- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുകാരോട് വോട്ട് ചെയ്യാൻ പറയാൻ ഗൾഫിലെത്തി കുടുംബനാഥനെ കാണണം; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണവും ഒപ്പിക്കണം: തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോഴും സ്ഥാനാർത്ഥികൾ പ്രവാസി മലയാളികളെ തേടി ഗൾഫിലേക്കു പറക്കുന്നു
മലപ്പുറം: ഇക്കരെ തെരഞ്ഞെടുപ്പ് ചൂടിലുരുകുമ്പോൾ ആസൂത്രണവും ഒരുക്കങ്ങളുമെല്ലാം നടത്തുന്നത് അക്കരെനിന്നുമാണ്. മലബാറുകാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭാഗമാണ് പ്രവാസികൾ. ഇതിനാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ നാട്ടിലുള്ളവരേക്കാൾ ഡിമാന്റ് പ്രവാസികൾക്കാണ്. സ്ഥാനാർത്ഥികളിൽ പലരും പ്രവാസികളെ തേടി ഗൾഫിലേക്ക് ഇതിനോടകം പറന്നു കഴിഞ്ഞു. ബാക്കിയുള്ള സ്ഥാനാർത്ഥികൾ അടുത്ത ദിവസങ്ങളിലായി പറക്കാനിരിക്കുകയും ചെയ്യുന്നു. വിവിധ ലക്ഷ്യങ്ങളുമായാണ് സ്ഥാനാർത്ഥികൾ കടൽ കടന്ന് പ്രവാസി മലയാളികളെ തേടി എത്തുന്നത്. മുസ്ലിംലീഗ്, കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിദേശ പര്യടനങ്ങളിൽ മുൻപന്തിയിലുള്ളത്. എന്നാൽ ഇത്തവണ ഒട്ടും മോശമാക്കാതെ പര്യടനങ്ങൾ ഇടത് സ്ഥാനാർത്ഥികളും നടത്തിക്കഴിഞ്ഞു. പ്രവാസികൾ നേരിടുന്ന ദുരിതങ്ങളും പ്രതിസന്ധികളും മറ്റു വിഷയങ്ങളെ പോലെ ഇത്തവണയും തെരഞ്ഞെടുപ്പിൽ പ്രധാനചർച്ച തന്നെയാണ്. തെരഞ്ഞെടുപ്പടുക്കുമ്പോൾ പ്രവാസികളുടെ പ്രശ്‌നം കേൾക്കാൻ നേതാക്കളെല്ലാം എത്തുമെങ്കിലും സ്ഥിതി വീണ്ടും പഴയപടി മടങ്ങുകയാണ് പതിവ്. ടിക്കറ്റ് നിരക്ക്
മലപ്പുറം: ഇക്കരെ തെരഞ്ഞെടുപ്പ് ചൂടിലുരുകുമ്പോൾ ആസൂത്രണവും ഒരുക്കങ്ങളുമെല്ലാം നടത്തുന്നത് അക്കരെനിന്നുമാണ്. മലബാറുകാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭാഗമാണ് പ്രവാസികൾ. ഇതിനാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ നാട്ടിലുള്ളവരേക്കാൾ ഡിമാന്റ് പ്രവാസികൾക്കാണ്. സ്ഥാനാർത്ഥികളിൽ പലരും പ്രവാസികളെ തേടി ഗൾഫിലേക്ക് ഇതിനോടകം പറന്നു കഴിഞ്ഞു. ബാക്കിയുള്ള സ്ഥാനാർത്ഥികൾ അടുത്ത ദിവസങ്ങളിലായി പറക്കാനിരിക്കുകയും ചെയ്യുന്നു. വിവിധ ലക്ഷ്യങ്ങളുമായാണ് സ്ഥാനാർത്ഥികൾ കടൽ കടന്ന് പ്രവാസി മലയാളികളെ തേടി എത്തുന്നത്.
മുസ്ലിംലീഗ്, കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിദേശ പര്യടനങ്ങളിൽ മുൻപന്തിയിലുള്ളത്. എന്നാൽ ഇത്തവണ ഒട്ടും മോശമാക്കാതെ പര്യടനങ്ങൾ ഇടത് സ്ഥാനാർത്ഥികളും നടത്തിക്കഴിഞ്ഞു. പ്രവാസികൾ നേരിടുന്ന ദുരിതങ്ങളും പ്രതിസന്ധികളും മറ്റു വിഷയങ്ങളെ പോലെ ഇത്തവണയും തെരഞ്ഞെടുപ്പിൽ പ്രധാനചർച്ച തന്നെയാണ്. തെരഞ്ഞെടുപ്പടുക്കുമ്പോൾ പ്രവാസികളുടെ പ്രശ്‌നം കേൾക്കാൻ നേതാക്കളെല്ലാം എത്തുമെങ്കിലും സ്ഥിതി വീണ്ടും പഴയപടി മടങ്ങുകയാണ് പതിവ്. ടിക്കറ്റ് നിരക്ക് വർദ്ധനവും, തൊഴിൽ രംഗത്തെ പ്രതിസന്ധികളും കുരുക്കിലാഴ്‌ത്തിയ പ്രവാസികളുടെ മനസ് ഇത്തവണ ആർക്കൊപ്പമാണെന്ന് കണ്ടറിയേണ്ടതുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള മുസ്ലിംലീഗ്, കോൺഗ്രസ്, എൽഡിഎഫ് സ്ഥാനാർത്ഥികളാണ് ഇതുവരെ വിദേശപര്യടനം നടത്തിയത്. താനൂർ മണ്ഡലം ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി വി അബ്ദു റഹ്മാൻ, കൊണ്ടോട്ടി മുസ്ലിം ലീഗ് സ്ഥാനാർത്ഥി ടിവി ഇബ്രാഹീം, മണ്ണാർക്കാട് ലീഗ് സ്ഥാനാർത്ഥി എൻ ഷംസുദ്ദീൻ എംഎൽഎ, താനൂർ ലീഗ് സ്ഥാനാർത്ഥി അബ്ദുറഹിമാൻ രണ്ടത്താണി എംഎൽഎ, വടകര യു.ഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രൻ, കുറ്റ്യാടി യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള, നാദാപുരം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ പ്രവീൺകുമാർ തുടങ്ങിയവരുടെ നിരയാണ് വിവിധ ദിവസങ്ങളിലായി ഗൾഫ് നാടുകളിൽ പ്രചാരണത്തിനായി എത്തിയത്. രണ്ടു ദിവസം മുതൽ ആറു ദിവസം വരെ തങ്ങിയാണ് നാട്ടിലേക്ക് മടങ്ങിയത്. സിപിഐ(എം) സ്ഥാനാർത്ഥികളടക്കം ഈ ആഴ്ച ഗൾഫിലേക്ക് തിരിക്കാനിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പ്രവാസികളുള്ള മണ്ഡലമായ തിരൂരിലെ ലീഗ് സ്ഥാനാർത്ഥി സി മമ്മൂട്ടി ഇന്ന് രാത്രിയിൽ യു.എ.ഇയിലേക്ക് പുറപ്പെടും.
വിദേശ രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർത്ഥികൾ മത്സരയാത്ര നടത്തുമ്പോഴും പ്രവാസി വോട്ടിന് ഇനിയും സൗകര്യമായിട്ടില്ല. എന്നിരുന്നാലും പ്രവാസികൾ ഒഴിച്ചൂകൂടാനാവാത്ത ഘടകമായിരിക്കുകയാണ് തെരഞ്ഞെടുപ്പിലും. കടലിനക്കരെയും തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കുകയാണ് സ്ഥാനാർത്ഥികളുടെയെല്ലാം യാത്രയുടെ പ്രധാന ലക്ഷ്യം. പ്രവാസി മലയാളികൾ ഏറ്റവും കൂടുതലുള്ള യു.എ.ഇയിലാണ് തെരഞ്ഞെടുപ്പ് പര്യടനവുമായി മിക്ക സ്ഥാനാർത്ഥികളും എത്തുന്നത്. യു.എ.ഇയിലെ ഷാർജ, ദുബായ്, അബൂദാബി, അൽഐൻ, ഫുജൈറ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് ഇവരുടെ പ്രചാരണപരിപാടികൾ. ഇവിടങ്ങളിൽ സംഘടിപ്പിക്കുന്ന കൺവെൻഷനുകളിലും കുടുംബ യോഗങ്ങളിലും പങ്കെടുക്കുന്നതിനായാണ് വിദേശ പര്യടനങ്ങൾ.
25 ലക്ഷത്തോളം വരുന്ന പ്രവാസിമലയാളികളിൽ ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലക്കാരാണ്. തൊട്ടുപിന്നിൽ മലബാറിലെ മറ്റു ജില്ലകളുമുണ്ട്. ഇതിൽ നാൽപത് ശതമാനത്തോളം പേർ യു.എ.ഇയിലാണുള്ളത്. ഇതിനാൽ സ്ഥാനാർത്ഥി പര്യടനങ്ങളെല്ലാം ദുബായിലേക്കാണ് എത്തുന്നതും. മണ്ഡലത്തിൽ നിന്നും മാറിനിൽക്കാൻ സമയമില്ലാത്ത നേതാക്കൾ പ്രവാസികളെ തേടിയെത്തുന്നതിനു പിന്നിൽ ലക്ഷ്യങ്ങൾ പലതുണ്ട്. പ്രവാസികളുടെയും കുടുംബത്തിന്റെയും വോട്ടു ഉറപ്പിക്കുകയാണ് പ്രധാനം. മലപ്പുറം ജില്ല അടക്കമുള്ള മലബാറിലെ ഓരോ വീടുകളിൽ നിന്നും ചുരുങ്ങിയത് ഒരാളെങ്കിലും ്പ്രവാസിയായിരിക്കും. കുടുംബത്തിന്റെ വോട്ട് ആർക്ക് നൽകണമെന്നത് പ്രവാസികളുടെ തീരുമാനവും സ്വാധീനവും അനുസരിച്ചായിരിക്കും.
മാത്രമല്ല, പ്രവാസികളുടെ വോട്ടുകൾ തന്നെ നാട്ടിലെത്തിച്ച് സ്വന്തമാക്കാനും പര്യടനത്തിലൂടെ സാധിക്കും. ഗൾഫ് സന്ദർശനത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു പ്രധാന ഉദ്ദേശ്യം തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ്. തോറ്റാലും ജയിച്ചാലും തെരഞ്ഞെടുപ്പ് കാലയളവിൽ സ്ഥാനാർത്ഥിക്കു മാത്രം ലഭിക്കുന്ന തെരഞ്ഞെടുപ്പ് ഫണ്ടുകളാണിത്. ഇതിനാകട്ടെ കണക്കും രേഖയുമൊന്നും ഉണ്ടാവില്ല. പ്രവാസികളായ ബിസിനസുകാരെയും സാധാരണക്കാരെയുമടക്കം നിശ്ചിത തുക തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഈടാക്കി സാമ്പത്തികം ഭദ്രമാക്കിയായിരിക്കും സ്ഥാനാർത്ഥികൾ പലരും നാട്ടിലേക്കു മടങ്ങുന്നത്. വിശ്വസ്തരോ അടുത്ത പാർട്ടി പ്രവർത്തകരോ മുഖേനയാണ് ഈ ഇടപാടുകളെല്ലാം നടത്തി പണം നാട്ടിലെത്തുന്നത്.
തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലൂടെയും ജോലി സ്ഥലങ്ങളിലെത്തി വോട്ടഭ്യർ്ത്ഥിച്ചുമാണ് ഗൾഫ് മലയാളികൾക്കിടയിലും സ്ഥാനാർത്ഥികൾ നിറഞ്ഞു നിൽക്കുന്നത്. നിത്വാഖാത്ത് മുതൽ വിമാന യാത്രാ നിരക്കും കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ പ്രവാസികളോടുള്ള സമീപനങ്ങളുമെല്ലാം ഗൾഫിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും വിഷയമാണ്. പ്രവാസി വോട്ടിന് പ്രത്യേക സംവിധാനങ്ങളൊന്നും ഇല്ലെങ്കിലും മുസ്ലിം ലീഗിന്റെ പരമ്പരാഗത പ്രവാസി വോട്ട് ഇത്തവണയും ചാർട്ടേഡ് വിമാനത്തിൽ കെഎംസിസി മുഖേന എത്തും. ഇടതു മുന്നണിക്കു വേണ്ടി നിരവധി വ്യവസായ പ്രമുഖർ മത്സരിക്കുന്ന മലപ്പുറം ജില്ലയിലേക്ക് ഇടത് വോട്ടർമാരെ എത്തിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.