തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റതോടെ നിരവധി രാഷ്ട്രീയ മാറ്റങ്ങൾക്കു യുഡിഎഫ് വിധേയമാകുമോ എന്ന കാര്യം ഉറ്റുനോക്കുകയാണ് കേരളം. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും പ്രതികരണങ്ങൾ പുറത്തുവന്നത് ഇനിയൊരു മാറ്റം അനിവാര്യമെന്ന തരത്തിലാണ്.

ബിജെപിയെ {{എഴുതിത്തള്ളിയവര്‍ക്കുള്ള}} മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും പ്രതികരിച്ചു.

കെ എം മാണിക്കും ഉമ്മൻ ചാണ്ടിക്കും ചെകിട്ടത്തേറ്റ അടിയാണ് യുഡിഎഫിന്റെ തോൽവിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. ഇടതുപക്ഷ മുന്നണിയുടെ സംശുദ്ധ രാഷ്ട്രീയത്തിനും വർഗീയ വിരുദ്ധ പ്രവർത്തനത്തിനുമുള്ള വിജയമാണിത്. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എല്ലാ മേഖലകളിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയം സമ്മാനിച്ച എല്ലാവർക്കും വി എസ് അഭിവാദ്യങ്ങൾ അർപ്പിച്ചു. വർഗീയ ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂവെന്നു കേരള ജനത തിരിച്ചറിഞ്ഞുവെന്നും വി എസ് പറഞ്ഞു.

യുഡിഎഫിന്റെ രാഷ്ട്രീയ നിലപാട് ജനങ്ങൾ തള്ളിക്കളഞ്ഞു. യുഡിഎഫിന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് തിരുവനന്തപുരത്തു ബിജെപിക്കു നേട്ടമുണ്ടാക്കൊടുത്തത്. എസ്എൻഡിപിബിജെപി കൂട്ടുകെട്ടിനെ ജനം തള്ളിക്കളഞ്ഞു. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലും എൽഡിഎഫിന് തിളക്കമാർന്ന വിജയമുണ്ടാക്കാനായി. യുഡിഎഫിന്റെ അവസരവാദ കൂട്ടുകെട്ടിനു ലഭിച്ചതിരിച്ചടിയാണ് അവരുടെ പരാജയം. ആർഎസ്‌പിയും ജെഡിയുവും നിലപാട് പുനപരിശോധിക്കണം. വാർഡുകൾ വിഭജിച്ച് അധികാരം പിടിച്ചെടുക്കാനുള്ള യുഡിഎഫിന്റെ തന്ത്രം പരാജയപ്പെട്ടുവെന്നും വി എസ് പറഞ്ഞു.

ശക്തമായ സാന്നിധ്യമാണ് തെരഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവച്ചതെന്നും കേരള രാഷ്ട്രീയത്തിൽ തങ്ങളെ ഒഴിവാക്കാനാകില്ലെന്നു തെളിയിച്ചതായും വി മുരളീധരൻ പറഞ്ഞു.

പാർട്ടിക്കു പാളിച്ചയുണ്ടായതു പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. തൊലിപ്പുറത്തു മാത്രമല്ല, ആഴത്തിലുള്ള ചികിത്സ വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. നേതൃമാറ്റമെന്ന സൂചന തന്നെയാണ് ഇക്കാര്യത്തിൽ നേതാക്കൾ നൽകുന്നതെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പാലായിൽ യുഡിഎഫിന് നൽകിയ വിജയത്തിന് നന്ദി പറയുന്നുവെന്നു ധനമന്ത്രി കെ എം മാണി പ്രതികരിച്ചു. ബാർ കോഴ ആരോപണം തെരഞ്ഞെടുപ്പിൽ ഏറ്റില്ല. പാലായിലെ ജയം ഇതാണു തെളിയിക്കുന്നതെന്നും മാണി പറഞ്ഞു.