- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ്: കൂടുതൽ ജില്ലകളിൽ പരിശോധന; 9 ജില്ലകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മാർച്ച് 20 നകം റിപ്പോർട്ട് നൽകണം; പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിയെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പരാതിയിൽ കൂടുതൽ ജില്ലകളിൽ പരിശോധന നടത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരു ചേർക്കാൻ ബോധപൂർവമുള്ള ശ്രമമുണ്ടായോയെന്ന് വിശദമായി പരിശോധിച്ച് മാർച്ച് 20 നകം റിപ്പോർട്ട് നൽകണമെന്നാണ് കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരിക്കുന്നത്.
കണ്ണൂർ, കൂത്തുപറമ്പ്, കൽപ്പറ്റ, തവനൂർ, പട്ടാമ്പി, ചാലക്കുടി, പെരുമ്പാവൂർ, ഉടുമ്പൻചോല, വൈക്കം, അടൂർ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കാസർഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പരിശോധന നടത്താൻ ബുധനാഴ്ച നിർദ്ദേശം നൽകിയിരുന്നു. ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.
പ്രതിപക്ഷ നേതാവ് കൂടുതൽ മണ്ഡലങ്ങളിലെ വിവരങ്ങൾ കൈമാറി
ഒൻപത്ജില്ലകളിലെ പത്ത് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വിവരങ്ങൾ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി. കഴിഞ്ഞ ദിവസം അഞ്ചു മണ്ഡലങ്ങളിലെ കള്ള വോട്ട് സംബന്ധിച്ച വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വോട്ടർ പട്ടികയിൽ വൻതോതിൽ ഇരട്ടിപ്പും ക്രമക്കേടും കണ്ടെത്തിയിരിക്കുകയാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ന് നൽകിയ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വ്യാജ വോട്ടർമാരെ കണ്ടെത്തിയത് തവന്നൂരാണ്. 4395 പേർ. മറ്റു മണ്ഡലങ്ങളുടെ വിവരം ഇങ്ങനെ: കൂത്തുപറമ്പ് (2795), കണ്ണൂർ (1743), കൽപ്പറ്റ (1795), ചാലക്കുടി (2063), പെരുമ്പാവൂർ (2286), ഉടുമ്പൻചോല (1168), വൈക്കം(1605), അടൂർ(1283).
മിക്കയിടത്തും വോട്ടേഴ്സ് ലിസ്റ്റിൽ ഒരേ വോട്ടർമാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ ആവർത്തിച്ചിരിക്കുകയാണ്. ചിലതിൽ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാസർകോട്ടെ ഉദുമയിൽ കുമാരി എന്ന വോട്ടറുടെ കാര്യത്തിൽ വെളിവാക്കപ്പെട്ടതു പോലെ വോട്ടർ പട്ടികയിൽ തങ്ങളുടെ പേര് പല തവണ ആവർത്തിക്കപ്പെടുകയും തങ്ങളുടെ പേരിൽ കൂടുതൽ വോട്ടർ ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്യപ്പെടുകയും ചെയ്ത കാര്യം ഈ വോട്ടർമാർ അറിയണമെന്നില്ല.
സംഘടിതമായി ചില നിക്ഷിപ്ത താത്പര്യക്കാരാണ് എല്ലാ മണ്ഡലങ്ങളിലും ഈ കൃത്രകമം നടത്തിയിരിക്കുന്നത്. അവർ ഐഡന്റിറ്റി കാർഡുകൽ കയ്യടക്കിയിരിക്കുകയാണ്. പിന്നീട് വോട്ടെടുപ്പിന് കള്ള വോട്ട് ചെയ്യുന്നതിനാണിതെന്ന് വ്യക്തമാണ്. സംസ്ഥാനത്തുട നീളം ഇത് സംഭവിച്ചിരിക്കുന്നത് വലിയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
എല്ലാ ജില്ലകളിലും ഈ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാ മണ്ഡലങ്ങളിലേയും വോട്ടർ പട്ടിക സൂക്ഷമായി പരിശോധിക്കാൻ യു.ഡി.എഫ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അവരിൽ നിന്ന് വിവരം ലഭിക്കുന്ന മുറയ്ക്ക് മറ്റു മണ്ഡലങ്ങളിലെ ക്രമക്കേടിന്റെ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
ഓരോ മണ്ഡലത്തിലും വോട്ടർ പട്ടികയിൽ ഒരേ പേരുകാർ തന്നെ നിരവധി തവണ ആവർത്തിക്കപ്പെടുകയും ഒരേ ആൾക്ക് നിരവധി തവണ ഇലക്ടറൽ ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഇത്തരത്തിൽ ആയിരക്കണക്കിന് വോട്ടുകളാണ് ആവർത്തിച്ചിരിക്കുന്നത്. ഇതിന് ഉദാഹരണമായി ഉദുമ മണ്ഡലത്തിലെ കുമാരി എന്ന വോട്ടറുടെ കാര്യം പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. കുമാരിയുടെ പേര് വോട്ടർ പട്ടികയിൽ അഞ്ചിടത്താണുള്ളത്. എന്നാൽ കുമാരി കോൺഗ്രസ് അനുഭാവിയാണെന്നും അവരുടെ കൈവശം ഒരു ഇലക്ടറൽ കാർഡ് മാത്രമേ ഉള്ളൂ എന്നും പിന്നീട് പുറത്തുവന്നു.
ഇത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നാണ് ചെന്നിത്തലയുടെ വാദം. കുമാരി കോൺഗ്രസ് അനുഭാവിയാണോ എന്നതല്ല പ്രശ്നം. കുമാരിയുടെ പേരിൽ അവരറിയാതെ മറ്റ് നാല് ഇലക്ടറൽ കാർഡുകൾ വാങ്ങിയതാരാണ്? ആരുടെ കൈവശമാണ് അവരുടെ പേരിലുള്ള മറ്റ് ഇലക്ടറൽ കാർഡുകൾ ഇപ്പോൾ ഇരിക്കുന്നത്? കുമാരിയുടെ പേരും പടവും ഉപയോഗിച്ച് അഞ്ചു തവണ എങ്ങനെയാണ് പേര് ചേർക്കപ്പെട്ടത്? ഇതാണ് കണ്ടെത്തേണ്ടത്.
കാസർകോട് ഉൾപ്പടെ പലയിടങ്ങളിലും കോൺഗ്രസ് പ്രവർത്തകരുടെ വോട്ട് മറ്റു ചില പ്രത്യേക പാർട്ടിക്കാർ കള്ളവോട്ട് ചെയ്യുന്നതായി വ്യാപകമായ പരാതി ഉണ്ടായിട്ടുണ്ട്. കുമാരിയെപ്പോലുള്ളവരുടെ പേരിൽ അവരറിയാതെ വോട്ടർ ഐ.ഡി കാർഡുകൾ ഉണ്ടാക്കി ഇങ്ങനെ കള്ളവോട്ട് ചെയ്യുകയാണ് ചെയ്യുന്നത്. അതു കൊണ്ടു കൂടിയാണ് വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചന്വേഷിക്കാൻ ഞങ്ങൾ തയ്യാറായത്. കോൺഗ്രസുകാരുടെ പേരിൽ കള്ളക്കാർഡുണ്ടാക്കി കള്ള വോട്ട് ചെയ്യുന്നവരെ പിടികൂടുകയാണ് വേണ്ടത്.
ഉദുമയിൽ മാത്രമല്ല, തൃക്കരിപ്പൂർ, കൊയിലാണ്ടി, കൊല്ലം, കഴക്കൂട്ടം, നാദാപുരം, കൂത്തുപറമ്പ്, അമ്പലപ്പുഴ എന്നീ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിലെ ഇരട്ടിപ്പുകളും ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് ഇരട്ടിപ്പുകളാണ് വോട്ടർ പട്ടികയിലുണ്ടയിരിക്കുന്നത്. നാദാപുരത്ത് അത് ആറായിരത്തിനും മുകളിലാണ്. ഇത് യഥാർത്ഥ ജനഹിതത്തെ അട്ടിമറിക്കുന്നതാണെന്നും ചെന്നിത്തല പറയുന്നു. ഏതായാലും തിരഞ്ഞെടുപ്പ് കമ്മീഷൻ വളരെ ഗൗരവത്തോടെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ കാണുന്നത്. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് വരുമ്പോൾ വിഷയത്തിന്റെ വ്യാപ്തിയും വ്യക്തമാകും
മറുനാടന് മലയാളി ബ്യൂറോ