- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
തിരഞ്ഞെടുപ്പ് വാർത്തകൾ അന്നും ഇന്നും: മാദ്ധ്യമപ്രവർത്തകൻ രവിശങ്കർ എഴുതുന്നു..
കേരളത്തിൽ മറ്റൊരു ന്യൂസ് ഫോട്ടോഗ്രാഫർക്കും അവകാശപ്പെടാനില്ലാത്ത ഒരു ബഹുമതിക്ക് ഈയുള്ളവൻ അർഹനാണ്. ഡിജിറ്റൽ ഫോട്ടോഗ്രഫി വരുന്നതിന് മുൻപ്. ദൂരദർശൻ എന്ന ഒരു ചാനലും (വാർത്തകൾക്ക് മാത്രമായി ചാനലുകൾ വരുന്നതിന് വർഷങ്ങൾക്കും മുൻപ്), വിരളിലെണ്ണാവുന്ന ദിനപത്രങ്ങളും മാത്രമുള്ള 1980 - 2000 കാലഘട്ടം. മൊബൈലും, ഇന്റർനെറ്റും ഇല്ലാത്ത ആക്കാലത്ത് തയ്യാറെടുപ്പുകൾക്ക് ചിത്രങ്ങളും, ലാൻഡ് ലൈൻ ടെലിഫോണുകളും, ടെലെക്‌സ് എന്ന സാങ്കേതിക വിദ്യയും മാത്രമുള്ള കാലം. മെയിൻ സ്റ്റേഷൻ അല്ലാതെ ദൂര സ്ഥലങ്ങളിൽ നിന്നുള്ള തത്സമയ സംപ്രേഷണം, ടെലി പ്രൊമ്പ്‌റ്റെർ, എന്നിവയൊന്നും ഇല്ലാത്ത കാലം. അതിനിടയിൽ ഏഷ്യാനെറ്റ് മാത്രം ഒരു പുതിയ ചാനൽ ആയി വന്നു. പക്ഷെ അവർക്കും വാർത്ത സംപ്രേഷണം വിദേശത്ത് നിന്നായതിനാൽ ദൂരദർശനെ തോൽപിക്കാൻ പറ്റാത്ത കാലം. ഈ കാലയളവിൽ മലയാളത്തിലെ മുൻ നിരപത്രങ്ങൾക്ക് അടക്കം പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മാത്രം ഫോട്ടോഗ്രാഫർ ഉള്ള കാലം. മാദ്ധ്യമം, ദീപിക, ചന്ദ്രിക, ജനയുഗം, ജന്മ ഭൂമി, എക്സ്‌പ്രസ്സ് അടക്കമുള്ള ഒട്ടു മിക്ക പത്രങ്ങൾക്
കേരളത്തിൽ മറ്റൊരു ന്യൂസ് ഫോട്ടോഗ്രാഫർക്കും അവകാശപ്പെടാനില്ലാത്ത ഒരു ബഹുമതിക്ക് ഈയുള്ളവൻ അർഹനാണ്. ഡിജിറ്റൽ ഫോട്ടോഗ്രഫി വരുന്നതിന് മുൻപ്. ദൂരദർശൻ എന്ന ഒരു ചാനലും (വാർത്തകൾക്ക് മാത്രമായി ചാനലുകൾ വരുന്നതിന് വർഷങ്ങൾക്കും മുൻപ്), വിരളിലെണ്ണാവുന്ന ദിനപത്രങ്ങളും മാത്രമുള്ള 1980 - 2000 കാലഘട്ടം.
മൊബൈലും, ഇന്റർനെറ്റും ഇല്ലാത്ത ആക്കാലത്ത് തയ്യാറെടുപ്പുകൾക്ക് ചിത്രങ്ങളും, ലാൻഡ് ലൈൻ ടെലിഫോണുകളും, ടെലെക്‌സ് എന്ന സാങ്കേതിക വിദ്യയും മാത്രമുള്ള കാലം. മെയിൻ സ്റ്റേഷൻ അല്ലാതെ ദൂര സ്ഥലങ്ങളിൽ നിന്നുള്ള തത്സമയ സംപ്രേഷണം, ടെലി പ്രൊമ്പ്‌റ്റെർ, എന്നിവയൊന്നും ഇല്ലാത്ത കാലം.
അതിനിടയിൽ ഏഷ്യാനെറ്റ് മാത്രം ഒരു പുതിയ ചാനൽ ആയി വന്നു. പക്ഷെ അവർക്കും വാർത്ത സംപ്രേഷണം വിദേശത്ത് നിന്നായതിനാൽ ദൂരദർശനെ തോൽപിക്കാൻ പറ്റാത്ത കാലം. ഈ കാലയളവിൽ മലയാളത്തിലെ മുൻ നിരപത്രങ്ങൾക്ക് അടക്കം പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മാത്രം ഫോട്ടോഗ്രാഫർ ഉള്ള കാലം.
മാദ്ധ്യമം, ദീപിക, ചന്ദ്രിക, ജനയുഗം, ജന്മ ഭൂമി, എക്സ്‌പ്രസ്സ് അടക്കമുള്ള ഒട്ടു മിക്ക പത്രങ്ങൾക്കും തലസ്ഥാനത്ത് ഫോട്ടോഗ്രാഫർ ഇല്ലാത്ത കാലം. അവർക്കെല്ലാം അന്നന്നത്തെ വാർത്താ ചിത്രങ്ങൾ സമയത്തിന് കൊടുത്ത് കഞ്ഞി കുടിച്ചു പോകുന്ന നാളുകൾ.
നിയമസഭ - പാർലമെന്റ് തിരഞ്ഞെടുപ്പുകൾ എന്നെ സംബന്ധിച്ചിടത്തോളം ഉത്സവകാലമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മുതൽ പാറശാല വരെ നീണ്ടു കിടക്കുന്ന 140 മണ്ഡലങ്ങളിലൂടെയുള്ള ഓട്ട പ്രദിക്ഷണം. അക്ഷരാർത്ഥത്തിൽ രാവും, പകലുമായുള്ള ഓട്ടം.
1991, 1996, 2001 മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഞാൻ കേരളം മുഴുവൻ സഞ്ചരിച്ചു. 1991 മുതൽ 2004 വരെ അഞ്ച് ലോകസഭാ തിരഞ്ഞെടുപ്പുകളിലും കേരളം മുഴുവൻ സഞ്ചരിക്കാൻ എനിക്ക് അവസരം ഉണ്ടായി. അക്കാലത്ത് പ്രശസ്തമായിരുന്ന ഇല്ലുസ്ട്രറെഡ് വീക്കിലി, സൺഡേ, ഇന്ത്യ ടുഡേ, തുടങ്ങിയ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾ തുടർച്ചയായി എന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു. ഈ തിരഞ്ഞെടുപ്പ് യാത്രകളിലൂടെ കിട്ടിയ അനുഭവങ്ങളും ചിത്രങ്ങളും പിന്നീട് ട്രാവൽ ഫോട്ടോഗ്രഫിയിൽ ഉറച്ചു നിൽക്കാൻ എന്നെ പ്രാപ്തനാക്കി എന്ന് പറയുന്നതാകും ശരി. കേരളത്തിന്റെ ആത്മാവ് തിരിച്ചറിയാൻ ഇത്തരം യാത്രകളെക്കാൾ നല്ലൊരു അവസരം വേറെ കിട്ടില്ല.
കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്കുള്ള ദൂരം വെറും 650 കിലോമീറ്റർ. ഒരു തിരഞ്ഞെടുപ്പ് കാലത്ത് ഞാൻ കേരളം മുഴുവൻ യാത്ര ചെയ്തത് 3200 കിലോമീറ്റർ. അതും മെയ് മാസത്തിലെ കൊടും ചൂടിൽ. പക്ഷെ ഒരു കാര്യം പറയാതെ വയ്യ. പാലക്കാട് ഒഴികെ ഒരു സ്ഥലത്തും ഇന്നത്തെ പകുതി ചൂട് പോലും അനുഭവപ്പെടില്ല .
പോകുന്നതിന്റെ ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 140 മണ്ഡലങ്ങളിലെ ഇടതുപക്ഷ (LDF) വലതു പക്ഷ (UDF) സ്ഥാനാർത്ഥികളുടെ മുഖത്തിന്റെ ( Mug shot എന്ന് ഇംഗ്ലീഷിൽ ) ചിത്രം പകർത്തണം. ചില മണ്ഡലങ്ങളിലെ മുഖ്യ സ്വതന്ത്രരോ , ബിജെപി സ്ഥാനാർത്ഥി യുടെയോ കൂടി വേണ്ടി വരും. ബിജെപി നേതാക്കളായ ശ്രീ. ഓ രാജഗോപാൽ, കെ ജി മാരാർ, പത്തനംതിട്ടയിലെ കെ കെ നായർ തുടങ്ങി വിരലിൽ എണ്ണാവുന്നവരുടെ മാത്രം.
ആദ്യ കാലങ്ങളിൽ ദൂരദർശൻ ഈ ചിത്രങ്ങൾ വോട്ടെണ്ണൽ ദിവസം ലീഡ് ചെയ്യുന്ന അല്ലെങ്കിൽ പിന്നിലാവുന്ന അതുമല്ലെങ്കിൽ ഫലം പ്രഖ്യാപിച്ചാൽ ടെലിവിഷൻ സ്‌ക്രീനിൽ ഭൂരിപക്ഷം സഹിതം കാണിക്കുന്ന ചിത്രങ്ങൾ ആയിരുന്നു. അതുകൊണ്ട് തന്നെ ദൂരദർശൻ ഡയറക്ടർ തരുന്ന ഔദ്യോഗിക കത്തുമായി അതാത് മണ്ഡലളിലെ രണ്ടു മുന്നണികളുടെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിൽ എത്തിയാൽ മതി. പിന്നീട് രാജകീയമായി സ്ഥാനാർത്ഥി മണ്ഡലത്തിലെ ഏതു മുക്കിലാണെങ്കിലും അവിടെ എത്തിക്കുന്ന കാര്യം ലോക്കൽ നേതാക്കൾ ഏറ്റെടുക്കും. അല്ലെങ്കിൽ വിജയ ദിവസം തങ്ങളുടെ ഫോട്ടോ മാലോകർ കാണില്ലെന്ന് അവർക്കറിയാം.
ഇന്നത്തെ ഒരു മന്ത്രിക്ക് ഞാൻ ഫോട്ടോ എടുക്കാൻ എത്തിയ ദിവസം നല്ല പനി. അതുകൊണ്ടു ഒരപേക്ഷ. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചു പോകുന്ന വഴിയിൽ നിർബന്ധമായും ഇത് വഴി വരണം. ജയിക്കും എന്ന് ഉറപ്പുള്ള മണ്ഡലം ആയതുകൊണ്ട് അതെടുക്കെണ്ടത് എന്റെയും ആവശ്യമായിരുന്നു. മടക്കത്തിൽ രാത്രി 12 മണിയോടെ അദ്ധേഹത്തിന്റെ വീട്ടിൽ എത്തി. അന്നത്തെ മണ്ഡല പര്യടനം കഴിഞ്ഞ് ഏകദേശം ഉറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങിയ നേതാവ് ഉടനെ കുളിച്ച് റെഡി ആയി പുത്തൻ ഉടുപ്പൊക്കെ ഇട്ട് സുസ്‌മേര വദനായി ക്യാമറക്ക് മുന്നിൽ പോസ് ചെയ്തു.
മറ്റൊരു അനുഭവം ഇതാണ്. ഒരിക്കൽ ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥിക്ക് എന്തോ അസൗകര്യം കാരണം ഞാൻ അവിടെ എത്തിയ ദിവസം എന്നെ കാണാൻ പറ്റിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ പിറ്റേ ദിവസം രാവിലെ അദ്ദേഹം ഇടുക്കിയിൽ നിന്നും വണ്ടി പിടിച്ച് തിരുവനന്തപുരത്ത് എന്റെ വീട്ടിൽ വന്ന് അതിനുള്ള അവസരം ഒരുക്കി. കക്ഷി ഇപ്പോൾ ഒരു എം പി യാണ് കേട്ടോ. അത്രമാത്ര മായിരുന്നു ഓരോ തിരഞ്ഞെടുപ്പ് കാലത്തും ആക്കാലത്ത് ദൂരദർശന്റെ പ്രൗഡിയും, പ്രാമുഖ്യവും.
ഇങ്ങനെയുള്ള യാത്രകളിൽ ഒരു ഗുണമുണ്ട്. ആര് ജയിക്കും, ആര് തോൽക്കും എന്ന് കൃത്യമായി പ്രവചിക്കാൻ പറ്റുമായിരുന്നു. 1991 ൽ ഒരു നിയമ സഭാ കാലത്ത്,. കൃത്യ മായി പറഞ്ഞാൽ നായനാർ സർക്കാർ കാലാവധി പൂർത്തിയാക്കാതെ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച അവസരം എന്റെ ജോലിയുടെ ഭാഗമായി ഏകദേശം 80 % നിയമസഭ മണ്ഡലങ്ങളും പര്യടനം പൂർത്തിയാക്കി തിരുവനന്തപുരത്ത് എത്തിയ സമയം. അന്ന് കലാകൗമുദി വാരികയിൽ മുഴുവൻ സമയം പോയി കൊണ്ടിരിക്കുന്ന സമയം. എഡിറ്റർ ആയിരുന്ന എസ്. ജയചന്ദ്രൻ നായർ സർ മുൻ കൈ എടുത്ത്, കേരള സർവകലാ ശാലയിലെ ശ്രീ പ്രഭാഷ് ശ്രീ ജോർജ് കുട്ടി എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് സർവ്വേ പൂർത്തിയാക്കി റിപ്പോർട്ട് ചിട്ടപ്പെടുത്തുന്ന സമയം. അന്ന് കലാകൗമുദിയിൽ ആയിരുന്ന ഇന്നത്തെ മാതൃഭൂമി ന്യൂസ് ചീഫ് ആയിരുന്ന ഉണ്ണി ബാലകൃഷ്ണനും, ഏഷ്യാനെറ്റിലെ അനൂപും, കൂടി ചേർന്ന് പൂർത്തിയാക്കുന്ന സമയം. തിരഞ്ഞെടുപ്പ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നു. ഓരോ മണ്ഡലത്തിനും വേണ്ട ചിത്രങ്ങൾ ഞാൻ ശരിയാക്കി കൊടുത്തു കൊണ്ടിരിക്കുമ്പോൾ, ഇടതു പക്ഷം തിരിച്ചു വരും എന്ന് ആധികാരികമായി പറയുന്ന സർവ്വേ ഫലം. ഞാൻ ജയചന്ദ്രൻ സാറിനോട് പറഞ്ഞു ഈ സർവ്വേ ഫലം തെറ്റാവും. എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞത് അതാണ്. എന്നാൽ എനിക്ക് 1000 രൂപ തരും എന്ന് സാറും. ഏതൊക്കെ മണ്ഡലങ്ങളിൽ ആരൊക്കെ ജയിക്കും എന്ന് ഞാൻ സാറിന് എഴുതി കൊടുത്തു. ഒടുവിൽ ഫലം വന്നപ്പോൾ രണ്ടോ മൂന്നോ മണ്ഡലങ്ങളിൽ മാത്രമായിരുന്നു വ്യത്യാസം സാറ് വാക്ക് പാലിച്ചു. എനിക്ക് രൂപയും തന്നു.
ഇന്ന് തിരഞ്ഞെടുപ്പ് സർവ്വേകൾ വ്യാപകം. എല്ലാവരും തങ്ങളാലാവുന്ന വിധം ചെയ്യുന്നു. അന്ന് അത് ഒരു പുതിയ സംഭവമായിരുന്നു.
ഇല ക്ഷൻ കാലത്ത് മെയ് മാസത്തിലെ കൊടും ചൂടിൽ കേരളത്തിലൂടെ യാത്ര ചെയ്യുന്നത്, അത് അക്കാലത്ത് ഇരു ചക്രത്തിലും, അംബാസിഡർ കാറിലും ആയി സഞ്ചരിക്കുക എന്നത് ഇക്കാലത്ത് ചിലപ്പോൾ ചിന്തിക്കാൻ പോലും ആരും തയ്യാറാകില്ല. ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന കേരള പര്യടനം കഴിഞ്ഞു വരുമ്പോഴേക്കും മേലാശകലം കറുത്ത് കരുവാളിച്ചിട്ടുണ്ടാകും. പക്ഷെ അത്തരം യാത്രകൾ നൽകുന്ന അനുഭവം വേറെ തന്നെയാണ്.
ഈ സമയത്തും, ജോലി കൃത്യമായും, സമയ ബന്ധിതമായും ചെയ്തു തീർക്കാൻ ചില എളുപ്പ വഴികൾ സ്വീകരിക്കുമായിരുന്നു തിരഞ്ഞെടുപ്പ് അടുത്താൽ സ്ഥാനാർത്ഥികൾ ആവാൻ സാദ്ധ്യത ഉള്ളവരുടെ ;ലിസ്റ്റ് എടുത്ത് വക്കും. അവർ ഇന്ദിര ഭവനിലോ, എ കെ ജി സെന്ടറിലോ, എം ഏൻ സ്മാരകത്തിലോ വരുന്നതനുസരിച്ച് ഫോട്ടോ മുൻകൂർ ആയി ശേഖരിച്ച് വക്കും. സ്ഥാനാർത്ഥി മോഹികൾ തലസ്ഥാനത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന സമയം ആയതു കൊണ്ട് നമ്മുടെ പണി എളുപ്പവുമാണ്. അതുകൊണ്ട് രണ്ടുണ്ട് ലാഭം. മിക്കവാറും പേർ കൂടുതൽ ഉത്സാഹത്തോടെ ഊർജ്ജസ്വലതയോടെ ആയിരിക്കുന്ന അവസ്ഥയിൽ ഫോട്ടോ നന്നാകും. നമുക്കിഷ്ട പ്പെട്ട രീതിയിൽ ഒറ്റയ്ക്ക് പിടിച്ചു നിർത്തി എടുക്കാം. പ്രചാരണം തുടങ്ങിയാൽ ചൂടും, തിരക്കു പിടിച്ച ഓട്ടവും കൊണ്ട് മിക്കവരും ക്ഷീണിതർ ആയിരിക്കും.
സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലത്തിൽ എത്തിയാൽ രണ്ടു മുന്നണി കളുടെയും സ്ഥാനാർത്ഥികൾ മിക്കവാറും രണ്ടു അറ്റത്തായിരിക്കും. ആ സമയം ലാഭിക്കാം. പണവും സമയവും ലാഭം.
തിരുവനന്തപുരത്ത് അക്കാലത്ത് എല്ലാ പത്രങ്ങൾക്കുമായി ആകെ ഉണ്ടായിരുന്ന ന്യൂസ് ഫോട്ടോഗ്രാഫർമാർ പത്തിൽ താഴെ മാത്രമായിരുന്നു. കേരളം മൊത്തം എടുത്താൽ ഏകദേശം 30 പേർ മാത്രം. കേരളത്തിലെ മുഴുവൻ പത്ര ഫോട്ടോഗ്രാഫർ മാരും നല്ലവണ്ണം പരസ്പരം അറിയുന്ന, പരസ്പരം സഹകരിക്കുന്ന ഒരു കാലഘട്ടം കൂടി ആയിരുന്നു എന്ന് പ്രത്യേകം എടുത്തു പറയുകയും വേണം. ഏതെങ്കിലും പടം, എന്തെങ്കിലും കാരണവശാൽ കിട്ടിയില്ലെങ്കിൽ കൊച്ചിയിലെയോ, കോഴിക്കൊട്ടെയോ സഹ പ്രവർത്തകർ സംഘടിപ്പിച്ച് അയച്ചു തരും. ഇന്ന് ഓരോ പത്രങ്ങളിലും ചുരുങ്ങിയത് അതിലേറെ പേർ ജോലി ചെയ്യുന്നു. പലർക്കും പരസ്പരം അറിയുക പോലുമില്ല.
ഇങ്ങനെ ഓരോ തിരഞ്ഞെടുപ്പിലും കേരളം മുഴുവൻ യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ചില നല്ല പടങ്ങൾ അത് പ്രകൃതി ഭംഗിയാവാം, ഉത്സവങ്ങൾ ആവാം. സ്മാരകങ്ങൾ ആവാം. ചിലപ്പോൾ സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗങ്ങലിലെ പ്രമുഖരാവാം, എല്ലാം പിന്നീട് ഉപയോഗിക്കാം. എന്റെ പടങ്ങൾ ആയിരുന്നു ഏഷ്യാനെറ്റ്, കൈരളി തുടങ്ങിയ വാർത്ത ചാനലുകളുടെയും, ഇന്ത്യൻ എക്സ്‌പ്രസ്സ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ സമകാലിക മലയാളം, നിർത്തി പോയ മലയാളം ഇന്ത്യ ടുഡേ എന്നിവയുടെ ലൈബ്രറികളുടെ തുടക്കത്തിൽ മുതൽ കൂട്ടായത്. ഇപ്പോഴും അതിലെ പല പടങ്ങളും അച്ചടിച്ച് കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷമാണ്.
ഇന്ന് എല്ലാ പത്രങ്ങൾക്കും ജില്ലകൾ തോറും ഒന്നും രണ്ടും പത്ര ഫോട്ടോഗ്രാഫർമാരും, വാർത്താ ചാനലുകൾക്ക് ജില്ലകൾ തോറും സ്വന്തം പ്രതിനിധി കളും ക്യാമറ യുനിറ്റുകളും ഉള്ള ഈ ആധുനിക യുഗത്തിൽ വെറും 15 വർഷം മുൻപ് കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ പ്രക്ഷേപണം എത്ര മാത്രം ബുദ്ധി മുട്ടുകൾ നിറഞ്ഞതായിരുന്നു എന്ന് ഇപ്പോഴത്തെ മാദ്ധ്യമ സുഹൃത്തുകൾക്ക് മനസ്സിലാകുമോ എന്ന് സംശയമാണ്.
തിരഞ്ഞെടുപ്പ് ദിവസം കുടപ്പനക്കുന്നിലെ ദൂരദർശൻ കേന്ദ്രം സംസ്ഥാനത്തെ തലമുതിർന്ന രാഷ്ട്രിയ നേതാക്കളെ കൊണ്ട് നിറയും. തത്സമയം സ്വന്തം മുഖം നാട്ടുകാർ കാണാൻ വേറെ വഴിയൊന്നും ഇല്ലല്ലോ. അന്ന് ദൂരദർശൻ വാർത്തകൾക്ക് നേതൃത്വം കൊടുത്തിരുന്ന ശ്രീ. ചാമിയാർ, ബൈജു ചന്ദ്രൻ, സാജൻ, പി കെ വേണുഗോപാൽ തുടങ്ങി വാർത്ത അവതരകാരായ ബാലകൃഷ്ണൻ, കണ്ണൻ, ഹേമലത, മായ, രാജേശ്വരി മോഹൻ തുടങ്ങി നിരവധി പേർ, ന്യൂസ് റൂമിൽ നിന്നും സ്റ്റുഡിയോയിലേക്കും തിരിച്ചും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഓട്ടം ഇന്നത്തെ ആധുനിക സാങ്കേതികവിദ്യയുടെ കാലത്ത് ഓർമ മാത്രം.
അന്ന് മാനുവൽ ആയുള്ള ക്യാമറയും,ഫിലിം ഉപയോഗിച്ചുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലും ആയിരുന്നു വാർത്തകൾ പോയി കൊണ്ടിരുന്നത്. 1995 മുതലുള്ള തിരഞ്ഞെടുപ്പുകൾക്ക് കളർ ചിത്രങ്ങൾ ഉപയോഗിച്ച് തുടങ്ങി.
അന്ന് ഓരോ ഫോട്ടോയും ആദ്യം ചെറുതായി പ്രിന്റ് ചെയ്ത് പിന്നീട് അതിൽ നിന്നും വലിയ പ്രിന്റ് അടിച്ച് തയ്യാറാക്കാൻ ചുരുങ്ങിയത് രണ്ടു ദിവസം വേണം. ഇന്നാണെങ്കിലോ, ക്യാമറയിൽ നിന്ന് നേരെ മൊനിറ്റൊറിലേക്ക് എത്തിക്കവുന്നതേ ഉള്ളൂ.
ഇന്ന് എത്ര സ്ഥാനാർത്ഥികൾ ഉണ്ടെങ്കിലും അവരുടെ പടത്തിനോ , വീഡിയോക്കോ ഒരു ക്ഷാമവുമില്ല. നിമിഷം നേരം കൊണ്ട് ഇമെയിൽ ആയോ വാട്ട്സ്ആപ്പ് വഴിയോ സ്റ്റുഡിയോയിൽ എത്തിയിരിക്കും.
മൊബൈലും, ഇന്റർനെറ്റും ഇല്ലാത്ത ആക്കാലത്ത് തിരഞ്ഞെടുപ്പ് വാർത്തക്കുള്ള തയ്യാറെടുപ്പുകൾ എത്രയോ മുന്നേതുടങ്ങും. അതിന് വേണ്ടി മാത്രം പത്ര മാദ്ധ്യമങ്ങളിലെ ജീവനക്കാരുടെയും, ഫ്രീലാൻസ് പത്ര പ്രവർത്തകരുടെയും പാനൽ തയ്യാറാക്കി സാങ്കേതിക വാർത്ത അവതാരണ ട്രെയിനിങ് നൽകി, കൃത്യതയോടെ ആസൂത്രണം ചെയ്ത് തത്സമയ വാർത്തകൾ തയ്യാറാക്കും. ഇന്ന് 24 മണിക്കൂറും തത്സമയ വാർത്ത ചാനലുകൾ ഉള്ളപ്പോൾ പുതിയ തലമുറയ്ക്ക് ഇതൊക്കെ ഒരത്ഭുതമായി തോന്നാം. സാങ്കേതിക വിദ്യ എത്രമാത്രം നമ്മുടെ ജീവിതത്തെ മാറ്റി മറിച്ചു എന്ന് ഈ അനുഭവങ്ങളിലൂടെ തിരിഞ്ഞു നോക്കുമ്പോൾ നിസ്സംശയം പറയാം.
തിരഞ്ഞെടുപ്പിന്റെ പ്രചാരണ രീതികളും ഇക്കാലയലവിനുള്ളിൽ വല്ലാതെ മാറി മറിഞ്ഞു. ചുവരെഴുത്തുകൾ കുറഞ്ഞു. ഫ്‌ലെക്‌സുകൾ പ്രചാരണം ഏറ്റെടുത്തു. കോളാമ്പി മൈക്ക് ആധുനിക ശബ്ദ ക്രമീീകരങ്ങൾക്ക് വഴി മാറി. പഴയകാല സ്‌ക്രീൻ പ്രിന്റിങ്, ലെറ്റർ പ്രസ്സുകളിലെ പോസ്ടറുകൾ ആധുനിക ഓഫ്‌സെറ്റ് സാങ്കേതിക വിദ്യയിൽ നിറങ്ങളിൽ വൈവിദ്യം തീർക്കുന്നവയായി. സ്ഥാനാർത്ഥികൾ കൈത്തറി വസ്ത്രങ്ങളിൽ നിന്നും വെള്ളയിൽ നിന്നും നിറങ്ങളുള്ള ഷർട്ടുകളിലേക്കും, ലിനനും മറ്റ് കൃത്തിമ തുണിത്തരങ്ങളിലേക്കും ചേക്കേറി. പഴയകാല ഡയറി കളിൽ നിന്നും മിക്കവാറും എല്ലാവരും തന്നെ സ്മാർട്ട് ഫോണുകളിലേക്ക് കൂറുമാറി. ആകെ കൂടി തിരഞ്ഞെടുപ്പ് രംഗം ആധുനികമായി.
നാടോടുമ്പോൾ നടുവേ ഓടാൻ നമ്മുടെ രാഷ്ട്രീയക്കാരെ ആരും പടിപ്പിക്കെണ്ടല്ലോ!
(ലേഖകൻ നിരവധി വർഷം തിരുവനന്തപുരത്ത് ന്യൂസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ ജോലി ചെയ്ത ശേഷം, ഇപ്പോൾ ടൂറിസം ഇന്ത്യ മാസികയുടെ എഡിറ്ററും, പബ്ലിഷറുമാണ്. കേരളത്തിലെ ടൂറിസം മാദ്ധ്യമ രംഗത്തെ തുടക്കകാരിൽ ഒരാളാണ്)