കണ്ണൂർ: മുൻവർഷങ്ങളിലേതിൽ നിന്നും വ്യത്യസ്തമായ പല കാര്യങ്ങളുണ്ട് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ. സോഷ്യൽ മീഡിയയുടെ പ്രധാന സ്വാധീനം തന്നെയാണ് ഇതിൽ ഒന്ന്. അതുകൊണ്ട് തന്നെ വളരെ ജനകീയരാകാനുള്ള പൊടിക്കൈകൾ പയറ്റുകയാണ് ഓരോ സ്ഥാനാർത്ഥികളും. പരിസര ശുചീകരണ കാര്യത്തിലും മരം നടലിന്റെ കാര്യത്തിലുമൊക്കെയാണ് പലർക്കും ശ്രദ്ധ. ഇങ്ങനെയുള്ള ഹരിത വാഗ്ദാനങ്ങൾ നൽകാനും സ്ഥാനാർത്ഥികൾ റെഡിയാണ്.

അഞ്ച് വർഷം മുമ്പ് ഹൈടെക്കായി പ്രചരണം നടത്തിയ വ്യക്തിയാണ് വി ടി ബൽറാം എംഎൽഎ. സോഷ്യൽ മീഡിയയെ അന്ന് തന്നെ ബൽറാം സമർത്ഥമായി ഉപയോഗിച്ചിരുന്നു. ഫേസ്‌ബുക്കിലൂടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന ചോദിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ തവണ ബൽറാം ഹൈടെക്കായത്. പിന്നീടാണ് ആം ആദ്മി പാർട്ടി ഇത്തരമൊരു ഫണ്ട് ശേഖരണം നടത്തിയത്. ഇത്തവണയും തെരഞ്ഞെടുപ്പ് ഫണ്ട് ചോദിക്കൽ ഫേസ്‌ബുക്കിലൂടെ ആക്കിയിട്ടുണ്ട് വി ടി ബൽറാം. തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവനകൾ നൽകാനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ബൽറാം നൽകി കഴിഞ്ഞു.

ഇങ്ങനെ ഹൈടെക്കായ പ്രചരണം ഒരുവശത്ത് നടക്കുമ്പോൾ പരിസ്ഥിതിയിൽ ഊന്നിയുള്ള വാഗ്ദാനങ്ങളാണ് മറ്റ് സ്ഥാനാർത്ഥികൾക്കെല്ലാം നൽകാനുള്ളത്. പലരും പ്രധാനമായും ഓഫർ ചെയ്തിരിക്കുന്നത് സാമൂഹിക വനവൽക്കരണമാണ്. പലരും നോമിനേഷൻ സമർപ്പിക്കും മുമ്പ് മരം നട്ടുകൊണ്ടാണ് തുടങ്ങിയത്. സോളാറും ബാറുമൊക്കെ ഫ്ളാ്‌സിലേയും ഫെയ്‌സ് ബുക്കിലെയും ആരോപണങ്ങളാണെങ്കിൽ വോട്ടർമാർക്കു മുന്നിൽ കൊടും ചൂടും പരിസ്ഥിതിയും തന്നെ വിഷയം. മണ്ണറിഞ്ഞും മനസറിഞ്ഞുമുള്ള വിഷയങ്ങൾ കണ്ടെത്തിയാണു സ്ഥാനാർത്ഥികൾ വോട്ടുതേടുന്നത്.

തോമസ് ഐസക്കും കെ.എം.ഷാജിയും മാത്രമല്ല പിണറായി വിജയനും കെ.സി. ജോസഫുമൊക്കെ മരം നട്ടുകൊണ്ടാണു പലദിവസങ്ങളിലും പ്രചാരണത്തിനു തുടക്കം കുറിക്കുന്നത്. തോമസ് ഐസക് മരം നടലിന് പുറമേ പരിസര ശുചീകരണത്തിനും പ്രാധാന്യം നൽകുന്നു. ആലപ്പുഴ നഗരം ശുചീകരിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം തന്നെ തുടങ്ങിയത്.

പ്ലാവിൻതൈ നട്ടശേഷമായിരുന്നു തോമസ് ഐസക് പത്രിക സമർപ്പണത്തിനു പോയത്. പത്രിക സമർപ്പണ ദിവസം പതിനായിരം പ്ലാവിൻതൈ നടാനുള്ള നീക്കം എതിരാളികളുടെ പരാതിയെതുടർന്നു മുടങ്ങി. സൗജന്യ തൈവിതരണം പ്രലോഭനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.  എന്നാൽ സൗജന്യമായല്ല, വിലകൊടുത്ത് താൽപര്യമുള്ളവർക്കു തൈ വാങ്ങാനുള്ള ക്രമീകരണമാണ് ഒരുക്കിയതെന്നു പിന്നീട് തോമസ് ഐസക് പ്രതികരിച്ചു.

അഞ്ചുവർഷംകൊണ്ട് ആലപ്പുഴ മണ്ഡലത്തിൽ പത്തുലക്ഷം വൃക്ഷത്തൈ വച്ചുപിടിപ്പിക്കുമെന്നതാണ് തോമസ് ഐസക്കിന്റെ പ്രധാന വാഗ്ദാനം. തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുന്ന ദിവസം 25,000 പ്ലാവിൻതൈകൾ നട്ടായിരിക്കും തങ്ങൾ വിജയം ആഘോഷിക്കുകയെന്നാണ് തോമസ് ഐസക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. വി.ഡി. സതീശനും ശ്രേയാംസ് കുമാറും വി.ടി.ബൽറാമും കെ.എം.ഷാജിയും കാടുപിടിപ്പിക്കുമെന്ന വാഗ്ദാനക്കാരാണ്. ധർമടം മണ്ഡലത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്ലാവ്, മാവ്, സപ്പോട്ട, ലക്ഷ്മിതരു തുടങ്ങിയവ നട്ടുപിടിപ്പിച്ചാണു പിണറായി വിജയൻ പ്രചാരണമാരംഭിച്ചതു തന്നെ.

വേനലിനു മരങ്ങളാണു മറുപടിയെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നു പിണറായി പറഞ്ഞത്. കാർഷിക സ്വയം പര്യാപ്തത വിളംബരം ചെയ്ത് പച്ചക്കറി വിളവെടുത്തും പാടത്ത് വെള്ളം തേവിയുമൊക്കെ മണ്ണിലേക്കും മനസിലേക്കുമിറങ്ങിയാണ് വോട്ടു പിടിത്തം. സാമൂഹിക മാദ്ധ്യമങ്ങളിൽ ന്യൂജനറേഷനെ തൃപ്തിപ്പെടുത്തുന്ന വിഷയങ്ങളുപയോഗിച്ചും യോഗങ്ങളിൽ രാഷ്ട്രീയ പ്രബുദ്ധത പറഞ്ഞും വിവിധ തൊഴിലിടങ്ങളിൽ ചെന്ന് അവരിലൊരാളായി ചേർന്നുമാണ് വോട്ടഭ്യർത്ഥന.

നാടൻ പലഹാരങ്ങളുടെ കേന്ദ്രമായ കണ്ണൂരിൽ കിണ്ണത്തപ്പത്തിനും കലത്തപ്പത്തിനും ഭൗമ സൂചികാ പദവിയാണ് അഴീക്കോട്ടെ സ്ഥാനാർത്ഥി എം വി നികേഷ് കുമാറിന്റെ വാഗ്ദാനം. അഴീക്കോട്ടെ ശങ്കരേട്ടന്റെ കടയിൽ കിണ്ണത്തപ്പവും കലത്തപ്പവും കഴിച്ച് ഈ വാഗ്ദാനം നൽകുന്ന വീഡിയോ പ്രചാരണവും നികേഷ് കുമാർ നടത്തുന്നുണ്ട്. തലശേരി ബിരിയാണിയുടെ ആഗോള പ്രശസ്തിയെക്കുറിച്ചാണ് എ. പി. അബ്ദുള്ളക്കുട്ടി വാചാലനാകുന്നത്. എന്തായാലും സ്ഥാനാർത്ഥികളുടെ പ്രകൃതി സ്‌നേഹം വോട്ടർമാർക്കും സന്തോഷം പകരുന്നതാണ്.