കോന്നി: ഇവിടം സ്വർഗമാണ്. അല്ലെന്ന് പറയാൻ കടുത്ത സിപിഎമ്മുകാരന് പോലും കഴിയില്ല. കാരണം ഇവിടെ വികസനം നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. സ്വകാര്യ മേഖലയിലെ ഒന്നടക്കം രണ്ടു മെഡിക്കൽ കോജളുകൾ, കണ്ണാടി പോലെ തിളങ്ങുന്ന റോഡുകൾ, ആയിരങ്ങൾ വിരുന്നെത്തുന്ന ടൂറിസം സെന്ററുകൾ, 18 കോളജുകൾ, നൂറുകോടിയലുടെ ബ്ലഡ് ബാഗ് യൂണിറ്റ്, ഭക്ഷ്യഗവേഷണ കേന്ദ്രം, സ്വന്തം താലൂക്ക്, നഴ്‌സിങ്ങ് കോളജ്, നൂറുകോടിയുടെ കയർ നിർമ്മാണ യൂണിറ്റ്, അച്ചൻകോവിൽ-ചിറ്റാർ-മലയോര ഹൈവേ, അടവിയിൽ തുറസായ ആനത്താവളം, കലഞ്ഞൂരിൽ ഔഷധ സസ്യ പാർക്ക് തുടങ്ങി കോന്നിയെ ഒരു ജില്ലയായി പ്രഖ്യാപിക്കത്ത വിധമുള്ള വികസനങ്ങളാണ് ഇവിടെയുള്ളത്.

സംസ്ഥാനത്ത് മറ്റൊരു മണ്ഡലത്തിലുമില്ലാത്ത വികസനങ്ങളുടെ പേരിൽ അടൂർ പ്രകാശ് ഇക്കുറി വൻഭൂരിപക്ഷത്തിൽ ജയിച്ചു കയറുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സകലരും കരുതിയിരുന്നത്. എന്തിന് സിപിഐ(എം) പോലും അങ്ങനെ ചിന്തിച്ചു. ഇവിടേക്ക് കണ്ടെത്തിയ സിപിഐ(എം) സ്ഥാനാർത്ഥികൾ പലരും തോൽവി ഭയന്ന് പി•ാറിയപ്പോൾ അയൽമണ്ഡലത്തിൽ നിന്ന് സ്ഥാനാർത്ഥിയെ ഇവിടേക്ക് കെട്ടിയിറക്കേണ്ടി വന്നു. അങ്ങനെയാണ് തിരുവല്ലക്കാരനായ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. സനൽകുമാർ ഇവിടെ സ്ഥാനാർത്ഥിയായത്. അടൂർ പ്രകാശ് എന്ന ഭീമനോട് ഏറ്റുമുട്ടി വൻ തോൽവി ഏറ്റുവാങ്ങാൻ വന്നയാളെന്ന സഹതാപമായിരുന്നു സനൽകുമാറിനോട്. പക്ഷേ, സുധീരന്റെ നിലപാട് കളം മാറ്റിക്കളഞ്ഞു.

എന്തൊക്കെ വികസനം കൊണ്ടു വന്നാലും അഴിമതി കാട്ടിയാളാണ് പ്രകാശെന്ന് കെപിസിസി പ്രസിഡന്റ് തുറന്നടിച്ചപ്പോഴും അടൂർ പ്രകാശ് ഇത്രയും പ്രതീക്ഷിച്ചു കാണില്ല. ജനം തന്നെ കൈവിടില്ലെന്നായിരുന്നു പ്രതീക്ഷ. സീറ്റിന് വേണ്ടിയുള്ള വിവാദമൊക്കെ കഴിഞ്ഞ് പ്രചാരണത്തിന് പുറത്തിറങ്ങിയപ്പോഴാണ് വോട്ടർമാരിൽ ചിലരെങ്കിലും സുധീരന്റെ വാക്കുകൾക്ക് ചെവി കൊടുത്തുവെന്ന് മനസിലായത്. എ ്രവികസനം വന്നാലെന്താ സമുദായ സംഘടനകൾക്കും തോട്ടമുടമകൾക്കും ഭൂമി പതിച്ചു കൊടുത്തില്ലേ?, സ്വന്തം മണ്ഡലമായ ചെങ്ങറയിൽ അടക്കമുള്ള ആയിരക്കണക്കിന് ഭൂരഹിതർക്ക് വേണ്ടി മന്ത്രി എന്തു ചെയ്തു എന്നിങ്ങനെയുള്ള ചോദ്യം ഉയർന്നു. വികസനം നടത്തിയതു കൊണ്ട് ചെയ്ത അഴിമതി ഇല്ലാതാകുന്നില്ല എന്ന മനോഭാവത്തിലേക്ക് കൂടി വോട്ടർമാർ തിരിഞ്ഞതോടെ എൽ.ഡി.എഫും എൻ.ഡി.എയും ഗോളടിച്ചു തുടങ്ങി. തക്കം നോക്കിയിരുന്ന എൽ.ഡി.എഫ് പ്രചാരണം ശക്തമാക്കിയതോടെ ഏകപക്ഷീയമെന്ന ലേബലുണ്ടായിരുന്ന മത്‌സരം ത്രികോണമായി.

പ്രചാരണ വഴികളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സനൽകുമാറിനൊപ്പം എത്താൻ മത്സരിക്കുകയാണ് അടൂർ പ്രകാശ്. എൻ.ഡി.എയുടെ അഡ്വ. ഡി. അശോക് കുമാറും മോശമാക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കുറഞ്ഞ ഭൂരിപക്ഷം അടൂർ പ്രകാശിനെ ഭയപ്പെടുത്തുന്നു. 96 ൽ 806 വോട്ടിന് വിജയിച്ചു കൊണ്ടാണ് അടൂർ പ്രകാശിന്റെ അശ്വമേധം കോന്നിയിൽ തുടങ്ങിയത്. 2001 ൽ അത് 14,050 ആയി വർധിച്ചു. 2006 ൽ 14895 ആയി ഭൂരിപക്ഷം ഉയർന്നു. പക്ഷേ, 2011 ൽ 5994 വോട്ടായി ഭൂരിപക്ഷം കുറഞ്ഞു. അതാണ് അടൂർ പ്രകാശിനെ അലട്ടുന്ന പ്രശ്‌നം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണിക്ക് 18142 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയത് ആശ്വസിക്കാൻ വകനൽകിയെങ്കിലും തദ്ദേശതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കൂടുതലായി കിട്ടിയത് വെറും 2117 വോട്ടാണ്.

ഇതൊക്കെയാണ് അടൂർ പ്രകാശിന് തിരിച്ചടിയുണ്ടാകുമെന്ന് വിലയിരുത്താൻ കാരണം. തുടക്കത്തിലെ സ്ഥാനാർത്ഥി നിർണയ വിവാദമൊക്കെ കഴിഞ്ഞ് ശക്തമായ നിലയിലാണ് എൽ.ഡി.എഫ്. ബി.ഡി.ജെ.എസ് വോട്ട് എൻ.ഡി.എയ്ക്കു തന്നെ ലഭിച്ചാൽ, യാതൊരു സംശയവും വേണ്ട കോന്നിയിൽ അടൂർ പ്രകാശ് തോൽക്കും.