- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാമനിർദ്ദേശ പത്രിക ഓൺലൈനായി സമർപ്പിക്കാം; വീടുകൾ തോറുമുള്ള പ്രചാരണത്തിന് പരമാവധി അഞ്ചു പേർ മാത്രം; വോട്ടെടുപ്പിന് എല്ലാ വോട്ടർമാരും കയ്യുറ ധരിക്കണം; കോവിഡ് കാല തെരഞ്ഞെടുപ്പുകൾക്കായി മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: കോവിഡ് കാലത്ത് നടത്തുന്ന തെരഞ്ഞെടുപ്പുകൾക്കായി മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. നാമനിർദ്ദേശ പത്രിക ഓൺലൈനായി സമർപ്പിക്കാനുള്ള സൗകര്യം ഉൾപ്പെടെ അനുവദിച്ചുള്ളതാണ് പുതിയ തീരുമാനം. പ്രചരണം ഉൾപ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്. ബിഹാർ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ലക്ഷ്യം വച്ചാണ് വിശദമായ മാർഗ്ഗനിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിരിക്കുന്നത്.
പോസ്റ്റൽ ബാലറ്റിലേക്ക് മടങ്ങണമെന്ന ആവശ്യം കമ്മീഷൻ തള്ളിയെങ്കിലും കോവിഡ് സ്ഥിരീകരിച്ചവർക്കും നിരീക്ഷണത്തിലുള്ളവർക്കും അവശ്യസർവ്വീസിലുള്ളവർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം നൽകും. 80 വയസുകഴിഞ്ഞ എല്ലാവർക്കും പോസ്റ്റൽ ബാലറ്റ് നൽകും. വീട് വീടാന്തരമുള്ള പ്രചാരണത്തിന് സ്ഥാനാർത്ഥിക്കാപ്പം അഞ്ചുപേരെ അനുവദിക്കും. നാമനിർദ്ദേശ പത്രിക നൽകാനെത്തുമ്പോൾ സ്ഥാനാർത്ഥിക്കൊപ്പം രണ്ടുപേരേ പാടുള്ളു. ഓൺലൈനായി പത്രിക പൂരിപ്പിച്ച ശേഷം റിട്ടേണിങ് ഓഫീസർക്ക് മുന്നിൽ നിന്ന് പ്രിൻറ് എടുത്ത് നൽകണം. കെട്ടിവെക്കുന്ന തുക ഓൺലൈനായി അടക്കാം. വീടുകൾ കയറിയുള്ള പ്രചാരണത്തിൽ സ്ഥാനാർത്ഥിക്കൊപ്പം അഞ്ച് പേരെ പാടുള്ളു. റോഡ് ഷോകളിൽ ഓരോ അരമണിക്കൂറിലും അഞ്ച് വാഹനങ്ങൾ മാത്രം. പൊതുയോഗമോ റാലിയോ ജില്ലാ മജിസ്ട്രേറ്റ് നിശ്ചയിക്കുന്ന ഗ്രൗണ്ടുകളിൽ സാമൂഹിക അകലം പാലിച്ച് നടത്താം.
കോവിഡ് സ്ഥിരീകരിച്ചവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും അവശ്യ സർവ്വീസിലുള്ളവർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം ഒരുക്കും. ഒരു പോളിങ് ബൂത്തിൽ പരമാവധി ആയിരം വോട്ടർമാർ മാത്രമായി നിജപ്പെടുത്തും. രജിസ്റ്ററിൽ ഒപ്പിടാനും ഇവിഎമ്മിൽ വോട്ട് രേഖപ്പെടുത്താനും കയ്യുറ നൽകും. പനിയോ, ആരോഗ്യ പ്രശ്നങ്ങളോ ഉള്ളവർക്ക് അവസാന മണിക്കൂറിൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. പോളിങ്
ഉദ്യോഗസ്ഥർക്ക് പിപിഇ കിറ്റുകൾ വിതരണം ചെയ്യുമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
പൊതു മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ
- തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണം.
- വോട്ടിങ്ങിനായി സജ്ജീകരിച്ച മുറിയുടെ പ്രവേശനകവാടത്തിൽ സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ സ്ഥാപിക്കണം. എല്ലാവരേയും തെർമൽ സ്ക്രീനിങ്ങിന് വിധേയമാക്കണം.
- സാമൂഹിക അകലം നിർബന്ധം.
- വീടുകൾ തോറുമുള്ള പ്രചാരണത്തിന് പരമാവധി 5 പേർ മാത്രം.
- വോട്ടെടുപ്പിന് എല്ലാ വോട്ടർമാരും കയ്യുറ ധരിക്കണം.
- സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി വലിയ മുറികൾ വോട്ടിങ്ങിനായി സജ്ജമാക്കണം.
- പോളിങ് ഉദ്യോഗസ്ഥർ, സുരക്ഷാ ജീവനക്കാർ എന്നിവർക്കായി ആവശ്യത്തിന് വാഹനങ്ങൾ ഉറപ്പാക്കണം.
- എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും നിയമസഭാമണ്ഡലങ്ങളിലും ഓരോ നോഡൽ ഓഫീസർമാരെ നിയമിക്കണം. ഇവർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകും.
- നാമനിർദ്ദേശ പത്രികയും സത്യവാങ്ങമൂലവും ഓൺലൈനായും ലഭ്യമാണ്. പത്രിക ഓൺലൈനായി സമർപ്പിക്കുകയോ ഇതിന്റെ പ്രിന്റ് ഔട്ട് കോപ്പി എടുത്ത് റിട്ടേണിങ്ങ് ഓഫീസർക്ക് നൽകുകയോ ചെയ്യാം.
- കെട്ടിവെക്കാനുള്ള തുക ഓൺലൈനായും നേരിട്ടും അടയ്ക്കാം.
- നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ആൾക്കൊപ്പം പരമാവധി രണ്ട് പേർക്ക് റിട്ടേണിങ്ങ് ഓഫീസറുടെ മുന്നിലെത്താം.
- തപാൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഭിന്നശേഷിക്കാർ, 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ, കോവിഡ് നിരീക്ഷണത്തിലുള്ളവർ, അവശ്യസർവീസുകളിൽ ജോലി ചെയ്യുന്നവർ എന്നിവർക്കും ലഭിക്കും.
മറുനാടന് ഡെസ്ക്