അഹമ്മദാബാദ്: ഗുജറാത്തിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സൗരാഷ്ട്രയിലെയും തെക്കൻ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. മുഖ്യമന്ത്രി വിജയ് രൂപാനി ഉൾപ്പെടെ 977 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചുമണിക്കാണ് അവസാനിക്കുക. ബാക്കി 93 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 14ന് നടക്കും. കച്ച്, സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത് തുടങ്ങിയ മേഖലകളിൽ ഇന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

19 ജില്ലകളിലായി 89 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. ഇതിൽ 67 മണ്ഡലങ്ങൾ ബിജെപിയുടെയും 16 മണ്ഡലങ്ങൾ കോൺഗ്രസിന്റെയും ശക്തി കേന്ദ്രങ്ങളാണ്. ബാക്കി ആറ് മണ്ഡലങ്ങൾ പ്രദേശിക പാർട്ടികളുടെ ശക്തി കേന്ദ്രങ്ങളാണ്. പക്ഷേ ഇത്തവണ ഇഞ്ചോടിച്ച് മത്സരമാണ് നടക്കുന്നത്. ബിജെപി-കോൺഗ്രസ് മത്സരം എന്നതിലുപരി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിലുള്ള ഏറ്റുമുട്ടലിനാണ് ഗുജറാത്ത് സാക്ഷ്യം വഹിച്ചിരുന്നത്. മുഖ്യമന്ത്രി വിജയ് രൂപാനി മത്സരിക്കുന്ന രാജ്‌കോട്ട് വെസ്റ്റ് ആണ് ഇന്നത്തെ വി.വി.ഐ.പി മണ്ഡലം. രാജ്‌കോട്ട് ഈസ്റ്റിലെ സിറ്റിങ് എംഎ‍ൽഎയും വ്യവസായിയുമായ ഇന്ദ്രനീൽ രാജ്ഗുരുവാണ് രൂപാനിക്കെതിരെ നിൽക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി.

ഇരുപതോളം മണ്ഡലങ്ങളിൽ മുഖ്യധാരാ പാർട്ടികൾക്കു പുറമേ എൻ.സി.പിയും ബി.എസ്‌പിയും ആം ആദ്മി പാർട്ടിയും മത്സരരംഗത്തുണ്ട്. . കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നു വിശേഷിപ്പിക്കാവുന്ന ശക്തി സിങ് ഗോഹിലും ബിജെപിയുടെ കരുത്തന്മാരിലൊരാളായ വീരേന്ദ്ര സിങ് ജഡേജയും മാണ്ഡ്വയിൽ നേർക്കുേനേരുണ്ട്. ഗുജറാത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ അർജുൻ മോധ്വാദിയ, ബിജെപിയുടെ കൃഷി മന്ത്രി ബാബു ബോക്കിരിയയും ബോർബന്തറിൽ നിന്ന് ഏറ്റുമുട്ടുന്നു. വാധ്വാൻ, ജസ്ദാൻ, ധൊരാജി, ഭാവ്‌നഗർ വെസ്റ്റ്, കുടിയാന, ഉന, അമ്രേലി, ബോത്താഡ്, വരാച്ഛ റോഡ്, ഝഗാദിയ, സൂറത്ത് എന്നിവയാണു കടുത്ത മത്സരമുള്ള മറ്റു മണ്ഡലങ്ങൾ.

പാട്ടിദാർ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കിയ കോൺഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പ് ഗോദയിൽ എത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ പരിഷ്‌കാരങ്ങൾ ബിജെപിക്ക് തിരിച്ചടിയാകുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. എന്നാൽ, തിരഞ്ഞെടുപ്പിന് തലേനാൾ പട്ടേൽ സമര സമിതി നേതാവും ഹർദിക് പട്ടേലിന്റെ അനുയായിയുമായ ദിനേഷ് ബാംഭാണി കോൺഗ്രസിനെതിരേ രംഗത്ത് വന്നത് ശുഭവാർത്തയായി ബിജെപി കരുതുന്നു. ഇതിന് പുറമെ മണി ശങ്കർ അയ്യരുടെ മോദിയെക്കുറിച്ചുള്ള പരാമർശം വോട്ടാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്.

22 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയും അധികാരം പിടിച്ചെടുക്കാൻ കിണഞ്ഞു ശ്രമിക്കുന്ന കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു ഗുജറാത്തിൽ നടക്കുന്നത്. 14നു നടക്കുന്ന രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പു നടക്കും. 18നു ഫലം പ്രഖ്യാപിക്കും.