തിരുവനന്തപുരം: വികസനത്തിൽ ആരംഭിച്ചു സോമാലിയ വിവാദംവരെ എത്തിനിൽക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു പരസ്യപ്രചാരണം നാളെ അവസാനിക്കും.

പ്രചാരണത്തിന്റെ കൊട്ടിക്കലാശം അവിസ്മരണീയമാക്കാൻ ഒരുങ്ങുകയാണ് എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും. തെരുവീഥികൾക്കു പുറമേ സാമൂഹിക മാദ്ധ്യമങ്ങളും പ്രധാന പ്രചാരണ ചുമരുകളായി മാറിയ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. ദേശീയ നേതാക്കളുടെ സാന്നിധ്യവും ശ്രദ്ധേയമായി. എൽ.ഡി.എഫ് യു.ഡി.എഫ് പോരിനു പകരം അങ്കത്തട്ടിൽ എൻ.ഡി.എയും ഇത്തവണ നിറഞ്ഞുനിന്നു. തിങ്കളാഴ്ചയാണു വോട്ടെടുപ്പ്. വ്യാഴാഴ്ച വോട്ടെണ്ണും. ഉച്ചയോടുകൂടി കേരള ഭരണ സാരഥികളെ തിരിച്ചറിയാം. 140 മണ്ഡലങ്ങളിലായി 21,498 പോളിങ് ബൂത്തുകളും 64 വോട്ടെണ്ണൽ കേന്ദ്രങ്ങളുമാണുള്ളത്

പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച സൊമാലിയ വിവാദം ആയുധമായി ലഭിച്ചതിന്റെ സന്തോഷത്തിലാണ് യു.ഡി.എഫ്. എന്നാൽ അഴിമതി ആരോപണങ്ങൾ ഭരണത്തിലെത്തിക്കുമെന്ന് ഇടതുപക്ഷം കരുതുന്നു. എട്ട് സീറ്റിൽ ജയിക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ. ആദ്യ തെരഞ്ഞെടുപ്പിനെത്തിയ വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസും തികഞ്ഞ പ്രതീക്ഷയിലാണ്. ഏതായാലും അവസാന നാളുകളിൽ സൊമാലിയ ആയിരുന്നു താരം. ഇതേത്തുടർന്ന് അട്ടപ്പാടിയിലെത്തിയാൽ സൊമാലിയക്കാരെ കാണാമെന്നു വയനാട്ടിലെ എൻ.ഡി.എ. സ്ഥാനാർത്ഥിയും ആദിവാസി നേതാവുമായ സി.കെ. ജാനു പരസ്യപ്രസ്താവനയുമായി രംഗത്ത് വന്നത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി. പ്രസിഡന്റ് വി എം.സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഗുജറാത്തും കേരളവും തമ്മിലുള്ള താരതമ്യപഠനം നടത്തിയാണു സൊമാലിയ പ്രസംഗത്തെ നേരിട്ടത്. മോദിയെ തള്ളിപ്പറഞ്ഞ് സിപിഐ(എം). ജനറൽ സെക്രട്ടറിസീതാറാം യെച്ചൂരിവരെ രംഗത്തെത്തി. ഇതിനിടെ കേരളത്തിൽ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിൽ സിപിഐ(എം). എന്തിനാണു ഭരണമാറ്റം ആവശ്യപ്പെടുന്നതെന്നു ബിജെപി. നേതാക്കൾ തിരിച്ചടിച്ചപ്പോഴാണു സിപിഐ(എം). അപകടം തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെ സൊമാലിയ പരാമർശം കോൺഗ്രസിനുള്ള വോട്ടായി മാറുമെന്ന് യുഡിഎഫ് കരുതുന്നു.