ചെന്നൈ: ആർകെ നഗർ ഉപതിരഞ്ഞെടുപ്പിലെ പണമിടപാടുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നിർദ്ദേശം.തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, ആരോഗ്യമന്ത്രി സി. വിജയഭാസ്‌കർ, അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ തുടങ്ങിയവർക്കെതിരെ എഫ്‌ഐആർ എടുക്കാനാണു കമ്മിഷന്റെ നിർദ്ദേശം.

മന്ത്രിമാരും എംപിയും വഴി 89 കോടി രൂപ ശശികല പക്ഷമായ അണ്ണാ ഡിഎംകെ (അമ്മ) മണ്ഡലത്തിൽ വിതരണം ചെയ്തതായുള്ള രേഖകൾ ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രി വിജയഭാസ്‌കറുമായി ബന്ധപ്പെട്ട അൻപതോളം കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിന്റെ വിശദാംശങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഉൾപ്പെടെ അഞ്ചു മന്ത്രിമാരും ഒരു എംപിയും മുഖേന വോട്ടർമാർക്കു വിതരണം ചെയ്യാൻ പണം കൈമാറിയെന്നു വ്യക്തമാക്കുന്നതാണു പുറത്തായ രേഖകൾ. 2.24 ലക്ഷം വോട്ടർമാർക്ക് 4,000 രൂപവീതം നൽകാനായിരുന്നു പദ്ധതി. അതേസമയം, രേഖകളിലെ വിവരങ്ങൾ ആദായനികുതി വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.