തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഇത്തവണ ആർക്കൊപ്പം എന്ന് ജനവിധി അറിയാൻ കാത്തിരിക്കുകയാണ്. എല്ലാ മുന്നണികളും ഇത്തവണ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുകയാണ്. തലസ്ഥാന നഗരിയിൽ പാർട്ടിയുടെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തുറന്ന് കാട്ടിയാണ് സിപിഎം പ്രചരണ രംഗത്തുള്ളതെങ്കിൽ താര പ്രഭയിലാണ്. സുരേഷ് ഗോപി, കൃഷ്ണകുമാർ തുടങ്ങി താരങ്ങൾ എല്ലാം തന്നെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരകരായി രംഗത്തുണ്ട്.

യുവമോർച്ച മുൻ സംസ്ഥാന അദ്ധ്യക്ഷനും ബിജെപി ജില്ലാ പ്രസിഡന്റുമായ വി.വി. രാജേഷ് നേരിട്ട് മത്സരത്തിനിറങ്ങിയാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത്.തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി സിനിമാനടൻ കൃഷ്ണകുമാറും രംഗത്തിറങ്ങിയിരിക്കുകയാണ്.

തിരുവനന്തപുരത്ത് ബിജെപി പരിപാടികളിൽ വലിയ ഓളം സൃഷ്ടിക്കാൻ കൃഷ്ണകുമാറിന് സാധിക്കുന്നുണ്ട്. പ്രവർത്തകരെ ആവേശത്തിലാക്കുന്ന പ്രസംഗമാണ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സിനിമാ താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും തലസ്ഥാനത്തെ ബിജെപിയുടെ തിരഞ്ഞെടുപ്പ് കൺവൻഷനുകളിൽ സ്ഥിരം സാന്നിദ്ധ്യമാണ്.

നമ്മൾ ജയിക്കും നമ്മൾ ഭരിക്കും'നമ്മൾ ജയിക്കും, നമ്മൾ ഭരിക്കും' എന്ന തലക്കെട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രങ്ങൾ കൃഷ്ണകുമാർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ ബിജെപി അനുകൂല പ്രസ്താവനകൾ നടത്തി പുലിവാല് പിടിച്ച താരമാണ് കൃഷ്ണകുമാർ. താരത്തിന്റെ മകളും സൈബർ കെണിയിൽ പലതവണ ചെന്നുചാടിയിട്ടുണ്ട്.

അടുത്തിടെയാണ് കൃഷ്ണകുമാർ തന്റെ ബിജെപി അനുഭാവം വെളിപ്പെടുത്തിയത്. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.ഇത്തവണ തിരുവനന്തപുരത്ത് അതി ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. നേരത്തേ തന്നെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി പ്രചാരണ പരിപാടികൾ തുടങ്ങിയ സിപിഎമ്മും എൽ.ഡി.എഫും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഭരണത്തുടർച്ചയല്ലാതെ മറ്റൊരു കാര്യം എൽ.ഡി.എഫിന് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ തൊട്ടുപിറകിൽ തന്നെ ബിജെപി ഉണ്ട്.