ഭോപാൽ : രാജ്യം കണ്ട വോട്ടെണ്ണലിൽ ഇത്രയും ടെൻഷൻ നിറഞ്ഞ ഒന്ന് അടുത്തിടെ കണ്ടിട്ടില്ലായിരുന്നുവെന്ന് പറയാം. ഇന്ത്യയുടെ ഹൃദയഭൂമിയുടെ തുടിപ്പ് ഓരോ മിനിട്ടിലും ഇരട്ടിച്ചു വന്ന ദിനമാണ് കടന്നു പോയത്. ലോകകപ്പ് ക്രിക്കറ്റിന്റെ അവസാന അങ്കത്തിന് പോലും ഇത്തരം ഒരു നിർണ്ണായക മുഹൂർത്തം രാജ്യത്തിന് സമ്മാനിക്കാൻ സാധിച്ചോ എന്ന് തന്നെ സംശയമാണ്. മധ്യപ്രദേശിൽ വോട്ടെണ്ണാൻ തുടങ്ങിയ ശേഷം 24 മണിക്കൂർ കഴിഞ്ഞ് ഇന്നലെ രാവിലെ 8.30 നാണു കോൺഗ്രസിനു 114 സീറ്റും ബിജെപിക്കു 109 സീറ്റുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിക്കുന്നത്.

ഇതിനിടെ, പല തവണ ഭൂരിപക്ഷം ഇരുപാർട്ടികൾക്കുമിടയിൽ കപ്പിനും ചുണ്ടിനും ഇടയിൽ എന്നപോതെ പ്രതീക്ഷ നൽകി തത്തിക്കളിച്ചു. 116 എന്ന കേവല ഭൂരിപക്ഷ സംഖ്യ കൊതിപ്പിച്ചു മാറിനിന്നു. കോൺഗ്രസ് ഒരു ഘട്ടത്തിൽ 120 സീറ്റ് വരെ ലീഡ് നേടിയിരുന്നു. പിന്നാലെ ബിജെപിക്കു താഴെപ്പോകുകയും ചെയ്തു. വൈകിട്ട് ആറിന് ഇരു പാർട്ടികളും ഒപ്പത്തിനൊപ്പം. അവസാന ഓവറിലെ സിക്‌സർ പോലെ പിന്നെ കോൺഗ്രസിന്റെ കുതിപ്പ്. രാത്രി വൈകി 114- 109 എന്ന തോതിലേക്കുറച്ചു. ഇതിനിടയിലുമുണ്ടായി 113- 110, 115- 108 എന്നിങ്ങനെ ആടിയുലഞ്ഞ വോട്ടെണ്ണൽ സ്‌കോർ ബോർഡ്.

 രാത്രി 10.30: മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചു ഗവർണർ ആനന്ദിബെൻ പട്ടേലിനു കമൽനാഥിന്റെ കത്ത്. ഗോവയിലെയും കർണാടകയിലെയും പാഠങ്ങളായിരുന്നിരിക്കാം കോൺഗ്രസിന്റെ മനസ്സിൽ. കത്ത് കൈപ്പറ്റിയതായി രാജ്ഭവൻ സ്ഥിരീകരണം. രാത്രി 1.30: പൂർണ ഫലം വന്നശേഷം ബാക്കി കാര്യങ്ങളെന്നു ഗവർണറുടെ പ്രതികരണം. പുലർച്ചെ 2.30: കോൺഗ്രസ് ത്രിമൂർത്തികൾ പിസിസി അധ്യക്ഷൻ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌വിജയ് സിങ് എന്നിവരുടെ വാർത്താ സമ്മേളനം. രാവിലെ10.40: പിന്തുണ കോൺഗ്രസിനെന്നു ബിഎസ്‌പി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം.

10.50: ഉച്ചയ്ക്കു 12നു കൂടിക്കാഴ്ചയ്ക്കു കോൺഗ്രസിനു ഗവർണറുടെ ക്ഷണം. 11.10: മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ രാജിയോടെ ചിത്രം വ്യക്തം. 'ഇനി ഞാൻ സ്വതന്ത്രൻ' എന്നു പ്രഖ്യാപനം. 11.45: കോൺഗ്രസിന് എസ്‌പി പിന്തുണ പ്രഖ്യാപിച്ച് അഖിലേഷ് യാദവ്. ഉച്ചയ്ക്ക് 12.45: ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ പിന്തുണക്കത്തുകൾ കൈമാറി കമൽനാഥ്. രാജസ്ഥാനിലും ഛത്തീസ്‌ഗഡിലുമെന്ന പോലെ മധ്യപ്രദേശിലും കോൺഗ്രസ് അങ്ങനെ സർക്കാർ രൂപീകരണത്തിന്റെ തിരക്കുകളിലേക്ക്.

വോട്ടെണ്ണൽ മന്ദഗതിയിലായപ്പോൾ ശരവേഗത്തിൽ ചോദ്യങ്ങൾ !

മന്ദഗതിയിലുള്ള, സൂക്ഷ്മമായ വോട്ടെണ്ണൽ നടക്കുന്ന സമയത്താണ് മാധ്യമപ്രവർത്തകർ മുതൽ രാഷ്ട്രീയ നിരീക്ഷകർ വരെ ചോദ്യ ശരങ്ങളുമായി രംഗത്തെത്തിയത്. വോട്ടെണ്ണൽ അതീവ ജാഗ്രതയോടെ മതിയെന്നു തിരഞ്ഞെടുപ്പു കമ്മിഷനും നിർദേശിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ വോട്ട് ചെയ്യുമ്പോൾ ലഭിക്കുന്ന വിവിപാറ്റ് രസീതുമായി ഒത്തുനോക്കി മുന്നോട്ടുപോകാൻ ഏറെ നേരം വേണ്ടിവന്നു.

ഓരോ മണ്ഡലത്തിലും ഏതെങ്കിലും ഒരു വോട്ടിങ് യന്ത്രവും അതിന്റെ വിവിപാറ്റും കമ്മിഷൻ എടുത്തുപരിശോധിച്ചിരുന്നു.നേരത്തേ ഓരോ റൗണ്ടിലെയും ഫലം എഴുതിക്കാണിക്കുകയാണു ചെയ്തിരുന്നെങ്കിൽ ഇത്തവണ ഫലം രേഖാമൂലം സ്ഥാനാർത്ഥിക്കോ പ്രതിനിധിക്കോ നൽകി. എതിരഭിപ്രായമുണ്ടെങ്കിൽ രേഖപ്പെടുത്താനും അവസരം നൽകി. ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ വീണ്ടുമെണ്ണും. ഇങ്ങനെ പല 'റീടേക്കു'കളിലൂടെയാണു നടപടികൾ പുരോഗമിച്ചത്.

അടുത്ത റൗണ്ട് എണ്ണുന്നതിന് എതിർപ്പില്ലെന്നു സ്ഥാനാർത്ഥിയോ പ്രതിനിധിയോ അറിയിക്കുകയും വേണമായിരുന്നു. നടപടിക്രമങ്ങളെല്ലാം ഇത്ര കൃത്യമായി പാലിച്ചതിനാൽ 0.1 % മാത്രം വോട്ടുവ്യത്യാസമുള്ള തിരഞ്ഞെടുപ്പിലും പരാതികളുണ്ടായില്ല. 22 റൗണ്ടിലധികമുള്ള വോട്ടെണ്ണൽ 24 മണിക്കൂർ നീണ്ടപ്പോൾ മുതിർന്ന തലമുറയ്‌ക്കെങ്കിലും ഓർമ വന്നതു പഴയ ബാലറ്റ് കാലം.