തിരുവനന്തപുരം: ഇന്നത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കേരളത്തിലെ ഏറ്റവും നിർണ്ണായകമായ തെരഞ്ഞെടുപ്പുകളിൽ ഒന്നാകും. എല്ലാ നേതാക്കൾക്കും ഇത് വാശിയുടെയും നിലനിൽപ്പിന്റെയും തിരിച്ചടിയുടെയും പിടിച്ചു കയറ്റത്തിന്റെയും ഒക്കെ ദിവസമാണ് ഓരോ വീഴ്ചയും അതി നിർണ്ണായകമാണ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഈ തെരഞ്ഞെടുപ്പ് കുറഞ്ഞത് നാലഞ്ച് നേതാക്കൾക്കെങ്കിലും ജീവന്മരണ പോരാട്ടത്തിന്റെയാണ്. തോറ്റാൽ സർവ്വ പാപങ്ങളും ഏറ്റ് വിടപറയേണ്ടി വരുമെന്നതാണ് കെഎം മാണി നേരിടുന്നതെങ്കിൽ. തോറ്റാൽ രാഷ്ട്രീയ ഭാവി ഇരുളടയുമെന്നതാണ് പിസി ജോർജ് നേരിടുന്ന പ്രതിസന്ധി.

അതിനേക്കാൾ നിർണ്ണായകം പിണറായിവിജയൻ നേരിടുന്ന പ്രതിസന്ധിയാണ്. ഈ തെരഞ്ഞെടുപ്പിൽ തോറ്റാൽ അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പിൽ തിരിഞ്ഞു നോക്കേണ്ട എന്ന സന്ദേശമാണ് ലഭിക്കുക. തുടർച്ചയായ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ തിരിച്ചടിയുടെ കൂടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂടി തോറ്റാൽ ഇടതു മുന്നണിക്ക് ഇനി അധികാരത്തിൽ വരാനുള്ള മോഹം ഉപേക്ഷിച്ചാൽ മതിയാവും. ഇതോടെ മുഖ്യമന്ത്രി പദമെന്ന പിണറായിയുടെ മോഹങ്ങൾക്ക് തിരിച്ചടിയാകും. പാർട്ടിയിലും ഒറ്റപ്പെടും. അതിലെല്ലാം ഉപരി വെള്ളാപ്പള്ളി നടേശൻ കരുത്തനുമാകും. പിണറായിയുടെ നയങ്ങളാണ് സിപിഎമ്മിനെ ജനങ്ങളുമായി അകറ്റിയെന്ന വാദവുമായാണ് വെള്ളാപ്പള്ളി, ബിജെപിയുമായി അടുത്തത്. അതുകൊണ്ട് തന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പിണറായിയുടെ തളർച്ച വെള്ളാപ്പള്ളിക്ക് നേട്ടമാകും.

കഴിഞ്ഞതവണ 500 സീറ്റുകൾക്ക് അടുത്താണ് ബിജെപി നേടിയത്. ഇത് 1500 ആയാൽ വെള്ളാപ്പള്ളിക്ക് സന്തോഷിക്കാം. ഇതിനൊപ്പം ഇടത് മനക്കോട്ടകൾ പൊട്ടുകയും വേണം. എങ്കിൽ പിണറായിയെ തോൽപ്പിച്ച് വെള്ളാപ്പള്ളി നേടും. എന്നാൽ ബിജെപിയുടെ നേട്ടം കോൺഗ്രസിനാണ് ക്ഷീണമുണ്ടാക്കുന്നതെങ്കിലും വെള്ളാപ്പള്ളി ജയിക്കും. അത് സംഭവിച്ചാൽ തുടർന്നും പിണറായി-വെള്ളാപ്പള്ളി വാക് പോരുകൾ തുടരും. പാർട്ടിയെന്ന നിലയിൽ സിപിഎമ്മിനും അതിനിർണ്ണായകമാണ്. ഈ മത്സരം ജയിച്ചാൽ രാഷ്ട്രീയ മുന്നേറ്റം സിപിഎമ്മിന് അവകാശപ്പെടാം. അതുണ്ടായില്ലെങ്കിൽ യുഡിഎഫിലെ സൗഹൃദ മത്സരങ്ങൾക്കും വിമത പോരാട്ടങ്ങൾക്ക് പോലും സിപിഎമ്മിനെ രക്ഷിക്കാനായില്ലെന്ന വാദം സജീവമാകും.

മാണിഗ്രൂപ്പിലും ഇടതു മുന്നണിയിലുമല്ലാതെ ത്രിശങ്കുവിൽ നില്ക്കുന്ന ജോർജിന്റെ വിധി ഇന്ന് പുറത്തുവരുന്ന പൂഞ്ഞാർ, ഈരാറ്റുപേട്ട മേഖലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിർണയിക്കും. പൂഞ്ഞാറിൽ ജോർജിന്റെ സെക്കുലർ പാർട്ടി ദയനീയമായി പരാജയപ്പെട്ടാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ സീറ്റു പോലും ജോർജിന് ലഭിച്ചെന്ന് വരില്ല. എന്നാൽ അവിടെ വിജയിച്ചാൽ ചുവന്ന പരവതാനി വിരിച്ചുള്ള സ്വഗതമാവും ജോർജിന് ഇടതുമുന്നണി നൽകുക. സെക്കുലർ പാർട്ടി ഘടകകക്ഷി അല്ലാതിരുന്നിട്ടും മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ അടക്കം നിരവധി സീറ്റുകൾ ഇടതു മുന്നണി നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഈ മേഖലയിൽ ആധിപത്യം തെളിയിക്കേണ്ടത് ജോർജിന്റെ ആവശ്യമായതിനാൽ ഇവിടെ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രചാരണം.

കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാൻ ഇടതുമുന്നണി നേതാക്കളുമായുള്ള മാണിഗ്രൂപ്പിന്റെ രഹസ്യ ചർച്ചയിൽ ഇടനിലക്കാരനായി താൻ പ്രവർത്തിച്ചുവെന്ന പി.സി. ജോർജിന്റെ പ്രഖ്യാപനം ഇടതു നേതാക്കളെല്ലാം തള്ളിയത് ജോർജിന് ക്ഷീണമായിട്ടുണ്ട്. മുന്നണിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ മുന്നണിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന ജോർജിനെ എങ്ങനെ ഉൾക്കൊള്ളുമെന്ന് ചില ഇടതു നേതാക്കൾ ചോദിക്കുകയും ചെയ്യുന്നുണ്ട്. മാണിയെ മുഖ്യമന്ത്രിയാക്കാൻ ഇടതുമുന്നണി ചർച്ച നടത്തിയിട്ടില്ലെന്നും ജോർജ് എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയെന്നത് അറിയില്ലെന്നുമായിരുന്നു മുന്നണി കൺവീനർ വൈക്കം വിശ്വൻ പറഞ്ഞത്. തിങ്കളാഴ്ച ചേരുന്ന ഇടതു മുന്നണി യോഗം നിയമസഭയ്ക്കകത്തും പുറത്തും മാണിക്കെതിരെ നടത്തുന്ന പ്രക്ഷോഭത്തെക്കുറിച്ച് തീരുമാനിക്കും. ഇടതു മുന്നണിക്ക് ഏതായാലും മാണിയെ വേണ്ടെന്നും കൺവീനർ വ്യക്തമാക്കി. ജോർജിന്റെ കാര്യത്തിലും ഈ യോഗം തീരുമാനം എടുക്കും

ജോർജ്ജിനൊപ്പം മാണിക്കും അതിനിർണ്ണായകമാണ്. കോട്ടയത്തും പ്രത്യേകിച്ച് പാലയിലും കേരളാ കോൺഗ്രസ് കരുത്ത് കാട്ടണം. ബാർ കോഴയിലെ കോടതി വിധി കൂടി കണക്കിലെടുക്കുമ്പോൾ യുഡിഎഫിന്റെ തോൽവിയുടെ പാപാഭാരം മാണിയുടെ തലയിലേക്ക് വരും. പിസി ജോർജ് നേട്ടമുണ്ടാക്കുമ്പോഴാണ് ഈ തോൽവിയെങ്കിൽ രാഷ്ട്രീയമായി തന്നെ കഥകഴിയും. ഇതിനൊപ്പം ആർ ബാലകൃഷ്ണ പിള്ളയ്ക്കും നിർണ്ണായകം. കൊട്ടരക്കരയും പത്തനാപുരവും ഇടത് കോട്ടകളായി മാറിയാൽ പിള്ളയ്ക്കും മകൻ ഗണേശ് കുമാറിനും എൽഡിഎഫിലേക്ക് വാതിൽ തുറക്കും.