കോഴിക്കോട്: കഴിഞ്ഞതവണ 13ൽ പത്തുംപിടിച്ച് ഇടതുമുന്നണിയുടെ മാനം കാത്ത ജില്ലയാണ് കോഴിക്കോട്.അതുകൊണ്ടുതന്നെ ഇത്തവണ അവർ അതിലേറെ പ്രതീക്ഷിക്കുമ്പോഴും കുറ്റ്യാടിയിലും വടകരയിലുമുണ്ടായ കടുത്ത മൽസരം എൽ.ഡി.എഫ് ക്യാമ്പിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ തുടക്കത്തിൽ ഏറെ പിറകിലായിരുന്ന യു.ഡി.എഫിന് അവസാനഘട്ടത്തിൽ ജില്ലയിൽ കടുത്ത മത്സരം നടക്കുന്ന പ്രതീതിയുണ്ടാക്കാനായി. എങ്കിലും ഇടതുപക്ഷത്തിന് നല്ല വേരോട്ടമുള്ള ജില്ലയിൽ അവരുടെ മേൽക്കോയ്മ തുടരാണ് സാധ്യത. ഇരുമുന്നണികളോടും കിടപിടിക്കുന്ന പ്രചാരണവുമായി ബിജെപിയും ജില്ലയിൽ ശക്തമായ സാന്നിധ്യമറിയിക്കാനുള്ള പുറപ്പാടിലാണ്. കുറ്റ്യാടി, വടകര, കോഴിക്കോട് സൗതുകൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലാണ് എറ്റവുമൊടുവിൽ പ്രവചനാതീതമായ മത്സരം രൂപപ്പെട്ടത്.

ബേപ്പൂർ, കോഴിക്കോട് നോർത്, കുന്ദമംഗലം, പേരാമ്പ്ര, എലത്തൂർ, ബാലുശ്ശേരി, നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളിൽ ഇപ്പോഴും ഇടതിനാണ് മുൻതൂക്കമുണ്ട്. വടകരയിൽ ആർ.എംപി പിടിക്കുന്ന വോട്ടുകൾ നിർണായകമാകും. ജില്ലയിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇടതുസ്ഥാനാർത്ഥി സി.കെ. നാണു കഴിഞ്ഞതവണ ഇവിടെ ജയിച്ചത്. അതേസമയം ആർ.എംപിയുടെ വോട്ടുകൾ അവർ തന്നെ പിടിച്ചാൽ തങ്ങൾ ജയിക്കുമെന്നും അവസാനഘട്ടത്തിൽ ആർ.എംപി യു.ഡി.എഫിന് വോട്ടുമറിക്കുന്ന പ്രവണതയാണ് മുൻകാലങ്ങളിൽ ഉണ്ടായിട്ടള്ളതെന്നും സിപിഐ(എം) നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് സൗത്തിൽ കടുത്ത മത്സരത്തിനിടയിലും മന്ത്രി മുനീറിന്റെ പ്രതിച്ഛായ തുണക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പക്ഷേ ഇടതുസ്ഥാനാർത്ഥി എ.പി അബ്ദുൽവഹാബും ഏറെ മുന്നേറിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുനോക്കുകയാണെങ്കിൽ ഇവിടെ യു.ഡി.എഫ് 4000 വോട്ടിന് പിറകിലാണ്. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി ജയിച്ചപ്പോഴൊക്കെ ബിജെപി വോട്ട് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത്തവണയും അത്തരമൊരു നീക്കുപോക് അവസാനവട്ടത്തിൽ രൂപപ്പെട്ടില്‌ളെങ്കിൽ സൗത്ത് മറിയുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.

കുറ്റ്യാടിയിലാണെങ്കിൽ മേഖലയിൽ ബോംബ് സ്‌ഫോടനവും പ്രവാസി നേതാവും കന്നിക്കാരനുമായ ലീഗ് സ്ഥാനാർത്ഥിയുടെ സ്വാധീനവും ഇടതിന് വെല്ലുവിളിയാണ്. അവസാന ലാപ്പിലേക്ക് എത്തിയപ്പോൾ ഇവിടെ കടുത്ത സാമുദായിക ധ്രുവീകരണവും പ്രകടമാണ്.കുറ്റ്യാടിക്കൊപ്പം പേരാമ്പ്ര മണ്ഡലം ഇടതുപക്ഷത്തിന് ആശങ്കയുയർത്തുന്നതായാണ് നേതാക്കളുടെ പ്രതികരണങ്ങളിൽനിന്ന് പ്രകടമാവുന്നത്. ബിജെപിയുമായി യു.ഡി.എഫ് രഹസ്യ ധാരണ ആരോപിക്കുന്നത് മുഖ്യമായി ഈ മണ്ഡലങ്ങളിലാണ്.പക്ഷേ സിപിഐ.എമ്മിന് രാഷ്ട്രീയമായി ഈ മേഖലയിലുള്ള വലിയ മേൽക്കൈ വോട്ടാവുമെന്നാണ് ഇടതുമുന്നണി കരുതുന്നത്.

തിരുവമ്പാടിയിൽ ലീഗ് സ്ഥാനാർത്ഥിത്വത്തിനെതിരെ തുടക്കത്തിൽ പ്രതിഷേധമുയർന്നെങ്കിലും ക്രിസ്ത്യൻ വോട്ടുകളിൽ ഇപ്പോഴും യു.ഡി.എഫിന് പ്രതീക്ഷയുണ്ട്. സഭയുടെ പിന്തുണ അവകാശപ്പെട്ടുകൊണ്ടുവന്ന മലയോര വികസന സമിതി പൊതുസമൂഹത്തിൽനിന്നുവന്ന കടുത്ത എതിർപ്പിനെ തുടർന്ന് ഇപ്പോൾ മിണ്ടാതായിട്ടുണ്ട്. പക്ഷേ സഭയുടെയും മലയോര വികസനസമിതിയുടെയും അനൗദ്യോഗി പിന്തുണ ഇപ്പോഴും തങ്ങൾക്കാണെന്നും അതിനാൽതന്നെ ജയം ഉറപ്പാണെന്നുമാണ് എൽ.ഡി.എഫിന്റെ വിശദീകരണം.കൊടുവള്ളിയിൽ ലീഗ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ ലീഗിൽനിന്നുതന്നെ പടയുണ്ടായത് ഇടതിന് വൻ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്്. അവസാനഘട്ടത്തിൽ എത്തുമ്പോഴേക്കും ഇടത് പിന്തുണയുള്ള ലീഗ് വിമതൻ കാരാട്ട് റസാഖ് ജയിക്കുമെന്ന പ്രതീതിയാണ് മണ്ഡലത്തിൽ എങ്ങും.തങ്ങളുടെ ശക്തികേന്ദ്രങ്ങളായ കൊടുവള്ളി നഗരസഭയിലും കിഴക്കോത്ത് പഞ്ചായത്തിലുമൊക്കെ ലീഗിന് പിളർപ്പിന് സമാനമായ അവസ്ഥയാണ് വന്നുചേർന്നത്.ഇതിനുപുറമെ എ.പി വിഭാഗം സുന്നികളുടെ പിന്തുണയും കാരാട്ട് റസാഖിനുണ്ട്.

കുന്ദമംഗലത്ത് ഇടത് സിറ്റിങ് എംഎ‍ൽഎക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് യുവ കോൺഗ്രസ് നേതാവ് ടി.സിദ്ദീഖ് കാഴ്ചവെക്കുന്നത്. എങ്കിലും കുന്ദമംഗലം മണ്ഡലത്തിൽപെട്ട ഒളവണ്ണ പഞ്ചായത്തിലെ സിപിഐ(എം) മേൽക്കോയ്മയാണ് ഇടതിന്റെ പ്രതീക്ഷ. കോഴിക്കോട് നോർത്തിൽ കടുത്ത പ്രചാരണമാണ് നടന്നത്. എങ്കിലും പ്രദീപ് കുമാറിന്റെ മണ്ഡലത്തിലെ ഇടപെടലുകൾ ഗുണംചെയ്യമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി. ബേപ്പൂരിൽ യുവനേതാവിൽനിന്ന് കടുത്ത വെല്ലുവിളി മേയർ വി.കെ.സി. മമ്മദ് കോയ നേരിടുന്നുവെങ്കിലും അദ്ദേഹത്തിന്റെ സർവാദരണീയതയിലാണ് ഇടതുപ്രതീക്ഷ.

എലത്തൂരും ബാലുശ്ശേരിയും ഇടത് അനുകൂല മണ്ഡലമായാണ് കരുതപ്പെടുന്നത്. എന്നാൽ, ബാലുശ്ശേരിയിൽ ഇടത് സിറ്റിങ് എംഎ‍ൽഎ സീറ്റ് നിലനിർത്താൻ കടുത്ത ചെറുത്തുനിൽപിലാണ്. ഇവിടെ ബിജെപി ഗണ്യമായി വോട്ട് വർധന പ്രതീക്ഷിക്കുന്നു. കൊയിലാണ്ടി യു.ഡി.എഫ് അനുകൂല മനസ്സുള്ള മണ്ഡലമായാണ് എണ്ണുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിലുള്ള അസ്വാരസ്യം തങ്ങൾക്കനുകൂലമാകുമെന്ന് ഇടതുപക്ഷം കരുതുന്നു. നിലമെച്ചെപ്പെടുത്തുമെന്ന് യു.ഡി.എഫ് ക്യാമ്പ് പറയുമ്പോഴും അവസാനലാപ്പിൽ ഇടതുതരംഗം പ്രകടമാണെന്നാണ് എൽ.ഡി.എഫ് നേതാക്കൾ പറയുന്നത്.