- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് പിരിവ് നടത്തിയത്; പിരിഞ്ഞു കിട്ടിയ 80,000 രൂപ ഫണ്ട് കൈകാര്യം ചെയ്ത ഭാരവാഹികളെ ഏൽപ്പിച്ചിട്ടുണ്ട്; സ്ഥാനാർത്ഥി പ്രചരണത്തിനെത്തിയത് രാവിലെ പത്തിന് ശേഷം; സന്ധ്യ കഴിഞ്ഞാൽ എവിടെ ആയിരിക്കുമെന്ന് ആർക്കും അറിയില്ല താനും; ധർമ്മജൻ ബോൾഗാട്ടിക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ
കോഴിക്കോട്: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന ധർമ്മജൻ ബോൾഗാട്ടി തെരഞ്ഞെടുപ്പ് നടത്തിപ്പുമായ് ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കപ്പെട്ടത് മൂലമുള്ളതുമാണെന്ന് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജന. കൺവീനർ ഗിരീഷ് മൊടക്കല്ലൂർ വ്യക്തമാക്കി.
സ്ഥാനാർത്ഥികൾ സ്വന്തം നിലയിൽ പ്രചാരണത്തിന് തുക ചെലവഴിക്കാൻ സാധിക്കാതെ വരികയും ഫണ്ടിന്റെ അപര്യാപ്ത ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി സംഭാവന സ്വീകരിക്കുന്നത് സർവ്വസാധാരണമാണ്. ബാലുശ്ശേരിയിൽ അത്തരമൊരു സാഹചര്യം ഉണ്ടാവുകയും പ്രചാരണ പ്രവർത്തനം കാര്യക്ഷമമായ് മുന്നോട്ടുപോകുന്നില്ലെന്ന് വരികയും ചെയ്ത ഘട്ടത്തിലാണ് സ്ഥാനാർത്ഥിയുടെ അനുമതിയോടുകൂടി ചുരുക്കം ചില പ്രധാന വ്യക്തികളിൽ നിന്ന് സംഭാവന സ്വീകരിക്കാൻ തീരുമാനിച്ചത്. അതെല്ലാം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അറിവിലും ഔദ്യോഗിക രസീതും ഉപയോഗിച്ചാണ്. ഇത്തരത്തിൽ 80,000 രൂപ മാത്രമാണ് സംഭാവനയായി ലഭിച്ചിട്ടുള്ളത്. ഈ തുക ധർമ്മജന്റെ തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്ത ഡിസിസി ഭാരവാഹിയെയും, കെ പി സി സി എക്സിക്യുട്ടീവ് മെമ്പറെയും ഏൽപ്പിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ സാമ്പത്തിക കാര്യങ്ങളും മേൽസൂചിപ്പിച്ച രണ്ട് നേതാക്കൾ മാത്രമാണ് കൈകാര്യം ചെയ്തിട്ടുള്ളത്. സാമ്പത്തിക കാര്യങ്ങൾ ഒന്നും തിരഞ്ഞെടുപ്പ് കമ്മറ്റിയെ അറിയിക്കാറില്ല. ഇത് സംബന്ധിച്ചു യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി മേൽ ഘടകത്തെ നേരത്തെ തന്നെ പരാതി അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ചെലവാക്കിയ തുകയുടെ കണക്കുകൾ കമ്മറ്റി മുൻപാകെ അവതരിപ്പിക്കാൻ മേൽ സൂചിപ്പിച്ച നേതാക്കൾ ഇതുവരെ തയ്യാറായിട്ടില്ല. ഇതു സംബന്ധിച്ച് അന്വേഷണത്തിന് കെ പി സി സി ക്ക് പരാതി നൽകിയിട്ടുണ്ട്. മുൻപ് മത്സരിച്ച ഒരു യു ഡി എഫ് സ്ഥാനാർത്ഥിയും ധർമ്മജനെ പോലെ വൻ പരാജയം ഏറ്റുവാങ്ങിയിട്ടില്ല. ഒരു സ്ഥാനാർത്ഥി എന്ന നിലക്ക് ധർമ്മജൻ വൻ പരാജയമായിരുന്നുവെന്നും ഗിരീഷ് വ്യക്തമാക്കി.
കാലത്ത് ആറുമണിക്ക് കോളനി സന്ദർശനം, കമ്മറ്റി നൽകിയ പരിപടിയായിരുന്നുവെങ്കിലും ഒരു ദിവസം പോലും സ്ഥാനാർത്ഥി അതിന് തയ്യാറായിട്ടില്ല. ഒന്നാം ഘട്ട സ്ഥാനാർത്ഥി പര്യടനം കമ്മറ്റിയുടെ അറിവിലോ, നിയന്ത്രണത്തിലോ അല്ല നടന്നിട്ടുള്ളത്. രണ്ടാം ഘട്ട പര്യടനം വേണ്ട എന്ന് തീരുമാനിച്ചത് മേൽ സൂചിപ്പിച്ച കെ പി സി. സി എക്സിക്യുട്ടീവ് മെമ്പറും, ഡിസിസി ഭാരവാഹിയും ഉൾപ്പെടുന്ന കമ്മറ്റിയാണ്. ജില്ലയിൽ രണ്ടോ മൂന്നോ പരിപാടികളിൽ മാത്രം പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
പരമാവധി കുടുംബസംഗമങ്ങൾ സംഘടിപ്പിച്ച് സ്ഥാനാർത്ഥിയെ എത്തിക്കുക എന്നതാണ് കമ്മറ്റി തീരുമാനിച്ചതും നടപ്പാക്കിയതും. പ്രസ്തുത പരിപാടികളിൽ എംപി ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ പങ്കെടുത്തിട്ടുണ്ട്. സന്ധ്യക്ക് ശേഷം സ്ഥാനാർത്ഥി എവിടെയയിരുന്നുവെന്ന് ഒരാൾക്ക് പോലും അറിയില്ല. രാവിലെ പത്ത് മണിക്ക് ശേഷമാണ് സ്ഥാനാർത്ഥി പ്രത്യക്ഷപ്പെടാറുള്ളത്. വോട്ടെണ്ണൽ ദിവസം സ്ഥാനാർത്ഥി വന്നതേയില്ല എന്ന് മാത്രമല്ല തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് ഉണ്ണികുളത്ത് സിപിഎം അഴിച്ചുവിട്ട അക്രമങ്ങളിലും, ഓഫീസ് തീ വെപ്പിലും, നിരവധി യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേൽക്കുകയും, അവരെ കള്ളക്കേസുകളിൽ പ്രതികളാവുകയും ചെയ്തിട്ടുണ്ട്. സ്ഥാനാർത്ഥിയായിരുന്ന ധർമ്മജൻ ഇതുവരെ അവിടം സന്ദർശിക്കാൻ തയ്യാറായിട്ടില്ല. ആത്മാർത്ഥമായി പ്രവർത്തിച്ച ബാലുശ്ശേരിയിലെ യു.ഡി.എഫ് പ്രവർത്തകരോട് ധർമ്മജൻ തീർത്തും നന്ദികേടാണ് ഇപ്പോൾ കാണിക്കുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് രണ്ട് മാസം മുൻപ് തന്നെ ധർമ്മജനെ സ്ഥാനാർത്ഥി വേഷം കെട്ടി ബാലുശ്ശേരിയിൽ അവതരിപ്പിച്ചത് മേൽ സൂചിപ്പിച്ച കെപിസിസി എക്സിക്യുട്ടീവ് മെമ്പറും, ഡി.സി.സി ജന. സെക്രട്ടറിയുമാണ്. ബാലുശ്ശേരിയിൽ തന്നെ ജനങ്ങളുമായി ബന്ധമുള്ള എത്രയോ പേർ സ്ഥാനാർത്ഥികളാവാൻ യോഗ്യരായിരുന്നു. എന്നിട്ടും ധർമ്മജനെ സ്ഥാനാർത്ഥിയാക്കിയതിലുള്ള താത്പര്യം ദുരൂഹമാണ്.
വ്യക്തിതാത്പര്യങ്ങളുള്ള ചില ആളുകളുടെ പ്രേരണയിൽ ധർമ്മജൻ യാഥാർത്ഥ്യം മനസ്സിലാക്കാതെയാണ് പരാതി നൽകിയത്. എല്ലാ രേഖകളും കയ്യിലുള്ളതിനാൽ കെ പി സി സി ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു. ജനമധ്യത്തിൽ പ്രവർത്തിക്കുന്ന നേതാക്കളെ കേട്ടുകേൾവിയുടെയും അപവാദ പ്രചാരണത്തിന്റെയും അടിസ്ഥാനത്തിൽ അവഹേളിക്കാൻ ശ്രമിക്കുന്നത് അപലപനീയമാണ്. മറ്റുള്ളവരുടെ കയ്യിലെ ചട്ടുകമായി ധർമ്മജൻ മാറരുതെന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജന. കൺവീനർ
ഗിരീഷ് മൊടക്കല്ലൂർ വ്യക്തമാക്കി.
തന്റെ പരാജയത്തിന് പ്രധാന ഉത്തരവാദികൾ തെരഞ്ഞെടുപ്പ് കമ്മിറ്റി ജന. കൺവീനറും ഒരു കെ പി സി സി സെക്രട്ടറിയുമാണെന്ന് ധർമ്മജൻ ആരോപിച്ചിരുന്നു. തന്റെ പേരിൽ പണപ്പിരിവ് നടത്തി പണം തട്ടിയെടുത്തു എന്നുൾപെടെയുള്ള ധർമ്മജന്റെ ആരോപണങ്ങൾക്കാണ് കൺവീനർ മറുപടി നൽകിയിരിക്കുന്നത്.