തിരുവനന്തപുരം: തെരഞ്ഞെടുപ്പുകാലം രാഷ്ട്രീയപാർട്ടികൾക്ക് ചെലവിന്റേതാണ്. വോട്ടർമാരുടെ മനസ്സ് പിടിക്കാൻ ആവുന്നതെല്ലാം ചെയ്യണം. ഇതിന് കാശ് കൂടിയേ തീരൂ. പരമ്പരാഗതമായി ബാറുടമകളായിരുന്നു ഇവിടെ ബലിയാടുകൾ. എന്നാൽ ബാർ മുതലാളിമാരെ ഇപ്പോൾ കാണാൻ രാഷ്ട്രീയ പാർട്ടികൾക്ക് ചമ്മലുണ്ട്. അവർക്ക് മറ്റ് ബിസിനസ്സുകളെല്ലാം ഉണ്ടെങ്കിലും ബാറുകളെല്ലാം അടച്ചു. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ബാറിനെ തള്ളിപ്പറഞ്ഞവരാണ്. അതുകൊണ്ടാണ് പണം കായ്ക്കുന്ന കച്ചവടം പൂട്ടിയത്. അങ്ങനെ വന്നപ്പോൾ ബാറുടമകൾ പിരിവിൽ നിന്ന് രക്ഷപ്പെട്ടു. ആരും അവരുടെ മുന്നിൽ കാശിന് കൈയും നീട്ടിയെത്താത്ത അവസ്ഥ.

ത്രിതല തെരഞ്ഞെടുപ്പിന്റെ പ്രചരണച്ചെലവുകൾ 1000 കോടി കവിയുമെന്നാണ് കണക്ക്. ഇലക്ഷൻ ചട്ടപ്പ്രകാരം ഗ്രാമപഞ്ചായത്തിൽ ഒരു സ്ഥാനാർത്ഥിക്ക് പരമാവധി അനുവദിച്ചിട്ടുള്ളത് 10,000 രൂപയാണ്. ബ്ലോക്ക് മുനിസിപ്പാലിറ്റികളിൽ 30,000 രൂപയും ജില്ലാകോർപ്പറേഷനുകളിൽ 60,000 രൂപയും ചെലവഴിക്കാം. പക്ഷേ യഥാർത്ഥ കണക്ക് ഇതൊന്നുമല്ല. ലക്ഷങ്ങൾ ചെലവാകും. സംസ്ഥാനത്ത് 21,871 വാർഡുകളാണ് മത്സരവേദിയാകുന്നത്. ഒരു വാർഡിൽ കുറഞ്ഞത് മൂന്ന് സ്ഥാനാർത്ഥികൾ വച്ച് കൂട്ടിയാലും മത്സരിക്കുന്നവരുടെ എണ്ണം 65,613 ആകും. ശരാശരി ഒരു ലക്ഷം രൂപ വച്ച് കണക്കാക്കിയാൽ പോലും പ്രചരണച്ചെലവ് 1000 കോടി കവിയും.

പ്രമുഖ സ്ഥാനാർത്ഥികൾ പലരും അഞ്ചും ആറും ലക്ഷം രൂപ ചെലവാക്കി പ്രചാരണം പൊടിപൊടിക്കും. മിതമായി ചെലവഴിക്കുന്ന പ്രധാന സ്ഥാനാർത്ഥികൾക്കും രണ്ട് ലക്ഷം രൂപയിൽ കൂടുതൽ വേണ്ടി വരും. അതുകൊണ്ട് തന്നെ നൂറ് കോടിക്കും മേലെയാകും പ്രചരണം. ഇതിന് ഇന്ന് രസീതു കുറ്റികൾ തന്നെയാണ് രാഷ്ട്രീയക്കാരുടെ പ്രധാന ആശ്രയം. അവർ തെരുവിലിറങ്ങി കണ്ണിൽ കാണുന്നവരെയെല്ലാം ക്യാൻവാസ് ചെയ്യുന്നു. തൊഴിലാളിയോ മുതലാളിയോ എന്ന വേർതിരിവില്ല. ബാർ ഉടമയല്ലാത്ത എല്ലാവരും കാശ് കൊടുത്തേ മതിയാകൂ. അല്ലെങ്കിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എന്തും സംഭവിക്കും. അതുകൊണ്ട് തന്നെ ഏവരും പിരിവ് കൊടുക്കുന്നു. ബാറുടമകൾ കൈവിട്ടതോടെ പ്രവാസികളിലാണ് കണ്ണ്. ഓരോ പ്രവാസിയേയും വിടാതെ ക്യാൻവാസ് ചെയ്യുകയാണ് രാഷ്ട്രീയ പാർട്ടികൾ. ചെറുകിട കച്ചവടക്കാരിൽ നിന്നു പോലും ആയിരങ്ങൾ സംഭവാന വാങ്ങുന്നു. കൊടുക്കുക മാത്രമേ നിവർത്തിയൂള്ളൂ. ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എന്തു സംഭവിക്കുമെന്ന് ഏവർക്കും അറിയാം.

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിൽ 15,962 വാർഡുകൾ ഉണ്ട്. 152 ബ്ലോക്കുകളിൽ 2076 ഉം, 86 മുനിസിപ്പാലിറ്റികളിൽ 3088 ഉം, ആറ് കോർപ്പറേഷനുകളിൽ 414 ഉം, 14 ജില്ലാപഞ്ചായത്തുകളിൽ 331 ഉം ഡിവിഷനുകളാണ് ഉള്ളത്. ഇതിൽ ഗ്രാമബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ പ്രചാരണം സാധാരണ മുന്നണി സ്ഥാനാർത്ഥികൾ ഒരുമിച്ച് നടത്തും. അതേസമയം, കോർപ്പറേഷൻ-മുനിസിപ്പാലിറ്റികളിൽ പ്രത്യേക പ്രചാരണ സംവിധാനം വേണം. പ്രചാരണത്തിന്റെ പ്രധാന ചെലവ് വാഹനത്തിന്റേതാണ്. ഒരു വാഹനത്തിന് ഒരു ദിവസത്തേക്ക് മൈക്ക് ലൈസൻസ് കിട്ടണമെങ്കിൽ 500 രൂപ പൊലീസിൽ അടയ്ക്കണം. വാഹന വാടക, ഇന്ധനച്ചെലവ്, ഡ്രൈവറുടെ ബാറ്റ എന്നിവ അടക്കം നാലിയിരത്തിൽ അധികം രൂപയാകും. കുറഞ്ഞത് അഞ്ച് ദിവസം രണ്ട് വാഹനം ഓടിയാൽ തന്നെ ചെലവ് അരലക്ഷമാകും.

പോസ്റ്ററുകൾ, ബാനറുകൾ, ചുവരെഴുത്ത്, എന്നിവയ്ക്കും അത്രത്തോളം ചെലവുണ്ട്. ബൂത്ത് ഓഫീസ്, പൊതുയോഗങ്ങൾ, ലൈറ്റ് ആൻഡ് സൗണ്ട്, എന്നിവയ്ക്ക് പുറമെ പ്രവർത്തകരുടെ ദൈനം ദിന ചെലവുകൾ കൂടി കണക്കാക്കുമ്പോൾ ഒരു ലക്ഷം കവിയും.