ഹൂസ്റ്റൺ: ഇന്തോ അമേരിക്കൻ കമ്യൂണിറ്റിയിലെ സാംസ്‌കാരിക രാഷ്ട്രീയ മാദ്ധ്യമ നേതാക്കളെ ഒരു കുടക്കീഴിൽ അണിനിരത്തി ആസന്നമായിരിക്കുന്ന യുഎസ് പ്രസിഡന്റ് ഇലക്ഷൻ സംബന്ധിച്ച് നടത്തപ്പെടുന്ന ഡിബേറ്റ് സംഘടിപ്പിക്കുന്നു.

മൂന്നൂറിൽപരം നേതാക്കന്മാർ ഒരുമിച്ചുകൂടി ഗൗരവമായി തെരഞ്ഞെടുപ്പു ചർച്ചകളിൽ സജീവമാകുമ്പോൾ ഇന്ത്യൻ സമൂഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടും ചിന്തകളും തദ്ദേശീയരുമായി പങ്കിടാനുള്ള വേദിയായി ഈ സംവാദത്തെ മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ ആതിഥേയത്വം വഹിക്കുന്ന ഡിബേറ്റ് 11നു (ഞായർ) വൈകുന്നേരം അഞ്ചു മുതൽ 8.30 വരെ സ്റ്റാഫോർഡ് സിവിക് സെന്ററിലാണ് നടക്കുക.

ഹൂസ്റ്റൺ ക്ലബ് പ്രസിഡന്റ് മൈക്ക് ഒനീൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സെലിബ്രിറ്റി സിംഗർ ഗ്രാഡി ലോംഗിന്റെ പ്രാരംഭ ഗാനത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ ഐഎപിസി (IAPC) ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജേക്കബ് ഈശോ, ചെയർമാൻ ജിൻസ് മോൻ സഖറിയ എന്നിവർ പ്രസംഗിക്കും.

ഇന്തോ അമേരിക്കൻ ടിവി, റേഡിയോ, പത്രമാദ്ധ്യമ രംഗത്ത് ഹൂസ്റ്റണിൽ പ്രവർത്തിക്കുന്ന 30 ൽ പരം മാദ്ധ്യമ പ്രവർത്തകരെയും സാഹിത്യ നായകരെയും സ്റ്റാഫോർഡ് സിറ്റി കൗൺസിൽ പ്രോടൈം മേയർ കെൻ മാത്യു സദസിനു പരിചയപ്പെടുത്തും.

റോജൻ ജേക്കബ് ഈശോ അമേരിക്കൻ ദേശീയ ഗാനം ആലപിക്കും.തുടർന്നു ജഡ്ജ് ജോ ക്ലൗസർ സന്ദേശം നൽകും. സംഘടനയുടെ നാഷനൽ കമ്മറ്റി അംഗം സിറിയക്ക് സ്‌കറിയ 'മുഖ്യധാരയിലേക്കുള്ള വഴി' എന്ന വിഷയത്തിൽ പ്രസംഗിക്കും. 6.30 ന് ആവേശത്തിന്റെ അലയടികളുമായി യുഎസ് ഇലക്ഷൻ ഡിബേറ്റിന് തുടക്കം കുറിക്കും.

റിപ്പബ്ലിക്ക് വിഭാഗത്തെ പ്രതിനിധീകരിച്ച് ലെൻ സ്യാൻസൺ (ഡൊണാൾഡ് ട്രംപിന്റെ അഡൈ്വസർ) ഡോ. നിക്ക് നികാം നികാം റേഡിയോ) ഡോ. രമേശ് ചെറി വിരള, സംഗീത ഭുവ കടാരിയ (ഹോസ്റ്റ്, ടിവി ഹൂസ്റ്റൻ) എന്നിവർ അണിനിരക്കുമ്പോൾ സ്റ്റേറ്റ് റപ്രസന്റേറ്റീവ് റോൺ റെയ്‌നോൾഡ്, അറ്റോർണി ചാൾസ് ഫോസ്റ്റർ (ഹില്ലരി ക്ലിന്റന്റെ അഡൈ്വസർ) അറ്റോർണി ജോർജ് വില്ലി, അമീ പട്ടേൽ (മാർക്കറ്റിങ് സ്‌പെഷലിസ്റ്റ്) ജവഹർ മൽഹോത്ര (പബ്ലീഷർ, ഇന്തോ അമേരിക്കൻ ന്യൂസ്) എന്നിവർ ഡമോക്രാറ്റിക് വിഭാഗത്തെ നയിക്കും.

ഒപ്പീനിയൻ വോട്ടും നന്ദി പ്രകാശനവും ഐഎപിസി ഡയറക്ടർ ബോർഡംഗം ബാബു യേശുദാസ് നിർവഹിക്കും. ഗ്രാസി ലോംഗിന്റെ 'ഗോഡ് ബ്ലസ് അമേരിക്ക' ഗാനത്തോടെ ചടങ്ങുകൾക്ക് തിരശീല വീഴും.

വിവരങ്ങൾക്ക്: ഈശോ ജേക്കബ് 832 771 7646, ജോസഫ് പൊന്നോലി 832 356 7142