ചെന്നൈ: ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന നാടകീയ രംഗങ്ങൾക്കും ക്ലൈമാക്‌സിനും ശേഷം ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ നടൻ വിശാൽ സമർപ്പിച്ച നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും തള്ളി. ഇന്നലെ രാത്രി വൈകിയാണ് രണ്ടാമതും ഫയലിൽ സ്വീകരിച്ച വിശാലിന്റെ നാമ നിർദ്ദേശ പത്രിക കമ്മീഷൻ വീണ്ടും തള്ളിയത്. തന്റെ പത്രിക കമ്മീഷൻ സ്വീകരിച്ചതായി വിശാൽ പറഞ്ഞ് മണിക്കൂറുകൾകം തന്നെ നാമനിർദ്ദേശ പത്രിക തള്ളിയതായി ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കുകയായിരുന്നു. ഡിസംബർ 21നാണ് ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്.

അതേസമയം തന്റെ നാമനിർദ്ദേശ പത്രിക ആദ്യം ഫയലിൽ സ്വീകരിക്കുകയും പിന്നീട് തള്ളുകയും ചെയ്തത് വളരെ ഏറെ സങ്കടകരമാണെന്ന് വിശാൽ പറഞ്ഞു. ജനാധിപത്യം അതിന്റെ ഏറ്റവും താഴ്ന്ന അവസ്ഥയിലാണെന്നാണ് വിശാൽ പ്രതികരിച്ചത്. ആദ്യം എന്റെ കയ്യിൽ നിന്ന് നോമിനേഷൻ സ്വീകരിക്കുകയും താൻ അവിടം വിട്ടതിന് പിന്നാലെ നോമിനേഷൻ തള്ളുകയും ചെയ്ത നടപടി വളരെ ഏറെ ദുഃഖകരമാണെന്നും വിശാൽ ട്വിറ്ററിൽ കുറിച്ചു.

അതിനും മണിക്കൂറുകൾക്ക് മുമ്പ് ട്വീറ്ററിൽ താരം കുറിച്ചത് ആർകെ നഗർ തിരഞ്ഞെടുപ്പിലേക്കുള്ള തന്റെ നോിനേഷൻ സ്വീകരിച്ചു എന്നായിരുന്നു. സത്യം എല്ലായ്‌പോഴും വിജയിക്കുമെന്നും താരം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നോമിനേഷൻ തള്ളിയതായി പുതിയ ട്വീറ്റ് വന്നത്. നാമനിർദ്ദേശ പത്രികയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച വൈകുന്നേരമാണ് വിശാലിന്റെ നോമിനേഷൻ തള്ളിയതായ വിവരം പുറത്തു വരുന്നത്. ഇതിന് പിന്നാലെ ആർകെ നഗർ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിലെത്തിയ വിശാലും അനുയായികളും അവിടെ കുത്തിയിരുന്നു പ്രതിഷേധിച്ചു.

മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞും ക്ഷോഭിച്ചുമാണ് വിശാൽ എത്തിയത്. പിന്നാലെ പൊലീസ് എത്തി വിശാലിനെ കസ്റ്റഡിയിൽ എടുത്തു. പിന്നാലെ വിശാലിന്റെ നോമിനേഷൻ സ്വീകരിച്ചതായും വാർത്തവന്നു. ഇതിന് പിന്നാലെ വിശാൽ ഓഫിസ് പരിസരത്ത് നിന്നും പോകുകയും ചെയ്തു. വിശാൽ പോയി മണിക്കൂറുകൾക്കകം നാമ നിർദ്ദേശ പത്രിക തള്ളിയതായ വാർത്ത പിന്നെയും പുറത്ത് വരികയായിരുന്നു.

വിശാലിന്റെ നാമനിർദ്ദേശ പത്രികയ്ക്ക് പുറമേ ജയലളിതയുടെ സഹോദരി പുത്രി ദീപാ ജയകുമാറിന്റെ നോമിനേഷനും കമ്മീഷൻ തള്ളിയിരുന്നു. അതേസമയം നിരവധി വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ദീപയുടെ പത്രിക തിരഞ്ഞെടുപ്പ് കമ്മീൻ തള്ളിയത്. ജയലളിതയുടെ മരണത്തെ തുടർന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ദീപ 'എം.ജി.ആർ അമ്മ ദീപ പേരവൈ' എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. ജയലളിതയുടെ യഥാർഥ പിന്മാഗി താനാണെന്നും അവർ പ്രതിനിധീകരിച്ച ആർ.കെ നഗറിൽ മത്സരിച്ച് വിജയിക്കുമെന്നും ദീപ പറഞ്ഞിരുന്നു. ഡിസംബർ 21നാണ് ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദ്ദേശ പത്രികയിൽ ദീപയുടെ സ്വത്ത് വിവരം രേഖപ്പെടുത്താത്തതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളിയതെന്നാണ് വിവരം.

മണ്ഡലത്തിൽ നിന്നും ഡിഎംകെ, എഐഎഡിഎംകെ, ടി ടി വി ദിവകർ എന്നിവർക്കൊപ്പം മത്സര രംഗത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് വിശാൽ തയ്യാറെടുത്തത്. സിനിമാ മേഖലയിൽ സ്വതന്ത്രമായി ധീര നിലപാടുകളെടുത്ത് പുതിയ സംഘടന രൂപീകരിച്ച താരമാണ് വിശാൽ. നിലവിൽ അഭിനേതാക്കളുടെയും നിർമ്മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയാണ്.

ജയലളിതയുടെ മരണത്തെ തുടർന്ന് ഏപ്രിൽ 12ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യാപകമായി പണം ഒഴുക്കുന്നു എന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്ന് അത് മാറ്റുകയായിരുന്നു.