തിരുവനന്തപുരം: ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിൽ കോൺഗ്രസ് പ്രതീക്ഷിക്കുന്നത് ഈസി വാക്ക് ഓവർ ആണ്. ബിജെപി മുന്നേറ്റത്തിലൂടെ സിപിഐ(എം) വോട്ടുകൾ ചോരുമ്പോൾ അനായാസം വിജയിച്ചു കയറാം എന്നും കരുതി. എന്നാൽ പത്രിക സമർപ്പണവും പിന്മാറ്റവും ഒക്കെ കഴിഞ്ഞപ്പോൾ ഏറ്റവും വലിയ പരാജയം മുന്നിൽ കാണുന്നത് കോൺഗ്രസാണു. എല്ലാ ഘടകകക്ഷികളും കോൺഗ്രസിനെതിരെ രംഗത്തുണ്ട് എന്നതാണ് വിചിത്രമായ കാര്യം. വെള്ളാപ്പള്ളി ഭീഷണി മുന്നിൽ കണ്ടു സിപിഐ(എം) ഒത്തൊരുമയോടെ പ്രവർത്തിച്ചതു കൊണ്ട് മിക്കയിടങ്ങളിലും ഇടതു മുന്നണി പ്രചാരണ പ്രവർത്തനങ്ങൾ മുന്നേറുമ്പോൾ ആണ് കോൺഗ്രസ് നിലയില്ലാകയത്തിൽ വീണ് കിടക്കുന്നത്. വെള്ളാപ്പള്ളിയുടെ പിന്നാലെ പോയ ബിജെപിക്കും വേണ്ടത്ര മുതലെടുപ്പ് നടക്കാൻ കഴിഞ്ഞില്ല എന്നതാണ് സിപിഎമ്മിനും പ്രതീക്ഷ നൽകുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സര ചിത്രം തെളിയുമ്പോഴാണ് യുഡിഎഫിലെ പ്രതിസന്ധി വ്യക്തമാകുന്നത്. വിമതർ വെല്ലുവിളിയായ പലേടത്തും ഇപ്പോഴും അതേ അവസ്ഥ നിലനിൽക്കുന്നു. യുഡിഎഫിലാണു വിമതശല്യം രൂക്ഷം. മിക്കവാറും ജില്ലകളിൽ യുഡിഎഫിൽ വിമത ശല്യം രൂക്ഷമാണ്. കോട്ടയത്ത് കേരളാ കോൺഗ്രസ് എമ്മുമായും മലപ്പുറത്ത് മുസ്ലിംലീഗുമായും സീറ്റ് വിഭജനം പൂർത്തിയാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ ഇവിടെയെല്ലാം സൗഹൃദമത്സരവും നടക്കുന്നു. ഇതോടെ വിമതരും സൗഹൃദ മത്സരവുമായി കോൺഗ്രസിന് തദ്ദേശത്തിൽ ജയിച്ചു കയറാൻ പാളയത്തിലെ പട തന്നെ പ്രതിസന്ധിയാകുന്നു.

ശക്തമായ നിന്ന പല വിമതരും പാർട്ടി നിർദേശത്തെത്തുടർന്നു പിന്മാറിയിരുന്നു. എങ്കിലും പലേടത്തും ഇപ്പോഴും വിമതർ മത്സരരംഗത്തു തുടരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥി മഹേശ്വരൻ നായർക്കെതിരെ മുടവന്മുകളിൽ വിമതൻ മത്സരിക്കുന്നു. വിഴിഞ്ഞത്ത് സിറ്റിങ് കൗൺസിലർ വിമതനായി മത്സരരംഗത്തുണ്ട്. കേരള കോൺഗ്രസിനു നൽകിയ പട്ടം സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുന്നു. കഴക്കൂട്ടത്ത് ജെഡിയുവിനെതിരെ കോൺഗ്രസ് നിർത്തിയ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു. മറ്റു ചില വാർഡുകളിൽ സിറ്റിങ് കൗൺസിലർമാർ പത്രിക നൽകിയിരുന്നെങ്കിലും അതു പിൻവലിച്ചു. സിപിഎമ്മിൽ പൗഡികോണത്തും കിണവൂരിലും വിമതർ മത്സരിക്കുന്നു.

കൊല്ലത്ത് ലീഗ് മത്സരിക്കുന്ന രണ്ടു കോർപ്പറേഷൻ വാർഡുകളിൽ കോൺഗ്രസ് വിമതരെ മത്സരിപ്പിക്കുന്നു. മധ്യ കേരളത്തിൽ വിമതശല്യം കോൺഗ്രസിനു വലിയ തലവേദനയായി തുടരുന്നു. കൊച്ചിയിൽ 22 ഡിവിഷനുകളിൽ കോൺഗ്രസിനു റിബൽ സ്ഥാനാർത്ഥികളുണ്ടായിരുന്നു. ഇതിൽ രണ്ടു പേർ മാത്രമാണു പത്രിക പിൻവലിച്ചിട്ടുള്ളത്. പാർട്ടിയിൽനിന്നു രാജിവച്ചാണു മിക്ക വിമതരും മത്സരിക്കുന്നത്. പത്രിക പൻവലിക്കാത്തവർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിലാണു ഡിസിസി. സജീവമായി മത്സര രംഗത്തുണ്ടാകരുതെന്നാണു ഡിസിസിയുടെ നിർദ്ദേശം. ഇടുക്കിയിൽ ജില്ലാ പഞ്ചായത്തിലേക്കു നാമനിർദേശ പത്രിക നൽകിയ ഏഴു കോൺഗ്രസ് വിമതരും പത്രിക പിൻവലിച്ചു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ ഇപ്പോഴും വിമതശല്യമുണ്ട്. തൃശൂരിൽ 20 കോൺഗ്രസ് വിമതരുണ്ട്.

മലപ്പുറത്ത് തുറന്ന പോരാണ്. 23 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമാണു പ്രശ്‌നങ്ങൾ. കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ ലീഗും കോൺഗ്രസും നേരിട്ടു മത്സരിക്കുകയാണ്. കോഴിക്കോട് പയ്യോളിയിൽ 11 ഐ ഗ്രൂപ്പ് പ്രവർത്തകർ പത്രിക നൽകിയിരുന്നു. അവർ ഇതു പിൻവലിച്ചു. ഇവിടുത്തെ ലീഗ് വിമതരും മത്സര രംഗത്തുനിന്നു പിന്മാറി. പാലക്കാട് കാര്യമായ വിമതശല്യം ഇരു മുന്നണികളിലുമില്ല.

ഇടുക്കിയിൽ വിമതർ സജീവം, ജോസഫിന്റെ നാട്ടിൽ സൗഹൃദ മത്സരം

യു.ഡി.എഫ് ഘടകകക്ഷികൾ തമ്മിലുള്ള ഏറ്റുമുട്ടൽ ശേഷിക്കുന്നതാണ് ഇടുക്കി ജില്ലയിലെ ദൃശ്യം. യു.ഡി.എഫുമായി പിണങ്ങിനിൽക്കുന്നവരെ എൽ.ഡി.എഫ് വ്യാപകമായി വലവീശി പിടിച്ചിട്ടുണ്ട്. മന്ത്രി പി.ജെ ജോസഫിന്റെ ജന്മസ്ഥലമായ പുറപ്പുഴ പഞ്ചായത്തിലെ 13 വാർഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ആലക്കോട് പഞ്ചായത്തിലെ 13 വാർഡുകളിലും സീറ്റു ധാരണയാകാത്തതിനാൽ കോൺഗ്രസ്-കേരള കോൺഗ്രസ് സൗഹൃദമൽസരമെന്ന പേരിൽ ഏറ്റുമുട്ടുകയാണ്.

കട്ടപ്പന നഗരസഭയിൽ രണ്ടു വാർഡുകളിൽ കേരള കോൺഗ്രസ് കോൺഗ്രസ് മൽസരം നടക്കുന്നു. ജില്ലാ പഞ്ചായത്ത് മുതൽ പഞ്ചായത്ത് വരെ പിൻവാങ്ങിയ സ്ഥാനമോഹികളിലേറെയും മുൻ എംപി പി.ടി തോമസിന്റെ പക്ഷത്തുള്ളവരും ഏതാനും ഐ വിഭാഗക്കാരുമാണ്. ഡി.സി.സി പ്രസിഡന്റ് റോയി.കെ.പൗലോസ് ഇക്കാര്യത്തിലും മേൽക്കൈ നിലനിർത്തി. കട്ടപ്പന നഗരസഭയിൽ കോൺഗ്രസ് നേതാവായിരുന്ന ഗിരീഷ് മാലിയിലിനെ അമ്പലക്കവല വാർഡിൽ സിപിഐ ബാനറിൽ സ്ഥാനാർത്ഥിയാക്കി. നരിയമ്പാറ, വെട്ടിക്കുഴികവല വാർഡുകളിലാണ് കോൺഗ്രസും കേരള കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളത്.

കരിമണ്ണൂർ പഞ്ചായത്തിൽ എൽ.ഡി.എഫ്. പാനലിൽ മത്സരിക്കുന്നതിൽ ഭൂരിപക്ഷംപേരും മുൻ യു.ഡി.എഫ്. നേതാക്കളാണ്. യു.ഡി.എഫ്. മണ്ഡലം ചെയർമാൻ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായപ്പോൾ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ രണ്ട് മുൻ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ എൽ.ഡി.എഫ്. സ്വതന്ത്രരായാണ് മത്സരിക്കുന്നത്. ഒരേ വാർഡിൽ യു.ഡി.എഫ് ബാനറിൽ രണ്ടു സ്ഥാനാർത്ഥികൾ മൽസരിക്കുന്നുവെന്നതും ആർ.എസ്‌പി അടക്കമുള്ള കക്ഷികൾ സ്വന്തം സ്ഥാനാർത്ഥികളുമായി മുന്നണി വിട്ടു മൽസരിക്കുന്നുവെന്നതും അടിമാലിയിലെ പ്രത്യേകതയാണ്. ഉപ്പുതറ പഞ്ചായത്തിലെ 12 വാർഡിലും ഉപ്പുതറ, പശുപ്പാറ ബ്ലോക്ക് ഡിവിഷനുകളിലും കോൺഗ്രസ്-കേരള കോൺഗ്രസ് ഏറ്റുമുട്ടുന്നു.

തൃശൂർ കോൺഗ്രസിൽ പാളയത്തിൽ പട; ഇടതിലും പ്രശ്‌നങ്ങൾ

തൃശൂർ കോർപ്പറേഷനിൽ അഞ്ചിടങ്ങളിൽ കോൺഗ്രസ് വിമതരുണ്ട്. ചേലക്കോട്ടുകര ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി. ആർ സന്തോഷിനെതിരെ മുൻ കൗൺസിലർ കിരൺ സി ലാസറും ഗാന്ധിനഗർ ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ സുബി ബാബുവിനെതിരെ സിറ്റിങ് കൗൺസിലർ പ്രൊഫ. അന്നം ജോണും വിമതരായി ഉറച്ചു നിന്നു. രാമവർമപുരത്ത് സുനിൽ ലാലൂരിനും ചിയ്യാരം സൗത്തിൽ പി.എ. വർഗീസിനും പടവരാട് കെ.എസ്. സന്തോഷിനും എതിരെ പത്രിക നൽകിയ കോൺഗ്രസ് പ്രവർത്തകർ പിൻവലിച്ചില്ല.

ഗുരുവായൂർ നഗരസഭയിൽ നഗരസഭ ആദ്യചെയർപേഴ്&്വംിഷ;സണും കെപിസിസി എക്‌സിക്യുട്ടീവ് അംഗവുമായ പ്രൊഫ. പി.കെ. ശാന്തകുമാരി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ആർ. ജയകുമാർ എന്നിവരാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. ഐ ഗ്രൂപ്പിൽ നിന്ന് എ ഗ്രൂപ്പിലേക്ക് മാറിയെന്ന് ആരോപിച്ച് ഐ ഗ്രൂപ്പാണ് ശാന്തകുമാരിയെ വെട്ടിയത്.

ഗ്രൂപ്പ് തിരിച്ചുള്ള സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ ആർ. ജയകുമാർ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ച് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. നഗരസഭ 15ാം വാർഡിലാണ് മണ്ഡലം സെക്രട്ടറിയായിരുന്ന ആർ. ജയകുമാർ മത്സരിക്കുന്നത്.

ചേർപ്പ്, പാറളം പഞ്ചായത്തുകളിലെ സിപിഐ(എം)-സിപിഐ. തർക്കങ്ങൾ ഏതാണ്ട് പരിഹരിച്ചതായാണ് നേതൃത്വം പറയുന്നത്. പാറളം പഞ്ചായത്തിൽ ചില വാർഡുകളിൽ സിപിഐയും സിപിഎമ്മും പത്രികകൾ നൽകിയിരുന്നു. ചർച്ച വൈകിയതിനാൽ പത്രിക പിൻവലിക്കാനായിട്ടില്ല.

ആലപ്പുഴയിൽ പരാതി ജെഎസ്എസുകൾക്ക്, ചേർത്തലയിൽ സിപിഐ(എം) വിമതനും

ആലപ്പുഴ നഗരസഭയിൽ ഇടതു മുന്നണിയോട് ഇടഞ്ഞ് അഞ്ചിടത്ത് പത്രിക സമർപ്പിച്ച ജെ.എസ്.എസ് ഗൗരിഅമ്മ വിഭാഗം മൂന്നിടത്തു മാത്രം പത്രിക പിൻവലിച്ചു. രണ്ടിടത്ത് സൗഹൃദമത്സരം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി ബി. ഗോപൻ പറഞ്ഞു.

യു.ഡി.എഫിലെ ജെ.എസ്.എസ് - രാജൻബാബു വിഭാഗം ഇപ്പോഴും കടുത്ത അതൃപ്തിയിലാണ്. എന്നാൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. പ്രചരണങ്ങളിൽ തങ്ങളെക്കൂടി ഉൾക്കൊള്ളുന്നിടത്ത് സഹകരിക്കാനും മറ്റുള്ളിടങ്ങളിൽ ഉചിതമായ നിലപാട് കൈക്കൊള്ളാനുമാണ് പാർട്ടിയുടെ തീരുമാനം. ജില്ലയിൽ കോൺഗ്രസിന് അഞ്ചിൽ താഴെ വിമത സ്ഥാനാർത്ഥികൾ മാത്രമേയുള്ളുവെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എം. മുരളി വ്യക്തമാക്കി. എൽ.ഡി.എഫ് നേതാക്കളും വിമതശല്യം ഭയപ്പെടുന്നില്ല.

ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ സിപിഐ(എം) എൽ.സി സെക്രട്ടറിക്കെതിരെ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മുൻ എൽ.സി സെക്രട്ടറി മത്സരത്തിത്തി. ചേർത്തല തെക്ക് പഞ്ചായത്ത് 15ാം വാർഡിലാണ് നിലവിലെ അരീപ്പറമ്പ് എൽ.സി സെക്രട്ടറി ബി. സലിമിനെതിരെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ദീർഘകാലം വഹിച്ചിട്ടുള്ള കെ.പി. അശോകൻ സ്വതന്ത്രനായി മത്സരിക്കുന്നത്. കോൺഗ്രസിലെ ഔദ്യോഗിക സ്ഥാനാർത്ഥി ഇന്നലെ പിൻവാങ്ങിയതോടെ വാർഡിൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പായി.

മലപ്പുറത്ത് ലീഗ്-കോൺഗ്രസ് പോര്; നിലമ്പൂരിൽ സിപിഎമ്മും പ്രതിസന്ധിയിൽ

മലപ്പുറത്ത് 24 പഞ്ചായത്തുകളിലും പുതുതായി രൂപവത്കരിച്ച കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലും കാളികാവ് ബ്ലോക്കിലും കോൺഗ്രസും മുസ്ലിംലീഗും ഏറ്റുമുട്ടും. ജില്ലാ പഞ്ചായത്ത് കരുവാരക്കുണ്ട് ഡിവിഷനിൽ എൽ.ഡി.എഫ് പിന്തുണയോടെ കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ മത്സരിക്കും. ഇവിടെ ലീഗ് സീറ്റ് നിഷേധിച്ചെന്നാണ് പരാതി. മലപ്പുറത്ത് 94 പഞ്ചായത്തുകളും 12 മുനിസിപ്പാലിറ്റികളുമാണുള്ളത്.

സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ തീവ്രശ്രമങ്ങൾക്കിടയിലും ഒത്തുതീർപ്പിന് ഇരുപാർട്ടികളുടേയും പ്രാദേശിക നേതൃത്വങ്ങൾ വഴങ്ങിയില്ല. ഇതോടെയാണ് സൗഹൃദ മത്സരങ്ങൾ. നേരത്തെ എട്ട് പഞ്ചായത്തുകളിലേ സൗഹൃദമത്സരത്തിന് യു.ഡി.എഫ് ജില്ലാസമിതി അനുമതി നൽകിയിരുന്നുള്ളൂ. കഴിഞ്ഞ വർഷം അഞ്ച് പഞ്ചായത്തുകളിൽ മാത്രമായിരുന്നു സൗഹൃദമത്സരം.

ചില പഞ്ചായത്തുകളിൽ ലീഗിനെതിരെ പാർട്ടി വിമതർ തന്നെ രംഗത്തുണ്ട്. നിലമ്പൂരിൽ സിപിഎമ്മിൽ നിന്ന് പുറത്താക്കിയവർ ജനകീയ മുന്നണിയെന്ന പേരിൽ മത്സര രംഗത്തുണ്ട്. യു.ഡി.എഫിലെ പ്രശ്‌നം വേണ്ടവിധത്തിൽ മുതലെടുക്കാൻ സിപിഎമ്മിനായിട്ടില്ല.

പാലക്കാട്ടും വിമതപ്രതിസന്ധി യുഡിഎഫിന്

പാലക്കാട് യു.ഡി.എഫിലാണ് വിമതശല്യം രൂക്ഷം. രണ്ടുദിവസമായി വിമതരെ അനുനയിപ്പിക്കാൻ നേതാക്കൾ ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കുറച്ചുപേർ പത്രിക പിൻവലിച്ചു. ഇന്നലെ മിക്ക വിമതരും വീട്ടിൽ നിന്ന് മാറിനിൽക്കുകയും ഫോൺ സ്വിച്ച് ഓഫാക്കുകയും ചെയ്തു. ഇതോടെ പ്രതിസന്ധി രൂക്ഷമായി. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുൻനഗരസഭാദ്ധ്യക്ഷയും മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ പി.എ. രമണീഭായി കോൺഗ്രസ് വിട്ടു.

പാലക്കാട് നഗരസഭയിൽ 48ാം വാർഡായ ഹരിക്കര സ്ട്രീറ്റിൽ നിന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രമണീഭായ് യു.ഡി.എഫിന് റിബലായി മത്സരിക്കും. ഇവർക്ക് പിന്തുണ നൽകി ജില്ലാ പഞ്ചായത്ത് തിരുവേഗപ്പുറ ഡിവിഷനിലെ സിറ്റിങ് കൗൺസിലർ കൃഷ്ണകുമാരിയും പാർട്ടി സ്ഥാനമാനങ്ങൾ രാജിവച്ച് മത്സരരംഗത്തുണ്ട്. ബിജെപി മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ഒന്നും തീരുമാനിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

മേലാർകോട് പഞ്ചായത്തിൽ 16ാം വാർഡിൽ എസ്.ഷൗക്കത്ത് അലി സിപിഎമ്മിന്റെ റിബലായി മത്സരരംഗത്തുണ്ട്. കോട്ടോപ്പാടം പഞ്ചായത്തിൽ 14 വാർഡുകളിൽ ലീഗ് വിമതർ മത്സരിക്കുന്നുണ്ട്. മണ്ണാർക്കാട് ബ്ലോക്കിലേക്ക് രണ്ട് സ്ഥാനാർത്ഥികളും ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് ഒരാളും ലീഗ് വിമതരായി നിൽക്കുന്നുണ്ട്.

കൊച്ചിയിൽ 5 സിറ്റിങ് വിമതന്മാർ

കൊച്ചി നഗരസഭയിൽ കോൺഗ്രസിന്റെ അഞ്ച് സിറ്റിങ് കൗൺസിലർമാർ വിമതരായി മത്സരിക്കുന്നു. വൈറ്റില ഡിവിഷനിൽ സുനിത ഡികസൺ, വൈറ്റില ജനതയിൽ കെപിസിസി സെക്രട്ടറി എം. പ്രേമചന്ദ്രനെതിരെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രത്‌നമ്മ രാജു, ചുള്ളിക്കൽ വി.കെ. ബാബു, പെരുമാന്നൂരിൽ എലിസബത്ത്, പനയപ്പള്ളിയിൽ വികടോറിയ ലോറൻസ് എന്നിവരാണ് വിമതർ. തഴപ്പ് ഡിവിഷനിൽ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സിപിഐ(എം) പ്രാദേശിക നേതാവുമായ പി.കെ. ഷംസുദ്ദീൻ വിമതനായി രംഗത്തുണ്ട്.

കോൺഗ്രസ് മുൻ കൗൺസിലർമാരായ വി.ജെ. ഹൈസിന്ത്, വിന്നി എബ്രഹം എന്നിവരും കേൺഗ്രസ് റെബലായി മതസരിക്കുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് മത്‌സരിക്കുന്ന പനമ്പള്ളിനഗർ ഡിവിഷനിൽ കർഷക മോർച്ച ജില്ലാ സെക്രട്ടറി സതീശൻ വിമതനായി രംഗത്തുണ്ട്.

കണ്ണൂരിലെ വിമതരെ കോൺഗ്രസ് പുറത്താക്കി

കണ്ണൂരിൽ കോൺഗ്രസിന് വിമതഭീഷണി ഒഴിയുന്നില്ല. കണ്ണൂർ കോർപ്പറേഷനിലെ വിമത സ്ഥാനാർത്ഥികളായ ആറു പേരെ പാർട്ടിയിൽ നിന്നു പുറത്താക്കി. പള്ളിക്കുന്ന് മേഖലയിലെ ആറു ഡിവിഷനുകളിലെ സ്ഥാനാർത്ഥികളാണിവർ.

യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ പലർക്കും പത്രിക നൽകാൻ പോലുമാവാത്ത സാഹചര്യം നേരിടേണ്ടി വന്ന ആന്തൂർ നഗരസഭയിൽ തിരഞ്ഞെടുപ്പ് നീതീപൂർവ്വമാകില്ലെന്ന് കാണിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി അയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ കണ്ണൂരിൽ കേന്ദ്രസേന വേണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ കേന്ദ്രസേന വന്നാലും വിജയം തങ്ങൾക്കൊപ്പമായിരിക്കുമെന്നു സി.പി. എം നേതൃത്വം പറയുന്നു.

കോട്ടയത്തും സൗഹൃദ മത്സരമൊരുക്കി യുഡിഎഫ്

കോട്ടയത്ത് കോൺഗ്രസ്-മാണിഗ്രൂപ്പ് സീ്റ്റ് തർക്കത്തിന് പരിഹാരമായില്ല. യു.ഡിഎഫുമായി തെറ്റി ജനതാദൾ (യു) പലയിടത്തും .ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. ഇരു പാർട്ടി നേതാക്കളും മാരത്തോൺ ചർച്ച നടത്തിയിട്ടും പ്രശ്‌നപരിഹാരമാകാതെ മരങ്ങാട്ടുപള്ളി,ഉഴവൂർ ,കങ്ങഴ ,രാമപുരം.തലയാഴം പഞ്ചായത്തുകളിൽ കോൺഗ്രസും മാണിഗ്രൂപ്പും തമ്മിൽ സൗഹൃദമത്സരം നടക്കുമെന്ന് ഉറപ്പായി.കങ്ങഴയിൽ 15ൽ ഒമ്പതു വാർഡിലും കോൺഗ്രസ് മാണി സൗഹൃമത്സരമാണ്.

രാമപുരത്ത് നാല് വാർഡുകളിൽ കോൺഗ്രസ് റിബലുകൾ മത്സരരംഗത്തുണ്ട്.പാലാ ,വൈക്കം ,കോട്ടയം നഗരസഭകളിലും കോൺഗ്രസ് റിബലുകൾ പിന്മാറിയിട്ടില്ല. അർഹമായ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് യു.ഡിഎഫ് വിട്ട ജനതാദൾ (യു )ചങ്ങനാശ്ശേരി ,വൈക്കം,തിടനാട്,ഈരാറ്റുപേട്ട,കോട്ടയം നഗരസഭ എന്നിവിടങ്ങളിൽ മത്സരിക്കാൻ തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ പത്രസമ്മേളനത്തിൽ അറിയിച്ചു.