കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 38,586 പേർക്കു മാത്രമാണ് ഇരട്ട വോട്ടു കണ്ടെത്തിയതെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ ഹൈക്കോടതിയിൽ. ഇവരുടെ വിശദാംശങ്ങൾ ബിഎൽഒമാർ പ്രിസൈഡിങ് ഓഫിസർക്കു കൈമാറുമെന്നും ഇരട്ട വോട്ടു തടയുമെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു. പോളിങ്ങിനു വരുന്ന പട്ടികയിൽ ഇവരുടെ പേര് പ്രത്യേകം അടയാളപ്പെടുത്തും. ഇരട്ടവോട്ടുള്ള വ്യക്തിയെ കയ്യിലെ മഷി ഉണങ്ങിയതിനു ശേഷം മാത്രമേ ബൂത്തിന് പുറത്തിറങ്ങാൻ സമ്മതിക്കുകയുള്ളൂവെന്നും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. ഒരേ പേരും ഒരേ മേൽവിലാസവുമുള്ളവർ നിരവധി ഉണ്ടാവുമെന്നും എന്നാൽ ഇവരെല്ലാം ഇരട്ടവോട്ടുള്ളവരല്ലെന്നും കമ്മീഷൻ വ്യക്തമാക്കി

ഇരട്ട വോട്ടു മരവിപ്പിക്കണമെന്ന, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും.നാല് ലക്ഷത്തിൽപ്പരം ഇരട്ടവോട്ടുകൾ ഉണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. അതിൽ നിന്ന് വ്യത്യസ്തമായ കണക്കാണ് കമ്മീഷൻ രേഖാമൂലം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഒരേ പേരും ഒരേ രക്ഷകർത്താക്കളുടെ പേരുമുള്ള നിരവധി പേർ സംസ്ഥാനത്തെ വോട്ടർപട്ടികയിലുണ്ടാവും. അതിനാൽ ഒരു സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പരിശോധിച്ചാൽ നിരവധി ഇരട്ടവോട്ടുകൾ കാണാനാവും. അതേസമയം യഥാർഥ പരിശോധനയിലേക്ക് കടന്നാൽ ഈ കണക്കുകൾ കുത്തനെ ഇടിയുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മണ്ഡലം മാറി ഇരട്ടവോട്ടുള്ളത് മൂന്ന് പേർക്ക് മാത്രമാണെന്നും കമ്മീഷൻ വ്യക്തമാക്കി.

ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയ 38,586 പേരുടേയും വീട്ടിലേക്ക് ബിഎൽഒമാർ നേരിട്ടെത്തും. വിവരങ്ങൾ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പോളിങ്ങിനുപയോഗിക്കുന്ന വോട്ടർപട്ടികയിൽ ഇത് രേഖപ്പെടുത്തി ഉദ്യോഗസ്ഥർക്ക് കൈമാറും. ഈ വോട്ടർ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തുമ്പോൾ പോളിങ് ഓഫീസർ ഇയാളെ പരിശോധിക്കും. വോട്ടറിൽ നിന്ന് ഒരു സത്യവാങ്മൂലം വാങ്ങിയതിനു ശേഷം മാത്രമാവും ഇയാളം വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുക. വോട്ടറുടെ ഫോട്ടോ എടുക്കും, ശേഷം കൈയിൽ മഷി പുരട്ടി അത് ഉണങ്ങിയതിനു ശേഷം മാത്രമാവും പോളിങ് ബൂത്തിൽ നിന്ന് പുറത്തേക്ക് പോകാൻ അനുവദിക്കുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ബൂത്ത് ലെവൽ ഓഫിസർമാരുടെ (ബിഎൽഒ) പരിശോധനയിലാണ് 38,586 ഇരട്ട വോട്ടുകൾ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങൾ പ്രിസൈഡിങ് ഓഫിസർമാർക്കു കൈമാറുന്നതോടെ ഇരട്ട വോട്ടു തടയാനാവും. തെരഞ്ഞെടുപ്പിന്റെ സംശുദ്ധി കാത്തുസൂക്ഷിക്കാൻ കമ്മിഷനു ബാധ്യതയുണ്ട്. നിഷ്പക്ഷമായി തെരഞ്ഞെടുപ്പു നടത്തുമെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു.

വോട്ടർപട്ടികയിൽ ഇനി മാറ്റം സാധ്യമല്ലെന്ന് കമ്മിഷൻ കോടതിയെ അറിയിച്ചു. ഇരട്ടവോട്ടുള്ളവർ ഒരു സ്ഥലത്തുമാത്രമേ വോട്ടു ചെയ്തിട്ടുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഇന്നലെ കമ്മിഷനു നിർദ്ദേശം നൽകിയിരുന്നു. ഇതിന് ആവശ്യമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കണം. വോട്ടർപട്ടികയിൽ ഒന്നിലധികം സ്ഥലത്ത് പേരുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണം. ജനാധിപത്യ പ്രക്രിയയിൽ ഒരു വോട്ട് മാത്രമേ ചെയ്യാവൂ എന്നത് അനിവാര്യമാണ്. ഒരാൾ ഒരു സ്ഥലത്തു നിന്നും മാറി മറ്റൊരു സ്ഥലത്ത് പേരു ചേർക്കുമ്പോൾ ആദ്യ സ്ഥലത്തെ പേര് റദ്ദാക്കാൻ മാർഗമില്ലേ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചോദിച്ചു.സംസ്ഥാനത്ത് നാലു ലക്ഷത്തി നാൽപ്പത്തി രണ്ടായിരത്തിലേറെ ഇരട്ട വോട്ടുകളുണ്ടെന്നാണ് രമേശ് ചെന്നിത്തല ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.