മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി എൻസിപി നേതാവ് ശരത് പവാർ എത്തുമെന്ന് സൂചന. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും കൂടിക്കാഴ്ച നടത്തിയതോടെ പൊതു രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ സാധ്യതയാണ് വ്യക്തമാകുന്നത്. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജിലെ വോട്ടുകണക്കിൽ ഇപ്പോൾ എൻഡിഎയും പ്രതിപക്ഷവും ഒപ്പത്തിനൊപ്പമാണ്. വിജയം ഉറപ്പിക്കാൻ 5,49,442 വോട്ടാണു വേണ്ടത്. എൻഡിഎയ്ക്കു കുറവു പതിനയ്യായിരത്തോളം വോട്ടിന്റെ കുറവുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം യോജിച്ച് നീങ്ങുന്നത്.

സ്വീകാര്യനായ പൊതു സ്ഥാനാർത്ഥിയെ നിർത്തി പ്രധാനമന്ത്രി മോദിക്ക് വെല്ലുവിളി ഉയർത്തനാണ് കോൺഗ്രസിന്റെ തീരുമാനം. മതനിരപേക്ഷ സ്ഥാനാർത്ഥി രാഷ്ട്രപതിയാകണമെന്ന കാര്യത്തിൽ ഇടതുകക്ഷികൾക്ക് ഏകാഭിപ്രായമാണെന്നു സോണിയയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സീതാറാം യച്ചൂരി പറഞ്ഞു: എല്ലാവർക്കും സ്വീകാര്യനായ വ്യക്തിയെ കണ്ടെത്താനാണു നീക്കം. എൻസിപി നേതാവ് ശരദ് പവാർ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവരുമായും യച്ചൂരി കൂടിക്കാഴ്ച നടത്തി. ഇതിൽ മുതിർന്ന നേതാവായ ശരത് പവാറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ നീക്കമുണ്ടെന്നാണ് സൂചന. 2019ലെ പൊതു തിരഞ്ഞെടുപ്പിൽ വിശാല സഖ്യമെന്ന കാഴ്ച പാടിലാണ് ചർച്ചകൾ.

അനാരോഗ്യത്തിന്റെ അവശതകൾക്കിടയിൽ ചെറുതും വലുതുമായ പ്രതിപക്ഷ കക്ഷികളെ സംയോജിപ്പിക്കുകയെന്ന ദൗത്യം സോണിയയ്ക്കു വെല്ലുവിളിയാകും. രാഹുൽ ഗാന്ധിയുമായല്ല, സോണിയയുമായി ആശയവിനിമയം നടത്താനാണു മറ്റു പ്രതിപക്ഷ നേതാക്കൾ താൽപര്യം കാട്ടുന്നത്. സ്വന്തം സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കാൻ വേണ്ട അധിക വോട്ടു നേടാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണു ബിജെപിയുടെ ആത്മവിശ്വാസം. പ്രതിപക്ഷം സംയുക്ത സ്ഥാനാർത്ഥിയെ നിർത്തിയാൽ പോലും വേണ്ടത്ര വോട്ടു മൂല്യമുള്ള പ്രാദേശിക കക്ഷികളെ കൂടെ നിർത്താനാണ് നീക്കം. തമിഴ്‌നാട്ടിലെ എഐഎഡിഎംകെ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ.

അയോധ്യ കേസിലെ കോടതി വിധി ഏറ്റവും അധികം തിരിച്ചടിയായിരിക്കുന്നത് ബിജെപിയുടെ ഭീഷ്മാചാര്യനായ എൽകെ അദ്വാനിക്കാണ്. വിധിയോടെ അദ്വാനിയുടെയും ജോഷിയുടെയും രാഷ്ട്രപതി സാധ്യതകൾക്കാണ് മങ്ങലേറ്റിരിക്കുന്നത്. അദ്വാനി തന്നെയായിരുന്നു ഈ സ്ഥാനത്തേക്ക് ബിജെപി പരിഗണിച്ചിരുന്ന ഒന്നാം നമ്പർ പേരുകാരൻ. എന്നാൽ അയോധ്യ ഗൂഢാലോചന കേസിൽ അദ്വാനി കരുക്കിലായതോടെ മോദി-അമിത് ഷാ കൂട്ടുകെട്ടും ബിജെപിയിൽ കൂടുതൽ ശക്തമാകും. കേസ് ബിജെപിക്ക് ആഘാതം അല്ലെങ്കിലും അദ്വാനിയുടെ രാഷ്ടപതി മോഹത്തിനേറ്റ മങ്ങലാണിത്.

അദ്വാനിയുടെ അഭാവത്തിൽ ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്ക് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പേര് ഇനി കൂടുതൽ സജീവമാകും. രോഗാതുരയാണെന്നത് മാത്രമാണ് അവരുടെ ഏക പോരായ്മ്മ. എങ്കിലും ആരോഗ്യം വീണ്ടെടുത്ത അവർ മന്ത്രിയെന്ന തന്റെ ജോലി ഇപ്പോൾ നല്ല വിധത്തിൽ ചെയ്യുന്നുണ്ട്. പ്രതിപക്ഷ നേതാക്കൾക്ക് പോലും സുഷമയോട് എതിർപ്പില്ല. ഇതിനിടെ ബിജെപി മറ്റൊരു അപ്രതീക്ഷിത മുഖത്തെയും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നായും വാർത്തയുണ്ട്. ആദിവാസി വനിതയും ഇപ്പോൾ ഝാർഖണ്ഡ് ഗവർണറുമായ ദ്രൗപതി മുർമുവിന്റെ പേരാണ് പരിഗണിക്കുന്നത്. ഒഡിഷയിൽ നിന്നുള്ള നേതാവാണിവർ.

ബിജു ജനതാദളിലും ബിജെപിയിലും പ്രവർത്തിച്ച ഈ ആദിവാസി നേതാവിനെ ഉയർത്തി കൊണ്ടുവരുമ്പോൾ അത് ഒരു വിപ്ലവകരമായ തീരുമാനം തന്നെയാണ്. ആദ്യമായി ഒരു ആദിവാസി വനിതയെ രാഷ്ട്രപതിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിലൂടെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ ആർജ്ജിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.