ചെങ്ങന്നൂർ; ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസിന്റെ വോട്ട് ബിജെപിക്കു തന്നെ നൽകുമെന്ന് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. എന്നാൽ ബിഡിജെഎസ് പ്രവർത്തകർ, അവർക്കിഷ്ടമുള്ള സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്‌തേക്കും. വോട്ടു മറിക്കാനോ എൻഡിഎയെ ഒഴിവാക്കാനോ ശ്രമിക്കില്ലെന്നും തുഷാർ വ്യക്തമാക്കി. എൻഡിഎയുമായുള്ള പ്രശ്‌ന പരിഹാര ചർച്ചകൾ തുടരും. ഇക്കാര്യത്തിൽ തീരുമാനങ്ങൾ വൈകില്ലെന്നും തുഷാർ അറിയിച്ചു. എസ്എൻഡിപി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ 'ഗുരുപുഷ്പങ്ങൾ' കുട്ടിക്കൂട്ടായ്മ ക്യമ്പിൽ പങ്കെടുക്കാനെത്തിയ തുഷാർ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

യോഗം എടുത്ത തീരുമാനങ്ങൾ തിരുത്താതെയാണ് ചെങ്ങന്നൂരിൽ ബിജെപിക്ക് പിന്തുണ നൽകുമെന്ന് പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിക്കുന്നത്. ഇക്കാരണത്താൽ ചെങ്ങന്നൂരിൽ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച ബിഡിജെഎസ് വോട്ടുകൾ ഇത്തവണ പെട്ടിയിൽ വീഴില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തുഷാറിന് എംപി സ്ഥാനം നല്കാൻ ബിജെപി തീരുമാനിച്ചതായി വന്ന വ്യാജ വാർത്തകൾ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയിരുന്നു. മാത്രമല്ല ബിജെപി- ബിഡിജെഎസ് ധാരണയനുസരിച്ച് കേന്ദ്രത്തിലെ 14 കമ്പനി കോർപ്പറേഷൻ പദവികൾ ബിഡിജെഎസിന് നൽകാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം നൽകിയ വാക്കും പാലിക്കപ്പെട്ടില്ല.

എൻഡിപി യോഗത്തിന്റെ നിലപാടു സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയായശേഷം തീരുമാനിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഡിജെഎസ് സ്ഥാനാർത്ഥിയെ നിർത്തി ശക്തി തെളിയിക്കണമെന്നതാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. എന്നാൽ ഈ തീരുമാനത്തിനെതിരായാണ് ഇപ്പോൾ തുഷാറിന്റെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

ബിഡിജെഎസ് ഒപ്പം നിന്നു പ്രവർത്തിക്കുമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു. ബിഡിജെഎസിന്റെ എല്ലാ ആവശ്യങ്ങളും ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചിട്ടുണ്ട്. വിവരം തുഷാർ വെള്ളാപ്പള്ളിയെ അറിയിച്ചു. ഇക്കാര്യത്തിൽ കർണാടക തിരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപനം ഉണ്ടാകും. ബിജെപിയും ബിഡിജെഎസും രാമലക്ഷ്മണന്മാരെപ്പോലെ പ്രവർത്തിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.