- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവങ്ങളുടെ ചിത്രങ്ങൾ സമ്മാനിച്ച് അനുഗ്രഹിച്ച് വോട്ടർമാർ; ഗണേശിന്റെ പ്രചരണം സ്വന്തം പയ്യനായി; കുട്ടികളെ കളിപ്പിച്ചും തമാശ പറഞ്ഞു വോട്ടുതേടി ജഗദീഷ്; നല്ലകുഞ്ഞാടായി അരമന കേറി ഭീമൻ രഘു: പത്തനാപുരത്ത് മറുനാടൻ പ്രതിനിധി കണ്ട തെരഞ്ഞെടുപ്പ് കാഴ്ച്ചകൾ
കൊല്ലം: കൊല്ലം ജില്ലയിലെ പത്തനാപുരം മണ്ഡലത്തെ സംസ്ഥാനത്തെ തന്നെ ഗ്ലാമർ മണ്ഡലമാക്കി മാറ്റുന്നത് മൂന്നു മുന്നണികൾക്കായും മത്സരിക്കുന്ന സ്ഥാനാർത്ഥികളെല്ലാം തന്നെ ചലച്ചിത്രതാരങ്ങളാണ് എന്നതാണ് 2001 മുതൽ കെ.ബി ഗണേശ്‌കുമാറാണ് പത്തനാപുരത്തെ പ്രതിനിധീകരിക്കുന്നത്. എന്നാൽ കഴിഞ്ഞ 3 തവണയും യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച ഗണേശ് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായാണ് മത്സര രംഗത്തിറങ്ങിയിരിക്കുന്നത്. മുന്നണി മാറി എൽഡിഎഫ് പാളയത്തിലേക്ക് പോയ ഗണേശിന്റെ തേരോട്ടത്തിനു തടയിടുകയെന്ന ലക്ഷ്യവുമായി യുഡിഎഫ് സിനിമാ രംഗത്തുനിന്നു തന്നെയുള്ള ജഗദീഷിനെയാണ് മണ്ഡലത്തിലിറക്കിയിരിക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ഭീമൻ രഘു കൂടി എത്തിയതോടെയാണ് താരപ്പോരിനു മണ്ഡലത്തിൽ കളമൊരുങ്ങിയത്. വോട്ടുപിടുത്തം തകൃതിയായാണ് മണ്ഡലത്തിൽ നടക്കുന്നത്. ശരിക്കും പറഞ്ഞാൽ, സിനിമാ സ്റ്റൈൽ വോട്ടുപിടുത്തം തന്നെ. താരങ്ങൾ തമ്മിൽ മാറ്റുരയ്ക്കുന്നതിനാൽ മറ്റ് സിനിമാക്കാർ പ്രചരണത്തിനായി എത്തിയിട്ടില്ല. അതുകൊണ്ട് സ്വന്തം സ്റ്റാർവാല്യു തന്നെ മുതലാക്കിയാണ്
കൊല്ലം: കൊല്ലം ജില്ലയിലെ പത്തനാപുരം മണ്ഡലത്തെ സംസ്ഥാനത്തെ തന്നെ ഗ്ലാമർ മണ്ഡലമാക്കി മാറ്റുന്നത് മൂന്നു മുന്നണികൾക്കായും മത്സരിക്കുന്ന സ്ഥാനാർത്ഥികളെല്ലാം തന്നെ ചലച്ചിത്രതാരങ്ങളാണ് എന്നതാണ് 2001 മുതൽ കെ.ബി ഗണേശ്‌കുമാറാണ് പത്തനാപുരത്തെ പ്രതിനിധീകരിക്കുന്നത്. എന്നാൽ കഴിഞ്ഞ 3 തവണയും യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച ഗണേശ് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായാണ് മത്സര രംഗത്തിറങ്ങിയിരിക്കുന്നത്. മുന്നണി മാറി എൽഡിഎഫ് പാളയത്തിലേക്ക് പോയ ഗണേശിന്റെ തേരോട്ടത്തിനു തടയിടുകയെന്ന ലക്ഷ്യവുമായി യുഡിഎഫ് സിനിമാ രംഗത്തുനിന്നു തന്നെയുള്ള ജഗദീഷിനെയാണ് മണ്ഡലത്തിലിറക്കിയിരിക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ഭീമൻ രഘു കൂടി എത്തിയതോടെയാണ് താരപ്പോരിനു മണ്ഡലത്തിൽ കളമൊരുങ്ങിയത്.
വോട്ടുപിടുത്തം തകൃതിയായാണ് മണ്ഡലത്തിൽ നടക്കുന്നത്. ശരിക്കും പറഞ്ഞാൽ, സിനിമാ സ്റ്റൈൽ വോട്ടുപിടുത്തം തന്നെ. താരങ്ങൾ തമ്മിൽ മാറ്റുരയ്ക്കുന്നതിനാൽ മറ്റ് സിനിമാക്കാർ പ്രചരണത്തിനായി എത്തിയിട്ടില്ല. അതുകൊണ്ട് സ്വന്തം സ്റ്റാർവാല്യു തന്നെ മുതലാക്കിയാണ് താരങ്ങളുടെ വോട്ടുപിടുത്തം. തുടർച്ചയായി വിജയിച്ചു കയറിയ മണ്ഡലത്തിൽ ഇത്തവണ വീണ്ടും വിജയിക്കാമെന്ന പ്രതീക്ഷയിലാണ് ഗണേശ് കുമാർ.
2011ൽ സിപിഐ(എം) ജില്ലാ സെക്രട്ടറിയായിരുന്ന കെ രാജഗോപാലിനെ 20402 വോട്ടുകൾക്കാണ് ഗണേശ്‌കുമാർ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും 2800 വോട്ട് മാത്രം. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു മണ്ഡലം 14919 വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ചു. ബിജെപിക്ക് 9218 വോട്ടുകളും ലഭിച്ചു.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 7 പഞ്ചായത്തിൽ ആറും എൽ.ഡി.എഫ് നേടി. നറുക്കെടുപ്പിലൂടെ ഒരു പഞ്ചായത്തിലെ ഭരണം യുഡിഎഫ് നേടി. ഇടത് അനുകൂല സാഹചര്യവും ഒപ്പം വികസന നായകന്റെ പരിവേഷവുമായി എത്തുന്ന ഗണേശ്‌കുമാറും എത്തുമ്പോൾ കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം ഗണേശിനു ലഭിക്കുമെന്നാണ് ഇടതു ക്യാമ്പിന്റെ കണക്കുകൂട്ടൽ. അവസാന ഘട്ട പ്രചരണത്തിന്റെ തിരക്കുകൾക്കിടയിലും സ്ഥാനാർത്ഥികൾ തങ്ങളുടെ വിശേഷങ്ങൾ മറുനാടൻ മലയാളിയോട് പങ്കുവച്ചു.
സ്ഥലത്തെ പ്രധാന പയ്യനായി ഗണേശ് കുമാറിന്റെ പ്രചരണം
ചില സ്വകാര്യ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് കെബി ഗണേശ്‌കുമാറിന്റെ കഴിഞ്ഞ ദിവസത്തെ പ്രചരണ പരിപാടികൾ ആരംഭിച്ചത്. പട്ടാഴി പഞ്ചായത്തിലെ പട്ടാഴി ദേവീക്ഷേത്ര നടയിൽ നിന്നുമാണ് വാഹനപ്രചരണ ജാഥ തുടങ്ങുവാൻ തീരുമാനിച്ചിരുന്നത്. മുൻ നിശ്ചയിച്ച പ്രകാരം രാവിലെ 8 മണിയോടെ തന്നെ പ്രവർത്തകരും നാട്ടുകാരും സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയിരുന്നു. തുടർന്ന് സഥലത്തെത്തിയ ഗണേശ്‌കുമാർ പട്ടാഴി ക്ഷേത്രത്തിൽ തൊഴുതശേഷമാണ് ജാഥ ആരംഭിച്ചത്.
ജാഥയ്ക്ക് മുൻപായി പ്രവർത്തകരും നാട്ടുകാരും നൽകിയ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങികൊണ്ടും ഏവരോടും ചിരിച്ചും പരിചയം പുതുക്കിയുമാണ് സ്ഥാനാർത്ഥി സജീവമായത്. തനിക്ക് നൽകിയ സ്വീകരണത്തിനു ഗണേശ് നന്ദി പറയുന്ന സമയത്ത് വലിയ ആവേശമാണ് നാട്ടുകാരിൽ പ്രകടമായത്. ഗണേശിന്റെ വിജയം ഉറപ്പാണെന്ന് ചില നാട്ടുകാരും അഭിപ്രായപ്പെട്ടു. 3 തവണ വിജയിപ്പിച്ചതിനും എന്നും നന്ദിയുണ്ടാകുമെന്ന് പറഞ്ഞ ശേഷം പ്രചരണ വാഹനത്തിലേക്ക് കയറുന്നതിനു മുൻപ് പ്രായമായ ഒരു സ്ത്രീ ഗണേശിനു പരമശിവന്റെ ഒരു ചിത്രം നൽകി മടങ്ങി. അവരെ ചേർത്ത് പിടിച്ചാണ് ഗണേശ്‌കുമാർ ചിത്രം കൈയിൽ വാങ്ങിയത്.
ഗണേശനേ ഇവിടെ ജയിക്കുള്ളു എന്നും തന്റെ വോട്ട് ഗണേശിനാണെന്നും പറഞ്ഞ് അവർ മടങ്ങി. ഓരോ സ്വീകരണ കേന്ദ്രങ്ങളിൽ നിന്നും അടുത്ത സ്വീകരണ സ്ഥലത്തേക്കുള്ള യാത്രയിൽ ഗണേശിനെ നേരിൽ കാണുവാനായി റോഡിന്റെ ഇരു ഭാഗങ്ങളിലുമായി അനേകം നാട്ടുകാർ കാത്തുനിന്നിരുന്നു. ഏവരേയും കൈവീശിക്കാണിച്ചും ചിലരെ പേരെടുത്ത് വിളിച്ചുമാണ് ഗണേശിന്റെ വാഹന പ്രചരണ ജാഥ മുന്നോട്ട് പോയത്.
എതിരാളികൾ എന്തൊക്കെ കള്ളക്കഥ പ്രചരിപ്പിച്ചാലും പത്തനാപുരത്തെ വോട്ടർമാരോട് അതൊന്നും വിലപ്പോകില്ലെന്ന് അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. 15 വർഷമായ് മണ്ഡലത്തിൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങളും എന്തുകൊണ്ടാണ് താൻ യുഡിഎഫ് വിട്ടതെന്നും ജനങ്ങൾക്കറിയാം. ആരാണ് പാർലമെന്റ് സീറ്റു ചോദിച്ച് പാർട്ടി ഓഫീസുകൾ കയറിയിറങ്ങിയതെന്നും എല്ലാവർക്കും അറിയാമല്ലോയെന്നും അദ്ദേഹം പറഞ്ഞു. പുറത്തുള്ള ചിലരൊക്കെ ഇവിടെ വന്നു മത്സരിക്കുന്നുണ്ടെന്നും മെയ് 19 കഴിയുമ്പോൾ അവർ പൊയ്‌ക്കോളുമെന്നും അദ്ദേഹം പറഞ്ഞു.
2001 വരെയുള്ള പത്തനാപുരവും അതിനു ശേഷമുള്ള പത്തനാപുരത്തിന്റെ വികസനമുന്നേറ്റവും നന്നായി അറിയാവുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം നേടുന്നതിനായുള്ള പ്രവർത്തനമാണ് ഇടതു പ്രവർത്തകർ നടത്തുന്നതെന്നും ഇതു തന്നെയാണ് തന്റെ ആത്മവിശ്വമെന്നുമാണ് ഗണേശ് പറയുന്നത്.
രാഷ്ട്രീയമായ പോരാട്ടത്തിൽ വോട്ടുതേട് ജഗദീഷ്
എതിരാളി സിനിമാക്കാരനാണെങ്കിലും അതിന്റെ കുലക്കമൊന്നുമില്ലാതെയാണ് ഇടതു സ്ഥാനാർത്ഥി ഗണേശ് കുമാറിന്റെ പ്രചരണം മുറുകുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി പി.വി ജഗദീഷ് കുമാറിന്റെ വാഹന പ്രചരണ ജാഥയും കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. വടക്കേക്കര പഞ്ചായത്തിലെ കടുവാത്തോട്, പഴയ ആശുപത്രിമുക്ക് എന്നീ മേഖലകളിലായിരുന്നു പ്രചരണ യാത്ര. രാവിലെ 10 മണിയോടെയാണ് ജാഥ ആരംഭിച്ചത്. തുറന്ന വാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെയായിരുന്നു ജാഥാ പ്രയാണം. സ്വീകരണ കേന്ദ്രങ്ങളിൽ വളരെ ഊർജ്ജസ്വലനായ ജഗദീഷിനെയാണ് കാണാനായത്.
പ്രവർത്തകരുടെ വീട്ടിൽ നിന്നും വെള്ളം കുടിച്ചും സ്ത്രീകളോട് വിശേഷങ്ങൾ തിരക്കിയും താമാശ പറഞ്ഞും കുട്ടികളെ കളിപ്പിച്ചുമാണ് ജഗദീഷ് സ്വീകരണ പരിപാടികൾക്കിടയിൽ ലഭിച്ച ചെറിയ ഇടവേളകൾ ചിലവഴിച്ചത്. പ്രചരണത്തിൽ ഒപ്പമുണ്ടായിരുന്ന പ്രവർത്തകർക്ക് ചില നിർദ്ദേശങ്ങൾ നൽകിയ ശേഷം സ്വീകരണത്തിനു നന്ദി പറയുകയും ചെയ്തു. അതിനു ശേഷം സ്ഥാനാർത്ഥിയുടെ അടുത്തെത്തിയ ചിലർ തങ്ങളുടെ പ്രദേശത്ത് ബസ് സർവീസുകൾ കൃത്യമായി അല്ല നടക്കുന്നതെന്നും രാത്രികാലങ്ങളിൽ പലപ്പോഴും ഇതുകാരണം ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ടെന്നും യാത്രാക്ലേശം രൂക്ഷമാണ് തുടങ്ങിയ പരാതികൾ ഉന്നയിച്ചു. ചില സ്ത്രീകൾ സ്ഥാനാർത്ഥിയുടെ അടുത്തെത്തി കുടിവെള്ള പ്രശ്‌നം രൂക്ഷമാണെന്ന പരാതിയും ഉന്നയിച്ചു. മെയ് 19ന് താൻ എംഎൽഎ ആയ ശേഷം എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.
താനും ഗണേശും തമ്മിൽ വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയമായ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്തെ ജനങ്ങൽ മാറ്റം ആഗ്രഹിക്കുന്നുവെന്നും കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മണ്ഡലത്തിൽ വികസനം എത്തിനോക്കിയിട്ടില്ലെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ഗണേശിന്റെ അവസരവാദത്തിനും കാലുമാറ്റത്തിനും ധാർമികയില്ലായ്മയ്‌ക്കെതിരേയും മണ്ഡലത്തിലുടനീളം വ്യാപകമായ പ്രതിഷേധമുണ്ടെന്നാണ് തനിക്ക് വോട്ടർമാരിൽ നി്ന്നും നേരിട്ട് മനസ്സിലാക്കാനായത്.
ഒരു എംഎൽഎ എന്നാൽ എപ്പോഴും ജനങ്ങളുടെ ദാസനായിരിക്കണം. താൻ മുന്നണി മാറുന്നതനുസരിച്ച് ജനങ്ങളും മാറണം ഒപ്പം തനിക്ക് വോട്ടു ചെയ്യുകയും വേണം എന്ന ഗേഷിന്റെ മനോഭാവം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.താൻ ജനങ്ങൾക്ക് തെറ്റിധാരണയുണ്ടാക്കുന്ന ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും മന്ത്രിസ്ഥാനം നഷ്ടമായശേഷമാണോ ഗണേശിനു അഴിമതി വിരുദ്ധ നിലപാട് പൊട്ടിമുളച്ചതെന്നും ജഗദീഷ് ചോദിച്ചു. മന്ത്രിസ്ഥാനം നഷ്ടമായ ശേഷം നിയസഭയിലെ ഗണേശിന്റെ ഹാജർ നില പോലും കുറവായിരുന്നുവെന്നാണ് താൻ മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വില്ലത്തരം മാറ്റി നല്ല കുഞ്ഞാടായി ഭീമൻ രഘു
മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഭീമൻ രഘു കഴിഞ്ഞ ദിവസത്തെ പ്രചാരണ പരിപാടികളിൽ ചില പ്രധാന വോട്ടർമാരെ നേരിൽ കാണുന്നതിനും ചില ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനുമാണ് സമയം ചിലവഴിച്ചത്. തെരഞ്ഞെടുപ്പിൽ തനിക്ക് എല്ലാ പിന്തുണയും നൽകണമെന്നാവിശ്യപ്പെട്ട് ഓർത്തഡോക്‌സ് സഭാ വികാരി റെവറൻ പിഎം ജോൺ എപിസ്‌കോപ്പയെ നേരിൽ കണ്ടു.
അരമണിക്കൂറോളം അദ്ദേഹവുമായി ചർച്ച നടത്തിയശേഷമാണ് സ്ഥാനാർത്ഥി അവിടെ നിന്നും മടങ്ങിയത്. മണ്ഡലത്തിലെ പൊതു പ്രശ്‌നങ്ങളെ കുറിച്ചാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. തുടർന്ന് മാർ ശെവമൂൻ ദെസ്തൂനി ഓർത്തഡോക്‌സ് പള്ളിയിലേക്ക് പോവുകയും ഇടവക വികാരിറെവരൻ ബേസിൽ ജെ പണിക്കരുമായും തെരഞ്ഞെടുപ്പിനെ കുറിച്ച് ചർച്ച ചെയ്യുകയും തുടർന്ന് പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. പ്രാർത്ഥനകളിൽ തീർച്ചയായും തന്റെ കാര്യം ഓർക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.
തുടർന്ന് പറങ്കിമാമുകൾ മേഖലയിലെ ചില പ്രധാന വോട്ടർമാരെ നേരിൽ കാണുന്നതിനായി പോവുകയായിരുന്നു.മണ്ഡലത്തിൽ ബിജെപി വോട്ടുകൾ ക്രമേണ വർദ്ധിക്കുകയാണെന്നും തികഞ്ഞ വിജയ പ്രതീക്ഷയിലാണു താനെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.കുടിവെള്ളം, മികച്ച റോഡുകൾ, പത്തനാപുരത്ത് കെഎസ്ആർടിസി ഡിപ്പോ, എല്ലാ പഞ്ചായത്തിലും പൊതു സ്മശാനം, പത്തനാപുരം താലൂക്ക് ആശുപത്രി എന്നീ പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനാകും എംഎൽഎ ആയാൽ തന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.