മലപ്പുറം: തവനൂരിൽ വാശിയേറിയ പോരാട്ടത്തിനിടെ, എൽഡിഎഫ് സ്ഥാനാർത്ഥി കെ.ടി.ജലീലും യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലും തമ്മിലുള്ള വാക്പോര് മുറുകുകയാണ്. കള്ളപ്രചാരണങ്ങൾ എത്രയൊക്കെ നടന്നാലും തന്റെ രോമത്തിൽ പോലു തൊടാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞില്ലെന്ന് ജലീൽ ആമ്തവിശ്വാസം കൊള്ളുമ്പോൾ താൻ 110 ശതമാനവു വിജയിക്കുമെന്നാണ് ഫിറോസിന്റെ അവകാശവാദം. ഏതായാലും ഇരുവരും പരസ്പരം കോർക്കുന്ന ഡയലോഗുകൾ തുടരുകയാണ്.

കോൺഗ്രസ് വേഷം കെട്ടിച്ച് നിർത്തുന്ന സങ്കരയിനം സ്ഥാനാർത്ഥിയാണ് താനെന്ന കെടി ജലീലിന്റെ പരാമർശത്തിൽ മറുപടിയുമായി ഫിറോസ് കുന്നംപറമ്പിൽ എത്തി. താൻ സങ്കരയിനമാണെങ്കിൽ ഇദ്ദേഹം ഇതേത് ഇനമാണെന്നാണ് ഫിറോസിന്റെ ചോദ്യം. ജലീലിന്റെ ചിഹ്നം ആക്രിക്കടയിലെ കപ്പും സോസറുമാണെന്നും ഫിറോസ് പരിഹസിച്ചു. അതിനിടെ, ഇപ്പോൾ ഒരു കുട്ടിയും ജലീലും തമ്മിലുള്ള വീഡിയോയാണ് ഫിറോസ് അനുകൂലികൾ പങ്കിടുന്നത്.കുഞ്ഞിനെ എടുത്ത ജലീലിനോട് 'ഫിറോസിക്ക എപ്പോഴാ വരിക, ഫിറോസിക്ക വരില്ലേ..' എന്നാണ് കുട്ടിയുടെ ചോദ്യം. കുഞ്ഞിന്റെ നിഷ്‌കളങ്കമായ ചോദ്യത്തിന് പിന്നാലെ കെ.ടി ജലീലും പൊട്ടിച്ചിരിച്ചു...വരും വരും എന്നുപറയുന്നുണ്ട് ജലീൽ.

തവനൂരിൽ കോൺഗ്രസ് സീറ്റിൽ മത്സരിക്കുന്ന ഫിറോസിനെ വിജയിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്നത് ലീഗുകാരാണ്. താൻ ഒരു മുസ്ലിംലീഗുകാരനാണെന്നു പലപ്പോഴും പറഞ്ഞിട്ടുള്ള ഫിറോസിലൂടെ ഗിന്റെ ബദ്ധശത്രു മന്ത്രി ജലീലിനെ ഇത്തവണ അട്ടിമറിക്കാമെന്ന ആത്മവിശ്വാസത്തിൽ ലീഗുകാർ. ചാരിറ്റി പ്രവർത്തനത്തിലൂടെ ജനമനസ്സുകളിൽ കയറിപ്പറ്റിയ ഫിറോസ് ഏറെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് സ്ഥാനാർത്ഥിയായത്.

എസ്.എസ്.എൽ.സി പഠനത്തിനുശേഷം ഹോട്ടൽ തൊഴിലാളിയായും ഓട്ടോ ഡ്രൈവറായും പിന്നീട് മൊബൈൽ കടയിലുമെല്ലാം ജോലി ചെയ്താണ് ഫിറോസ് അവസാനം ചാരിറ്റിയിലേക്കും ഇപ്പോൾ രാഷ്ട്രീയ രംഗത്തേക്കും. 37കാരനായ ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം ഇങ്ങിനെയാണ്. തവനൂർ നിയമസഭാ മണ്ഡത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് ഫിറോസ് കളത്തിലിറങ്ങുന്നത്. എസ്.എസ്.എൽ.സിക്ക് ശേഷം ഹോട്ടൽ തൊഴിലാളിയായും ഓട്ടോ ഡ്രൈവറായും പിന്നീട് മൊബൈൽ കടയിലുമെല്ലാം ജോലി ചെയ്തു.

കടയടച്ച് പോകുമ്പോൾ ആലത്തിയൂർ മുതൽ പാലക്കാട് വരെയുള്ള റോഡരികിൽ കിടന്നുറങ്ങിയിരുന്നവർക്ക് ഹോട്ടലുടമകളിൽ നിന്ന് ശേഖരിച്ച ഭക്ഷണമെത്തിച്ചു നൽകിയാണ് ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കമിട്ടത്. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയാണ് പ്രസിദ്ധനായത്. ചെറുപ്പത്തിൽ കെ.എസ്.യുക്കാരനായും യൂത്ത് കോൺഗ്രസുകാരനായും പിന്നീട് യൂത്ത് ലീഗുകാരനായും പ്രവർത്തിച്ച ഫിറോസ് ചാരിറ്റി പ്രവർത്തനത്തിലേക്ക് തിരിയുകയായിരുന്നു. മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ പുരസ്‌കാരം, സോഷ്യൽ മീഡിയ ഐക്കൺ, ഡോ.എ.പി.ജെ.അബ്ദുൽകലാം പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. പാലക്കാട് ആലത്തിയൂർ സ്വദേശിയാണ്.