- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; 19 വരെ നാമനിർദ്ദേശ പത്രിക നൽകാം; കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണവുമായി കമ്മീഷൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രികാ സമർപ്പണവും ഇന്ന് ആരംഭിക്കും. ഈ മാസം 19 വരെ പത്രിക നൽകാം. 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 22 വരെ പത്രിക പിൻവലിക്കാം. ഏപ്രിൽ ആറിനാണ് വോട്ടെടുപ്പ്.
നാമനിർദ്ദേശപത്രികാ സമർപ്പണത്തിന് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ടു വാഹനം ഉപയോഗിക്കാം. റാലിയായി എത്തുകയാണെങ്കിൽ നിശ്ചിത അകലം വരെ മാത്രം അഞ്ച് വാഹനങ്ങൾ അനുവദിക്കും.
നാമനിർദ്ദേശ പത്രിക ഓൺലൈനായും സമർപ്പിക്കാം. ഇതിന്റെ പകർപ്പ് വരാണാധികാരിക്ക് നൽകാം. കെട്ടിവയ്ക്കാനുള്ള തുകയും ഓൺലൈനായി നൽകാം. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന് നടക്കും. കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ ദീപക് മിശ്ര ഐപിഎസ്സാണ്. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുകയായി നിശ്ചയിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പോളിങ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 40771 പോളിങ് ബൂത്തുകൾ ആണ് സജ്ജീകരിക്കുക. അതേസമയം മുന്നണികൾ സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്ന മുറയ്ക്ക് അടുത്ത ദിവസങ്ങളിലാകും പത്രിക സമർപ്പണം സജീവമാകുക.
മറുനാടന് മലയാളി ബ്യൂറോ