നിയാഴ്ച ലണ്ടൻ ബ്രിഡ്ജിലും സെൻട്രൽ ലണ്ടനിലെ ബറോ ഹൈസ്ട്രീറ്റിലും ഭീകരർ ആക്രമണം നടത്തി ഏഴ് പേരെ വധിക്കുകയും 48 പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ജൂൺ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുമോയെന്ന അഭ്യൂഹം ശക്തമായിരുന്നു. അത് മാറ്റി വയ്ക്കണമെന്ന ആവശ്യവും നിരവധി പേർ ഉന്നയിച്ചിരുന്നു. എന്നാൽ ആക്രമണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് സ്ഥിരീകരിച്ച് സർക്കാർ അവസാനം രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ ലണ്ടനിലെയും മാഞ്ചസ്റ്ററിലെയും ഭീകരാക്രമണം ഈ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും...?ഗുണമേകുന്നത് കോർബിനോ അതോ മെയ്‌‌ക്കോ...? തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട്.

ശനിയാഴ്ച നടന്ന ആക്രമണം കോൺസർവേറ്റീവുകൾക്കാണ് ഗുണമേകുകയെന്ന അനുമാനങ്ങൾ അതിനിടെ പുറത്ത് വന്നിട്ടുണ്ട്. അതായത് ഇത്തരം ആക്രമണങ്ങൾ പെരുകുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് ബ്രെക്‌സിറ്റ്, അല്ലെങ്കിൽ ചെലവ് ചുരുക്കൽ നയങ്ങളേക്കാൾ മുൻഗണന നൽകേണ്ടതെന്നും അതിനാൽ ടോറികൾക്ക് വോട്ട് ചെയ്ത് രാജ്യ സുരക്ഷ ഉറപ്പിക്കുകയാണ് വേണ്ടതെന്ന നിലപാട് നിരവധി വോട്ടർമാർ പുലർത്തുന്നുണ്ടെന്നും സൂചനയുണ്ട്. അതായത് ടോറികൾക്കാണ് ലേബറിനേക്കാൾ രാജ്യ സുരക്ഷ കാര്യക്ഷമമായി നിർവഹിക്കാനാവുകയെന്ന വിശ്വാസമാണ് ഭൂരിഭാഗം വോട്ടർമാരും പുലർത്തുന്നതെന്നും റിപ്പോർട്ടുണ്ട്.

ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തിന് ശേഷം നിരവധി വോട്ടർമാരുടെ മനോഭാവത്തിൽ ഇത്തരത്തിൽ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാലും മാറിയ സാഹചര്യത്തിലും ലേബർ തങ്ങളുടെ വിജയ പ്രതീക്ഷ കൈവിടുന്നുമില്ല. ഏറ്റവും അടുത്ത് നടന്ന പോളുകളിൽ ടോറികളും ലേബറും തമ്മിലുള്ള നേടുന്ന വോട്ടിങ് ശതമാനത്തിലുള്ള വ്യത്യാസം വെറും ഒരു ശതമാനമായിത്തീർന്നിരുന്നതിനാൽ ലേബർ വിജയിക്കാനുള്ള സാധ്യതയായിരുന്നു ശക്തമായിരുന്നത്. എന്നാൽ ലണ്ടൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തെരേസ മെയ്‌ക്ക് വിജയ സാധ്യതയേറുമെന്ന സൂചന ശക്തമാകുന്നുണ്ട്.

മാഞ്ചസ്റ്ററിലും ലണ്ടൻ ബ്രിഡ്ജിലും നടന്ന ഭീകരാക്രമണങ്ങളുടെ പേരിൽ ജൂൺ എട്ടിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ടതില്ലെന്നായിരുന്നു രാഷ്ട്രീയ വൃത്തങ്ങളിൽ ഉയർന്ന് വന്ന പൊതുതവായ അഭിപ്രായം.ആക്രമണങ്ങളെ തുടർന്ന് വോട്ടെടുപ്പ് മാറ്റി വയ്ക്കുകയാണെങ്കിൽ അത് രാജ്യത്തിന്റെ അഭിമാനം തീവ്രവാദത്തിന് അടിയറ വയ്ക്കുന്നതിന് തുല്യമായിരിക്കുമെന്നാണ് നിരവധി പേർ മുന്നറിയിപ്പേകുന്നത്. തെരഞ്ഞടുപ്പ് മാറ്റി വയ്ക്കുകയാണെങ്കിൽ ഇത്തരം ആക്രമണങ്ങളിലൂടെ യുകെയെ സമ്മർദ്ദത്തിലാക്കാനും ഇവിടുത്തെ ജനാധിപത്യത്തെ ഭീകരർക്ക് വഴിതിരിച്ച് വിടാൻ സാധിക്കുമെന്നും ലോകത്തിന് മുന്നിൽ തെറ്റായ സന്ദേശമുയരാൻ ഇടയാക്കുമെന്നും യുകെയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കന്മാർ മുന്നറിയിപ്പേകിയിരുന്നു.

ഇതിന് പുറമെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയെന്നത് ഏറെ നിയമപരമായി ഏറെ വെല്ലുവിളി നിറഞ്ഞ പ്രവർത്തിയാണെന്നും ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തെ തുടർന്ന് ഒരു ദിവസത്തെ ഇലക്ഷൻ കാംപയിൻ നിർത്തി വയ്ക്കാൻ യുകിപ് ഒഴിച്ചുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും തീരുമാനിച്ചിരുന്നു. ഇന്നലെ നിർത്തി വച്ച് പ്രചാരണം ഇന്ന് പുനരാരംഭിക്കുന്നതാണ്. തെരഞ്ഞെടുപ്പ് സാധാരണ പോലെ നടക്കുമെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്ന് സർക്കാർ വ്യക്തമാക്കുകയും അതിനെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഏക കണ്ഠമായി പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.

ടോറികളുടെ ശക്തമല്ലാത്ത പ്രചാരണത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ മാഞ്ചസ്റ്റർ ആക്രമണവും ലണ്ടൻ ബ്രിഡ്ജ് ആക്രമണവും വഴിയൊരുക്കിയിരിക്കുന്നുവെന്നും അത് ടോറികൾക്ക് ഗുണം ചെയ്യുമെന്നും അഭിപ്രായപ്പെടുന്നവരേറെയുണ്ട്. രാജ്യ സുരക്ഷക്ക് താൻ വർധിച്ച പ്രാധാന്യമേകുന്നുവെന്നും അതിനാലാണ് ശക്തമായ കുടിയേറ്റ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും തെരേസേ തന്റെ പ്രചാരണത്തിൽ ആവർത്തിക്കുന്നുണ്ട്. ഭീകരാക്രമണങ്ങൾ തുടർച്ചയായുണ്ടാകുന്ന സാഹര്യത്തിൽ ടോറികളാണ് രാജ്യസുരക്ഷക്ക് ലേബറിനേക്കാൾ ഗുണം ചെയ്യുകയെന്ന ബോധം വോട്ടർമാർക്കിടയിൽ വർധിച്ചിരിക്കുന്നുവെന്നും അത് ടോറികൾക്ക് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നുമുള്ള സൂചന ശക്തമായിരിക്കുകയാണ്.