- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്ക് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിങ് സമിതിയുടെ(എം.സി.എം.സി) അംഗീകാരം നേടണം. രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർത്ഥികൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ നൽകുന്ന പരസ്യങ്ങൾക്ക് ഇത് ബാധകമാണ്.
ടെലിവിഷൻ ചാനലുകൾ, കേബിൾ നെറ്റ് വർക്കുകൾ, സ്വകാര്യ എഫ്.എം ചാനലുകൾ ഉൾപ്പെടെയുള്ള റേഡിയോകൾ, സിനിമാ ശാലകൾ, പൊതുസ്ഥലങ്ങളിലെയും സാമൂഹ മാധ്യമങ്ങളിലെയും ഓഡിയോ വിഷ്വൽ ഡിസ്‌പ്ലേകൾ, ബൾക്ക് എസ്.എം.എസുകൾ, വോയ്‌സ് മെസേജുകൾ, ഇ-പേപ്പറുകൾ എന്നിവയിലെ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണ്ടതുണ്ട്.
പരസ്യം നൽകുന്നത് സ്ഥാനാർത്ഥികളോ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോ ആണെങ്കിൽ ടെലികാസ്റ്റ് ചെയ്യുന്നതിന് കുറഞ്ഞത് മൂന്നു ദിവസം മുൻപെങ്കിലും പരസ്യം കളക്റ്റ്രേറ്റിലെ എം.സി.എം.സി സെല്ലിൽ സമർപ്പിക്കണം. പരസ്യം നൽകുന്നത് മറ്റ് സംഘടനകളാണെങ്കിൽ ടെലികാസ്റ്റിന് ഏഴു ദിവസം മുൻപ് സമർപ്പിക്കണം.
പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകർപ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം നൽകണം. പരസ്യത്തിന്റെ നിർമ്മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നൽകേണ്ടത്. പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നൽകൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാൽ പരസ്യത്തിന് പ്രദർശനാനുമതി നിഷേധിക്കാൻ കമ്മിറ്റിക്ക് അധികാരമുണ്ട്. തിരഞ്ഞെടുപ്പു ദിവസവും തലേന്നും അച്ചടി മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾക്കും എം.സി.എം.സിയുടെ മുൻകൂർ അംഗീകാരം നേടേണ്ടതുണ്ട്.
ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങൾ അംഗീകാരം ലഭിച്ചവയാണോ എന്ന് എം.സി.എം.സി നിരീക്ഷണ സെൽ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തെരഞ്ഞെടുപ്പ് ചിലവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തും. ടിവി ചാനലുകളിലെയും കേബിൾ ചാനലുകളിലെയും പരസ്യങ്ങൾക്കുള്ള നിയമങ്ങൾ ബൾക്ക് എസ്.എം.എസുകൾക്കും വോയിസ് മെസേജുകൾക്കും ബാധകമായിരിക്കും.
അച്ചടി മാധ്യമങ്ങളിൽ സ്ഥാനാർത്ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളിലും പോസ്റ്ററുകളിലും മറ്റ് രേഖകളിലും പ്രസാധകന്റെ പേരും വിലാസവും ആകെ കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം.
മറുനാടന് മലയാളി ബ്യൂറോ