തിരുവനന്തപുരം: വോട്ടെണ്ണൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കണ്ണൂരും തൃശൂരും കൊല്ലവും പാലക്കാടും ആലപ്പുഴയും ഉറപ്പിച്ച് സിപിഐ(എം) നേതൃത്വത്തിലുള്ള ഇടതു മുന്നണി അധികാരത്തിലെത്തുമെന്ന് സൂചന. യുഡിഎഫ് കോട്ടയായ തൃശൂർ തകർന്നതിനൊപ്പം തിരുവനന്തപുരത്തും മുന്നേറാനായില്ല. കോട്ടയം കാക്കാനായത് മാത്രമാണ് പ്രതീക്ഷ. മലപ്പുറത്തും പ്രതീക്ഷിച്ച മുന്നേറ്റമില്ല.

ബിജെപിയുടെ ഒ രാജാഗോപാൽ ആദ്യം മുതൽ തന്നെ ലീഡ് ചെയ്യുന്നുണ്ട്. പാലക്കാട് ശോഭാ സുരേന്ദ്രൻ ആദ്യം മുന്നിലെത്തി. കാസർഗോഡും മഞ്ചേശ്വരത്തും ലീഡ് മാറി മറിയുകയാണ്. ഇവിടെയെല്ലാം ബിജെപിക്ക് ജയിക്കാൻ സാധ്യതയുണ്ട്. എങ്കിലും നേമത്ത് മാത്രമാണ് നല്ല സാധ്യത. തിരുവനന്തപുരത്ത് വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ശക്തമായ ത്രികോണ മത്സരമുണ്ട്.

തൃശൂരിൽ 13 സീറ്റുകളിലും ഇടതിനാണ് മുൻതൂക്കം. കൊല്ലത്തും ഇടതു പക്ഷം തൂത്തുവാരുകയാണ്. പത്തിൽ 9 ഇടത്തും വ്യക്തമായ മുൻതൂക്കമുണ്ട്. കോഴിക്കോട് ഒപ്പത്തിനൊപ്പമാണ് മത്സരം. ആറ് സീറ്റുകൾ വീതം മുന്നിട്ട് നിൽക്കുന്നു. തിരുവനന്തപുരത്ത് ലീഡ് മാറി മറിയുകയാണ്. പക്ഷേ മുൻതൂക്കം ഇടതിന് തന്നെയാണ്. തിരുവനന്തപുരം പിടിക്കുന്നവർക്ക് നിയമസഭയിൽ ഭൂരിപക്ഷം എന്ന പതിവാണുള്ളത്. ഈ ചരിത്രവും ഇടതുപക്ഷത്തിന് അനുകൂലമാണ്. ആലപ്പുഴയിൽ ഒൻപതിൽ എട്ടിലും ഇടത് മുന്നേറ്റമാണഅ. അങ്ങനെ വലിയ ഭൂരിപക്ഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.

കോട്ടയത്ത് മാത്രമാണ് യുഡിഎഫ് മുന്നേറ്റം. അപ്പോഴും പൂഞ്ഞാറിൽ സ്വതന്ത്രനായ പിസി ജോർജ് മുന്നിലെത്തി. വ്യക്തമായ ലീഡ് പിസി ജോർജ് നേടിയിട്ടുണ്ട്.