ത്തർപ്രദേശിൽ അധികാരം പിടിക്കുകയെന്ന ബിജെപിയുടെ സ്വപ്‌നം ഇക്കുറി പൂവണിയുമോ? വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ തൂക്കുനിയമസഭയാകും ഉണ്ടാവുകയെന്ന് ഇന്ത്യടുഡേ-ആക്‌സിസ് അഭിപ്രായ സർവേ സൂചിപ്പിക്കുന്നു. നിലവിലെ ഭരണകക്ഷിയായ സമാജ് വാദി പാർട്ടി മൂന്നാമതെത്തുമ്പോൾ, പഴയ തട്ടകത്തിൽ കോൺഗ്രസ് രണ്ടക്കം തികയ്ക്കില്ല.

403 അംഗ ഉത്തർപ്രദേശ് നിയമസഭയിൽ ഭരണം പിടിക്കുന്നതിന് 202 എംഎൽഎമാരാണ് വേണ്ടത്. ബിജെപിക്ക് 170 മുതൽ 183 സീറ്റ് വരെ ലഭിക്കുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുമ്പോൾ, മായാവതിയുടെ ബിഎസ്‌പി രണ്ടാമതെത്തും. 115 മുതൽ 124 സീറ്റുവരെ അവർക്ക് ലഭിക്കും.

മുലായത്തിന്റെയും മകൻ അഖിലേഷ് യാദവിന്റെയും സമാജ് വാദിക്ക് 94 മുതൽ 103 സീറ്റ് വരെയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, പ്രിയങ്ക ഗാന്ധി സംസ്ഥാനമാകെ ഓടിനടന്നാലും കോൺഗ്രസ് ഇക്കുറിയും പച്ച തൊടില്ല. എൺപതുകളിൽ യു.പി.ഭരിച്ച കോൺഗ്രസ്സിന് എട്ട് മുതൽ 12 വരെ സീറ്റുകളാണ് സർവേയിൽ പ്രവചിച്ചിരിക്കുന്നത്.

നാലുവട്ടം യു.പി.യെ നയിച്ച മായാവതി മുഖ്യമന്ത്രിയായി തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതൽ. 31 ശതമാനം മായാവതിയുടെ തിരിച്ചുവരവ് സ്വപ്‌നം കാണുമ്പോൾ 27 ശതമാനം നിലവിലെ മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടരണമെന്ന് ആഗ്രഹിക്കുന്നു. പഴയ മുഖ്യൻ മുലായം സിങ്ങിനെ മുഖ്യമന്ത്രിക്കസേരയിൽ കാണുന്നവർ ഒരുശതമാനം മാത്രമാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവും മുൻ യു.പി.മുഖ്യമന്ത്രിയുമായ രാജ്‌നാഥ് സിങ്ങിനെ 18 ശതമാനം പേരും യോഗി ആദിത്യനാഥിനെ 14 ശതമാനം പേരും മുഖ്യമന്ത്രിയായി കാണുന്നു. കോൺഗ്രസ്സിനാകട്ടെ ഷീല ദീക്ഷിതും പ്രിയങ്ക ഗാന്ധിയുമാണ് മുഖ്യമന്ത്രി സാധ്യതയുള്ളവർ. 27 വർഷം ഭരിച്ച കോൺഗ്രസ്സിന് ഇക്കുറി ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥി പോലുമുണ്ടെന്ന് ജനം വിശ്വസിക്കുന്നില്ല. രണ്ടുശതമാനം പേർ പ്രിയങ്കയെ മുഖ്യമന്ത്രിയായി കാണുന്നു.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റുകളിൽ 71-ഉം വിജയിച്ച ബിജെപി യുപിയിൽ ഭരണം സ്വപ്‌നം കാണുന്നുണ്ട്. കോൺഗ്രസ്സിന് ഉത്തർപ്രദേശിൽ ജയിപ്പിക്കാനായത് രണ്ടുപേരെ മാത്രം. സോണിയ ഗാന്ധിയെയും മകൻ രാഹുൽ ഗാന്ധിയെയും മാത്രം.