തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാനചിത്രം തെളിഞ്ഞു. 140 മണ്ഡലങ്ങളിലായി ആകെ 1,203 സ്ഥാനാർത്ഥികൾ മൽസരിക്കും. ഇവരിൽ 109 പേർ വനിതകളാണ്. 1647 പത്രികകളാണ് ആകെ ലഭിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ 145. കുറവ് വയനാടും 29. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 971 സ്ഥാനാർത്ഥികളാണ് മൽസരരംഗത്ത് ഉണ്ടായിരുന്നത്. ഏറ്റവുമധികം സ്ഥാനാർത്ഥികൾ മൽസരിക്കുന്ന മണ്ഡലം പൂഞ്ഞാറാണ്. എൽഡിഎഫിനും യുഡിഎഫിനും വെല്ലുവിളിയായി വിമതരും അപരന്മാരും മത്സരരംഗത്തുണ്ട്. ഒൻപത് മണ്ഡലങ്ങളിൽ യുഡിഎഫിന് വിമതഭീഷണിയുണ്ട്. സിറ്റിങ് സീറ്റുകളായ ചെങ്ങന്നൂർ, അഴീക്കോട്, കണ്ണൂർ, പേരാവൂർ, ഇരിക്കൂർ എന്നിവിടങ്ങളിലാണ് യുഡിഎഫ് പ്രധാനമായും വിമതശല്യം നേരിടുന്നത്. ഇവയിൽ അഴീക്കോട് ഒഴികെയുള്ളവ കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്.

മലപ്പുറം ജില്ലയിലെ തവനൂർ മണ്ഡലത്തിൽ ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന ഡോ. കെ.ടി. ജലീലിനെതിരേ നാല് അപരന്മാരാണ് രംഗത്തുള്ളത്. രണ്ട് അപരന്മാരുടെ പേര് കെ.ടി. ജലീൽ എന്നുതന്നെ. കെ.ടി. ജലീൽ കാഞ്ഞിരത്തൊടിക (സ്വതന്ത്രൻ ബക്കറ്റ്), കെ.ടി. ജലീൽ കുന്നത്തൊടി(സ്വതന്ത്രൻടോർച്ച്) എന്നിവരാണ് അതേപേരുമായി രംഗത്തുള്ളത്. പി.കെ. ജലീൽ (എസ്.ഡി.പി.ഐ. ടെലിവിഷൻ), കെ.എ. ജലീൽ (സ്വതന്ത്രൻ അലമാര) എന്നിവരാണു മറ്റുരണ്ടുപേർ. ഇടതുമുന്നണിയുടെ കെ.ടി. ജലീലിന്റെ ചിഹ്നം ഓട്ടോറിക്ഷയാണ്. തവനൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഇഫ്തിക്കറുദ്ദീന്റെ അപരനായി പി.പി. ഇഫ്തിക്കറുദ്ദീനും(ചിഹ്നം: എ.സി.) മൽസരിക്കുന്നുണ്ട്.

പൊന്നാനിയിലെ ഇടതു സ്ഥാനാർത്ഥി പി. ശ്രീരാമകൃഷ്ണന് അപരശല്യമായി മൂന്നുപേരാണു രംഗത്ത്. ശ്രീരാമകൃഷ്ണൻ(സ്വതന്ത്രൻ ഇരുതലവാൾ), കൊയിലൻ രാമകൃഷ്ണൻ (സ്വതന്ത്രൻ ബാറ്റ്), പി. രാമകൃഷ്ണൻ (സ്വതന്ത്രൻ ഹോക്കി സ്റ്റിക്കും ബോളും) എന്നിവർ. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പി.ടി. അജയ് മോഹനുമുണ്ട് അപരപാരഅജയ് മോഹൻ (ചിഹ്‌നം ചെരിപ്പ്)കൊണ്ടാട്ടിയിൽ ഇടതുസ്ഥാനാർത്ഥി കെ.പി ബീരാൻ കുട്ടിയുടെ അപരനായി കെ.പി. വീരാൻകുട്ടി (സ്വതന്ത്രൻ ബലൂൺ) മൽസരിക്കുന്നു.

ഏറനാട് മണ്ഡലത്തിൽ ഇടതു സ്വതന്ത്രൻ കെ.ടി. അബ്ദുറഹ്മാന്റെ അപരനായി മറ്റൊരു കെ.ടി. അബ്ദുറഹ്മാൻ (സ്വതന്ത്രൻ ഓട്ടോറിക്ഷ) രംഗത്തുണ്ട്. മങ്കടയിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി ടി.എ. അഹമ്മദ് കബീറിന് അപരന്മാരായി അഹമദ് കബീർ എം. (സ്വതന്ത്രൻ ബാറ്റ്), എം.കെ. അഹമ്മദുൽ കബീർ (സ്വതന്ത്രൻ സിറിഞ്ച്) എന്നിങ്ങനെ രണ്ടുപേരുണ്ട്. തിരൂരങ്ങാടി മണ്ഡലത്തിൽ ഇടതു സ്വതന്ത്രൻ നിയാസ് പുളിക്കലകത്തിന് ഭീഷണിയായി അപരന്മാരായ നിയാസ് താഴത്തേതിൽ (സ്വതന്ത്രൻ ഡിഷ് ആന്റിന), നിയാസ് പാറോളി (സ്വതന്ത്രൻ കണ്ണട) എന്നിവരും മത്സരിക്കുന്നുണ്ട്.

രണ്ടു മുന്നണിക്കും വേണ്ടി അബ്ദുറഹ്മാന്മാർ മൽസരിക്കുന്ന താനൂരിൽ അബ്ദുറഹിമാൻ പുത്തന്മാളിയേക്കൽ (സ്വതന്ത്രൻ ബെഞ്ച്), അബ്ദുറഹിമാൻ വരിക്കോട്ടിൽ (സ്വതന്ത്രൻ ഐസ്‌ക്രീം), അബ്ദുറഹിമാൻ വായങ്ങാട്ടിൽ എന്നിവർ അപരന്മാരാണ്. തിരൂരിൽ ഇടതുസ്ഥാനാർത്ഥി പി. ഗഫൂറിന് ഭീഷണിയായി ഇ.കെ. ഗഫൂർ അപരനായപ്പോൾ സിറ്റിങ് എംഎ‍ൽഎയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ സി. മമ്മൂട്ടിക്ക് മൂന്ന് അപരന്മാരുടെ ശല്യമാണ്. മമ്മൂട്ടി കെ, മമ്മൂട്ടി എൻ.കെ, മമ്മൂട്ടി എം. എന്നിവർ. കോട്ടയ്ക്കലിൽ ലീഗ് സ്ഥാനാർത്ഥി ആബിദ് ഹുസൈൻ തങ്ങൾക്ക് അപരനായി സൈനുൽ ആബിദ് തങ്ങളും (ചിഹ്‌നം ടൈ), ഇടതുസ്ഥാനാർത്ഥി എൻ.എ. മുഹമ്മദ്കുട്ടിക്ക് അപരന്മാരായി സി.മുഹമ്മദ്കുട്ടിയും (കാരംബോർഡ്). മുഹമ്മദ്കുട്ടി (സ്വതന്ത്രൻ റിങ്)യും മത്സരിക്കുന്നു.

എലത്തൂർ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പി. കിഷൻ ചന്ദിന് മാത്രമാണ് അപരന്മാർ ഇല്ലാത്തത്. സൗത്ത് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയും മന്ത്രിയുമായ ഡോ: എം.കെ മുനീറിന് രണ്ടു അപരന്മാരുണ്ട്. മുനീറും അബ്ദുൾ മുനീറും. നോർത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. പ്രദീപ് കുമാറിന് ഇ. പ്രദീപ് കുമാർ അപരനായുണ്ട്. ബേപ്പൂരിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ.സി. മമ്മദ് കോയക്ക് വി.കെ. മമ്മദ് കോയ അപരനായുണ്ട്. ആർ.എംപി. സ്ഥാനാർത്ഥി കെ.കെ. രമക്ക് വടകരയിൽ രണ്ട് അപരകളാണുള്ളത്. ടി.പി രമയും കെ.കെ രമയും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഇരുവരും പത്രിക സമർപ്പിച്ചത്. ഇവർ രണ്ടുപേരും സിപിഐ(എം) അനുഭാവികളുമാണ്.

കണ്ണൂർ ജില്ലയിൽ യു.ഡി. എഫിനാണ് അപരന്മാരുടെ ഉപദ്രവം കൂടുതൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിസ്സാര വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലങ്ങളിലാണ് അപരന്മാരുടെ രംഗപ്രവേശം കാര്യമായി ഉണ്ടായിരിക്കുന്നത്. അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. ഷാജിക്ക് രണ്ട് അപരന്മാരുണ്ട്. രണ്ട് പേരും കെ. എം. ഷാജി എന്നും തന്നെ. അഴീക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി നികേഷ് കുമാറിന്റെ പേരിനോട് സാദൃശ്യമുള്ള രണ്ടുപേരും പത്രിക നൽകിയിട്ടുണ്ട്. പി.നിധീഷും പി.നികേതും. ഇരുമുന്നണികൾക്ക് കൂത്തുപറമ്പിലുമുണ്ട് അപരന്മാർ. യു.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി കെ.പി. മോഹനന് അതേപേരിൽതന്നെയുണ്ട് രണ്ട് അപരന്മാർ. ഇടതു സ്ഥാനാർത്ഥി കെ.കെ ശൈലജയ്ക്ക് കെ.പി. ശൈലജയും ശൈലജയും ഭീഷണി ഉയർത്തുന്നു.

ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി മമ്പറം ദിവാകരനുമുണ്ട് രണ്ട് അപരന്മാർ. എം. ദിവാകരനും ദിവാകരനും. കണ്ണൂർ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി സതീശൻ പാച്ചേനിക്ക് അപരന്മാരായി ഇ.വി. സതീശനും പി.സതീശനും പത്രിക നൽകി. ഇവിടെ മത്സരിക്കുന്ന എൽ.ഡി.എഫ്. സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് താഴെ പുരയിൽ രാമചന്ദ്രനും പോത്തേര വളപ്പിൽ രാമചന്ദ്രനുമാണ് അപരന്മാർ. പേരാവൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിനെതിരെ കെ. സണ്ണി ജോസഫും സണ്ണി ജോസഫും സ്വതന്ത്രന്മാരായി പത്രിക നൽകിയിട്ടുണ്ട്. മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിനോയ് കുര്യന് ബിജോയ് എന്ന അപരനാണുള്ളത്. തലശേരിയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി എ.പി.അബ്ദുള്ളക്കുട്ടിക്ക് അപരനായി മറ്റൊരു അബ്ദുള്ളക്കുട്ടി രംഗത്തുണ്ട്.

അതേസമയം, കുന്നംകുളം മണ്ഡലത്തിലെ എൽഡിഎഫ്, യുഡിഎഫ് അപരന്മാർ പത്രികകൾ പിൻവലിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി സി.പി. ജോണിനെതിരെ ജോൺ എന്നയാളും എൽഡിഎഫ് സ്ഥാനാർത്ഥി എ.സി. മൊയ്തീനെതിരെ സി.പി. മൊയ്തീനുമാണ് പത്രിക നൽകിയിരുന്നത്. കഴിഞ്ഞതവണ കുന്നംകുളത്ത് അപരൻ എണ്ണൂറിലേറെ വോട്ട് പിടിച്ചതിനെ തുടർന്നാണ് സി.പി. ജോൺ 427 വോട്ടിനു തോറ്റത്. പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ജഗദീഷിന്റെ അപരൻ പത്രിക പിൻവലിച്ചു. തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി രാജുവിനും യുഡിഎഫിലെ വി എസ്. ശിവകുമാറിനും അപരന്മാർ വെല്ലുവിളി ഉയർത്തുന്നു. അരുവിക്കരയിൽ യുഡിഎഫിലെ കെ എസ് ശബരിനാഥിനും എൽഡിഎഫിലെ എ.എ. റഷീദിനും അപരരുണ്ട്. നെടുമങ്ങാട് എൽഡിഎഫിന്റെ സി ദിവാകരന് ഇതേപേരിൽ അപരനുണ്ട്. എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം. അനിൽകുമാറിന് രണ്ട് അപരന്മാരുണ്ട്. കായംകുളത്ത് ധാരണയുടെ അടിസ്ഥാനത്തിൽ അപരനെ പിൻവലിക്കാനുള്ള നീക്കം പൊളിഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി പ്രതിഭ ഹരിയുടെ അപരയെ പിൻവലിച്ചെങ്കിലും യുഡിഎഫിന്റെ എം. ലിജുവിന്റെ അപരൻ പിൻവലിച്ചില്ല.

യുഡിഎഫിന് ഭീഷണി വിമതർ തന്നെ

കോൺഗ്രസിന് ഏഴും മാണി ഗ്രൂപ്പിന് മൂന്നും സീറ്റിലും ലീഗിന് ഒരു സീറ്റിലുമാണ് വിമത ഭീഷണിയുള്ളത്. ചെങ്ങന്നൂരിൽ കോൺഗ്രസിലെ സിറ്റിങ് എംഎ‍ൽഎ പി.സി.വിഷ്ണുനാഥിനെതിരെ മത്സരിക്കുന്ന മുൻ എംഎ‍ൽഎ ശോഭനാ ജോർജാണ് വിമതരിൽ ഏറ്റവും പ്രമുഖ . കണ്ണൂർ ജില്ലയിലെ അഴീക്കോട്ട് ലീഗിലെ സിറ്റിങ് എംഎ‍ൽഎ കെ.എം.ഷാജിക്കെതിരെ മത്സരിക്കുന്ന പി.കെ. രാഗേഷാണ് മറ്റൊരു പ്രമുഖ കോൺഗ്രസ് വിമതൻ . കണ്ണൂർ, പേരാവൂർ, ഇരിക്കൂർ , ഏറ്റുമാനൂർ, കൊച്ചി, കുട്ടനാട്, ചങ്ങനാശ്ശേരി, പാല, ദേവികുളം എന്നിവിടങ്ങളിലും യു.ഡി.എഫ് വിമതർ രംഗത്തുണ്ട്.

മൂന്ന് തവണ ചെങ്ങന്നൂർ എംഎ‍ൽഎയായിരുന്ന ശോഭനാ ജോർജിനെ പിന്തിരിപ്പിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ തവണയും വിമതയായി പത്രിക നൽകിയെങ്കിലും നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് പിന്മാറിയിരുന്നു. അന്ന് തനിക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ശോഭന മത്‌സരത്തിൽ ഉറച്ചു നിൽക്കുന്നത്. മോതിരം തിരഞ്ഞെടുപ്പ് ചിഹ്നമായി കിട്ടിയതോടെ ഇന്നലെ വൈകിട്ട് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ചെങ്ങന്നൂരിൽ റോഡ് ഷോ നടത്തി പ്രചാരണ രംഗത്ത് കൂടുതൽ സജീവമായ ശോഭനയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നു.

കണ്ണൂരിൽ സതീശൻ പാച്ചേനിക്കെതിരെ മത്സരിക്കുന്നത് മുസ്ലിം ലീഗിൽ നിന്നു പുറത്താക്കിയ എൻ.പി. സത്താറാണ്. ഇരിക്കൂറിൽ എട്ടാം തവണ മത്സരിക്കുന്ന മന്ത്രി കെ.സി. ജോസഫിനെതിരെ സേവ് കോൺഗ്രസിന്റെ ബാനറിൽ ബിനോയ് തോമസ് മത്സരിക്കുന്നു. പേരാവൂരിൽ സിറ്റിങ് എംഎ‍ൽഎ കോൺഗ്രസ്സിന്റെ സണ്ണി ജോസഫിനെതിരെ കർഷക സംരക്ഷണ സമിതിയുടെ പേരിൽ മത്സരിക്കുന്ന കെ.ജെ. ജോസഫ് കർഷക കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കൊട്ടിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. കൊച്ചിയിൽ ചെല്ലാനം പഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ കെ.ജെ.ലീനസാണ് കോൺഗ്രസിലെ സിറ്റിങ് എംഎ‍ൽഎ ഡൊമനിക്ക് പ്രസന്റേഷനെതിരെ രംഗത്തുള്ളത്.

ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി തോമസ് ചാഴികാടനെതിരെ മാണി ഗ്രൂപ്പിന്റെ കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോസ് മോൻ മുണ്ടയ്ക്കന്റെ പത്രിക പിൻവലിപ്പിക്കാൻ പാർട്ടി ചെയർമാൻ കെ.എം. മാണി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.കുട്ടനാട്ടിൽ കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി ജേക്കബ് എബ്രഹാമിന് എതിരെ മാണി ഗ്രൂപ്പ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി മുൻ അംഗം ജോസ് കോയിപ്പള്ളി നൽകിയ പത്രികയും പിൻവലിച്ചിട്ടില്ല. ചങ്ങനാശേരിയിൽ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥി സി.എഫ്. തോമസിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് കെ. സുരേഷ് വിമതനായി രംഗത്തുണ്ട്. പാലായിൽ കെ.എം. മാണിക്കെതിരെ ഡി.സി.സി അംഗമായിരുന്ന മത്സരിക്കുന്ന സാബുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. ദേവികുളത്ത് കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽ.എയുമായ എ.കെ.മണിക്കെതിരെ ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ഡി.സി.സി അംഗവുമായ സി.കെ.ഗോവിന്ദനാണ് വിമത വേഷത്തിൽ.