തിരുവനന്തപുരം: അഴിമതിയും വിവാദങ്ങളും യുഡിഎഫിനെ ബാധിച്ചുവെന്നാണു വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. പ്രമുഖ മന്ത്രിമാരുടെ കൂട്ടത്തോൽവിയാണു വിവിധ സർവെകൾ പ്രവചിക്കുന്നത്.

മന്ത്രിമാരായ കെ എം മാണി, കെ ബാബു, ഇബ്രാഹിംകുഞ്ഞ്, കെ പി മോഹനൻ, എം കെ മുനീർ എന്നിവരൊക്കെ തോൽക്കുമെന്നാണു പ്രവചനം. പാലായും തൃപ്പൂണിത്തുറയും കോഴിക്കോട് സൗത്തും കളമശേരിയും കൂത്തുപറമ്പും യുഡിഎഫ് മന്ത്രിമാരെ കൈവിടുമെന്നാണ് ഇന്ത്യ ടുഡേആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ ഫലം പറയുന്നത്.

അതേസമയം, ചതുഷ്‌കോണ മൽസരം നടക്കുന്ന പൂഞ്ഞാറിൽ പി.സി. ജോർജ് ജയിക്കുമെന്നും എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു. തൊടുപുഴയിൽ പി.െജ. ജോസഫും ഇരിക്കൂറിൽ കെ.സി.ജോസഫും ജയിക്കും. വാശിയേറിയ പോരാട്ടം നടക്കുന്ന അഴീക്കോട് എൽഡിഎഫിന്റെ എം വി നികേഷ് കുമാർ തോൽക്കുമെന്നാണ് പ്രവചനം. അതേസമയം, ആറന്മുളയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ് ജയിക്കും. ഇന്ത്യ ടുഡേആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ ഫലമനുസരിച്ച് കേരളത്തിൽ ഇടതുപക്ഷം 88 മുതൽ 101 വരെ സീറ്റാണു നേടുക.

യുഡിഎഫിൽ കോൺഗ്രസിനേക്കാൾ സീറ്റു നേടി മുസ്ലിം ലീഗ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന കൗതുകകരമായ പ്രവചനവും എക്‌സിറ്റ് പോളുകളിലുണ്ട്. മുസ്ലിം ലീഗ് 18 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് 17 സീറ്റിൽ ഒതുങ്ങും. കേരള കോൺഗ്രസ് (എം) മൂന്നു സീറ്റിലൊതുങ്ങുമെന്നും ഇന്ത്യ ടുഡേആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.

നഗരങ്ങളിലും ഗ്രാമങ്ങളിലും എൽഡിഎഫ് വ്യക്തമായ മേധാവിത്തം നേടും. മലപ്പുറത്ത് 13-3 എന്ന നിലയിൽ യുഡിഎഫ് മുൻതൂക്കം നിലനിർത്തും. എറണാകുളം ജില്ലയിൽ യുഡിഎഫ് മൂന്നു സീറ്റുകളിലും തിരുവനന്തപുരത്ത് രണ്ട് സീറ്റിലും ഒതുങ്ങുമെന്നാണ് പ്രവചനം. തിരുവനന്തപുരത്ത് ബിജെപി മൂന്നു സീറ്റുകൾ വരെ നേടാമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. തൃശൂർ ജില്ലയിൽ 13ൽ 12 സീറ്റും എൽഡിഎഫ് നേടും. തൃശൂരിൽ പത്മജ വേണുഗോപാൽ സിപിഐയിലെ വി എസ്.സുനിൽകുമാറിനോട് തോൽക്കും. ഇവിടെ യുഡിഎഫിന്റെ വിജയം ചേലക്കര മണ്ഡലത്തിലൊതുങ്ങും. കോട്ടയത്ത് ആറിടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും വിജയിക്കും. വൈക്കം, പാലാ മണ്ഡലങ്ങളാണ് എൽഡിഎഫ് നേടുക. ഏറ്റുമാനൂരിൽ എൽഡിഎഫിന്റെ സുരേഷ് കുറുപ്പ് തോൽക്കുമെന്നും എക്‌സിറ്റ് പോളുകൾ പറയുന്നു.