ന്യൂഡൽഹി: സ്ഥാനാർത്ഥികൾ ഒരേസമയം രണ്ട് സീറ്റുകളിൽ മത്സരിക്കുന്നത് തടയുന്നവിധത്തിൽ നിയമഭേദഗതി കൊണ്ടുവരാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമമന്ത്രാലയത്തോട് ശുപാർശചെയ്തു.

ഒരുസ്ഥാനാർത്ഥി രണ്ടുസീറ്റുകളിൽനിന്ന് മത്സരിച്ച് രണ്ടിലും ജയിക്കുകയാണെങ്കിൽ അതിലൊന്ന് ഉപേക്ഷിക്കേണ്ടിവരും. ഈ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് സാമ്പത്തികമായും മറ്റും വലിയ ചെലവുവരുത്തുന്നതാണ്. മാത്രമല്ല, ആ മണ്ഡലത്തിലെ ജനങ്ങളോട് കാണിക്കുന്ന അനീതിയാകുമെന്നും ശുപാർശയിൽ പറയുന്നു.

പ്രധാനമന്ത്രി മോദി അടക്കം നിരവധി പേരാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒന്നിലേറെ മണ്ഡലങ്ങളിൽ മത്സരിച്ചത്. അടിയൊഴുക്കുളിൽ ഒരിടത്ത് തോറ്റാലും വിജയം ഉറപ്പിക്കാനാണ് ഈ രീതി തുടരുന്നത്. പല തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാർത്ഥികൾക്ക് തോൽവി പിണയാറുണ്ട്. ഇത് ഒഴിവാക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിലും പല നേതാക്കളും രണ്ട് സീറ്റിൽ മത്സരിക്കാറുണ്ട്.