തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. ബൈക്ക് റാലിയും ഓട്ടോജാഥയും വാഹന പ്രചരണവുമായി ഇടതു-വലതു-എൻഡിഎ മുന്നണിയുടെ പ്രവർത്തകർ ഇന്ന് തെരുവിലറങ്ങും. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ നടക്കുന്ന കൊട്ടിക്കലാശം ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിക്കും. ഇതോടെ നാളത്തെ നിശബ്ദ പ്രചരണവും തിങ്കളാഴ്‌ച്ച വോട്ടെടുപ്പും കൂടിയാകുമ്പോൾ തെരഞ്ഞെടുപ്പ് ഉത്സവത്തിന്റെ സമാപനമായി മാറും.

ഒപ്പത്തിനൊപ്പം മുന്നണികൾ പൊരുതുന്ന കാഴ്‌ച്ചയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ദൃശ്യമായത്. ഇത്തവണ അക്കൗണ്ട് തുറന്നേ മതിയാകൂ എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ മുന്നേറ്റം. എന്നാൽ അനുവദിക്കില്ലെന്ന നിലപാടിൽ മറ്റ് പാർട്ടികളും രംഗത്തെത്തി. മദ്യനയത്തിൽ തുടങ്ങി, അഴിമതിയും അക്രമരാഷ്ട്രീയവും വർഗീയതയും ബിജെപി ബാന്ധവവും ജിഷാ വധവും ഒടുവിൽ പ്രധാനമന്ത്രിയുടെ സൊമാലിയ പ്രയോഗവും ഉൾപ്പെടെ വിഷയങ്ങൾ മാറിമറിഞ്ഞിരുന്നു പ്രചരണ വേദിയിൽ.

രണ്ട് മാസത്തോളമാണ് കേരളത്തിൽ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണം നടന്നത്. ഭരണത്തുടർച്ചയ്ക്കായി ഒരു വോട്ട് എന്ന ആത്മവിശ്വാസത്തോടെ യുഡിഎഫ് ജനങ്ങളെ സമീപിച്ചു. സർക്കാരിനെതിരെ ജനാഭിപ്രായം സ്വരൂപിക്കണമെന്ന കണക്കുകൂട്ടലിൽ ഇടതു മുന്നണിയും. ഇരുവരെയും കുഴപ്പിക്കുന്നതു കേന്ദ്രാധികാര സ്വാധീനത്തോടെ ബിജെപി-ബിഡിജെഎസ് കൂട്ടുകെട്ടിന്റെ സാന്നിധ്യം. അഭിപ്രായ സർവേകൾ എൽഡിഎഫ് ഭരണം പ്രവചിക്കുമ്പോഴും യുഡിഎഫ് ആത്മവിശ്വാസത്തിൽ തന്നെയാണ്.

കവലപ്രസംഗങ്ങളെക്കാൾ സമൂഹമാദ്ധ്യമങ്ങളിലൂടെ നേതാക്കൾ വാക്‌പോരിനു തുനിഞ്ഞ തിരഞ്ഞെടുപ്പ് എന്നതും പ്രത്യേകത. ഉമ്മൻ ചാണ്ടിയും വി എസ്.അച്യുതാനന്ദനും വി എം. സുധീരനും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും കുമ്മനം രാജശേഖരനുമെല്ലാം ഫെയ്‌സ് ബുക്കിൽ ദിവസേന പോർമുഖം തുറന്നു. ഈ സൈബർ പോരാട്ടം മാദ്ധ്യമങ്ങളും ഏറ്റെടുത്തു.

കഴിഞ്ഞ അഞ്ചുവർഷം ചെയ്ത വികസനത്തിനും അതിന്റെ തുടർച്ചയ്ക്കുമുള്ള വോട്ടാണ് യുഡിഎഫ് അഭ്യർത്ഥിക്കുന്നത്. സിപിഎമ്മിന്റെ അക്രമത്തിനും ബിജെപിയുടെ വർഗീയതയ്ക്കും എതിരായിക്കൂടിയാണ് അവരുടെ വോട്ട്‌തേടൽ. വികസനത്തിന്റെ പേരിൽ നാട്ടിയ അഴിമതിയുടെ കൊടി പിഴുതുമാറ്റാനും തുല്യനീതിക്കും വികസനത്തിനും വർഗീയതയ്ക്ക് എതിരെയും വോട്ട് തരാൻ എൽഡിഎഫ് അഭ്യർത്ഥിക്കുന്നു. ഇരുമുന്നണികളും മാറിമാറി ഭരിച്ച കേരളത്തെ കരകയറ്റാൻ വോട്ട് തേടി ബിജെപിയും.

2011ൽ നാല് സീറ്റിന്റെ വ്യത്യാസത്തിലാണ് യു.ഡി.എഫ് അധികാരമേറിയതെങ്കിൽ ഇക്കുറി പോരാട്ടത്തെ കുറെക്കൂടി കനപ്പിക്കാൻ മൂന്നാം ശക്തിയായി എൻ.ഡി.എ രംഗത്തുണ്ട്. കഴിഞ്ഞതവണ നേരിയ മാർജിനിൽ മുന്നണിസ്ഥാനാർത്ഥികളെ വിജയിപ്പിച്ച 24 മണ്ഡലങ്ങളിൽ മിക്കതിലും കടുത്ത മത്സരമാണ്. ഇവയിൽ ചിലതിൽ ബിജെപി ബി.ഡി.ജെ.എസ് സഖ്യം ശക്തമായ ത്രികോണമത്സരത്തിനും കളമൊരുക്കിയിരിക്കുന്നു. കഴക്കൂട്ടം, ഏറ്റുമാനൂർ, മണലൂർ എന്നിവ ഉദാഹരണം.

ആറായിരത്തിൽ താഴെ മാർജിനിൽ എംഎ‍ൽഎമാരെ വിജയിപ്പിച്ച 36ഉം പതിനായിരത്തിൽ താഴെ മാർജിനിൽ എംഎ‍ൽഎമാരെ തിരഞ്ഞെടുത്ത 68ഉം മണ്ഡലങ്ങളിലും ഇക്കുറി നല്ല മത്സരം നടക്കുന്നു. നല്ല നിലയിൽ മണ്ഡലം നോക്കിയ എംഎ‍ൽഎമാർ ഇവയിൽ ചില മണ്ഡലങ്ങളെ വരുതിയിലാക്കാൻ ശ്രമിച്ചെങ്കിലും രാഷ്ട്രീയം മുറുകിയപ്പോൾ അത്തരം സ്വീകാര്യതകളെ അപ്രസക്തമാക്കുന്ന പോരാട്ടമാണ് കാണുന്നത്. ഇരുമുന്നണികളിലെയും വമ്പന്മാർ മാറ്റുരയ്ക്കുന്ന മണ്ഡലങ്ങളിൽ പോലും അവസാനമെത്തിയപ്പോൾ കടുത്ത വെല്ലുവിളികളുയരുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നേരിയ മാർജിനിൽ സ്ഥാനാർത്ഥികൾ കടന്നുകൂടിയ മണ്ഡലങ്ങൾ ഇവയാണ്:

പാറശാല, കഴക്കൂട്ടം, വാമനപുരം, അടൂർ, കായംകുളം, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, പീരുമേട്, ദേവികുളം, പിറവം, പെരുമ്പാവൂർ, ചാലക്കുടി, മണലൂർ, കുന്നംകുളം, കോങ്ങാട്, തൃത്താല, പൊന്നാനി, തിരുവമ്പാടി, കുന്നമംഗലം, കോഴിക്കോട് സൗത്ത്, വടകര, പേരാവൂർ, കൂത്തുപറമ്പ്, അഴീക്കോട്. അഴീക്കോടും കൂത്തുപറമ്പും പാറശാലയും തൃത്താലയും മണലൂരും ഇക്കുറി തിരിച്ചുപിടിച്ചേ അടങ്ങൂ എന്ന വാശിയിൽ ഇടതുമുന്നണിയും വിട്ടുതരില്ലെന്ന വാശിയിൽ യു.ഡി.എഫും നിൽക്കുന്നു.

കഴക്കൂട്ടത്ത് തീക്ഷ്ണമായ ത്രികോണപ്പോരാണ്. പീരുമേട്ടിലും ദേവികുളത്തും പെമ്പിളൈ ഒരുമൈയുടെയും അണ്ണാ ഡി.എം.കെയുടെയും സാന്നിദ്ധ്യമാണ് പോരാട്ടം കടുപ്പിക്കുന്നതെങ്കിൽ വടകരയിൽ അത് ആർ.എംപി നേതാവും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമയുടെ സാന്നിദ്ധ്യമാണ്. തിരഞ്ഞെടുപ്പ് ഗോദയിലെ വീറുംവാശിയും പ്രതിഫലിപ്പിക്കുമാറാണ് രാഷ്ട്രീയവിവാദങ്ങളും ഇക്കുറി കത്തിക്കയറിയത്. മദ്യനയത്തിൽ തുടങ്ങി സോമാലിയയിലും ഏറ്റവുമൊടുവിൽ നഴ്‌സുമാരെ നാട്ടിലെത്തിച്ചതിന്റെ രക്ഷാകർത്തൃത്വത്തിലും വരെ എത്തിനിൽക്കുന്നു കാര്യങ്ങൾ.

പോളിങ് വൈകിട്ട് ആറു വരെ നീട്ടിയതിൽ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നു വൈകിട്ട് ആറു വരെ നീട്ടിയിട്ടുണ്ട്. മറ്റന്നാൾ രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്. 19നു പ്രഖ്യാപനം. ഇന്നത്തെ കലാശക്കൊട്ടിൽ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ കർശന സുരക്ഷയൊരുക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ പൊലീസിനോടു നിർദേശിച്ചു. പോളിങ് സുഗമമാക്കാൻ 3142 ബൂത്തുകളിൽ വെബ് കാസ്റ്റിങ്. ഏറ്റവും കൂടുതൽ കണ്ണൂരിലാണ്; 1054. ജില്ലാ ആസ്ഥാനങ്ങളിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തിലും വെബ് കാസ്റ്റിങ് നിരീക്ഷിക്കാൻ സൗകര്യമുണ്ട്.

കൊട്ടിക്കലാശത്തിനിടെ ചില മണ്ഡലങ്ങളിൽ അക്രമത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നു പൊലീസ് സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. റോഡ് ഷോയും പ്രകടനങ്ങളും സമാധാനപരമാണെന്ന് ഉറപ്പാക്കാൻ രാഷ്ട്രീയ കക്ഷികളുടെ സഹകരണം തെരഞ്ഞെടുപ്പ് കമ്മിഷൻ അഭ്യർത്ഥിച്ചു. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ കർശന മുൻകരുതൽ നടപടി കൈക്കൊള്ളാൻ പൊലീസിനു കമ്മിഷൻ നിർദ്ദേശം നൽകി. പരസ്യ പ്രചാരണ സമയപരിധിക്കുശേഷം ദൃശ്യമാദ്ധ്യമങ്ങളിൽ പ്രചാരണ സ്വഭാവമുള്ള പരിപാടികളുടെ സംപ്രേഷണത്തിനും വിലക്കുണ്ട്.

തെരഞ്ഞെടുപ്പിൽ കള്ളപ്പണം ഒഴുകുന്നതു തടയാൻ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 2.66 കോടിരൂപ കൂടി പിടിച്ചെടുത്തു. ഇതോടെ ആകെ കണ്ടെടുത്ത പണം 22.99 കോടിയായി. വ്യാജമദ്യം തടയാൻ നടത്തിയ പരിശോധനയിൽ 9,905 ലിറ്റർ മദ്യം പിടികൂടി. നേരത്തെ നടത്തിയ പരിശോധനയിൽ 22,200 ലിറ്റർ വ്യാജമദ്യം കണ്ടെടുത്തിരുന്നു. ഇതിനുപുറമെ രണ്ടുകിലോ അനധികൃത സ്വർണവും പിടിച്ചെടുത്തു.