കുവൈറ്റ് സിറ്റി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ സാൽമിയ മേഖലയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആഹ്വാനം ചെയ്തു. കുവൈറ്റിലെ ഇടതുപക്ഷ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ നടന്ന രണ്ടാമത് കൺവെൻഷൻ ആയിരുന്നു സാൽമിയ മേഖലയിലേത്. നിലവിലെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകളിൽ ശക്തമായ പ്രതിഷേധം കൺവെൻഷൻ രേഖപ്പെടുത്തി.

എന്നും പ്രവാസികൾക്ക് അനുകൂലമായ നിലപാടുകൾ എടുത്തിട്ടുള്ളത് ഇടതുപക്ഷ സർക്കാരുകളാണെന്നും ഈ വരുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പുറത്തിറക്കിയിരിക്കുന്ന പ്രകടനപത്രികയിലെ 19 ഓളം ഇന പരിപാടികൾ പ്രവാസി ക്ഷേമം മുൻനിറുത്തിയാണെന്നുള്ളതും പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതായി കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി കൺവീനർ എൻ. അജിത്ത് കുമാർ പറഞ്ഞു. എല്ലാമേഖലയിലും കേരളത്തിലെ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. അഴിമതി എല്ലാ മേഖലയിലും പിടിമുറുക്കിയിരിക്കുന്നു, പൊതുമേഖല, വിദ്യാഭ്യാസം, പൊതുവിതരണ രംഗം എല്ലാം താറുമാറായിരിക്കുന്നു. വർദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങൾ, അക്രമങ്ങൾ എന്നിവ ക്രമസമാധാന നില തകർന്നതിന്റെ ഉദാഹരണങ്ങളാണ്. മറുവശത്ത് വർഗീയ ഫാസിസ്റ്റ് ശക്തികൾ ജാതിയുടേയും മതത്തിന്റേയും പേരിൽ ജനങ്ങളെ വിഭജിച്ച് അധികാരത്തിലെത്തിപ്പെടാനുള്ള ശ്രമങ്ങൾ നടത്തുന്നു. ഇത്തരം ഫാസിസ്റ്റ് ശക്തികൾ അധികാരത്തിലെത്തുന്നത് തടയുന്നതിനും, അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിനിൽക്കുന്ന യു.ഡി.എഫിനെ അധികാരത്തിൽ നിന്നും മാറ്റി നിറുത്തുന്നതിനുമായി ഈ സാഹചര്യത്തിൽ പ്രവാസി കുടുംബങ്ങളിലെ ഓരോ വോട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്കായി ചെയ്യിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഓരൊരുത്തരും നടത്തണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു.

സാൽമിയ പൾസ് എയ്റോബിക് സെന്ററിൽ സജി ജനാർദ്ദനന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷന് കല കുവൈറ്റ് ജനറൽ സെക്രട്ടറി നൗഷാദ് സ്വാഗതം ആശംസിച്ചു. നാഗനാഥൻ, സുനിൽ പി. ആന്റണി, അനിൽ, ഷെരീഫ് താമരശേരി എന്നിവർ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിച്ചു. കൺവെൻഷന് പി.വി. മുസ്തഫ നന്ദി പ്രകാശിപ്പിച്ചു.