തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിക്കുന്ന വിധത്തിലാണ് ഏഷ്യാനെറ്റ് ചാനലിന്റെ സർവേ ഫലം പുറത്തുവന്നത്. അടുപ്പിച്ച് ഒരു മുന്നണിയെ തന്നെ അധികാരത്തിൽ എത്തിക്കുന്ന പതിവില്ലാത്ത കേരളത്തിൽ അതു തന്നെ ആവർത്തിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇങ്ങനെ ഭരണമാറ്റം പ്രവചിക്കുന്നതാണ് സംസ്ഥാന ഇന്റലിജന്റ്‌സ് റിപ്പോർട്ടുകളും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫ് വിരുദ്ധതരംഗം ഉണ്ടാകുമെന്ന വിധത്തിലാണ് ഇന്റലിജന്റ്‌സ് റിപ്പോർട്ടെന്ന് മംഗളം ദിനപത്രം റിപ്പോർട്ട് ചെയ്തു.

വീണ്ടും അധികാരത്തിൽ എത്തുമെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും ഐക്യജനാധിപത്യമുന്നണിക്കു വിജയസാധ്യത കുറവാണെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് ഇന്റലിജൻസ് വിഭാഗത്തിലെ പൊളിറ്റിക്കൽ വിങ് ഇടയ്ക്കിടെ സർക്കാരിനു റിപ്പോർട്ട് നൽകാറുണ്ട്. കഴിഞ്ഞയാഴ്ച സമർപ്പിച്ച റിപ്പോർട്ടിലാണു രാഷ്ട്രീയമാറ്റത്തിനു സാധ്യതയുണ്ടെന്ന പരാമർശമുള്ളത്. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നു. ഇത് ഇടതുമുന്നണിക്കും ബിജെപിക്കും അനുകൂലമാകാമെന്നാണു റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു ലഭിച്ച റിപ്പോർട്ടിലെ വിവരങ്ങൽ കെപിസിസി അധ്യക്ഷൻ വി എം സുധീരനും കൈമാറിയേക്കും. ഇത് പ്രകാരം സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടക്കം മാറ്റം വരുത്താൻ പാർട്ടി ഉദ്ദേശിക്കുന്നതായാണ് റിപ്പോർട്ട്. മന്ത്രിസഭയിലെ മൂന്നംഗങ്ങളുടെയും 15 എംഎൽഎമാരുടെയും വിജയസാധ്യതയെക്കുറിച്ചു ഇന്റലിജൻസിന് സംശയമുണ്ട്. വടക്കൻ കേരളത്തിൽ എൽഡിഎഫിന് മുൻതൂക്കം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ യുഡിഎഫിലെ തെക്കൻ കേരളം കൈവിടില്ലെന്ന സൂചനയാണ് നൽകുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശൂർ എന്നീ ജില്ലകളിലാണ് എൽഡിഎഫ് മേൽക്കൈ ഉണ്ടാകുമെന്ന് പ്രവചിക്കുന്നത്. സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കും എതിരെ ഉയർന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല നേരത്തെ ഹൈക്കമാൻഡിന് കത്തെഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെ മൂന്ന് നേതാക്കളെയും ഉയർത്തിക്കാട്ടി തെരഞ്ഞെുപ്പിനെ നേരിടാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശിച്ചതും.

നേരത്തെ തെരഞ്ഞെടുപ്പിൽ സോളാർ അഴിമതിയും ഗ്രൂപ്പുതർക്കവും യുഡിഎഫിനു വിനയാകുമെന്ന് ഏഷ്യാനെറ്റ് സീഫോർ സർവെ അഭിപ്രായപ്പെട്ടിരുന്നു. ഭരണ തുടർച്ചയെന്ന കോൺഗ്രസിന്റെ ആഗ്രഹം നടക്കില്ലെന്നാണ് സർവ്വേ പറയുന്നത്. നിലവിലെ കേരള രാഷ്ട്രീയം ഇടതു പക്ഷത്തിന് അനുകൂലമാണ്. 41 ശതമാനം വോട്ടുമായി സിപിഐ(എം) നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 77 മുതൽ 82 വരെ സീറ്റുകളാണ് ഇടതു പക്ഷത്തിന് നൽകുന്നത്. യുഡിഎഫ്ിന് 55 മുതൽ 60 സീറ്റുകൾ ലഭിക്കും. വോട്ടിങ് ശതമാനം 37 ആണ്. ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചനം. പതിനെട്ട് ശതമാനം സീറ്റുമായി മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകൾ ലഭിക്കും. മറ്റുള്ളവർക്ക് ഒന്നും കിട്ടുകയില്ലെന്നും സർവ്വേ പറയുന്നു.

ബിജെപി ഉണ്ടാക്കുന്ന നേട്ടം ഇടതുപക്ഷത്തിന് നേട്ടമാകുമെന്നാണ് ഫലം പ്രവചിക്കുന്നത്. സ്ഥാനാർത്ഥികളെ കണക്കിലെടുക്കാതെയുള്ളതാണ് ഈ സർവ്വേ. സോളാറും ബാറും യുഡിഎഫിന് തിരിച്ചടിയാണെന്നാണ് വിശദീകരിക്കുന്നത്. കേരളത്തിന്റെ മനസ്സ് ഇപ്പോഴും വി എസ് അച്യൂതാനന്ദന് അനുകൂലമാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ മത്സരിക്കുന്നതിനോടു ഭൂരിപക്ഷം പേരും അനുകൂലിച്ചപ്പോൾ പിണറായി വിജയനും വി എസും ഒന്നിച്ചു മത്സരിക്കുന്നതിനോട് സമ്മിശ്രപ്രതികരണമാണുള്ളത്. പൊതുവെ എൽഡിഎഫിന് അനുകൂലമാണു കേരളത്തിലെ അന്തരീക്ഷമെന്ന വിലയിരുത്തലാണു ഏഷ്യാനെറ്റ് -സീഫോർ സർവെ നടത്തുന്നത്.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്ന് സർവെയിൽ പങ്കെടുത്ത 72 ശതമാനം പേർ അഭിപ്രായപ്പെട്ടു. സരിത ഉന്നയിച്ച ആരോപണങ്ങളിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുള്ളതായി വിശ്വസിക്കുന്നുവെന്ന് 57 ശതമാനം പേർ അഭിപ്രായപ്പെട്ടു. ബാർ കോഴക്കേസിൽ കെ.ബാബുവിനെ രക്ഷിക്കാൻ സർക്കാർ ഇരട്ടത്താപ്പ് കാണിച്ചെന്ന് 49ശതമാനം പേരാണു ചൂണ്ടിക്കാട്ടിയത്. അതേസമയം, മദ്യനയം യുഡിഎഫിന് ഗുണം ചെയ്തുവെന്ന് 37 ശതമാനം പേർ വിശ്വസിക്കുന്നു.

പിണറായിക്കെതിരായ ലാവ്‌ലിൻ കേസ് തെരഞ്ഞെടുപ്പിൽ വിഷയമാവുമെന്ന് 56 ശതമാനം പേർ പറയുമ്പോൾ ലാവ്‌ലിൻ കേസ് ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചെന്ന് 42 ശതമാനം പേർ വിലയിരുത്തുന്നു. 73 ശതമാനം പേരാണു വി എസ് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവർ. വിഎസും പിണറായിയും ഒന്നിച്ചു മത്സരിച്ചാൽ ഗുണം ചെയ്യില്ലെന്ന് 48 ശതമാനം പേരും പറയുന്നു.