നിയമസഭ ഇലക്ഷന് മുന്നോടിയായി പ്രശസ്ത എഴുത്തുകാരനും ഐക്യരാഷ്ട്ര സഭ ദുരന്തനിവാരണ വിഭാഗം തലവനുമായ മുരളി തുമ്മാരുകുടി മറുനാടനിലൂടെ നടത്തുന്ന സ്വതന്ത്രചിന്തകളുടെ അവസാന ഭാഗമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ലോക സഞ്ചാരിയായ ലേഖകന്റെ അസാധാരണമായ ചിന്തകൾ ഇന്ത്യൻ ജനാധിപത്യത്തിൽ ഒരു പൊളിച്ചെഴുത്തിന് തുടക്കം ആവുമോ? വായനക്കാരുടെ പ്രതികരണങ്ങൾ കമന്റ് ബോക്‌സിൽ രേഖപ്പെടുത്താൻ മറക്കരുത് - എഡിറ്റർ

തിരഞ്ഞെടുപ്പ് രീതിയിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിലും ഒക്കെ ഉള്ള ചില നിർദ്ദേശങ്ങൾ ആണ് ഇന്നലെ പറഞ്ഞത്. ഇന്ന് അല്പം കൂടി കടന്നു ജനപ്രതിനിധി സഭയുടെ എണ്ണവും വണ്ണവും കൂട്ടുന്നതിനെ പറ്റിയും മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിനെ പറ്റിയും ഒക്കെ ആണ് നിർദ്ദേശങ്ങൾ.

ചെറുപ്പമാകുന്ന സമൂഹം നര കയറുന്ന സഭ

കേരള നിയമസഭയുടെ ശരാശരി പ്രായവും കേരളത്തിലെ വോട്ടർമാരുടെ ശരാശരി പ്രായവും തമ്മിലുള്ള ദൂരം ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും കൂടി വരികയാണ്. ഇപ്പോൾ നമ്മൾ കാണുന്ന നേതൃത്വവും ഇനി നേതൃത്വം ഏറ്റെടുക്കാൻ റെഡി ആയി നിലക്കുന്നവരും എല്ലാം അറുപതു കഴിഞ്ഞ തലമുറയിലേതാണ്. ഫ്‌ലാഷ് മോബും ലൈക്കും ഒക്കെ ആയി പുതിയ തലമുറ ആശയങ്ങൾ കൈമാറുമ്പോൾ മൈതാനപ്രസംഗവും കയ്യാങ്കളിയും ആയി നിയമസഭ മാറുന്നത് ഈ വ്യത്യാസം കാരണമാണ്.

അടുത്തയിടെ ലോകം കണ്ട ഏറ്റവും പുരോഗമനപരമായ മന്ത്രിസഭ കാനഡയിലെ ആണ്. 30 മന്ത്രിമാരിൽ 50 ശതമാനം സ്ത്രീകൾ ആണ്, പ്രധാന മന്ത്രിയുടെ പ്രായം 44. മന്ത്രിസഭയുടെ ശരാശരി പ്രായം 51. ഇന്ത്യയിലെ ഇപ്പോഴത്തെ മന്ത്രിസഭയുടെ ശരാശരി പ്രായം 60 വയസ്സാണ്. കേരളത്തിലെ വിവരം ആരും തന്നെ സംഘടിപ്പിച്ചു വച്ചിട്ടില്ലെങ്കിലും അൻപതിനു മുകളിൽ ആണെന്ന് ഉറപ്പായും പറയാം. ലോകത്തിലെ വൻ ശക്തികൾ ആയ അമേരിക്കയും റഷ്യയും ഒക്കെ തന്നെ നാല്പതിനും അൻപതിനും ഇടക്കുള്ളവർ നേതൃത്വം നല്കിയിട്ടും പുരോഗമിച്ചതേ ഉള്ളൂ, അപ്പോൾ വെറും ഒരു സംസ്ഥാനം ആയ നമ്മുടെ നാട് ചെറുപ്പക്കാർ ഭരിച്ചാലും വലിയ കുഴപ്പം ഒന്നും സംഭവിക്കില്ല. ഇത് നാൽപതു വർഷം മുൻപ് എ കെ ആന്റണി തെളിയിച്ചതും ആണ്.

നമ്മുടെ വോട്ടർമാരുടെ ശരാശരി പ്രായവും ജനപ്രതിനിധികളുടെ പ്രായവും ഏതാണ്ട് ഒരുമിച്ച് നില്ക്കുന്ന നിയമസഭയാണെന്റെ സ്വപ്നം.

മുതിർന്നവരുടെ സഭ:

ത്തും പന്ത്രണ്ടും പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടവരും നാല്പതും അൻപതും വർഷമായി എംഎൽഎമാരായിരിക്കുന്നവരും നമുക്ക് ഉണ്ട്. കൂടുതൽ പ്രാവശ്യം ജനങ്ങൾ തെരഞ്ഞെടുത്തു എന്നത് ഒരു ദോഷമായി പറയുന്നത് ശരിയല്ല. നാല്പതു വർഷം പരിചയമുള്ളവരുടെ നിയമനിർമ്മാണത്തിലെ അനുഭവസമ്പത്ത് ഉപയോഗിക്കാതിരിക്കുന്നതും തീർത്തും ശരിയല്ല. എന്നാൽ 180 ലക്ഷം വോട്ടർമാരും വെറും നൂറ്റിനാല്പത് ജനപ്രതിനിധികളും ഉള്ള നാട്ടിൽ കുറെ പേർ എംഎൽഎസ്ഥാനം കുത്തകയായി വച്ചുകൊണ്ടിരിക്കുന്നത് പുതിയ ആശയങ്ങൾ വരുന്നതിനെ തടയും.

ഇരുപതു വർഷം ജനപ്രതിനിധി ആയിരുന്നിട്ടുള്ളവർക്ക് 100% പെൻഷൻ കൊടുക്കുകയും അവർക്കുവേണ്ടി മുതിർന്നവരുടെ ഒരു സഭ ഉണ്ടാക്കുകയും ചെയ്യാം. ഇതിലെ അംഗത്വം പരിമിതപ്പെടുത്തിയതല്ല, ആജീവനാന്തം ആവുകയും ആക്കാം. ഇംഗ്ലണ്ടിലെ ഉപരിസഭ ആയ ഹൗസ് ഓഫ് ലോർഡ്‌സ് ഒക്കെ ഇങ്ങനെ പരിമിതപ്പെടുത്താത്ത അംഗ സംഖ്യ ഉള്ളതാണല്ലോ. പുതിയ നിയമ നിർമ്മാണം തുടങ്ങി വക്കാനും ഏതു നിയമനിർമ്മാണത്തിലും അഭിപ്രായം പറയാനും ഉള്ള അവസരം മുതിർന്നവർക്ക് ഉണ്ടാകണം, അതേ സമയം തിരഞ്ഞെടുത്തവർ ഉണ്ടാക്കുന്ന നിയമവും പരിഷ്‌കാരങ്ങളും ഉടക്കാൻ അവകാശം ഉണ്ടാവാനും പാടില്ല. നമ്മുടെ അയൽ സംസ്ഥാനം ആയ കർണാടകയിൽ ഉൾപ്പടെ ഏഴ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ തന്നെ ഉപരി സഭകൾ (വിധാൻ പരിഷത്ത്) ഉണ്ട്. നമുക്കും ഒന്ന് ആകവുന്നതേ ഉള്ളൂ.

നമ്മുടെ മുതിർന്ന നേതാക്കൾ, അവർ ഏതു പാർട്ടിയാണെങ്കിലും നമുക്ക് മാർഗ്ഗദർശികളായി എക്കാലവും കൂടെയുണ്ടാകുന്ന ജനാധിപത്യം ആണെന്റെ സ്വപ്നം.

വളരുന്ന ജനം വളരാത്ത സഭ:

ർമ്മവച്ച കാലം മുതൽ കേരളത്തിൽ 130 നു മുകളിൽ എംഎൽഎമാർ ആണ്. കേരളത്തിലെ ജനങ്ങളുടെ എണ്ണം ഇതിനിടക്ക് ഇരട്ടിച്ചു കാണണം. അപ്പോൾ ഓരോ നിയോജക മണ്ഡലത്തിലേയും വോട്ടർമാരുടെ എണ്ണം കൂടുന്നു. ജനങ്ങളും ജനപ്രതിനിധികളും തമ്മിലുള്ള ദൂരവും.

18 ദശ ലക്ഷം വോട്ടർമാരുള്ള കേരളത്തിൽ ഇപ്പോഴും 140 എംഎൽഎമാർ ആണ്, അതായത് ശരാശരി ഒരു മണ്ഡലത്തിൽ 1.2 ലക്ഷം വോട്ടർമാരിൽ കൂടുതൽ. 45 ദശ ലക്ഷം വോട്ടർമാരുള്ള ബ്രിട്ടീഷ് പാർലിമെന്റിൽ 650 അംഗങ്ങളും (ഒരു എം പി ക്ക് 69,000 വോട്ടർമാർ), ഇരുപത്തി നാല് ലക്ഷം വോട്ടർമാർ ഉള്ള സിംഗപ്പൂരിൽ 89 എം പി മാരും (ഒരു എം പിക്ക് 27,000 വോട്ടർമാർ) ആണ്. നമ്മുടെ നാട്ടിലെ എം പി മാരുടെ കാര്യം പറയേണ്ടല്ലോ, ശരാശരി പത്തു ലക്ഷം വോട്ടർമാർ എങ്കിലും ഉണ്ട് ഓരോ എംപിക്കും.

നമ്മുടെ പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എത്ര കുറച്ച് അവസരങ്ങൾ ആണ് ഉള്ളതെന്ന് നാം മനസ്സില്ലക്കുന്നുകൂടി ഇല്ല. ഓരോ മണ്ഡലത്തിലും വോട്ടര്മാരുടെ എണ്ണം കൂടി വരുമ്പോൾ വ്യകതിപരമായ കഴിവിനുപരി പാർട്ടി ജാതി സമവാക്യങ്ങൾ ശരിയായാലേ തിരഞ്ഞെടുക്കപ്പെടൂ എന്ന് വരും. അതാണ് ഈ വൻ മണ്ഡലങ്ങൾ ഉണ്ടാക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി.

കേരളത്തിലെ ഓരോ അൻപതിനായിരം ജനങ്ങൾക്കും ഒരു ജനപ്രതിനിധി എങ്കിലും ഉള്ള ജനാധിപത്യം ആണെന്റെ സ്വപ്നം.

ഭാരിച്ച ജോലി, ന്യായമായ ശമ്പളം:

കേരളത്തിലെ കശുവണ്ടി ആണെങ്കിലും കമ്പ്യൂട്ടർ എൻജിനീയർ ആണെങ്കിലും ഏറ്റവും നല്ലതെല്ലാം മറുനാട്ടിലേക്ക് പോകുന്നു എന്നത് ഒരു യാഥാർത്ഥ്യം ആണ്. കഴിവിനും ഗുണത്തിനും അനുസരിച്ചുള്ള പ്രതിഫലം കിട്ടും എന്നത് തന്നെ കാര്യം. കപ്പലണ്ടി കൂലി കൊടുത്താൽ കുരങ്ങിനെ ആണ് ജോലിക്ക് കിട്ടുക എന്നത് ഇംഗ്ലീഷിൽ പ്രശസ്തമായ ചൊല്ലാണ് (if you give peanuts, you get monkeys).

ആഴ്ചയിൽ ഒരു ദിവസം പോലും അവധിയില്ലാത്തതും, ദിവസം ചുരുങ്ങിയത് പന്ത്രണ്ടു മണിക്കൂർ എങ്കിലും ജോലി ചെയ്യേണ്ടതും ആയ ജോലിയാണ് എംഎൽഎമാരുടേത്. കൂടാതെ ഒരു സമൂഹത്തിന്റെ മൊത്തം ഭാവി അവരുടെ കയ്യിലാണ്. ഇത്ര ഭാരിച്ച ഉത്തരവാദിത്തം ഉള്ളവർക്ക് ന്യായമായ ശമ്പളം കൊടുക്കുന്നതിൽ ഒരു പിശുക്കും കാണിക്കേണ്ടതില്ല.

കേരളത്തിലെ ജന പ്രതിനിധികളുടെ ശമ്പളം കേരളത്തിലെ പോലും മറ്റു പ്രോഫഷനലുകളുടെ ശമ്പളവും ആയി തട്ടിച്ചു നോക്കുമ്പോൾ ഏറെ കുറവാണ്. അതുകൊണ്ടുതന്നെ ഏറ്റവും മിടുക്കരായ മലയാളികളെ ഈ രംഗത്തേക്ക് കൊണ്ടുവരാൻ നമുക്ക് കഴിയുന്നില്ല. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന ഡോക്ടർമാർ, എഞ്ചിനിയർമാർ, ഐടി പ്രൊഫഷണൽ, മാനേജ്‌മെന്റ് വിദഗ്ദ്ധർ എന്നിവരുടെ ശരാശരി ശമ്പളത്തിന്റെ അത്രയും എങ്കിലും ആയിരിക്കണം നമ്മുടെ ജനപ്രതിനിധികളുടെ ശമ്പളം. അപ്പോഴേ നമ്മുടെ ബെസ്റ്റ് ബ്രെയിന്‌സ് ഇവിടെ നില്ക്കുകയും ഈ രംഗത്തേക്ക് വരികയും ചെയ്യുകയുള്ളൂ, അവരിൽ ആണ് നമ്മുടെ ഭാവി.

ജനപ്രതിനിധികൾക്ക് ന്യായമായ വരുമാനം കിട്ടുന്ന ജനാധിപത്യമാണെന്റെ സ്വപ്നം.

എംഎൽഎ ആകാത്ത മന്ത്രി:

ലെജിസ്ലേച്ചർ, എക്‌സിക്യൂട്ടീവ്, ജൂഡിഷ്യറി എന്നിങ്ങനെ മൂന്നു അടിസ്ഥാനഘടകങ്ങൾ ആണ് ജനാധിപത്യത്തിൽ ഉള്ളത് എന്നാണ് പൊതുവെ പറയുക. എംഎൽഎ മാരെ തെരഞ്ഞെടുക്കുന്നത് നിയമനിർമ്മാണ സഭയിലേക്കാണ്. പക്ഷെ, നമ്മുടെ സംവിധാനത്തിൽ മന്ത്രി ആകുന്നവർ നിർബന്ധമായും എംഎൽഎ മാർ ആകണം.

മന്ത്രി എന്നത് എക്‌സിക്യൂട്ടീവിന്റെ ഭാഗം ആണ്, ഭരണ നിർവഹണം ആണ് അവരുടെ പ്രധാന ജോലി. ഭരണം നയിക്കാൻ ഉള്ള കഴിവും നിയമം നിർമ്മിക്കാനുള്ള കഴിവും രണ്ടാണ്. എംഎൽഎ ആകുന്നവർക്കേ ജ!ഡ്ജിയാകാൻ പറ്റൂ എന്നു പറയുന്നതു പോലെയുള്ള മണ്ടത്തരം ആണ് എംഎൽഎമാർക്കേ മന്ത്രിയാകാൻ പറ്റൂ എന്നു പറയുന്നത്. കൂടാതെ എക്‌സിക്യൂട്ടീവിനെ നിലക്കുനിർത്തേണ്ട നിയമസഭയിൽ എക്‌സിക്യൂട്ടീവിലെ പ്രതിനിധി അംഗമായിരിക്കുന്നത് താല്പര്യ സംഘർഷം (conflict of interest) കൂടിയല്ലേ ?.

എം എൽ എ മാർ മാത്രം മന്ത്രിയാകുന്നതിൽ പല കുഴപ്പങ്ങൾ ഉണ്ട്. ഒന്നാമത് ഭരണ നിർവഹണത്തിൽ കഴിവുള്ള നൂറുകണക്കിന് മലയാളികൾ ലോകത്ത് എമ്പാടും ഉണ്ട്, പക്ഷെ അവരിൽ ഭൂരിഭാഗത്തിനും എം എൽ എ ആകാൻ അവസരമോ താല്പര്യമോ ഉണ്ടാകണം എന്നില്ല. എം എൽ എ മാരിൽ നിന്ന് മാത്രം മന്ത്രിമാരെ തിരഞ്ഞെടുക്കുമ്പോൾ നമുക്ക് ഉപയോഗികാവുന്ന വലിയ ഒരു ടാലെന്റ്‌റ് പൂൾ ആണ് നഷ്ടമാകുന്നത്. രണ്ടാമത്തെ കാര്യം എം എൽ എ ആകാനുള്ള ശ്രമത്തിനിടയിൽ എല്ലാ രാഷ്ട്രീയക്കര്ക്കും ജാതിയായിട്ടും മതമായിട്ടും പല നീക്ക് പോക്കുകളും നടത്തേണ്ടി വരും. ഒരാൾ മന്ത്രിയായെക്കാം എന്ന ചിന്തയിൽ സ്ഥാപിത താല്പര്യക്കാർ അവരെ സ്‌പോൺസർ ചെയ്യും, ഭരണം കിട്ടുമ്പോൾ അവരുടെ വീതം ചോദിക്കുകയും ചെയ്യും. മൂന്നാമത് ഒരു മണ്ഡലത്തിന്റെ മാത്രം പ്രതിനിധി ആയ ഒരാൾ മന്ത്രിയാകുമ്പോൾ, അയാൾക്ക് വീണ്ടും അങ്ങോട്ട് തന്നെ തിരഞ്ഞെടുപ്പിന് പോകേണ്ടി വരും എന്നുള്ളതിനാലും, ആ സ്ഥലത്തോട് അല്പം സ്‌നേഹക്കൂടുതൽ കാണിക്കും, ഇതും താല്പര്യ സംഘർഷം ആണ്.

അമേരിക്ക ഉൾപ്പടെ പല ജനാധിപത്യ രാജ്യങ്ങളിലും എക്‌സിക്കൂട്ടിവിൽ അംഗമാകാൻ നിയമ നിർമ്മാണ സഭയിലേക്ക് മത്സരിക്കേണ്ട. മാത്രമല്ല എക്‌സിക്കൂട്ടിവ് അംഗം ആയിക്കഴിഞ്ഞാൽ നിയമ നിർമ്മാണ സഭയിലെ അംഗത്വം ഉപേക്ഷിക്കുകയും വേണം.

കാര്യനിർവഹണത്തിൽ പ്രാപ്തിയുള്ളവർ മന്ത്രിയാകുന്ന, മന്ത്രിയാകാൻ വേണ്ടി എം എൽ എ ആകെണ്ടാത്ത ജനാധിപത്യം ആണെന്റെ സ്വപ്നം.