തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണം ഇന്നുമുതൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം രാവിലെ സർക്കാറും തെരഞ്ഞെടുപ്പ് കമീഷനും പുറപ്പെടുവിച്ചു. ഇതോടെ 1400 ഓളം റിട്ടേണിങ് ഓഫിസർമാരും ഇതു സംബന്ധിച്ച പൊതുഅറിയിപ്പ് നൽകി. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

ഏഴു മുതൽ 14 വരെയാണ് പത്രികാസമർപ്പണത്തിനുള്ള സമയം. പത്രികകളുടെ സൂക്ഷ്മപരിശോധന 15ന് നടക്കും. 17 വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. 17നുതന്നെ മത്സരചിത്രം വ്യക്തമാകും. അന്നുതന്നെ സ്വതന്ത്രരടക്കം സ്ഥാനാർത്ഥികൾക്ക് ചിഹ്നവും അനുവദിക്കും.

941 ഗ്രാമപഞ്ചായത്തുകളിലേക്കും 152 ബ്‌ളോക്കുകളിലേക്കും 14 ജില്ലാപഞ്ചായത്തുകളിലേക്കും ആറ് കോർപറേഷനുകളിലേക്കും മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റികളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. നഗരഗ്രാമ വ്യത്യാസമില്ലാതെ ഇക്കുറി എല്ലായിടത്തും വോട്ടുയന്ത്രമാണ് ഉപയോഗിക്കുക.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നേരത്തേ നിലവിൽ വന്നെങ്കിലും ഇന്നു മുതൽ സർക്കാർ പ്രവർത്തനങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിരീക്ഷണത്തിലായിരിക്കും. വിജ്ഞാപനമാകുന്നതോടെ എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് ചൂടിലായി. സ്ഥാനാർത്ഥി നിർണയം ഇരു മുന്നണികളിലും ദ്രുതഗതിയിൽ പുരോഗമിക്കുന്നു.