്കബ് ഗ്രൂപ്പിന് വരെ പ്രതിഷേധം
യുഡിഎഫിലെ കക്ഷികളെല്ലാം കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുകയാണ്. ആർഎസ്‌പിയെ എങ്ങനെ അനുനയിപ്പിക്കണമെന്ന് പോലും അറിയില്ല. സീറ്റ് വിഭജനമാണ് കേരളാ കോൺഗ്രസിനെ പിളർത്തി ഫ്രാൻസിസ് ജോർജ് വിഭാഗത്തെ സൃഷ്ടിച്ചത്. ഇപ്പോൾ കേരളാ കോൺഗ്രസ് ജേക്കബിലും കലാപം. സീറ്റ് പിടിച്ചെടുക്കാനുള്ള കോൺഗ്രസ് തന്ത്രമാണ് ഇതിന് കാരണം. അതിനിടെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിനെ അനുനയിപ്പിക്കാൻ രണ്ടു സീറ്റ് നൽകാൻ ആലോചനയുണ്ട്. യു.ഡി.എഫിൽ നിന്ന് ഇനി ഒരാൾ പോലും പുറത്ത് പോകാൻ പാടില്ലെന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്. അത് നടക്കുമെന്നതിൽ ഒരു ഉറപ്പുമില്ല.
പിറവത്തിന് പുറമേ മറ്റൊരു സീറ്റ് കൂടി നൽകാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. ഇതിന്റെയടിസ്ഥാനത്തിൽ ഭാവി പരിപാടികൾ ആലോചിക്കുന്നതിന് ജേക്കബ് ഗ്രൂപ്പിന്റെ ഉന്നതാധികാര സമിതിയോഗം തിങ്കളാഴ്ച കോട്ടയത്ത് ചേരും. മന്ത്രി അനൂപ് ജേക്കബിന്റെ മണ്ഡലമായ പിറവം, പാർട്ടി ചെയർമാൻ ജോണി നെല്ലൂർ കഴിഞ്ഞ തവണ മത്സരിച്ച അങ്കമാലി എന്നീ സീറ്റുകൾ നിർബന്ധമായും വേണമെന്ന നിലപാടാണ് ജേക്കബ് ഗ്രൂപ്പ് ഉഭയകക്ഷി ചർച്ചയിൽ സ്വീകരിച്ചത്. പിറവം നൽകാമെന്നും അങ്കമാലി നൽകാൻ കഴിയില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെയാണ് ജേക്കബ് ഗ്രൂപ്പ് കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയത്. അങ്കമാലി തരാൻ കഴിയില്ലെങ്കിൽ മൂവാറ്റുപുഴ വേണമെന്ന ജേക്കബ് ഗ്രൂപ്പിന്റെ ആവശ്യവും കോൺഗ്രസ് നിരാകരിച്ചതോടെ ബന്ധം കുടുതൽ വഷളായി.
പിറവത്തിന് പുറമേ ജോണി നെല്ലൂരിനും കൂടി ഒരു സീറ്റ് നൽകാനുള്ള ശ്രമമാണ് നടത്തുന്നത്. ഇടുക്കി ജില്ലയിലോ മലബാർ മേഖലയിലെ ഏതെങ്കിലും കുടിയേറ്റ മേഖലയിലോ സീറ്റ് നൽകും. കഴിഞ്ഞ അഞ്ചു വർഷവും യു.ഡി.എഫിന് വേണ്ടി ഏറ്റവും കൂടുതൽ ശബ്ദം ഉയർത്തിയ ഘടക കക്ഷി നേതാവാണു ജോണി നെല്ലൂർ. അതിനാൽ ജോണി നെല്ലൂരിന് എവിടെയെങ്കിലും സീറ്റ് നൽകണമെന്ന പൊതു വികാരം യു.ഡി.എഫ്. നേതൃത്വത്തിനുണ്ട്. അങ്കമാലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണെങ്കിൽ മണ്ഡലം തിരികെപ്പിടിക്കാൻ കഴിയുമെന്ന വിശ്വാസമാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്.
തിരുവമ്പാടിയിൽ തട്ടി മലബാറിലെ യുഡിഎഫ്
ഇതിനിടെ കോഴിക്കോട്ടെ തിരുവമ്പാടി സീറ്റിനെച്ചൊല്ലി മുസ്‌ളിംലീഗും കോൺഗ്രസും ഇടയുകയാണ്. ഇത് മനസ്സിലാക്കി മലയോര വികസന സമിതിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനുള്ള നീക്കം സിപിഎമ്മും ആരംഭിച്ചു. കാൺഗ്രസ് നേതൃത്വം ഇന്നലെ ആർ.എസ്‌പിയുമായി ചർച്ച നടത്തിയെങ്കിലും ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല. മൂന്ന് സിറ്റിങ് സീറ്റടക്കം കൊല്ലം ജില്ലയിൽ നാല് സീറ്റും തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഓരോ സീറ്റുമടക്കം എട്ട് സീറ്റാണ് ആർ.എസ്‌പിയുടെ ആവശ്യം.
തിരുവമ്പാടി സീറ്റ് കോൺഗ്രസിന് തിരികെ നൽകാമെന്ന് മുസ്‌ളിംലീഗ് 2011ൽ രേഖാമൂലം നൽകിയ ഉറപ്പ് പാലിക്കാത്തതാണ് അവിടെ പ്രശ്‌നം വഷളാക്കിയത്. ഈ സീറ്റ് ലീഗിൽ നിന്ന് തിരിച്ചെടുക്കണമെന്ന സഭയുടെ ആവശ്യം നിറവേറാതെ വന്നതോടെയാണ് താമരശേരി രൂപതയുടെ പിന്തുണയുള്ള മലയോര വികസന സമിതിയുമായി സഖ്യമുണ്ടാക്കി കലക്ക വെള്ളത്തിൽ മീൻപിടിക്കാൻ സിപിഐ(എം) തയ്യാറെടുക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ സഭയുടെ പിന്തുണയുള്ള ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാർത്ഥി ജോയ്‌സ് ജോർജിന് ഇടതു മുന്നണി പിന്തുണ നൽകുകയും ജോയ്‌സ് ജോർജ് വിജയിക്കുകയും ചെയ്തിരുന്നു.
മലബാറിലെ കേരളാ കോൺഗ്രസിന്റെ സീറ്റ് ഏറ്റെടുക്കാനും കോൺഗ്രസ് ശ്രമിക്കുന്നു. ഘടകകക്ഷികളുടെ വളർച്ച തടയിടാനാണിതെന്നാണ് ആക്ഷേപം. ആർഎസ്‌പിയും ജെഡിയുവും കേരളാ കോൺഗ്രസും യുഡിഎഫിൽ ഉയർത്തുന്ന പ്രധാന പരാതി ഇതാണ്. ഘടകകക്ഷികളെ ഇല്ലായ്മ ചെയ്യുന്നത് മുന്നണി സംവിധാനത്തിന് യോജിച്ചതല്ലെന്നാണ് ഇവരുടെ നിലപാട്. എന്നാൽ ജയസാധ്യതയെന്ന വാദമുയർത്തി സീറ്റുകളെല്ലാം കോൺഗ്രസ് പിടിച്ചെടുക്കുകയാണ്. കൈയിലുള്ളത് പകരം നൽകുന്നുമില്ല.
കലാപത്തിന് കോൺഗ്രസിലെ യുവത്വവും
അതിനിടെ കോൺഗ്രസ് സമർപ്പിച്ച പ്രാഥമിക സ്ഥാനാർത്ഥിപ്പട്ടികയ്‌ക്കെതിരെ യുവനിരയുടെ വ്യാപകമായ പ്രതിഷേധം. ഒട്ടേറെത്തവണയായി മത്സരിക്കുന്ന, വിജയസാധ്യത തീരെയില്ലാത്തവരെ പട്ടികയിൽ പെടുത്തുകയും യുവനിരയെ പാടേ തഴയുകയും ചെയ്യുന്ന സമീപനമാണ് നിലവിലുള്ള നേതൃത്വം കൈക്കൊണ്ടതെന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്കും വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്കും സമർപ്പിച്ച നിവേദനങ്ങളിൽ ഇവർ പറയുന്നു.
ഈ സ്ഥാനാർത്ഥിപ്പട്ടികയുമായി ജനവിധി തേടിയാൽ ശക്തമായ തിരിച്ചടിയായിരിക്കും ഉണ്ടാവുക എന്നും മുന്നറിയിപ്പു നൽകി. അടുത്ത കാലത്തുണ്ടായ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യതയ്ക്ക് വളരെ മങ്ങലേറ്റിരിക്കുകയാണെന്ന് ഇവർ ഹൈക്കമാൻഡിനെ ധരിപ്പിച്ചു. തികഞ്ഞ അലംഭാവത്തോടെ പഴയ മുഖങ്ങളെ വീണ്ടും അണിനിരത്തി യുവതലമുറയെ പാടേ അവഗണിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ പാർട്ടിക്കും യുഡിഎഫിനും ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിക്ക് സാക്ഷ്യം വഹിക്കേണ്ടി വരും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു 100 സീറ്റ് ലഭിക്കാവുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ പങ്കു വച്ചതു കാരണം മുപ്പതോളം സീറ്റുകളിൽ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. രാഹുൽ ഗാന്ധി ശക്തമായി ഇടപെട്ടതു കാരണമാണ് 12 യുവജനങ്ങൾക്ക് 2011-ൽ സീറ്റ് ലഭിച്ചത്. അതിൽ എട്ടെണ്ണം വിജയിച്ചു. അതിൽ ഏഴു സീറ്റും ഇടതുപക്ഷ മുന്നണിയിൽ നിന്ന് തിരിച്ചു പിടിക്കുകയാണ് ചെയ്തത്. എന്നാൽ തോറ്റ നാലെണ്ണം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്താനാണ് സംസ്ഥാന നേതൃത്വം ശ്രമിച്ചത-നിവേദകർ പറയുന്നു.
തങ്ങളുടെ ഇരുപതുകളിലും മുപ്പതുകളിലും തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച നേതൃത്വമാണ് ഇന്ന് തലപ്പത്തിരിക്കുന്നത്. 62 വയസ്സുള്ള ആർ. ശങ്കറിനോട് വയോധികനായതിനാൽ മാറി നിൽക്കാൻ ഇവർ ആവശ്യപ്പെട്ടതാണ്. ശങ്കർ അത് അനുസരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഏഴും എട്ടും തവണ മത്സരിച്ചവർ വീണ്ടും സ്ഥാനാർത്ഥികളാകാൻ മുന്നോട്ടുവന്നിരിക്കുകയാണ്. തങ്ങൾ മത്സരത്തിനില്ല എന്നു പറഞ്ഞ ആര്യാടന്റെയും സി.എൻ. ബാലകൃഷ്ണന്റെയും പേരുകൾ പോലും പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. കോൺഗ്രസിൽ യുവനിരയെ വളർത്തിക്കൊണ്ടുവരാൻ നിലവിലുള്ള നേതൃത്വം ശ്രമിക്കുന്നില്ല എന്ന് നിവേദനത്തിൽ പറയുന്നു.
രണ്ട് തവണ മത്സരിച്ചവർക്ക് പച്ചക്കൊടി
പരമാവധി സീറ്റുകൾ ജയിക്കാനാണ് സിപിഐ തീരുമാനം. അതുകൊണ്ട് തന്നെയാണ് പുതിയ തീരുമാനം. രണ്ടു തവണ മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന നിബന്ധന നടപ്പാക്കിയത് കാരണം കഴിഞ്ഞ തവണ പല സീറ്റുകളും കൈവിട്ടു പോയെന്ന് വിമർശനമുണ്ടായ സാഹചര്യത്തിലാണ് സിപിഐ ഇളവ് പ്രഖ്യാപിച്ചത്. സമർത്ഥരായ പല പാർലമെന്റേറിയന്മാർക്കും മത്സരിക്കാനാവാത്ത അവസ്ഥ വന്നു ചേരുമെന്നതും തീരുമാനം പുനഃപരിശോധിക്കാൻ കാരണമായി. ഇ.എസ്. ബിജിമോൾ, വി എസ്. സുനിൽകുമാർ, പി. തിലോത്തമൻ, മുല്ലക്കര രത്‌നാകരൻ തുടങ്ങിയവർക്ക് വീണ്ടും മത്സരിക്കാൻ ഇത് വഴി തുറന്നിരിക്കുകയാണ്.
സിപിഎമ്മിൽ വിഎസിനേയും പിണറായിയേയും ചൊല്ലിയാണ് പ്രശ്‌നം. രണ്ട് പേരും മത്സരിക്കും. എന്നാൽ ആരാകും പ്രചരണത്തെ നയിക്കുകയെന്ന സമസ്യയ്ക്ക് ഉത്തരമില്ല. കൂട്ടായ നേതൃത്വം എന്ന വാദമുയർത്തി പ്രശ്‌നത്തെ നേരിടും. ഈ മാസം അവസാനം സ്ഥാനാർത്ഥികളെ ഇടതുപക്ഷം പ്രഖ്യാപിച്ചേക്കും. ചില ഘടകകക്ഷികൾ വിട്ടുപോയ സാഹചര്യത്തിൽ കൂടുതൽ സീറ്റുകളുണ്ട്. എന്നാൽ ഫ്രാൻസിസ് ജോർജിനെ ഉൾപ്പെടുത്തുകയും വേണം. പൂഞ്ഞാറുൾപ്പെടെയുള്ള സീറ്റുകളിലെ നിലപാടും തീരുമാനിക്കണം. ബാലകൃഷ്ണ പിള്ളയേയും പിസി ജോർജിനേയും എങ്ങനെ അനുനയിപ്പിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.
്‌ക്രൈസ്തവ സഭയുമായി ധാരണയുണ്ടാക്കുമ്പോൾ എൻസിപി പോലുള്ള ഘടകക്ഷികൾ എതിർപ്പുമായുണ്ട്. പാലാ സീറ്റ് സഭയ്ക്ക് കൊടുക്കുന്നതിനെ എൻസിപി എതിർക്കുന്നു. ജെഡിഎസിലെ പിളർപ്പും സീറ്റ് ചർച്ചകളിൽ വിഷയമാകും.
വെള്ളാപ്പള്ളിയുമായുള്ള ചർച്ചയിൽ ബിജെപിയിലും പ്രതിസന്ധി
ജെഎസ്എസ് രാജൻ ബാബു വിഭാഗം ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വരും ദിവസങ്ങളിൽ ഇടതു വലതു മുന്നണികളിൽ നിന്ന് കൂടുതൽ കക്ഷികൾ എൻഡിഎയിലേക്ക് വരുമെന്ന് കുമ്മനം രാജശേഖരൻ പ്രവർത്തകരോട് പറഞ്ഞു. ബിഡിജെഎസുമായുള്ള സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം വരുന്ന 15ന് കോഴിക്കോട്ട് നടക്കുമെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കി. അതിനു മുമ്പ് മറ്റു പാർട്ടികളുമായുള്ള ചർച്ച പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവർക്കെല്ലാം എങ്ങനെ സീറ്റ് നൽകുമെന്നതാണ് പ്രശ്‌നം. ബിജെപിയുടെ കണ്ണായ സീറ്റുകളാണ് ബിഡിജെഎസ് ലക്ഷ്യമിടുന്നത്. ഇങ്ങനെ പ്രധാന സീറ്റുകൾ ബിഡിജെഎസിന് നൽകുന്നതിൽ ബിജെപിയിൽ കടുത്ത എതിർപ്പുമുണ്ട്.